പല്ലി വരച്ച ചിത്രങ്ങള്‍, ഒരു ചിത്രത്തിന്‍റെ വില ഇത്ര, വാങ്ങാനായി ആളുകളെത്തുന്നതിനു പിന്നിലെ കാരണമിത്!
അവനില്ലാതെ ഒരിക്കലും ഈ സംരംഭം സാധ്യമാകില്ലായിരുന്നുവെന്ന് സാറ പറഞ്ഞു. വിൽസൻ്റെ പങ്കാളിത്തം കൊണ്ട് മാത്രമാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമായതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു കലാകാരൻ്റെ വ്യത്യസ്‍തമായ ചിത്രങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാവുകയാണ്. ഇന്നേവരെ ആരും പരീക്ഷിക്കാത്ത പുതുമയുള്ള ആ ചിത്രങ്ങളും ചിത്രകാരനും എല്ലാവരുടെയും മനം കവരുന്നു. വരയ്ക്കുന്ന ചിത്രങ്ങൾ പോലെ, ആ ചിത്രകാരനും ഉണ്ടൊരു പ്രത്യേകത. ആ കലാകാരൻ, മനുഷ്യനല്ല, മറിച്ച് വിൻസ്റ്റൺ എന്ന അർജന്‍റീനിയൻ പല്ലിയാണ്. ഇന്ന് തൻ്റെ അത്യപൂർവ കഴിവുകൾ കൊണ്ട് ലോകത്തെ തന്നെ വിസ്‍മയിപ്പിക്കുകയാണ് ഈ പല്ലി.
മിഷിഗണിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനർ സാറാ കാറിയാണ് ഈ നൂതന ആശയത്തിന് പിന്നിൽ. അവർ തൻ്റെ അർജന്‍റീനിയൻ ടെഗു പല്ലിയെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയാണ്. ഇതിനായി ആദ്യം അവയുടെ കാലുകൾ പെയിന്‍റില്‍ മുക്കുന്നു. അതിനുശേഷം ക്യാൻവാസിലുടനീളം അതിനെ നടത്തിക്കുന്നു. മനോഹരമായ ചിത്രങ്ങളാണ് ഇതുവഴി ക്യാൻവാസിൽ വിരിയുന്നത്. അവർ വെറുമൊരു തമാശയ്ക്ക് ചെയ്യുന്നതല്ല ഇത്, മറിച്ച് ഇതിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ട്. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരന്തത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനു വേണ്ടി അവർ ഈ പെയിന്‍റിംഗുകൾ ലേലത്തിന് വയ്ക്കുകയാണ്. അങ്ങനെ ഇതൊരു കല എന്നതിലുപരി ഒരു സാമൂഹ്യസേവനം കൂടിയാവുകയാണ്.
ഇതൊക്കെ ആര് വാങ്ങാനാണ് എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. 5000 രൂപ വരെ ചെലവാക്കി ആളുകൾ ഈ പെയിന്റിംഗുകൾ വാങ്ങുന്നു. ഓസ്‌ട്രേലിയൻ ഫയർ റിലീഫ് ഫണ്ടിലേയ്ക്ക് ഇതുവരെ 71000 രൂപയോളം സാറ സമ്പാദിച്ചു കഴിഞ്ഞു. വിൻസ്റ്റനെ ആദ്യം നോക്കിയിരുന്ന വ്യക്തിയ്ക്ക് അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. അതിന് ആവശ്യമായ പരിചരണം നൽകാൻ അയാൾക്ക് സാധിച്ചില്ല. ഒടുവിൽ, ഒക്ടോബർ മാസത്തിൽ ഗ്രേറ്റ് ലേക്സ് സുവോളജിക്കൽ സൊസൈറ്റിയിലെ ഒരു മൃഗശാലയ്ക്ക് മുന്നിലുള്ള പെട്ടിയിൽ അയാൾ അതിനെ ഉപേക്ഷിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു അത്. ശരീരഭാരം കുറഞ്ഞ്, ചർമ്മത്തിന് കോട്ടം തട്ടി തീർത്തും അവശനിലയിലായിരുന്നു. അതിന് സ്നേഹവും, പരിചരണയും ആവശ്യമായിരുന്നു. സാറ അതിനെ വീട്ടിലേക്ക് കൊണ്ടുവന്നു അതിൻ്റെ ആരോഗ്യം വീണ്ടെടുക്കുന്നത്തിന് ആവശ്യമായ എല്ലാം ചെയ്‍തു.
അവനില്ലാതെ ഒരിക്കലും ഈ സംരംഭം സാധ്യമാകില്ലായിരുന്നുവെന്ന് സാറ പറഞ്ഞു. വിൽസൻ്റെ പങ്കാളിത്തം കൊണ്ട് മാത്രമാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമായതെന്നും അവർ കൂട്ടിച്ചേർത്തു. "കാട്ടുതീയിൽ ഓസ്ട്രേലിയ കത്തിയമർന്നുകൊണ്ടിരിക്കുമ്പോൾ എല്ലായിടവും ദുഃഖകരമായ വാർത്തകൾ മാത്രം നിറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇതിനുവേണ്ടി എന്തെങ്കിലും സഹായം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ഇത്തരം ഒരാശയം മനസ്സിൽ വന്നത്. ആദ്യം ഞാൻ സൂവിലെ ജോലിക്കാരെയും, വെറ്ററിനറി ഡോക്ടർമാരെയും കണ്ടു. കൂടാതെ ഇത്തരം ചിത്രങ്ങളെ കുറിച്ച് കൂടുതൽ ഗവേഷണവും നടത്തി. അങ്ങനെ വിൻസ്റ്റൺ അവന് ഇഷ്ടമുള്ള രീതിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി" സാറ പറഞ്ഞു. അവൻ ക്യാൻവാസിൽ ചായം പൂശിയ കാലുകളാൽ ഓടിനടന്ന് ചിത്രങ്ങൾ വരച്ചു. അത് മനോഹരമായിത്തീരുകയും ചെയ്തു.
ഓസ്‌ട്രേലിയൻ കാട്ടുതീയിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വീടുകളും ഏക്കറുകണക്കിന് ഫാമുകളും നശിച്ചു. ദശലക്ഷക്കണക്കിന് ജന്തുക്കൾ ചത്തൊടുങ്ങി. ഇന്നും അതിൻ്റെ ആഘാതത്തിൽനിന്ന് അവിടത്തെ ആളുകൾ മോചിതരായിട്ടില്ല.