സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തവര്‍ പൊടുന്നനെ മലക്കം മറിഞ്ഞത് എന്തുകൊണ്ടാണ്?

ലിംഗനീതിയെന്ന അടിസ്ഥാനതത്വത്തിലൂന്നി സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍ പതിയെ മതധ്രുവീകരണത്തിന്റെയും രാഷ്ട്രീയ പോരിന്റെയും വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഹിന്ദുവോട്ട് ഏകോപിക്കാനുള്ള ശ്രമങ്ങളുടെയും വഴിയിലേക്ക് നീങ്ങുകയാണ്. 

savithri on sabarimala issue

സുപ്രീംകോടതി വിധിയേക്കാളും വിധി നടപ്പാക്കാന്‍ തീരുമാനമെടുത്ത ഇടതുപക്ഷ സര്‍ക്കാറാണ് പ്രതിഷേധങ്ങളുടെ കുന്തമുനയിൽ നിൽക്കുന്നത്. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുക, വിധിയെ മറികടക്കുന്ന വിധം കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക എന്നിവയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വിശ്വാസികള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിക്കുകയാണ് ബി.ജെ.പി. ഇരുകക്ഷികളുടെയും ആരോപണമുനയില്‍ നില്‍ക്കുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാറും നേരത്തെ സ്വീകരിച്ച നിലപാട് മയപ്പെടുത്തുകയാണെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചനകള്‍. 

savithri on sabarimala issue

ഒരു സിപിഎം അനുകൂല ട്രോൾ പേജിൽ കണ്ട പോസ്റ്റാണ്.  

'സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാന്നാ പറഞ്ഞേ?' കിലുക്കത്തിലെ മോഹന്‍ലാൽ ചോദിക്കുന്നു. പൊതുജനമാണ് ചോദിക്കുന്നത്.

'പിണറായി വിജയന്‍', സംഘിയായ രേവതി മറുപടി പറയുന്നു. 

 ഒറ്റനോട്ടത്തില്‍ ചിരി വരും. പക്ഷേ, രണ്ടാമതൊരു വായനയില്‍ ആ ട്രോളിനൊരു മറുപടിസ്വഭാവമുണ്ട്. സുപ്രീംകോടതി വിധിച്ചതല്ലേ, അതിലിപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്ത് പിഴച്ചു, എന്ന മറുപടി. സുപ്രീംകോടതി വിധി അന്തിമമാണെന്നും, അടുത്ത തീര്‍ഥാടകസീസണില്‍ സ്ത്രീകള്‍ക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടാക്കുമെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും, സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം അനുഭാവികള്‍ക്ക് സര്‍ക്കാരിന്റെ നിലപാട് ന്യായീകരിച്ചേ തീരൂ. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ അത്രയ്ക്കുണ്ട് പ്രതിഷേധം. 

ലിംഗനീതിയെന്ന അടിസ്ഥാനതത്വത്തിലൂന്നി സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍ പതിയെ മതധ്രുവീകരണത്തിന്റെയും രാഷ്ട്രീയ പോരിന്റെയും വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഹിന്ദുവോട്ട് ഏകോപിക്കാനുള്ള ശ്രമങ്ങളുടെയും വഴിയിലേക്ക് നീങ്ങുകയാണ്. 

ബി.ജെ.പിയും ആദ്യം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്

പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ളത് കോണ്‍ഗ്രസും ബിജെപിയും ഹിന്ദു സംഘടനകളും. സുപ്രീം കോടതി വിധിയെ ആദ്യമേ സ്വാഗതം ചെയ്ത രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന നിലപാടായിരുന്നു ആര്‍.എസ്.എസ് തുടക്കം മുതലേ സ്വീകരിച്ചത്. ബി.ജെ.പിയും കോടതി വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍, ദിവസങ്ങള്‍ക്കകം മുന്‍നിലപാടില്‍നിന്ന് ഇവര്‍ മാറുകയായിരുന്നു. വിശ്വാസികളുടെ പേരില്‍ പരസ്യമായ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങുകയാണ് ഈ സംഘടനകള്‍ ഇപ്പോള്‍. 

സുപ്രീംകോടതി വിധിയേക്കാളും വിധി നടപ്പാക്കാന്‍ തീരുമാനമെടുത്ത ഇടതുപക്ഷ സര്‍ക്കാറാണ് പ്രതിഷേധങ്ങളുടെ കുന്തമുനയിൽ നിൽക്കുന്നത്. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുക, വിധിയെ മറികടക്കുന്ന വിധം കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക എന്നിവയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വിശ്വാസികള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിക്കുകയാണ് ബി.ജെ.പി. ഇരുകക്ഷികളുടെയും ആരോപണമുനയില്‍ നില്‍ക്കുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാറും നേരത്തെ സ്വീകരിച്ച നിലപാട് മയപ്പെടുത്തുകയാണെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചനകള്‍. 

അന്ന് നിയമപ്രശ്‌നം; ഇന്ന് വിശ്വാസികളുടെ അഭിമാനപ്രശ്‌നം
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി, ശബരിമലയിലെ ലിംഗവിവേചനത്തിന്റെ അടിസ്ഥാനമില്ലായ്മ എണ്ണിയെണ്ണിപ്പറഞ്ഞ ഒരു വിധിന്യായം നമുക്ക് മുന്നിലുണ്ട്. അതില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഭാഗം, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ വിധിപ്രസ്താവമാണ്. 

''ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത്, തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമല്ലെങ്കില്‍ മറ്റെന്താണ്? ശരീരഘടനയുടെ ഒരു പ്രത്യേകത കൊണ്ട് മാത്രം സ്ത്രീകളോട് വിവേചനം കാണിയ്ക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. അത് അവരുടെ അന്തസ്സിനേല്‍പിക്കുന്ന കളങ്കമാണ്.'' 

2018 സെപ്തംബര്‍ 28 വരെ ശബരിമലയിലെ സ്ത്രീപ്രവേശനം അടിസ്ഥാനപരമായി ഒരു നിയമപ്രശ്‌നമായിരുന്നു. വിശ്വാസവും ലിംഗനീതിയുമായി ബന്ധപ്പെട്ട വകുപ്പുകളും ചട്ടങ്ങളും ഇഴകീറി പരിശോധിച്ച്, സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാബഞ്ച് വിധിച്ചത്, ഒരു പ്രത്യേകപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് തന്നെയായിരുന്നു. വിയോജിച്ചത് ഒരാള്‍ മാത്രം. അത് ബഞ്ചിലെ ഏകവനിതാ അംഗമായ ഇന്ദു മല്‍ഹോത്ര എന്നത് ചരിത്രത്തിലെ മറ്റൊരു വൈരുദ്ധ്യം. എങ്കിലും വിയോജിപ്പുകളുടെ ഭരണഘടനാപരമായ സാധ്യതകളെക്കുറിച്ചറിയേണ്ടവര്‍, ജ.ഇന്ദു മല്‍ഹോത്രയുടെ വിധിന്യായവും വായിക്കണം. മറ്റൊന്നിനുമല്ല, വിയോജിക്കാനും എതിര്‍ക്കാനും (Right to dissent) ഈ ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നറിയാന്‍.

ക്ഷേത്ര ഭാരവാഹികളുടെ മാനസികാവസ്ഥയാണ് മാറേണ്ടത്

വിധി വരുന്നതിന് മുമ്പ് തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് സംഘപരിവാര്‍ സംഘടനകളുടെ മാതൃസംഘടനയായ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയതാണ്. തികച്ചും യാഥാസ്ഥിതികനിലപാടുകള്‍ സ്വീകരിച്ചിരുന്ന ആര്‍എസ്എസിന്റെ ആ നിലപാട് ഒട്ടത്ഭുതത്തോടെയാണ് രാഷ്ട്രീയനിരീക്ഷകര്‍ കണ്ടതും. ''വിവേചനപരമായ ചില ആചാരങ്ങളുണ്ട്. അതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്നത് ശരിയല്ല. ക്ഷേത്ര ഭാരവാഹികളുടെ മാനസികാവസ്ഥയാണ് മാറേണ്ടത്. പഴയ ആചാരങ്ങള്‍ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും മാറ്റിയെടുക്കണം.'' അന്നത്തെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി 2016 മാര്‍ച്ച് 14 ന് നാഗ്പൂരില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇതായിരുന്നു.  

എന്നാല്‍, വിധി വന്ന ശേഷം, ആര്‍എസ്എസിന് നിലപാട് മയപ്പെടുത്തേണ്ടി വന്നു. വിധി മാനിക്കുന്നതോടൊപ്പം ഭക്തരുടെ വികാരം കൂടി കണക്കിലെടുക്കണമെന്നാണ് ഇപ്പോള്‍ സര്‍കാര്യവാഹക് ആയ സുരേഷ് ഭയ്യാജി ജോഷിയുടെ ഏറ്റവും പുതിയ പ്രസ്താവന.  

കടുത്ത നിലപാടുമായി ബിജെപി
പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുന്ന ആര്‍എസ്എസിന്റെ നിലപാട് തന്നെയായിരുന്നു തുടക്കത്തില്‍ ബി.ജെ.പി സ്വീകരിച്ചത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. മറ്റ് ബി.ജെ.പി നേതാക്കളാവട്ടെ എങ്ങും തൊടാത്ത നിലപാട് സ്വീകരിച്ചു. എന്നാല്‍, സോഷ്യല്‍ മീഡിയയിലടക്കം ബി.ജെ.പി അണികളും സംഘപരിവാര്‍ സൈബര്‍ സംഘങ്ങളും ആദ്യ ദിവസം തന്നെ വിധിക്കെതിരായി രംഗത്തുവന്നു. ഒപ്പം ചില ഹിന്ദു സംഘടനകളും സമുദായ സംഘടനകളും ആദ്യം മുതല്‍ വിധിക്കെതിരെ പരസ്യമായി നിലപാട് എടുത്തു. 

ഇതിനെ തുടര്‍ന്നാണ് പൊടുന്നനെ ബി.ജെ.പിയും സംഘപരിവാറും നിലപാട് മാറ്റിയതും വിധിക്കെതിരെ പരസ്യമായി രംഗത്തുവന്നതും. ശബരിമലയെ സര്‍ക്കാര്‍ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ ആരോപണം. തുറന്ന സമരത്തിലാണ് ബിജെപി. മഹിളാ, യുവമോര്‍ച്ചകളെ നിരത്തിലിറക്കി ദേവസ്വംബോര്‍ഡ് ഓഫീസിലേയ്ക്കുള്ള മാര്‍ച്ച് മുതല്‍, പല ഹിന്ദുസംഘടനകളെയും അണിനിരത്തിയുള്ള നാമജപയാത്ര വരെ. 'ഭക്ത'രുടെ പ്രതിഷേധയാത്രയിലുയരുന്നത് ശരണംവിളികളാണ്. വിശ്വാസികളെ അണിനിരത്തി വിധിക്കെതിരെ നീങ്ങുകയും അതു വഴി ഹിന്ദുവോട്ടുകള്‍ ഏകോപിക്കുകയുമാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ലക്ഷ്യം. സാഹചര്യങ്ങളുടെ ഈ മാറ്റത്തിനനുസരിച്ചാണ് തുടക്കത്തില്‍ മൗനം പാലിച്ച ആര്‍.എസ്.എസ് ഇപ്പോള്‍ വിധിക്കെതിരെ പരസ്യ നിലപാട് എടുത്തത്. 

 മുഖപത്രമായ ജന്മഭൂമിയില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറായ ആര്‍.സഞ്ജയനെഴുതിയ ലേഖനത്തെയും ബിജെപി നേതൃത്വം തള്ളിപ്പറയുന്നു. ശബരിമലയില്‍ വിശ്വാസിസമൂഹമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് നിലപാട്. ആര്‍എസ്എസിന്റെ പഴയ നിലപാടുമായി ചേര്‍ന്ന്, മൃദുസമീപനം സ്വീകരിച്ചിരുന്ന പി.എസ്.ശ്രീധരന്‍പിള്ള, ഇപ്പോള്‍ സര്‍ക്കാരിനെതിരെ അക്രമോത്സുകമായ പ്രതികരണങ്ങളാണ് നടത്തുന്നത്. 

വിധിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സുരേന്ദ്രന്‍ പിന്നീട് ഡിലീറ്റ് ചെയ്തത് മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്

മുമ്പ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന ബിജെപി സംസ്ഥാനസെക്രട്ടറി കെ.സുരേന്ദ്രന്‍ ഇപ്പോള്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നാണ് പ്രഖ്യാപിക്കുന്നത്. ''വ്യക്തിപരമായി എന്തെല്ലാം നിലപാടുകളുണ്ടായാലും ഒരു പാര്‍ട്ടി ഒരു നിലപാടെടുത്താല്‍ അതിനൊപ്പം നില്‍ക്കലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. രാജ്യം മുഴുവനുള്ള ഒരു സംഘടന പൊതു നിലപാടെടുത്താലും പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു പാര്‍ട്ടിയ്ക്ക് അത് സാധ്യമായെന്ന് വരില്ല. കോണ്‍ഗ്രസിന് പോലും ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ രണ്ട് അഭിപ്രായമല്ലേ?'' സുരേന്ദ്രന്‍ ചോദിയ്ക്കുന്നു. വിധിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സുരേന്ദ്രന്‍ പിന്നീട് ഡിലീറ്റ് ചെയ്തത് ഈ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്.  

താഴെത്തട്ടിലുള്ള പ്രതിഫലനങ്ങള്‍
ഇതിന്റെ താഴേത്തട്ടിലുള്ള പ്രതിഫലനങ്ങളെന്താണ്? സാമൂഹ്യമാധ്യമങ്ങളില്‍ വിധിക്ക് അനുകൂലമായി നിലപാട് എടുക്കുകയോ ക്ഷേത്രത്തില്‍ പോവാന്‍ താല്‍പ്പര്യമുണ്ടെന്ന് പറയുകയോ ചെയ്തവരെ പരസ്യമായി എതിര്‍ക്കുകയാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍. തെറിവിളിയും ഭീഷണിയും സൈബര്‍ പൊങ്കാലയും വ്യാപകമായിരിക്കുന്നു. ടിവി ചാനലുകളുടെയും പത്രങ്ങളുടെയും ഓരോ പോസ്റ്റുകള്‍ക്ക് കീഴെയും തെറിവിളികള്‍ നിറയുന്നു. 

ശബരിമലയെ ഉപയോഗിച്ച് ഹിന്ദു ഏകീകരണമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിയ്ക്കുന്നതെന്ന് എംബി രാജേഷ് എംപി പറയുന്നു. ''ശബരിമല വിഷയത്തില്‍ സുവ്യക്തവും സുചിന്തിതവുമെന്ന് ആര്‍എസ്എസ് തന്നെ വിശേഷിപ്പിച്ച സ്വന്തം നിലപാട് ഒറ്റ രാത്രി കൊണ്ട് സംഘടനയ്ക്ക് മാറ്റേണ്ടിവന്നതില്‍ ദുരൂഹതയുണ്ട്. സംഘപരിവാറിനും ബിജെപിയ്ക്കും ഇതു കൊണ്ട് രണ്ട് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, ഇന്ധനവില കുത്തനെ കൂടിയത് പോലുള്ള ജനകീയപ്രശ്‌നങ്ങളില്‍ നിന്നും റഫാല്‍ ഇടപാട് പോലുള്ള അഴിമതികളില്‍ നിന്നും ജനശ്രദ്ധ തിരിയ്ക്കുക, രണ്ട്, ഇതിനെ സിപിഎമ്മും വിശ്വാസികളും തമ്മിലുള്ള ആശയത്തര്‍ക്കമാക്കി ശബരിമലയെ മാറ്റാന്‍ ശ്രമിയ്ക്കുക.''

അപകടം മുന്നില്‍ക്കണ്ട് ഈ ആവശ്യത്തെ മുളയിലേ നുള്ളാനാണ് ബി.ജെ.പിയുടെ ശ്രമം

ലിംഗവിവേചനം, നീതിനിഷേധമാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ത്തന്നെ സ്ത്രീപ്രവേശനത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ മതത്തെക്കുറിച്ചും, ആചാരങ്ങളെക്കുറിച്ചും അഗാധപാണ്ഡിത്യമുള്ളവരെ ഉള്‍പ്പെടുത്തി ഒരു കമ്മീഷന്‍ രൂപീകരിയ്ക്കണമെന്നും, വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കാവൂ എന്നുമായിരുന്നു ഇടത് സര്‍ക്കാരിന്റെ നിലപാട്. അതിനനുസരിച്ച് വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ''കേസില്‍ സിപിഎം കക്ഷിയേ അല്ല. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഇടത് സര്‍ക്കാര്‍ കോടതിയില്‍ പോയിട്ടുമില്ല. വിദഗ്ധാഭിപ്രായം കേട്ട ശേഷം ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധിയെ ഇടത് സര്‍ക്കാരും, പാര്‍ട്ടിയും സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അതില്‍ എന്ത് തെറ്റാണുള്ളത്?'' എം.ബി.രാജേഷ് ചോദിയ്ക്കുന്നു.

എന്നാല്‍ സിപിഎമ്മിനുള്ളില്‍ത്തന്നെ വിധിയുടെ പേരില്‍ അഭിപ്രായൈക്യമില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറയുന്നത്. ''ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന് തന്നെ കോടതി വിധിയോടും സര്‍ക്കാര്‍ നിലപാടിനോടും എതിര്‍പ്പായിരുന്നു. പിന്നീട് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വരുതിയ്ക്ക് കൊണ്ടുവരികയായിരുന്നു. യുഡിഎഫില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും ഹിന്ദു ഏകീകരണത്തിനാണോ ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്നത്? ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പടെ കേരളത്തിലെ ഏതെങ്കിലും ഒരു വനിതാസംഘടന ഞങ്ങള്‍ ശബരിമലയില്‍ പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ?'' സുരേന്ദ്രന്‍ ചോദിക്കുന്നു.

കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തിലേയ്ക്ക്
ലിംഗനീതിയിലേയ്ക്കുള്ള പുരോഗമനപരമായ ചുവടുവയ്‌പെന്നാണ് സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റും വിധിയെ സ്വാഗതം ചെയ്തുകൊണ്ട് തന്നെയായിരുന്നു. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ ഈ ആശയവ്യക്തത ഇല്ലായിരുന്നു. വിധിയെക്കുറിച്ചുള്ള ആദ്യപ്രതികരണത്തില്‍ത്തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉരുണ്ടുകളിച്ചു. അതൃപ്തി പ്രകടമാക്കി, കോടതിവിധി അംഗീകരിയ്ക്കുന്നുവെന്ന പ്രതികരണം മാത്രം. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിയ്ക്കുന്നുണ്ടോ, ഇല്ലയോ എന്ന കൃത്യമായ പ്രതികരണം തേടിയപ്പോഴാകട്ടെ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആദ്യമൊന്നും മറുപടിയേ ഉണ്ടായിരുന്നില്ല.

പിന്നീട്, ചില ഹിന്ദുസംഘടനകള്‍ സമരവുമായി തെരുവിലിറങ്ങിയതോടെ ചെന്നിത്തലയും കോണ്‍ഗ്രസും പരസ്യ എതിര്‍പ്പുമായി രംഗത്തിറങ്ങി. കേന്ദ്ര കേരള സര്‍ക്കാറുകളെ ഒരേ പോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിശ്വാസികള്‍ക്കൊപ്പം തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.  സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത് ഇതിനാലാണ്. 

അപകടം മുന്നില്‍ക്കണ്ട് ഈ ആവശ്യത്തെ മുളയിലേ നുള്ളാനാണ് ബി.ജെ.പിയുടെ ശ്രമം. പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ലെന്നും ഇത് സംസ്ഥാനവിഷയമാണെന്നുമാണ് ബി.ജെ.പി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ള തിരിച്ചടിയ്ക്കുന്നത്. 

പുനഃപരിശോധനാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പന്തളം രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചെന്നിത്തല നടത്തിയ പ്രസ്താവന തന്നെ കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമായി മാറി എന്നതിന്റെ തെളിവാണെന്ന് സിപിഎം ആരോപിക്കുന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനും സംസ്ഥാനനേതൃത്വത്തിനും ഇക്കാര്യത്തില്‍ ഒരഭിപ്രായമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഒരു പാര്‍ട്ടിയാണെന്ന് പറയുന്നതെന്ന് എം ബി രാജേഷ് ചോദിയ്ക്കുന്നു. 

സ്ത്രീവിരുദ്ധതയുടെ പ്രളയം
ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ട ഈ രാഷ്ട്രീയക്കളികളും പ്രതിഷേധപരിപാടികളും മറ്റൊരു ദിശയിലേക്കും നീങ്ങുന്നുണ്ട്. സ്ത്രീ പുരുഷ സമത്വം, സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യം, ആര്‍ത്തവം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് വിധിയെ തുടര്‍ന്ന് ഉണ്ടാവുന്നത്. വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ സമത്വം അടക്കമുള്ള അടിസ്ഥാന സ്ത്രീവാദ ആശയങ്ങളെ അക്രമിക്കുകയാണ്. വിധിയെ സ്വാഗതം ചെയ്ത് ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യും എന്നതടക്കമുള്ള സോഷ്യല്‍ മീഡിയാ ഭീഷണികളും ഈ പശ്ചാത്തലത്തില്‍ കാണണം.  

ശബരിമലയിലെ തന്ത്രി കുടുംബത്തിനും ദേവസ്വം ബോര്‍ഡിനുമുള്ള കറവപ്പശുവാണ് ശബരിമലയെന്ന ക്ഷേത്രം

വിധി വന്നതിന് ശേഷം സ്ത്രീവിരുദ്ധപ്രസ്താവനകളുടെ പ്രളയം തന്നെയാണ് കേരള രാഷ്ട്രീയത്തിലും സാമൂഹ്യമാധ്യമങ്ങളിലുമുണ്ടായതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ജെ.ദേവിക പറയുന്നു. ''ഉദാഹരണമാണ് ആര്‍ത്തവം അശുദ്ധി തന്നെയെന്ന കെ.സുധാകരന്റെ പ്രസ്താവന. വിവാഹേതരബന്ധം കുറ്റകരമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും ശബരിമല കേസ് വിധിയും കൂട്ടിക്കെട്ടുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. കേള്‍ക്കുന്നവര്‍ തന്നെ തീരുമാനിയ്ക്കട്ടെ, അതിലെ അസംബന്ധം.'' ജെ.ദേവിക പറയുന്നു. 

''ശബരിമലയിലെ തന്ത്രി കുടുംബത്തിനും ദേവസ്വം ബോര്‍ഡിനുമുള്ള കറവപ്പശുവാണ് ശബരിമലയെന്ന ക്ഷേത്രം. അതീവപാരിസ്ഥിതികപ്രാധാന്യമുള്ള, സംരക്ഷിക്കപ്പെടേണ്ട ഒരു ക്ഷേത്രത്തെ ഇത്രയധികം ചൂഷണം ചെയ്യുന്ന പാട്രിയാര്‍ക്കല്‍ സ്ഥാപനങ്ങളാണ് പരിസ്ഥിതിപ്രശ്‌നം കൂടി പറഞ്ഞ് സ്ത്രീകളെ കയറ്റാതിരിയ്ക്കുന്നതെന്നതാണ് കൗതുകകരം. സ്ത്രീകള്‍ കയറിയാല്‍ വര്‍ഷങ്ങളായി ഇവര്‍ നിര്‍മ്മിച്ചുകൊണ്ടുവന്ന ശബരിമലയുടെ ഇമേജ് ഇല്ലാതായി. പിന്നെ മറ്റേതൊരു ക്ഷേത്രവും പോലെയായി ശബരിമല മാറുമോ എന്നാണിവരുടെ പേടി. അത് മറച്ചുവയ്ക്കാന്‍ വിശ്വാസികളുടെ വികാരങ്ങളെ നന്നായി മുതലെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.'' ജെ.ദേവിക ചൂണ്ടിക്കാട്ടുന്നു. 

വിശ്വാസിയായ ഒരു സ്ത്രീയ്ക്ക് പ്രായഭേദമന്യേ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിയ്ക്കാനുള്ള മൗലികാവകാശമോ?

വാല്‍ക്കഷ്ണം: മുത്തലാഖ് ബില്ലിനെ അനുകൂലിക്കുകയും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്ന ബിജെപി നിലപാടില്‍ ഇരട്ടത്താപ്പില്ലേ എന്ന് ചോദിയ്ക്കുമ്പോള്‍ കെ.സുരേന്ദ്രന്റെ മറുപടി ഇങ്ങനെയാണ്: ''ശബരിമല കേസില്‍ ലിംഗനീതി മാത്രമല്ലല്ലോ പ്രശ്‌നം. കോടതി നിരീക്ഷിച്ചത് ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണെന്നാണ്. അതെങ്ങനെയാണ് ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാവുക? സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്ഥലങ്ങള്‍ പൊതുസ്ഥലമാകില്ലല്ലോ. ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടുന്നത് കൂടി ആയതുകൊണ്ടാണ് ഞങ്ങള്‍ കോടതിവിധിയെ എതിര്‍ക്കുന്നത്. പള്ളികളിലെ ആരാധനാസ്വാതന്ത്ര്യത്തില്‍ കൈകടത്തി ഇത്തരമൊരു വിധി കോടതി പുറപ്പെടുവിക്കുമോ?''  

അപ്പോഴും വിശ്വാസിയായ ഒരു സ്ത്രീയ്ക്ക് പ്രായഭേദമന്യേ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിയ്ക്കാനുള്ള മൗലികാവകാശമോ? ലിംഗനീതിയിലും ദൈവത്തിലും ഒരു പോലെ വിശ്വാസമുള്ള ഇവിടത്തെ സ്ത്രീകൾക്ക് അതിന് ആര് ഉത്തരം തരും?
 

Latest Videos
Follow Us:
Download App:
  • android
  • ios