ദുരനുഭവങ്ങൾക്ക് എയർ ഇന്ത്യയുടെ പൂട്ട്! സുരക്ഷയിൽ പുതിയ തീരുമാനം, ഒറ്റയ്ക്കുള്ള യാത്രയിൽ സ്ത്രീകൾക്ക് ആശ്വാസം
സ്ത്രീ - പുരുഷ യാത്രക്കാർക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം ആരംഭിച്ചതെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്
ദില്ലി: വിമാനത്തിൽ യാത്രക്കാർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾക്ക് അവസാനമിടാൻ എയർ ഇന്ത്യ. ദേഹത്ത് മുത്രമൊഴിക്കൽ സംഭവങ്ങളടക്കമുണ്ടാക്കിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും അമ്മമാർക്കും ആശ്വാസകരമാകുന്ന തീരുമാനം എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇനിമുതൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കുമായി ലിംഗ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്‍റ് ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും വർധിപ്പിക്കാനുള്ളതാണ് പുതിയ തീരുമാനം.
ഇതിനായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കും പ്രത്യേകമായുള്ള സീറ്റ് അസൈൻമെന്റ് നയമാണ് എയർ ഇന്ത്യ അവതരിപ്പിച്ചത്. ഇത്തരം യാത്രക്കാർക്കായി പ്രത്യേക സീറ്റോ വിൻഡോ സീറ്റുകളോ അനുവദിക്കാനാണ് തീരുമാനം. സ്ത്രീ - പുരുഷ യാത്രക്കാർക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം ആരംഭിച്ചതെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ എയർ ഇന്ത്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അടിമുടി മാറുകയാണ് എയർ ഇന്ത്യ എന്നതാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം റീബ്രാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ ഫസ്റ്റ് ലുക്കാണ് ഇത് വ്യക്തമാക്കുന്നത്. ടാറ്റ ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. ഫ്രാൻസിലെ ടൗലൗസിലെ നിർമ്മാണ യൂണിറ്റിൽ നിന്നും പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്ന A350 വിമാനത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ എയർ ഇന്ത്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടും ചുവപ്പ് നിറത്തിലാണ് എയർ ഇന്ത്യയുടെ പേര് എഴുതിയിരിക്കുന്നത്. മറ്റൊരു മോഡലിൽ വെള്ള നിറത്തിൽ പേരെഴുതിയിട്ടുമുണ്ട്. കൊണാർക്ക് സൂര്യ ക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നുൾക്കൊണ്ട ചക്രം ലോഗോയിൽ ഉൾപ്പെടുത്തിയ എയർ ഇന്ത്യ ഇത്തവണ ലോഗോയും മാറ്റി. ദ വിസ്ത എന്ന് പേരിട്ട പുതിയ ലോഗോ "പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നു" എന്നാണ് ടാറ്റ സൺസ് അധികൃതർ പറയുന്നത്.
പുതിയ മുഖം; എയർ ഇന്ത്യ ട്വീറ്റ് ചെയ്ത ചിത്രം വൈറൽ, കാരണമിത്