വ്യോമയാന, പ്രതിരോധ രംഗത്ത് 100% വിദേശ നിക്ഷേപത്തിന് അനുമതി

FDI Norms Eased In Pharma Aviation Defence

ദില്ലി: വിദേശനിക്ഷേപ  നയത്തില്‍  വലിയ  മാറ്റങ്ങള്‍  വരുത്താന്‍  കേന്ദ്ര  സര്‍ക്കാര്‍  തീരുമാനിച്ചു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപം 100 ശതമാനമാക്കി  ഉയര്‍ത്തി. ഓണ്‍ലൈന്‍ വ്യാപാര  മേഖലയും പൂര്‍ണ്ണമായും വിദേശ സ്ഥാപനങ്ങള്‍ക്കായി തുറക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല യോഗമാണ് വിദേശ നിക്ഷേപ നയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 2015 നവംബറില്‍ പ്രതിരോധ വ്യോമയാന മേഖലകളില്‍ അടക്കം വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ മാറ്റങ്ങള്‍.

പ്രതിരോധ, വ്യോമയാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി സര്‍ക്കാര്‍ അനുമതിഇല്ലാതെ തന്നെ 49 ശതമാനം അനുവദിച്ചിരുന്നതാണ് നൂറ് ശതമാനമാക്കി ഉയര്‍ത്തിയത്. വിദേശ നിക്ഷേപങ്ങള്‍ക്ക് ഇനി റിസര്‍വ്വ് ബാങ്കിന്റെയും അനുമതി ആവശ്യമില്ല പകരം നിക്ഷേപം നടന്ന് ഒരു മാസത്തിനുള്ള റിസര്‍വ്വ് ബാങ്കിന് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയാല്‍ മതിയാകും. സ്വാഭാവിക നടപടി ക്രമമെന്നോണം വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ ലൈസന്‍സ് മാത്രമാകും വിദേശ നിക്ഷെപങ്ങള്‍ക്കുള്ള കടമ്പ. ഔഷധ മേഖലയില്‍ രാജ്യത്തെ നിലവിലുള്ള സ്ഥാപനങ്ങളില്‍ വിദേശ നിക്ഷേപത്തിനുള്ള പരിധി 74 ശതമാനമാക്കി.

ഭക്ഷ്യ സാധനങ്ങള്‍, ഏക ബ്രാന്‍ഡ് റീട്ടെയില്‍ തുടങ്ങിയ മേഖലകള്‍ക്കും ഇളവുണ്ട്. ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്കുള്ള  വിദേശ നിക്ഷേപ പരിധിയും 100 ശതമാനമാക്കി ഉയര്‍ത്തി. അതേസമയം ലോട്ടറി, ആണവോര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മേഖലകളിലേക്ക് ഇത്തവണയും കേന്ദ്ര സര്‍ക്കാര്‍ കടന്നില്ല. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കാനും അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനുമായാണ് ഈ ചുവടുവെയ്പ്പെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ വിപണി ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്നായിരുന്നു വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം.

രാജ്യത്തെ കാര്‍ഷിക, ബാങ്കിംഗ് പ്രതിസന്ധികളില്‍ ഇടപെടാതെ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ,പ്രതിരോധ വ്യോമയാന മേഖലകളും വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും കുറ്റപ്പെടുത്തി. പുതിയ തീരുമാനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

 

Latest Videos
Follow Us:
Download App:
  • android
  • ios