ഗോത്രജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്ന ശാസ്താവ് രാജാവിന് സ്വീകാര്യനാവുന്നതെങ്ങനെയാണ്?

പൂഞ്ഞാര്‍ രാജകുടുംബ ചരിത്രാവലോകനത്തില്‍ പ്രതിപാദിക്കുന്ന ഒരു കഥയുണ്ട്. കേരളത്തില്‍ സ്ഥലം വാങ്ങാന്‍ മാനവിക്രമന്‍ ഒരു ചെറു സൈന്യവുമായി കേരളത്തിലേക്കു കടന്നു. കുമളി വഴി വണ്ടിപ്പെരിയാറ്റിലെത്തി പെരിയാറിന്റെ തീരത്ത് താവളമടിച്ചു. 

story of poonjar dynasty

കേരളത്തില്‍ പൂഞ്ഞാര്‍ എന്നൊരു രാജവംശവും നാട്ടുരാജ്യവും ഉണ്ടായിരുന്നോ? പന്തളം രാജകഥപോലെ ജാതിമേല്‍ക്കോയ്മയെ അധികാരമേല്‍ക്കോയ്മയായി ധരിച്ച് സ്വയം രാജാവായി ചമഞ്ഞതാണോ? മാനവിക്രമന്‍ എന്നൊരാള്‍ തെക്കുംകൂര്‍ രാജാവില്‍ നിന്ന് ഭൂമി വാങ്ങിയതായും പൂഞ്ഞാറില്‍ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയതായും പറയുന്നു. പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്.  പിന്നീട് കഥകളും ഉപകഥകളും മെനഞ്ഞ് അതൊരു രാജവംശമായി സ്വയമങ്ങ് വളരുന്നു. ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരി  രാജാവായ കഥയാണ് പൂഞ്ഞാര്‍ രാജവംശ ചരിത്രം. 

 

story of poonjar dynasty

 

ചരിത്രരേഖകള്‍ പ്രകാരം പാണ്ഡ്യ വംശത്തിന്‍റെ അധഃപധനത്തിന് ശേഷമോ അതിനോടൊപ്പമോ മാത്രമാണ് പൂഞ്ഞാറിന്‍റെ ചരിത്രം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന പി.നാഗം അയ്യരുടെ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലി'ല്‍ പറയുന്നത് മധുരയിലെ പാണ്ഡ്യരാജവംശത്തില്‍ ഒരംഗമായിരുന്ന രാജാവ് അഭയാര്‍ത്ഥിയായി പശ്ചിമഘട്ടത്തില്‍ എത്തിയെന്നും തെക്കുംകൂര്‍ രാജാവിന്‍റെ അധീനതയിലുണ്ടായിരുന്ന പൂഞ്ഞാര്‍ പ്രദേശം വിലയ്ക്കുവാങ്ങി എന്നുമാണ്. വിലയ്ക്കുവാങ്ങിയ ഭൂപ്രദേശത്തെ നാട്ടുരാജ്യമാക്കി മാറ്റുന്നതിന് ഐതിഹ്യങ്ങളും ക്ഷേത്രനിര്‍മ്മാണങ്ങളും സാംസ്കാരിക പശ്ചാത്തലമായിവര്‍ത്തിക്കുകയായിരുന്നു എന്നു വേണം അനുമാനിക്കാന്‍.

കുടിയേറ്റത്തിന്റെ പൊതുപശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ പശ്ചിമഘട്ടത്തിലേക്ക്‌ നടന്ന മറ്റൊരു കുടിയേറ്റമായിരുന്നു മാനവിക്രമന്റെ വരവ്. ഭൂമി വിലയ്ക്കുവാങ്ങിയും പ്രദേശങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിച്ചും നടത്തിയ ഈ 'രാജവല്‍ക്കരണം' ഹൈറേഞ്ചിലേക്കുള്ള ആദ്യ അധിനിവേശമായും വായിക്കാം. പില്‍ക്കാല ബ്രിട്ടീഷ് അധിനിവേശത്തിന് പശ്ചാത്തലമാകുന്നതും വന്‍കിട തോട്ടങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നതും പൂഞ്ഞാര്‍ രാജകുടുംബമാണ്. അതായത് വാങ്ങിയ ഭൂമി പാട്ടത്തിനും വിലയ്ക്കും മറിച്ചുകൊടുത്ത് ലാഭമുണ്ടാക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളി എന്നതിനപ്പുറം രാജവാഴ്ചയുടെ പാരമ്പര്യമൊന്നും പൂഞ്ഞാറിനുമില്ല. ക്ഷത്രിയനായതുകൊണ്ട് ലഭിച്ച ജാതി കോയ്മ അധികാരകോയ്മയാക്കി സാമ്രാജ്യം വിഭാവന ചെയ്ത രാജാവ് എന്ന് പൂഞ്ഞാര്‍ രാജവംശചരിത്രത്തെ ലളിതമായി നിര്‍വചിക്കാം. 

പരമ്പരാഗത രാജവംശ ചരിത്രത്തില്‍ നിന്ന് ഭിന്നമാണ് പൂഞ്ഞാറിന്റെ കഥ.

'ഏകദേശം എ.ഡി.1160 നടുത്ത് പൂഞ്ഞാര്‍രാജവംശം, പൂഞ്ഞാര്‍ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടതിനുശേഷം 1800വരെ (കൊല്ലവര്‍ഷം 975) 640 വര്‍ഷക്കാലം തിരുവിതാകൂര്‍-കൊച്ചി എന്നീരാജ്യങ്ങള്‍ പോലെതന്നെ പൂഞ്ഞാര്‍ രാജ്യവും ഒരു സ്വതന്ത്രരാജ്യമായിരുന്നു (രാമവര്‍മ്മ വലിയരാജ, പി. ആര്‍. 1998: 1).' എന്നാണ് രാജവംശ രേഖകള്‍ പറയുന്നത്. കഥയും ചരിത്രവും ചേര്‍ത്തുകെട്ടിയാണ് പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. പശ്ചിമഘട്ടത്തിലേക്കുള്ള മാനവിക്രമന്റെ വരവും വിലക്കുവാങ്ങിയ ഭൂമിയില്‍ സാമ്രാജ്യം സ്ഥാപിച്ചതും നീതീകരിക്കേണ്ട ഉത്തരവാദിത്തമാണ് ഈ ചരിത്ര രചനകള്‍ നിര്‍വഹിക്കുന്നത്. പരമ്പരാഗത രാജവംശ ചരിത്രത്തില്‍ നിന്ന് ഭിന്നമാണ് പൂഞ്ഞാറിന്റെ കഥ. പടയോട്ടങ്ങളുടെയും യുദ്ധങ്ങളുടെയും വെട്ടിപ്പിടിത്തങ്ങളുടെയും ചരിത്രമല്ലത്. 

കൈനിറയെ പണവുമായി സഹ്യാദ്രി താണ്ടിവന്ന ഒരാള്‍ വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍ പടുത്തുയര്‍ത്തിയ 'സാമ്രാജ്യ'മാണത്. 'അന്നത്തെ കേരളത്തിന്റെ അരാജകസ്ഥിതിയും ആഭ്യന്തര കലഹങ്ങളും അക്രമികളുടെ കൊള്ളയും മൂലം സംഭവിച്ച ദാരിദ്ര്യാവസ്ഥയും കാരണം ധാരാളം ധനം കൊടുത്താല്‍ ഭൂമി വാങ്ങി രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കാമെന്ന് മാനവിക്രമരാജാവ് മനസ്സിലാക്കി'യതിന്റെ ഫലമാണ് പൂഞ്ഞാര്‍ രാജവംശം (രാമവര്‍മ്മ വലിയരാജ, പി. ആര്‍. 1998: 2). വിലക്കുവാങ്ങിയ സാമ്രാജ്യം എന്ന പൂഞ്ഞാര്‍രാജവംശ ചരിത്രത്തെ വിശേഷിപ്പിക്കാമെങ്കില്‍, ഈ ഭൂമി കൈമാറ്റത്തില്‍ അക്കാലത്ത് മലനാട്ടില്‍ അധിവസിച്ചിരുന്ന ജനതയുടെ ഭാഗധേയം ഏതുവിധമാണ് അടയാളപ്പെടുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ജന്മിത്വത്തിന്റെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ അധിവാസ ജനതയുടെ പ്രാതിനിധ്യവും അധിവാസവും രേഖപ്പെടാതെ പോകുന്നുണ്ട്. കുടിയേറ്റങ്ങളുടെ ചരിത്രത്തിലുടനീളം ഇത്തരം അപരപ്രതിനിധാനങ്ങള്‍ കാണാം.

സ്വാതന്ത്ര്യത്തിന് മുമ്പ് മലബാറിലേക്ക് നടന്ന കുടിയേറ്റത്തിന്റെ കഥപറയുന്ന എസ്. കെ പൊറ്റെക്കാടിന്റെ വിഷ കന്യകയില്‍ തിരുവിതാകൂറില്‍ നിന്നെത്തിയ ഔസേപ്പ് 3500 രൂപയുമായി ഭൂമിവാങ്ങാന്‍ ചെല്ലുന്നത് പാലങ്ങോട്ട് ജന്‍മിയുടെ കാര്യസ്ഥന്‍ രാമക്കിടാവിന്റെ അടുത്താണ്. 'കിടാവ് ഒരു പാറക്കെട്ടില്‍ കയറിനിന്ന്, കൈയിലെ മുളവടി കിഴക്കോട്ട് നീട്ടിയൊന്നു വീശി. 'അക്കാണുന്നതെല്ലാം ചാര്‍ത്തിക്കൊടുക്കാനുള്ളതാണ്.' അക്കാണുന്നത് ഒരു വനസാമ്രാജ്യമാണ്. ഔസേപ്പ് മിഴിച്ച് നിന്നുപോയി. 'എത്രവേണമെങ്കിലും ഇഷ്ടംപോലെ ഭാഗിച്ചെടുക്കാം' (എസ്. കെ പൊറ്റെക്കാട്. 2010: 37). ആ വനസാമ്രാജ്യത്തില്‍ അധിവസിച്ചിരുന്ന ഗോത്രമനുഷ്യര്‍ക്ക് ഭൂവിനിമയത്തില്‍ ഇടമില്ല. ഇനിയും അവസാനിക്കാത്ത കുടിയേറ്റ-ഗോത്ര സംഘര്‍ങ്ങളുടെ ചരിത്രം ഇവിടെ നിന്നാരംഭിക്കുന്നു. 

നമ്മുടെ പൊതുബോധത്തിലും ചരിത്രത്തിലും മറഞ്ഞിരിക്കുന്ന വരേണ്യയുക്തിയാണിത്

ഈ സംഘര്‍ഷ ബന്ധങ്ങള്‍ക്ക് പുറത്താണ് പൂഞ്ഞാര്‍ കുടിയേറ്റം ഇടം നേടുന്നത്. തിരുവിതാകൂറില്‍ നിന്ന് മലബാറിലേക്കും ഹൈറേഞ്ചിലേക്കും നടന്ന കുടിയേറ്റങ്ങളെ 'കയ്യേറ്റങ്ങളായി' കാണുന്ന സമതല പൊതുബോധം എന്തുകൊണ്ടാണ് പൂഞ്ഞാര്‍ രാജവംശ കുടിയേറ്റത്തെ 'സാംസ്‌കാരിക' ചരിത്രമായി കാണുന്നത്?  മാനവിക്രമന്റെ രാജപാരമ്പര്യമായിരുന്നില്ല കുടിയേറ്റക്കാരുടേത്. ജാതീയമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും ന്യൂനപക്ഷമെന്ന നിര്‍വചനത്തില്‍പെടുന്നവരുമായ ഭൂരിപക്ഷത്തെയാണ് 'കുടിയേറ്റ'ചരിത്രത്തില്‍ കാണാനാവുക. ഭാഷയുടെയും ദേശത്തിന്റെയും ജാതിയുടെയും സ്വത്വങ്ങള്‍ ഉടയുകയും പുനര്‍നിര്‍മ്മിക്കപെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ കിഴക്കന്‍മലയോര/മലബാര്‍ കുടിയേറ്റങ്ങളില്‍ കാണാം. 'അനര്‍ഹമായ' കയ്യേറ്റങ്ങളായി വളരെ വേഗം അത് വ്യാഖ്യാനിക്കപ്പെടുന്നതിനൊപ്പം മാനവിക്രമന്റെയോ, രാജാവിന്റെയോ, ബ്രിട്ടീഷ് തോട്ടമുടമകളുടെയോ കുടിയേറ്റങ്ങള്‍ സംസ്‌കാരമോ പാരമ്പര്യമോ 'അര്‍ഹത'യോ ആയി കണക്കാക്കപ്പെടുന്നു. നമ്മുടെ പൊതുബോധത്തിലും ചരിത്രത്തിലും മറഞ്ഞിരിക്കുന്ന വരേണ്യയുക്തിയാണിത്.    

ചരിത്രവും മിത്തും കെട്ടുകഥകളും കൂട്ടിക്കലര്‍ത്തി മെനഞ്ഞെടുത്തതാണ് പൂഞ്ഞാര്‍ രാജവംശ ചരിത്രം. ഈ ചരിത്രനിര്‍മ്മിതി ഹൈറേഞ്ചിലെ പ്രബലമായിരുന്ന ഗോത്ര ജീവിതങ്ങളെയും ഭരണകൂടങ്ങളെയും വിട്ടുകളയുന്നുമുണ്ട്. സമ്പത്തും ശക്തിയും അധികാരവുമുള്ള അധീശ വര്‍ഗങ്ങള്‍ ഒരു വശത്തും അവരുടെ മേല്‍കോയ്മക്കു വിധേയരാകുന്ന കീഴാളര്‍ മറുവശത്തുമായി ധ്രുവീകരിക്കപ്പെടുന്ന സാമൂഹ്യബന്ധങ്ങള്‍ക്കുള്ളിലാണ് രാജ- ഗോത്ര ചരിത്രങ്ങളുടെ സ്ഥാനം. ആയുധവും സമ്പത്തും അറിവും മതവിശ്വാസങ്ങളും കൂട്ടിക്കലര്‍ന്ന സാംസ്‌കാരിക അധീശത്വവുമായി താരതമ്യം ചെയ്യുമ്പോള്‍ കീഴാള അവബോധം ഛിന്നഭിന്നവും ആശ്രിതവും സഹനോത്സുകവുമാണ്. പ്രതിരോധ സന്ദര്‍ഭങ്ങളില്‍പോലും അത് ഏറിയും കുറഞ്ഞും അധീശ ഭരണവര്‍ഗത്തിന്റെ സ്വാധീനവലയത്തിനുള്ളില്‍ തന്നെയായിരിക്കും. ഗോത്രവിശ്വാസങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിബോധവും ധാര്‍മ്മികതയും പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങള്‍ക്കനുകൂലമാക്കാന്‍ അധീശഭരണകൂടങ്ങള്‍ക്ക് കഴിയുന്നു. ഹൈറേഞ്ചിന്റെ ഗോത്ര ബോധത്തിന്മേലുള്ള ഭരണകൂട അധിനിവേശങ്ങളില്‍ ഇത് പ്രകടമാണ്. 

രാജവംശ/അധിനിവേശ ചരിത്രത്തിലുടനീളം ഗോത്രങ്ങള്‍ വിധേയരോ ആശ്രിതരോ ആയിമാത്രമാണ് പ്രതിപാദിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ മുഖ്യധാരാ പ്രവാഹത്തില്‍ എവിടെയും എന്തെങ്കിലും തരത്തില്‍ പ്രഭാവമുണ്ടാക്കാനുള്ള നേരിയ സാധ്യതപോലും ഗോത്രചരിത്രത്തിന് ലഭിക്കുന്നില്ല. അറിവധികാരവും എഴുത്തധികാരവും സമന്വയിക്കുന്ന ചരിത്രരചനാ പദ്ധതിയില്‍നിന്നും ഗോത്രസ്മൃതിയുടെ ഭൂതകാലങ്ങള്‍ ഒഴിഞ്ഞുപോകുന്നു. രാജവല്‍ക്കരിക്കപ്പെട്ട ചരിത്രവും ഹൈന്ദവവല്‍ക്കരിക്കപ്പെട്ട മിത്തുകളും കെട്ടുകഥകളും ചേര്‍ന്ന് രൂപപ്പെടുത്തിയ പൂഞ്ഞാര്‍/ ഇതര രാജവംശ സമാന്തര ചരിത്രം മുഖ്യധാരാ ഗോത്രജീവിതത്തെ അപരമാക്കുന്നതിലൂടെയാണ് വിജയം നേടുന്നത്. 

ഇങ്ങനെയും ഒരു കഥയുണ്ട്!

പൂഞ്ഞാര്‍ രാജകുടുംബ ചരിത്രാവലോകനത്തില്‍ പ്രതിപാദിക്കുന്ന ഒരു കഥയുണ്ട്. കേരളത്തില്‍ സ്ഥലം വാങ്ങാന്‍ മാനവിക്രമന്‍ ഒരു ചെറു സൈന്യവുമായി കേരളത്തിലേക്കു കടന്നു. കുമളി വഴി വണ്ടിപ്പെരിയാറ്റിലെത്തി പെരിയാറിന്റെ തീരത്ത് താവളമടിച്ചു. ധാരാളം ധനവും സ്വര്‍ണവുമായി മാനവിക്രമന്‍ എത്തിയിരിക്കുന്ന വിവരം ലഭിച്ച അക്കാലത്തെ കുപ്രസിദ്ധ കൊള്ളക്കാരന്‍ ഉദയന്‍ തന്റെ സംഘവുമായി മാനവിക്രമനെ ആക്രമിച്ചു. മാനവിക്രമനും സൈന്യവും അക്രമികളെ എതിരിടുന്ന സമയത്തുതന്നെ ഒരു ബാലന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം അവിടെയെത്തി കൊള്ളക്കാരെ എതിരിട്ടു. രണ്ട് ദിശയില്‍നിന്നുളള ആക്രമണത്തില്‍ ഉദയന്റെ സംഘത്തിലെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. നിവൃത്തിയില്ലാതെ കൊള്ളക്കാര്‍ ഓടി രക്ഷപ്പെട്ടു. 

അങ്ങനെ ചെയ്യുന്ന പക്ഷം രാജാവ് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സഫലമാകുമെന്നും ബാലന്‍ ധരിപ്പിച്ചു

രാജാവിനെ യുദ്ധത്തില്‍ സഹായിച്ച ബാലന്‍  ആനപ്പുറത്ത് എത്തി, ഈ ആക്രമിസംഘം മൂന്നുദിവസത്തിനുള്ളില്‍ ഏറ്റുമാനൂര്‍ ക്ഷേത്രം കൊള്ളയടിക്കാന്‍ പരിപാടിയിട്ടിട്ടുണ്ടെന്നും രാജാവും സൈന്യവും നേരത്തെ ക്ഷേത്രത്തിനടുത്തെത്തി കൊള്ളക്കാരെ തുരത്തണമെന്നും പറഞ്ഞു. അങ്ങനെ ചെയ്യുന്ന പക്ഷം രാജാവ് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സഫലമാകുമെന്നും ബാലന്‍ ധരിപ്പിച്ചു. പറഞ്ഞതുപോലെ മൂന്നാം ദിവസം രാജാവും സൈന്യവും ഏറ്റുമാനൂര്‍ ക്ഷേത്രത്തിനടുത്ത് നിലയുറപ്പിക്കുകയും ഉദയനും സംഘവും എത്തിയപ്പോള്‍ അവരെ എതിരിട്ട് തുരത്തുകയും ചെയ്തു. ബാലന്‍ പറഞ്ഞകാര്യങ്ങള്‍ സത്യമായിത്തീരുന്നു. ആ ബാലന്‍ ശബരിമല മണികണ്ഠസ്വാമിയായിരുന്നുവെന്ന് അരുളപ്പാടുണ്ടായി. പിന്നീട്, രാജാവ് ആഗ്രഹിച്ചതുപോലെ തെക്കുംകൂര്‍ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങള്‍ വിലക്കുവാങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പൂഞ്ഞാറില്‍ മധുരമീനാക്ഷി, ശാസ്താക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് രാജാവ് വണ്ടിപ്പെരിയാറ്റില്‍ ശാസ്താക്ഷേത്രവും പണികഴിപ്പിച്ചു. പൂഞ്ഞാര്‍ രാജവംശം സ്ഥാപിക്കുന്നതിലേക്കെത്തിയ ഐതീഹ്യമിതാണ് (രാമവര്‍മ്മ വലിയരാജ,പി. ആര്‍. 1998: 9-16). 

കഥകളും കഥകളെ സാധൂകരിക്കുന്ന തെളിവുകളായി ക്ഷേത്രങ്ങളും മാറുന്നതോടെ ആഖ്യാനത്തിന് ചരിത്രമാനം കൈവരുന്നു. മാനവിക്രമന്റെ വരവും രാജവംശത്തിന്റെ സ്ഥാപനവും ദൈവനിശ്ചയമായിരുന്നുവെന്ന ധ്വനിയാണ് ഈ കഥ നല്‍കുന്നത്. ഒപ്പം അനീതിയും കൊള്ളയും അക്രമവും നിലനിന്ന പ്രദേശമായിരുന്നുവെന്നും ക്ഷേത്രങ്ങള്‍ക്കുപോലും കൊള്ളക്കാരില്‍നിന്ന് രക്ഷയുണ്ടായിരുന്നില്ലെന്നുമാണ് കഥയുടെ വിവക്ഷിതാര്‍ത്ഥം. അങ്ങനെ അനാഥമായിരുന്ന നാടിന് ഒരു രക്ഷകന്‍ അനിവാര്യമായിരുന്ന ഘട്ടത്തിലാണ് മാനവിക്രമന്റെ വരവെന്നുമാണ് ഐതിഹ്യത്തിന്റെ പൊരുള്‍. മാനവിക്രമനെ കാട്ടില്‍ കൊള്ളക്കാരില്‍ നിന്ന് രക്ഷിച്ച ബാലന്‍ അതിനുമുമ്പ് അവിടെ ഉണ്ടായിരുന്നില്ലേ? എന്തുകൊണ്ട് കാടിന്റെയും നാടിന്റെയും രക്ഷകനായി ബാലന്‍ സ്വയം മാറുന്നില്ല തുടങ്ങിയ യുക്തികള്‍ക്ക് 'വിശ്വാസത്തിന്റെ' കഥയില്‍ സ്ഥാനമില്ല. ഭൂമിയില്‍ ധര്‍മ്മ പരിപാലനത്തിന് ദൈവം നിയോഗിച്ചു എന്നത് ചോദ്യംചെയ്യാന്‍ പാടില്ലാത്ത 'ശാസന'യായിത്തീരുന്നു. 

എല്ലാ അധിനിവേശങ്ങളും തദ്ദേശീയജനത കൊള്ളക്കാരും അപരിഷ്‌കൃതരും സംസ്‌കാരശൂന്യരുമാണെന്ന് സങ്കല്‍പ്പിക്കുന്നു. അതില്‍നിന്ന് ഭിന്നമല്ല ഈ ഐതിഹ്യവും. പശ്ചിമഘട്ടത്തില്‍ അധിവസിച്ചിരുന്ന ജനത അക്രമികളും പിടിച്ചുപറിക്കാരുമായിരുന്നെന്നാണ് ഐതിഹ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഗോത്രജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്ന ശാസ്താവ് രാജാവിന് സ്വീകാര്യനാണ്. ദൈവത്തിലൂടെ/വിശ്വാസത്തിലൂടെയാണ് ജനതയിലേക്കുള്ള വഴി. 'അവര്‍ ഞങ്ങള്‍ക്ക് ബൈബിള്‍ തന്നു, പകരം ഞങ്ങളുടെ ഭൂമിയവര്‍ കൈക്കലാക്കി' എന്ന റെഡ്യന്ത്യന്‍ മൂപ്പന്റെ  കത്ത് അധിനിവേശത്തെക്കുറിച്ചുള്ള എക്കാലത്തെയും പ്രസ്താവനയായിത്തീരുന്നുണ്ട്. തദ്ദേശീയ കുടിയേറ്റങ്ങളില്‍ ഐതിഹ്യത്തിന്റെ പ്രത്യയശാസ്ത്രം ഒരേസമയം ഗോത്രജനതയെ തിരസ്‌കരിക്കുകയും മലദൈവങ്ങളെ 'സംസ്‌കൃതീകരിച്ച്' കൂടെനിര്‍ത്തുകയും ചെയ്യുന്നു. രണ്ടുതരം അന്യവല്‍ക്കരണം. ഒന്ന്, ഗോത്ര ജനത എന്ന അപരത്വം. രണ്ട്, അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് അപരിചിതരാകുന്നു. ഇവിടെ, ശാസ്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രം കൊള്ളക്കാരില്‍നിന്ന് സംരക്ഷിക്കുന്നതോടെ, ഭൂമി വിലക്കുവാങ്ങാന്‍ വന്ന മാനവിക്രമന്‍ നാടിന്റെ നാഥനായിത്തീരാനുള്ള യോഗ്യതയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ശാസ്താവിന്റെയും കണ്ണകിയുടെയും ക്ഷേത്ര നിര്‍മ്മിതിയും പ്രതിഷ്ഠയും ഗോത്രവിശ്വാസത്തിന്റെ സമസ്ത മേഖലകളെയും വരുതിയിലാക്കാനുള്ള ഉപാധികളായിരുന്നു. എപ്പോഴും എവിടെയും സന്നിഹിതമായിരുന്ന മലദേവതകള്‍ എന്ന വിശാലതയില്‍നിന്നും ക്ഷേത്രത്തിലേക്കുള്ള ഈ കുടിമാറ്റം കേന്ദ്രീകൃത വിശ്വാസത്തിലേക്കുള്ള ക്രമപ്പെടലുകൂടിയായിരുന്നു.  

അവിടെ അധിവസിച്ചിരുന്ന ഗോത്രജനത പ്രജകളായി കണക്കാക്കപ്പെട്ടില്ല

സാമൂഹ്യ വികസനത്തിന്റെ മുഖ്യധാരയില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി നിലനിന്ന ഗോത്രഭൂമികളുടെ സംഘാതമായിരുന്നു ഹൈറേഞ്ച്. വിഭവകേന്ദ്രിതമായ വ്യാപാര താല്‍പര്യത്തിനപ്പുറം സാമ്രാജ്യങ്ങള്‍ക്ക് ഈ ഭൂപ്രദേശത്തോട് വൈകാരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വില്‍പ്പനയുടെ ഈ ചരിത്രം വ്യക്തമാക്കുന്നത്. അവിടെ അധിവസിച്ചിരുന്ന ഗോത്രജനത പ്രജകളായി കണക്കാക്കപ്പെട്ടില്ല. സാമ്രാജ്യങ്ങള്‍ എന്നത് അതിനുള്ളില്‍ പുലരുന്ന ജനത എന്ന പ്രജാരൂപവും കൂടി ഉള്‍ച്ചേര്‍ന്നതാവണം. സ്വന്തം നാട്, കൃഷിഭൂമി, വീട്, കുടുംബം തുടങ്ങിയ പ്രജകളുടെ സ്വകാര്യമണ്ഡലങ്ങള്‍ സാമ്രാജ്യം എന്ന പൊതുമണ്ഡലത്തിനുള്ളില്‍ നിലനിന്നിരുന്നു. എന്നാല്‍ സാമ്രാജ്യങ്ങളുടെ ഭൂപടത്തിനുള്ളില്‍ ഹൈറേഞ്ചിലെ ഗോത്രജനതയുടെ നാടും വീടും കുടുംബവും കാര്‍ഷിക ജീവിത സ്മൃതികളും ഉള്‍പ്പെടുന്നില്ല. അങ്ങനെ അനായാസം വില്‍ക്കുകയും വാങ്ങുകയും ചെയ്യാവുന്ന സ്ഥാവരങ്ങളായി ഭൂപ്രദേശം മാറുന്നു. വിലയ്ക്കുവാങ്ങിയ ഭൂമിയില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു രാജാക്കന്‍മാര്‍. ഭൂമിയെ രാജ്യമായി കാണുകയായിരുന്നില്ല മറിച്ച് ഒരു ഉല്‍പ്പന്നമായോ ലാഭം ലക്ഷ്യമാക്കി കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കായോ മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നുസാരം. അവിടെ അധിവസിച്ചിരുന്ന തദ്ദേശീയരായ ഗോത്രജനതയുടെ ഭാഗധേയം ഈ കൈമാറ്റങ്ങളിലൊരിടത്തും അഭിസംബോധന ചെയ്യുന്നുമില്ല. പതിനെട്ടാം ശതകത്തിന്റെ അന്ത്യത്തില്‍ പൂഞ്ഞാര്‍ രാജകുടുംബം കണ്ണന്‍ദേവന്‍കുന്നുകള്‍ ബ്രിട്ടീഷ് തോട്ടംവ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതിലൂടെ ഭൂമി കൈമാറ്റത്തിലെ ഈ ചരക്ക് മൂല്യം സാധൂകരിക്കപ്പെടുന്നു.   

 സാമ്പത്തികമായി ക്ഷയിച്ച് തുടങ്ങിയ പൂഞ്ഞാര്‍ 1793 -ല്‍ തിരുവിതാകൂറിന്റെ മേല്‍കോയ്മ അംഗീകരിച്ചു. ഭൂമിയുടെ അധികാരം സ്ഥാപിച്ചു കിട്ടുന്നതിനുള്ള രേഖകളെല്ലാം പൂഞ്ഞാര്‍ രാജാവ് തിരുവിതാംകൂറിന് കൈമാറിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പൂഞ്ഞാര്‍ രാജാവ് തെക്കുംകൂറിനോട് വിലക്കുവാങ്ങിയ ഉടുമ്പന്‍ചോല, പീരുമേട് പ്രദേശങ്ങള്‍ 1842 ഓടെ തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. ചെങ്ങമനാട് ദേവസ്വത്തില്‍ നിന്ന് പൂഞ്ഞാര്‍ രാജാവ് വാങ്ങിയ പ്രദേശങ്ങള്‍ ആയിരം പണം ആണ്ടുപാട്ടത്തിന് തിരുവിതാംകൂര്‍ ഏറ്റെടുത്തു (രാജീവ്, കെ.ടി. 2007: 30).  അവശേഷിച്ച് ഭൂപ്രദേശമായ കണ്ണന്‍ദേവന്‍ മലനിരകള്‍ അന്നത്തെ പൂഞ്ഞാര്‍ രാജാവ് കേരളവര്‍മ്മ 1877 ജൂലായ് 11ലെ പാട്ടക്കരാര്‍ പ്രകാരം ജോണ്‍ഡാനിയല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരന് കൈമാറി. ഇടുക്കിയുടെ ബാക്കി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തിരുവിതാംകൂറിന്റെ അധീനതയിലായിക്കഴിഞ്ഞിരുന്നു. കണ്ണന്‍ദേവന്‍ മലകളുടെമേല്‍ പൂഞ്ഞാറിനുണ്ടായിരുന്ന എല്ലാ അവകാശങ്ങളും തിരുവിതാംകൂറിന് കൈമാറിക്കൊണ്ട് 1898 -ല്‍ ഒരു കരാര്‍ ഒപ്പിട്ടു.  അങ്ങനെ ഒരു വസ്തുവ്യാപാരി  രാജാവായി ചമഞ്ഞ കഥ അവസാനിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios