കിഫ്ബിയുടെ കീശനിറയ്ക്കാൻ കേരള സർക്കാർ കച്ചകെട്ടുന്നു
- പ്രവാസികളെക്കൂടി പങ്കെടുപ്പിച്ച് സംസ്ഥാന വികസം സാധ്യമാക്കാന്‍ സര്‍ക്കാര്‍
- മസാല ബോണ്ടുകളിലൂടെയും ധനസമാഹരണത്തിന് പദ്ധതി
കേരള സർക്കാരിന്റെ കണ്ണിപ്പോൾ പ്രവാസി മലയാളികളുടെ പോക്കറ്റിലാണ്. 'പ്രവാസി മലയാളികളെ സംസ്ഥാന വികസനത്തിൽ നിങ്ങൾക്കും പങ്കാളികളാവാം' എന്നതാണ് കേരള സർക്കാരിന്റെ പുതിയ ആപ്തവാക്യം. പറഞ്ഞു വരുന്നത് പ്രവാസി ചിട്ടിയെക്കുറിച്ചാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി രൂപീകരിച്ച കിഫ്ബിയിലേക്ക് (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) ധനസമാഹരണം ലക്ഷ്യമിട്ടാണ് പ്രവാസി ചിട്ടി സർക്കാർ ആരംഭിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്) വഴിയാണ് പ്രവാസികൾക്കായി ചിട്ടി സംഘടിപ്പിക്കുന്നത്. പ്രവാസി ചിട്ടിയിലൂടെ അടുത്ത രണ്ട് വർഷം കൊണ്ട് 10,000 കോടിരൂപ സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇടയ്ക്കൊക്കെ നാട്ടിൽ വരുമ്പോൾ പാലവും ബസ് സ്റ്റേഷനും ആശ്രുപത്രിയുമൊക്കെ കാണുമ്പോൾ തന്റെയും കൂടെ അധ്വാനത്തിന്റെ ഫലമാണെന്ന് പ്രവാസിക്ക് അഭിമാനിക്കാം.
വരുന്നു മസാല ബോണ്ടുകള്‍
സംസ്ഥാന സർക്കാരിന്റെ സമൂഹിക വികസന പദ്ധതികൾക്കായി പണം കണ്ടെത്താന്‍ തയ്യാറാക്കിയ മറ്റൊരു പദ്ധതി മസാല ബോണ്ടുകളിറിക്കുക എന്നതാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം രൂപയ്ക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ട് ബോണ്ടുകളിറക്കാൻ പോകുന്നത്. 5,000 കോടിയുടെ മസാല ബോണ്ടുകള്‍ അന്തർദേശീയ തലത്തിൽ പുറത്തിറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബോണ്ടുകൾ ലണ്ടനിലും സിംഗപ്പൂരിലും ആദ്യ ഘട്ടത്തിൽ ലിസ്റ്റ് ചെയ്യും. കിഫ്ബിയുടെ പോക്കറ്റിലേക്ക് തന്നെയാവും ഈ പണവുമെത്തുക. മസാല ബോണ്ടുകള്‍ രൂപയ്ക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ട് നിലനില്‍ക്കുന്നതിനാല്‍ ബോണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കറന്‍സി റിസ്‌ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. വിപണിയിലെ ലിസ്റ്റിംഗ് ഏജൻസികൾക്ക് കേരളത്തിന്റെ ബോണ്ടുകളോടുള്ള സമീപനമെന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. എങ്കിലും കേരള സർക്കാർ കിഫ്ബി പദ്ധതികൾക്ക് പണം കണ്ടെത്താനായി കൈക്കൊള്ളുന്ന നയതീരുമാനങ്ങൾ വിജയിക്കുകയാണെങ്കില്‍ അത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ സൃഷ്ടിക്കുക തികച്ചു വ്യത്യസ്തമായ ഒരു സാമ്പത്തിക മാതൃകയായിരിക്കുമെന്നതില്‍ സംശയമില്ല.
കിഫ്ബി പദ്ധതികള്‍
കിഫ്ബി പദ്ധതികളുടെ പൂര്‍ത്തികരണത്തിനാവശ്യം ഏകദേശം 50,000 കോടി രൂപയാണ്. കിഫ്ബിക്ക് മുന്‍പിലുളള ഭൗതിക - സമൂഹ്യ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ട മൊത്തം തുകയാണിത്. ഇതുവരെ അനുമതി നല്‍കിയിട്ടുളള കിഫ്ബിയുടെ 80 ശതമാനം പ്രോജക്ടുകളും നോണ്‍ റവന്യൂ ജനറേറ്റിംഗാണ് (ലാഭം ഉണ്ടാക്കാന്‍ കഴിയാത്തവ). ഇവയില്‍ നിന്ന് ലാഭം ഈടാക്കുക ബുദ്ധിമുട്ടുളള കാര്യമാണ്. പാലങ്ങള്‍ നിര്‍മ്മിക്കുക, റോഡുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇതിന്റെ ഗണത്തില്‍ വരുന്നവ. അതിനാല്‍ തന്നെ മസാല ബോണ്ടുകളില്‍ നിന്നും പ്രവാസി ചിട്ടികള്‍ പോലെയുളള മാര്‍ഗ്ഗങ്ങളില്‍ നിന്നും കൂടുതല്‍ പണം കണ്ടെത്തേണ്ടിയുരുക്കുന്നു. സര്‍ക്കാര്‍ നികുതി വരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ചിലവഴിക്കുന്നത്. ഇതിനാല്‍ നികുതിപ്പണത്തില്‍ നിന്ന് ഇത്തരം പദ്ധതികളിലേക്ക് കൂടുതല്‍ പണമെത്തിക്കുക ബുദ്ധിമുട്ടാവും
മറ്റ് മാതൃകകള്‍ ആവശ്യമോ?
ഇന്ധന സെസ്സിലൂടെയും വാഹന നികുതികളിലൂടെയും പിരിച്ചെടുക്കുന്ന വികസനത്തിനായുളള ഫണ്ട് കിഫ്ബി പദ്ധതികള്‍ക്ക് ചെറുതല്ലാത്ത ആശ്വാസം നല്‍കും. എന്നാല്‍ പ്രവാസി ചിട്ടിയും, മസാല ബോണ്ടുകളും, ഇന്ധന സെസ്സും മാത്രം ഉപയോഗിച്ച് വിപുലമായ രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാവുമോയെന്നത് സംശയമാണ്. അതിനാല്‍ തന്നെ കൂടുതല്‍ മുതല്‍ മുടക്കുളള പദ്ധതികള്‍ക്ക് പൊതു -സ്വകാര്യ പങ്കാളിത്ത മാതൃകയോ, മറ്റ് നിക്ഷേപ മാതൃകകളോ സ്വീകരിക്കേണ്ടിവരും.
പദ്ധതികള്‍ക്കയുളള ധനസമാഹരണ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഉപദേശ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. വിനോദ് റോയിയാണ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍. മസാല ബോണ്ടുകളില്‍ നിന്ന് പണം ഉല്‍പ്പാദിപ്പിക്കാനായില്ലെങ്കില്‍, പ്രവാസി ചിട്ടി വിജയമാതൃകയായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരള വികസനത്തിന്‍റെ ഭാവി എന്താവുമെന്നതില്‍ ഉത്തരമില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്കായുളള ധനസമാഹരണത്തിന് നടപ്പാക്കുന്ന നയതീരുമാനങ്ങള്‍ കാലത്തിനൊത്ത് സര്‍ക്കാര്‍ മേഖലയിലും ഉന്നത നിലവാരമുളള പ്രഫഷണലിസത്തിന്‍റെ തുടക്കമായി കാണാം. പുതിയ മാറ്റങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങാതിരിക്കട്ടെ.