മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ 'കുമാരി', റിവ്യു

ഐശ്വര്യ ലക്ഷ്‍മി ചിത്രം 'കുമാരിയുടെ റിവ്യു.

Aishwarya Lekshmi starrer Kumari review

ഒരു മുത്തശ്ശിക്കഥ പോലെ മനോഹരമായ ഒരു ചിത്രം. ഫാന്റസി ഹൊറര്‍ ഴോണറില്‍ എത്തിയ 'കുമാരി'യുടെ സിനിമാകാഴ്‍ച വിസ്‍മയിപ്പിക്കും. പ്രകടനത്തില്‍ അമ്പരപ്പിക്കുന്ന താരനിരയും 'കുമാരി'യുടെ ആകര്‍ഷണമാകുന്നു. തീര്‍ച്ചയായും തിയറ്റര്‍ കാഴ്‍ച ആവശ്യപ്പെടുന്ന ഒരു സിനിമാനുഭവം തന്നെയാണ് 'കുമാരി'.

ഒരു മുത്തശ്ശി കഥ പറഞ്ഞാണ് സിനിമയുടെ തുടക്കവും. 'കാഞ്ഞിരങ്ങാട്ട്' തറവാടിന്റെയും  'ഇല്ലിമലക്കാടി'ന്റെയും വിശേഷങ്ങള്‍ കുട്ടിക്ക് മുത്തശ്ശി പറഞ്ഞുകൊടുക്കുകയാണ്. ആ മുത്തശ്ശിക്കഥയുടെ ചാരുത സിനിമയിലുടനീളമുണ്ട് താനും. ദേവലോകത്ത് നിന്ന് വന്ന ദേവത ഭൂമിയില്‍ താമസമാക്കുന്നതും മനുഷ്യനുമായി പ്രണയത്തിലാകുന്നതും രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ചുമാണ് കഥയുടെ തുടക്കത്തില്‍ പറയുന്നത്. ആ കുഞ്ഞുങ്ങള്‍ ക്രൂരൻമാരായ രണ്ട് വിചിത്ര രൂപങ്ങളാകുകയും ആള്‍ക്കാര്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നു. മനംനൊന്ത ദേവതയ്‍ക്ക് മക്കളെ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്നു. 'ഇല്ലിമലക്കാടിലെ ചാത്തന്' ഇഷ്‍ടമുണ്ടായിരുന്ന 'ചൊക്കൻ' എന്ന കുട്ടിയെ 'കാഞ്ഞിരങ്ങാട്ടെ കാരണവര്‍' 'തുപ്പൻ തമ്പുരാൻ' കൊല്ലുന്നു. അത് 'ഇല്ലിമല ചാത്ത'ന്റെ ശാപത്തിന് കാരണമാകുന്നു. 'ഇല്ലിമല ചാത്തന്റെ' ചെയ്‍തികളില്‍ നിന്ന് രക്ഷ നേടാൻ  'കാരിദേവ'ന്റെ സഹായം തേടുന്നു. അത് മറ്റ് വലിയ ക്രൂരതകള്‍ക്കാണ് ഇടവരുത്തുന്നത്.  അങ്ങനെ ഒരു ശാപം പിടിച്ച തറവാട്ടിലേക്കാണ് 'കുമാരി' എന്ന നിഷ്‍കളങ്കയായ പെണ്‍കുട്ടി ഇളമുറത്തമ്പുരാന്റെ വധുവായി വരുന്നത്. തുടര്‍ന്നുള്ള  സംഭവങ്ങളുടെ കാഴ്‍ചയാണ് 'കുമാരി' എന്ന സിനിമയില്‍.

Aishwarya Lekshmi starrer Kumari review

നിര്‍മല്‍ സഹദേവാണ് 'കുമാരി' സംവിധാനം ചെയ്‍തിരിക്കുന്നത്. മേയ്‍ക്കിംഗില്‍ അമ്പരപ്പിക്കുകയാണ് സംവിധായകൻ നിര്‍മല്‍ സഹദേവ്. ഫാന്റസി കഥയെ അതേ ദൃശ്യപരിചരണത്തോടെ അവതരിപ്പിക്കുന്നതില്‍ നിര്‍മല്‍ സഹദേവ് വിജയിച്ചിരിക്കുന്നു. വിസ്‍മയിക്കുന്ന ഒട്ടനവധി കഥാഗതികളുള്ള എഴുത്താണ് നിര്‍മല്‍ സഹദേവ് കൂടി പങ്കാളിയായ തിരക്കഥാകൃത്തുകളുടേത്.

'കുമാരി' എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് ഐശ്വര്യ ലക്ഷ്‍മിയാണ്. ഐശ്വര്യ ലക്ഷ്‍മിയുടെ ഇന്നോളമുള്ള കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കും 'കുമാരി'. നാട്ടിൻപുറത്ത് പാറിപ്പറക്കുന്ന നിഷ്‍കളങ്കയായ യുവതിയായുള്ള തുടക്കത്തില്‍ നിന്ന് കഥാഗതികളുടെ വ്യത്യസ്‍ത വഴിത്തിരുവുകളിലുള്ള ഐശ്വര്യ ലക്ഷ്‍മിയുടെ ഭാവമാറ്റങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രൂപത്തിലും ഭാവത്തിലും അത്ഭുതപ്പെടുന്ന പ്രകടനമാണ് ചിത്രത്തില്‍ സുരഭി ലക്ഷ്‍മിയുടേത് എന്നും എടുത്തു പറയണം.

ഷൈൻ ടോം ചാക്കോയുടെ 'ധ്രുവൻ' ആണ് വിവിധ ഷെയ്‍ഡുകളുള്ള മറ്റൊരു കഥാപാത്രം. ഒറ്റപ്പെടുത്തലുകള്‍ സൃഷ്‍ടിച്ച സ്വയം ചുരുങ്ങലിലും ഭ്രാന്തിന്റെ അംശമുള്ള പ്രവൃത്തികളിലൂടെയുമാണ് 'ധ്രുവന്റെ' കഥാപാത്രത്തെ തുടക്കത്തില്‍ പരിചയപ്പെടുത്തുന്നത്. പക്ഷേ പിന്നീട് ദുര്‍മന്ത്രവാദത്തിന്റെയും അധികാര ഗര്‍വിന്റേയും ഭ്രമത്തിന്റേയും മറ്റൊരു ധ്രുവനായിട്ടാണ് ഷൈൻ ടോം ചാക്കോ ഭാവമാറ്റം നടത്തുന്നത്. 'ധ്രുവൻ' എന്ന കഥാപാത്രത്തെ ഭാവപകര്‍ച്ചയില്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു ഷൈൻ ടോം ചാക്കോ. ചെറുതെങ്കിലും പക്വതയാര്‍ന്ന പ്രകടനവുമായി സ്‍ഫടികം ജോര്‍ജും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നു. രാഹുല്‍ മാധവും സ്വന്തം വേഷം ഭംഗിയാക്കിയിരിക്കുന്നു. 'ചൊക്കൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരവും ഇഷ്‍ടം കൂടും.

Aishwarya Lekshmi starrer Kumari review

അബ്രഹാം ജോസഫിന്റെ ക്യാമറകണ്ണ് 'കുമാരി'യെ കഥയര്‍ഹിക്കുന്ന രീതിയില്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. നിഗൂഢത നിറച്ച ഫ്രെയിമിനൊപ്പം തന്നെ കഥ നടക്കുന്ന പ്രദേശത്തെ കാഴ്‍ചാ സൗന്ദര്യവും മനോഹരമായി പകര്‍ത്തിയിരിക്കുന്നു. 'കുമാരി'യുടെ കഥയിലെ ഓരോ തിരിവുകളും കൃത്യമായി അടയാളപ്പെടുത്തുന്ന കളര്‍ടോണുമാണ് ചിത്രത്തിന്റേത്. ജേക്ക്സ് ബിജോയുയുടെ സംഗീതവും ചിത്രത്തിനൊപ്പം ചേരുംപടി ചേര്‍ന്നിരിക്കുന്നു.

കഥയാവശ്യപ്പെടുന്ന തരത്തിലാണ് ശ്രീജിത്ത് സാരംഗിന്റെ കട്ടുകള്‍. സനത്ത് ടി ജെയുടെ വിഎഫ്‍എക്സും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഇത്തരമൊരു ഴോണറില്‍ കഥ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയോടെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യാൻ ഗോകുല്‍ ദാസിന് കഴിഞ്ഞിട്ടുണ്ട്. കഥയാവശ്യപ്പെടുന്ന വിവിധ കാലഘട്ടങ്ങളിലെയും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചുള്ള കോസ്റ്റ്യൂം ഡിസൈനാണ് സ്റ്റൈഫി സേവ്യറുടേത്.

Read More: അങ്ങനെ ദീപാവലി ചിത്രങ്ങള്‍ കഴിഞ്ഞെന്ന് ജീവ, ഏറ്റെടുത്ത് ആരാധകരും

Latest Videos
Follow Us:
Download App:
  • android
  • ios