മില്ലറ്റ് സൂപ്പർഫുഡെന്ന് ബിൽ ഗേറ്റ്‌സ്; കോടീശ്വരൻ കണ്ടെത്തിയ കാരണം ഇതാണ്
റാഗി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചെറുധാന്യമാണെന്നത് ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ലോകത്ത് ചെറു ധാന്യങ്ങളണ്ടെന്ന കാര്യം ബിൽ ഗേറ്റ്സ് തന്റെ ബ്ലോഗിൽ കുറിച്ചു
മില്ലറ്റ് അഥവാ ചെറുധാന്യങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് ആഹ്വാനം ചെയ്ത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകാഹാരക്കുറവ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിൽ അവയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റാഗി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചെറുധാന്യമാണെന്നത് ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ലോകത്ത് ചെറു ധാന്യങ്ങളണ്ടെന്ന കാര്യം ബിൽ ഗേറ്റ്സ് തന്റെ ബ്ലോഗിൽ കുറിച്ചു. ഇപ്പോൾ അവർ വീണ്ടും ആളുകളുടെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കൃഷി രീതികളെ പ്രവചനാതീതമാക്കുന്നത് തുടരുന്നതിനാൽ, മില്ലറ്റ് പോലുള്ള വിളകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മില്ലറ്റിനെ സൂപ്പർഫുഡ് എന്നാണ് ബിൽ ഗേറ്റ്സ് വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ ചെറു ധാന്യങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ കർമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉൽപ്പാദനം, ഉപഭോഗം, കയറ്റുമതി, മൂല്യ ശൃംഖല ശക്തിപ്പെടുത്തൽ, ബ്രാൻഡിംഗ്, ആരോഗ്യ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മില്ലറ്റ് കൊണ്ടുള്ള പാസ്ത, നൂഡിൽസ് തുടങ്ങി നിരവധി മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിവിധ കമ്പനികൾ പുറത്തിറക്കുന്നുണ്ട് . ആളുകൾ പ്രഭാതഭക്ഷണത്തിനായി ധാന്യങ്ങൾ കഴിക്കുന്നത് ആരംഭിച്ചതോടെ രാജ്യത്ത് ഉപഭോഗം വർധിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎൻജിഎ) അംഗീകരിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം എന്ന ആശയം ഇന്ത്യയുടെ ശുപാർശ പ്രകാരമായിരുന്നു. ഇന്ത്യയെ 'ധാന്യങ്ങളുടെ ആഗോള ഹബ്' ആയി മാറ്റുമെന്നതാണ് സർക്കാർ നയം. സർക്കാർ സംഭരിക്കുന്ന പ്രധാന മില്ലറ്റ് വിളകൾ ജോവർ, ബജ്റ, റാഗി എന്നിവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ സംഭരിച്ച ജോവർ, ബജ്റ, റാഗി എന്നിവയുടെ അളവ് യഥാക്രമം 423675 മെട്രിക് ടൺ, 758094 മെട്രിക് ടൺ, 1676067 മെട്രിക് ടൺ എന്നിങ്ങനെയാണ്.