ഹിൻഡൻബർഗിനും തടയിടാനായില്ല; ഒന്നൊന്നര തിരിച്ചുവരവുമായി അദാനി
അദാനി എന്റർപ്രൈസസിന് പുറമെ, കുറഞ്ഞത് 5 അദാനി ഗ്രൂപ്പ് കമ്പനികളെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പുള്ളതിനേക്കാൾ ഉയർന്ന ഓഹരി വിലയിലാണ് വ്യാപാരം നടത്തുന്നത്.
വിപണി വാണിരുന്ന അദാനിയുടെ ഓഹരികളെല്ലാം കൂടി തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷം തുടക്കത്തിൽ കണ്ടത്. ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണങ്ങൾക്ക് ശേഷം അദാനി ഓഹരികളിലുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. ഗ്രൂപ്പിലെ ഓഹരികൾ 80 ശതമാനത്തിലധികം അന്ന് ഇടിഞ്ഞു. എന്നാൽ ആ നഷ്ടമെല്ലാം ഒരു വർഷത്തിന് ശേഷം അദാനി എന്റർപ്രൈസസ് പൂർണമായും തിരിച്ചുപിടിച്ചിരിക്കുന്നു. തുറമുഖങ്ങൾ മുതൽ ഊർജമേഖല വരെയുള്ള അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകളിൽ കൃത്രിമം കാണിക്കുന്നതായാണ് അന്ന് ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചത്.
അദാനി എന്റർപ്രൈസസ് ഓഹരികൾ ഇപ്പോൾ 2023 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിലയേക്കാൾ ഏകദേശം മൂന്നിരട്ടി ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ കമ്പനിയുടെ വിപണി മൂല്യം 3.90 ലക്ഷം കോടി രൂപയിലേറെയാണ്. അദാനി എന്റർപ്രൈസസിന് പുറമെ, കുറഞ്ഞത് 5 അദാനി ഗ്രൂപ്പ് കമ്പനികളെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പുള്ളതിനേക്കാൾ ഉയർന്ന ഓഹരി വിലയിലാണ് വ്യാപാരം നടത്തുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിൽ, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അദാനി പവർ ലിമിറ്റഡ് എന്നിവ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ച കമ്പനികളിൽ ഉൾപ്പെടുന്നു, അവയുടെ ഓഹരി വില 35 ശതമാനത്തിലധികം വർദ്ധിച്ചു. 2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം, അദാനി എന്റർപ്രൈസസിന് 2.4 ബില്യൺ ഡോളറിന്റെ ഫോളോ-ഓൺ ഓഹരി വിൽപ്പന റദ്ദാക്കേണ്ടി വന്നിരുന്നു. അന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 150 ബില്യൺ ഡോളറിലധികം കുറഞ്ഞു.