കുറ്റാന്വേഷണത്തിന്‍റെ വേറിട്ട വഴിയെ 'ആനന്ദ് ശ്രീബാല'; റിവ്യു

മെറിന് സംഭവിച്ചത് എന്ത് ? ഉത്തരം നല്‍കി ആനന്ദ് ശ്രീബാല.

arjun ashokan movie anand sreebala review

'ബേസ്ഡ് ഓൺ ട്രു ഇവന്റ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന സിനിമകൾ പ്രേക്ഷകരിലുണ്ടാക്കുന്ന ആകാംക്ഷ ചെറുതല്ല. അതൊരു പൊലീസ് ചിത്രം കൂടിയാണെങ്കിൽ വൻ പ്രതീക്ഷയോടെ ആയിരിക്കും പ്രേക്ഷകർ ചിത്രത്തിനായ് കാത്തിരിക്കുക. അത്തരത്തില്‍ ഒട്ടനവധി സിനിമകൾ മലയാളത്തിൽ മുൻപ് വന്നിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള പൊലീസിനെ ഒന്നടങ്കം പിടിച്ചുകുലുക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ആനന്ദ് ശ്രീബാലയും എത്തിയിരിക്കുന്നത്. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ വെറുതെയാക്കിയില്ലെന്ന് നിസംശയം പറയാനാകും. 

ലോ കോളേജ് വിദ്യാര്‍ത്ഥി മെറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുന്നതോടെയാണ് ആനന്ദ് ശ്രീബാല ആരംഭിക്കുന്നത്. പഠിത്തത്തില്‍ മിടുക്കിയും ദൈവ വിശ്വാസിയുമായ മെറിന്‍ എവിടെ എന്ന ചോദ്യം അവസാനിച്ചത് കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹത്തിലാണ്. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ മെറിന്‍ കേസ്, ഒരു പ്രത്യേക സാഹചര്യത്തില്‍ ആനന്ദ് ശ്രീബാലയില്‍ എത്തുന്നതോടെ വലിയൊരു വഴിത്തിരിവിലേക്ക് തിരിയുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

arjun ashokan movie anand sreebala review

ആനന്ദ് ശ്രീബാല എന്ന ടൈറ്റില്‍ വേഷത്തില്‍ എത്തിയത് അര്‍ജുന്‍ അശോകന്‍ ആണ്. വളരെ ഗൗരവതരമായൊരു വേഷത്തെ മികച്ച കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ അര്‍ജുന് സാധിച്ചു എന്ന് നിസംശയം പറയാനാകും. തന്‍റെ പന്ത്രണ്ടാം വയസില്‍ പാെലീസുകാരിയായ(ശ്രീബാല) അമ്മയെ നഷ്ടമായതിന്‍റെ ആഘാതവും പേറിക്കഴിയുന്ന ആളാണ് ആനന്ദ്. പൊലീസാകുക എന്നതാണ് അവന്‍റെ ലക്ഷ്യം. എന്നാല്‍ പല കാരണങ്ങളാലും അത് നടക്കാതെ പോകുന്നുണ്ട്. അമ്മയെ നഷ്ടമായ മകന്‍റെ മാനസിക സംഘര്‍ഷങ്ങളും മെറിന്‍ കേസിന് പുറകെ പോകുന്ന യുവാവായും ഗംഭീര പ്രകടനം തന്നെ അര്‍ജുന്‍ കാഴ്ചവച്ചിട്ടുണ്ട്. 

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് സൂചിപ്പിച്ച് തുടങ്ങുന്ന ആനന്ദ് ശ്രീബാല, ആ ത്രില്‍ ആദ്യാവസാനം വരെ പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ എഴുത്തുകാരനായ അഭിലാഷ് പിള്ളയ്ക്കും സംവിധായകനായ വിഷ്ണു വിനയ്ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകനെ ബോറടിപ്പിക്കാതെ ഉടനീളം കൊണ്ടു പോകുന്നതിൽ അവർ വിജയിച്ചു കയറിയിട്ടുമുണ്ട്. മലയാള സിനിമയ്ക്ക് ഇനിയും മികച്ച സൃഷ്ടികള്‍ സമ്മാനിക്കാന്‍ നവാഗതനായ വിഷ്ണുവിന് സാധിക്കുമെന്നും ചിത്രത്തിലൂടെ ഉറപ്പിക്കുന്നു. 

കത്തിക്കയറി അമരൻ; ആദ്യ 250 കോടി പടവുമായി ശിവ കാർത്തികേയൻ, 'ഉയിരെ' എത്തി

ആനന്ദ് ശ്രീബാലയില്‍ എടുത്ത് പറയേണ്ടുന്നൊരു കാര്യം കാസ്റ്റിംഗ് ആണ്. സിനിമയ്ക്ക് ആവശ്യമായ, കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആളുകൾ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ​ചെറിയൊരു റോളിൽ വന്ന് പോകുന്നവർ വരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശ്രീബാലയായി സം​ഗീതയും മാധ്യമപ്രവർത്തകയായി അപർണ ദാസും മെറിൻ എന്ന കഥാപാത്രമായി മാളവിക മനോജും ഡിവൈഎസ്പിയായി സൈജു കുറുപ്പും ആന്റണിയായി എത്തിയ അസീസും ധ്യാൻ ശ്രീനിവാസനും(ലാലു) അജു വർ​ഗീസും(അയ്യപ്പൻ) തുടങ്ങി എല്ലാവരും ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 

arjun ashokan movie anand sreebala review

രഞ്ജിൻ രാജിന്റെ സം​ഗീതവും പശ്ചാത്തല സം​ഗീതവും വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും കയ്യടി അർഹിക്കുന്നുണ്ട്. എന്തായാലും ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല എല്ലാതരം പ്രേക്ഷകർക്കും തൃപ്തികരമായൊരു ദൃശ്യാവിഷ്കാരം സമ്മാനിക്കാൻ ആനന്ദ് ശ്രീബാലയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios