മുകേഷ് അംബാനിയുടെ റിലയൻസിനെ പിന്നിലാക്കി; രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനി ഇതാണ്
പത്ത് വർഷത്തിലധികമായി ഒന്നാം സ്ഥാനത്തുള്ള റിലയൻസിനെ പിന്നിലാക്കി നേട്ടം കൊയ്ത കമ്പനി ഏതാണെന്ന് അറിയാം
ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനെ (ആർഐഎൽ) പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2023-24 ഏപ്രിൽ-ജൂൺ പാദത്തിൽ ഏറ്റവും ലാഭകരമായ കമ്പനിയായി എസ്‌ബിഐ മാറി. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ജൂൺ പാദത്തിലെ അറ്റാദായം 18,736 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസി-ന്റെ അറ്റാദായം 18,258 കോടി രൂപയുമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ ടിടിഎം അടിസ്ഥാനത്തിൽ ഉയർന്ന അറ്റാദായം റിപ്പോർട്ട് ചെയ്യുന്നത്.
പട്ടികയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) മൂന്നാം സ്ഥാനത്തും, എച്ച്‌ഡിഎഫ്‌സി ബാങ്ക് നാലാം സ്ഥാനത്തും, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അഞ്ചാം സ്ഥാനത്തുമാണ്. ഐസിഐസിഐ ബാങ്ക് ടിസിഎസിന് പിന്നിലായി ആറാം സ്ഥാനത്തെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) അദാനി പവറും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങൾ നേടി. പട്ടികയിൽ കോൾ ഇന്ത്യ ഒമ്പതാം സ്ഥാനത്തും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) പത്താം സ്ഥാനത്തുമാണ്.
രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം ആസ്തിയിൽ ലോകത്തിലെ 48-ാമത്തെ വലിയ ബാങ്കാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ബിഐ, ആസ്തിയുടെ അടിസ്ഥാനത്തിൽ 23 ശതമാനവും, വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ നാലിലൊന്ന് വിഹിതവും ഉൾക്കൊള്ളുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്.രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴിൽ ദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം