ഐഎംഎഫ് വായ്പ ലഭിക്കാന്‍ പാക്കിസ്ഥാന്റെ കടുംവെട്ട്; ഇല്ലാതാക്കിയത് 1.5 ലക്ഷം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍
വായ്പാ സഹായം നല്‍കണമെങ്കില്‍ ഐഎംഎഫ് നിര്‍ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കണം. ഇത് അനുസരിച്ച് ഐഎംഫ് നിഷ്കര്‍ഷിച്ച പരിഷ്കാരങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച നടപടി.
ഐഎംഎഫില്‍ നിന്നുള്ള വായ്പ നേടാന്‍ പാക്കിസ്ഥാന്‍ വെട്ടിക്കുറച്ചത് ഒന്നര ലക്ഷം സര്‍ക്കാര്‍ തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്. 7 ബില്യണ്‍ യുഎസ് ഡോളറിന്‍റെ വായ്പാ കരാര്‍ പ്രകാരമാണ് പാക്കിസ്ഥാന്‍റെ കടുംവെട്ട്. വായ്പാ സഹായം നല്‍കണമെങ്കില്‍ ഐഎംഎഫ് നിര്‍ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കണം. ഇത് അനുസരിച്ച് ഐഎംഫ് നിഷ്കര്‍ഷിച്ച പരിഷ്കാരങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച നടപടി. ആറ് മന്ത്രാലയങ്ങള്‍ നിര്‍ത്തലാക്കുകയും മറ്റ് രണ്ട് മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്താണ് ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ കുറച്ചിരിക്കുന്നത്. ചെലവ് ചുരുക്കല്‍, നികുതി-ജിഡിപി അനുപാതം വര്‍ധിപ്പിക്കല്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പാരമ്പര്യേതര മേഖലകളില്‍ നികുതി ഉയര്‍ത്തല്‍ എന്നിവയായിരുന്നു ഐഎംഎഫ് നിര്‍ദേശിച്ച മറ്റ് നടപടികള്‍. കൂടാതെ, ഈ സാമ്പത്തിക വര്‍ഷം പാകിസ്ഥാന്‍ ജിഡിപിയുടെ ഒന്നര ശതമാനമായി നികുതി വരുമാനം വര്‍ദ്ധിപ്പിക്കണം. കൃഷി, ചില്ലറ വ്യാപാരം, കയറ്റുമതി മേഖലകള്‍ സാധാരണ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം.
മന്ത്രാലയങ്ങളുടെ ശരിയായ വലിപ്പം തീരുമാനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. രണ്ട് മന്ത്രാലയങ്ങള്‍ ലയിപ്പിക്കുമ്പോള്‍ ആറ് മന്ത്രാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏകദേശം 300,000 പുതിയ നികുതിദായകരുണ്ടായിരുന്നു, ഈ വര്‍ഷം ഇതുവരെ 732,000 പുതിയ നികുതിദായകര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ മൊത്തം നികുതിദായകരുടെ എണ്ണം 1.6 ദശലക്ഷത്തില്‍ നിന്ന് 3.2 ദശലക്ഷമായി. നികുതിയുടെ പരിധി വര്‍ധിപ്പിച്ചാണ് ഈ വര്‍ധന പാക്കിസ്ഥാന്‍ കൈവരിച്ചിരിക്കുന്നത്. പാക്കിസ്ഥാന് ഏഴ് ബില്യണ്‍ ഡോളറിന്‍റെ പുതിയ വായ്പാ പാക്കേജിന് അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നല്‍കിയിരുന്നു. ഐഎംഎഫ് വായ്പയ്ക്ക് പാകിസ്ഥാന്‍ അഞ്ച് ശതമാനം പലിശ നല്‍കേണ്ടി വരും.