പ്രസംഗത്തില്‍ മാത്രമൊതുങ്ങി മോദിയുടെ സ്വപ്ന പദ്ധതികള്‍; വകയിരുത്തലും ചെലവാക്കലും തുച്ഛം

  • മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കായി നീക്കിവച്ചിരുന്ന 560 കോടി രൂപയുടെ 21 ശതമാനമായ 120 കോടി രൂപ മാത്രമാണ് ആകെ ചെലവഴിക്കപ്പെട്ടത്
  • രാജ്യത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പി. ഇത്തരം പദ്ധതികള്‍ വലിയ വിജയമാണെന്ന പ്രചാരണവുമായാണ് മുന്നോട്ടുപോവുന്നത്
parlimentary report submitted about dream projects of modi

ദില്ലി: മോദി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്വച്ഛ് ഭാരത്, അമൃത്, ഹെറിറ്റേജ് സിറ്റി പദ്ധതി ഉള്‍പ്പടെയുളളവയെ സംബന്ധിച്ച് പാര്‍ലമെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ  പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്. പാര്‍പ്പിട - നഗരകാര്യ പാര്‍ലമെന്‍റെറി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട ആറ് പദ്ധതികളുടെ സാമ്പത്തിക പ്രകടനവും തുക വകയിരുത്തലുമാണ് റിപ്പോര്‍ട്ടിന്‍റെ കാതല്‍. റിപ്പോര്‍ട്ട് പ്രകാരം പദ്ധതികള്‍ക്കായി നീക്കി വച്ച തുകയില്‍ സിംഹഭാഗവും ചെലവഴിക്കപ്പെട്ടിട്ടില്ല. പല പദ്ധതികള്‍ക്കും നീക്കിവച്ചിരിക്കുന്ന പണത്തിന്‍റെ തോത് തന്നെ അപര്യപ്തമാണ്. സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി, അമൃത്, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ദേശീയ നഗര പാര്‍പ്പിട പദ്ധതി, ഹെറിറ്റേജ് നഗര വികസന പദ്ധതി എന്നീ എന്‍.ഡി.എയുടെ ആറ് അഭിമാന പദ്ധതികളുടെ സാമ്പത്തിക പ്രകടന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

മോദിയുടെ സ്വപ്ന പദ്ധതികളിലേക്കായി നീക്കിവച്ചിരുന്ന 560 കോടി രൂപയുടെ 21 ശതമാനമായ 120 കോടി രൂപ മാത്രമാണ് ആകെ ചെലവഴിക്കപ്പെട്ടത്. ഒരുപാട് വാര്‍ത്തകളില്‍ ഇടം നേടിയ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി നീക്കിവച്ച 150 കോടി രൂപയില്‍ ഇതുവരെ ചിലവഴിച്ചത് വെറും 2.8 കോടി മാത്രം അതായത് പദ്ധതിയുടെ 1.8 ശതമാനം തുക. 2015 ജൂണ്‍ മാസം 25നാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങിയത്. മൂന്നു വര്‍ഷം മുന്‍പ് 2015 ജൂണില്‍ തന്നെ പ്രഖ്യാപിച്ച നഗര വികസനത്തിലെ ഏറെ പ്രതീക്ഷയുണര്‍ത്തിയ പദ്ധതിയായ അമൃത് പദ്ധതിയുടെ 30 ശതമാനം മാത്രമാണ് ചെലവാക്കിയത്. 130 കോടി നീക്കിയിരിപ്പിണ്ടായിരുന്ന പദ്ധതിക്കായി ചെലവാക്കിയത് വെറും 38.1 കോടി രൂപ മാത്രം.

രാജ്യത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പി. ഇത്തരം പദ്ധതികള്‍ വലിയ വിജയമാണെന്ന പ്രചാരണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഒരുപാട് രാഷ്ട്രീയ - സാമ്പത്തിക പ്രധാന്യമുളള പാര്‍ലമെന്‍റെറി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് പോലെ ഇന്ത്യ മുഴുവനായി നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത് വെറും 89.9 കോടി രൂപ മാത്രമാണ്. ഈ തുക അപര്യാപ്തമാണെന്ന് അന്നുതന്നെ പ്രതിപക്ഷവും സാമ്പത്തിക ശാസ്ത്രജ്ഞരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അനുവദിക്കപ്പെട്ടതില്‍ 34.1 കോടി  രൂപ മാത്രമാണ് ഇതുവരെ പദ്ധതിക്കായി ചെലവാക്കിയത്. പദ്ധതിയുടെ പ്രഖ്യാപനം 2014 ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2019 ഒക്ടോബറിലെ ഗാന്ധി ജയന്തി ദിനമാവുമ്പോഴേക്കും ഇന്ത്യയില്‍ തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം പൂര്‍ണ്ണമായും ഇല്ലാതാക്കുക, 90 കോടി പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

മറ്റ് പദ്ധതികള്‍ക്കായുളള തുക വകയിരുത്തലും ചെലവാക്കലും ഇങ്ങനെയാണ്;

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് ആകെ നീക്കിവച്ചത് 150 കോടി രൂപ, ചെലവാക്കിയത് 31.9 കോടി രൂപയും. ദീന്‍ ദയാല്‍ അന്തിയോദയ യോജനയ്ക്കായി അനുവദിച്ചത് 23.3 കോടിയെങ്കില്‍ ചെലവാക്കിയത് 13 കോടി രൂപയാണ്. ഹെറിറ്റേജ് സിറ്റി വികസന പദ്ധതിക്കായി 3.8 കോടി നീക്കിവച്ചപ്പോള്‍ 50 ലക്ഷം രൂപ മാത്രമാണ് ജനങ്ങളിലേക്കെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios