വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, നിബന്ധനകൾക്ക് വിധേയം; നേട്ടം കന്നി വോട്ടര്‍മാര്‍ക്ക്
ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനക്കമ്പനിയുടെ 19-ാം വാർഷികം കൂടി പരിഗണിച്ചാണ് തീരുമാനം. ‘വോട്ട് അസ് യൂ ആർ’ (#VoteAsYouAre) എന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇളവ് പ്രഖ്യാപിച്ചത്. 18നും 22നും ഇടയിൽ പ്രായമുള്ള കന്നി വോട്ടർമാർക്ക് ഇളവ് ലഭിക്കും. ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു.
വിമാനക്കമ്പനിയുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ന് മുതൽ ഈ ഓഫര്‍ ലഭ്യമാണ്. ജൂൺ ഒന്നിനാണ് ഓഫര്‍ കാലാവധി അവസാനിക്കുക. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.