കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 125.83 കോടി; ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം!
അപ്പീലിൽ തീർപ്പാകുന്നതുവരെ റിക്കവറി നടപടി സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അപ്പീലിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബാങ്കിനുണ്ടായ 125.83 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിൽ ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം. നിയമസഭയിൽ സഹകരണ മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം വ്യക്തമാക്കി ചോദ്യത്തിന് മറുപടി നൽകിയത്. 25 പേരിൽ നിന്നാണ് 125.83 കോടി രൂപ ഈടാക്കേണ്ടത്. ഇതിലൊരാൾ 4449 രൂപ നൽകി. രണ്ട് പേർ മരണപ്പെട്ടു. ഇവരുടെ അവകാശികളെ കക്ഷി ചേർക്കണം. സർക്കാറിന് നൽകിയ അപ്പീലിൽ തീർപ്പാകുന്നതുവരെ റിക്കവറി നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് 19 പേർ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് അപ്പീലിൽ തീർപ്പാകുന്നതുവരെ റിക്കവറി നടപടി സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അപ്പീലിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപ്പീലിൽ സർക്കാർ തീരുമാനമെടുത്താൽ റിക്കവറിയുമായി മുന്നോട്ടുപോകാം. റവന്യു റിക്കവറി റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ സംഹകരണ സംഘം രജിസ്ട്രാർക്ക് നിർദേശം നൽകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.
Read More.... കേരള വേണ്ടാ, കേരളം മതി; സഭ പാസാക്കിയ പ്രമേയത്തില്‍ വിജയം കണ്ടത് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രചാരണം
കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.