പ്രവൃത്തി പരിചയമല്ല, ബയോഡേറ്റയുമില്ല, പക്ഷെ ജോലിക്കെടുത്തു; ട്രെന്‍റാകുമോ ഈ മാതൃക
റെസ്യൂം പോലുമില്ലാതെ ഒരാളെ നിയമിക്കുകയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വ്യക്തിക്ക് സ്ഥാപനത്തിന്‍റെ നെടുംതൂണാകാനും സാധിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ഗോസ്റ്റ്റൈറ്റിംഗ് കമ്പനി സിഇഒ
എവിടെയെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം ജോലിയില്‍ പ്രവൃത്തി പരിചയമുണ്ടോ എന്നാണ്.. മികച്ച കമ്പനികളില്‍ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ മാത്രമേ ഉയര്‍ന്ന ശമ്പളത്തോടെ ഉയര്‍ന്ന ജോലി ലഭിക്കൂ എന്നതാണ് അവസ്ഥ. എന്നാല്‍ പ്രവൃത്തി പരിചയമോ, എന്തിന് റെസ്യൂം പോലുമില്ലാതെ ഒരാളെ നിയമിക്കുകയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വ്യക്തിക്ക് സ്ഥാപനത്തിന്‍റെ നെടുംതൂണാകാനും സാധിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ഗോസ്റ്റ്റൈറ്റിംഗ് കമ്പനി സിഇഒ ആയ തസ്ലീം അഹമ്മദ് എന്ന വ്യക്തി. ജോലിയില്‍ പരിചയമോ, റെസ്യൂം പോലുമില്ലാത്ത ഒരു വ്യക്തിയെ തസ്ലീം തന്‍റെ സ്ഥാപനത്തില്‍ നിയമിച്ചു. പേര് ലൈബ. റെസ്യൂമിന് പകരം ലൈബ ഫത്തേഹ, ലിങ്ക്ഡ്ഇനില്‍ തന്‍റെ കഴിവുകള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട തസ്ലീം ലൈബയെ ജോലിയില്‍ നിയമിച്ചു. ആറ് മാസം കൊണ്ട് തന്നെ ഏജന്‍സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന തലത്തിലേക്ക് ലൈബയ്ക്ക് വളരാന്‍ സാധിച്ചെന്ന് അദ്ദേഹം പറയുന്നു. കൂടെ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് തിളങ്ങുന്ന റെസ്യൂമുകളെക്കാള്‍ പഠിക്കാനുള്ള സന്നദ്ധതയ്ക്ക് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്ന് തസ്ലീം അഹമ്മദ് പറയുന്നു.
എണ്ണൂറിലധികം പേരില്‍ നിന്നാണ് റെസ്യൂം പോലും അയ്ക്കാതിരുന്ന ലൈബയെ തെരഞ്ഞെടുത്തത്. എല്ലാ ജോലികളുടെയും 99 ശതമാനം കാര്യങ്ങളും പഠിപ്പിക്കാന്‍ കഴിയുമെന്നും ഇതിന്‍റെ ജീവിക്കുന്ന തെളിവാണ് ലൈബയെന്നും തസ്ലീം കുറിച്ചു. ഏറ്റവും തിളക്കമുള്ള ബയോഡേറ്റ ഉള്ള വ്യക്തിയായിരിക്കില്ല നിങ്ങളുടെ മികച്ച സഹപ്രവര്‍ത്തകനെന്നും മറിച്ച് ജോലി പഠിക്കാന്‍ മനസ്സുള്ള ആളായിരിക്കും. അതുകൊണ്ട് ആളുകള്‍ക്ക് ഒരു അവസരം നല്‍കൂ എന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. തസ്ലീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ലഭിച്ച കമന്‍റുകളും നിയമനങ്ങളില്‍ കാലത്തിനൊത്ത മാറ്റം വരുത്തേണ്ട പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു.