എന്തുകൊണ്ടാണ് സാമുവല്‍ റോബിന്‍സണ് മലയാളികളോട് ഇങ്ങനെ സംവദിക്കേണ്ടി വരുന്നത്?

വംശീയമായി അധിക്ഷേപിച്ചുകൊണ്ട് 'ഒഫൻസീവ് മലയാളം മീം' എന്ന ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട ട്രോളിന് മറുപടി നൽകുന്ന സാമുവലിനെയാണ് ഏറ്റവും ഒടുവിൽ കണ്ടത്. തന്നെ മൃഗത്തോടുപമിച്ച മാനസിക നിലകളോട് സാമുവൽ ഉന്നയിച്ച ചോദ്യങ്ങൾ കുറിക്ക് കൊള്ളുന്നവയായിരുന്നു. 

samuel robinson kerala and racism

മലയാള സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് പ്രിയപ്പെട്ടവരായ നിരവധി വിദേശ താരങ്ങൾ ഉണ്ട്. പാതി മലയാളിയായ ഗവിൻ പക്കാർഡും മലയാളത്തിന്റെ വളർത്തു പുത്രിയായ പാരീസ് ലക്ഷ്മിയുമുൾപ്പെടെ ഒരുപാട് വിദേശ മുഖങ്ങൾ മലയാള സിനിമകളിൽ വന്നു പോയിട്ടുണ്ട്. പക്ഷെ, ഒരൊറ്റ സിനിമയിലൂടെ മലയാളി സ്നേഹിച്ച, മലയാളികളെ സ്നേഹിച്ച ഒരേയൊരാളെ ചിലപ്പോൾ ഉണ്ടാകൂ. അത് സാമുവൽ റോബിൻസൺ ആണ്. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് പരിചിതനായി മാറിയ സുഡു.
 
തന്റെ രണ്ടാമത്തെ മലയാളം ചിത്രമായ 'ഒരു കരീബിയൻ ഉഡായിപ്പി'ന്റെ ചിത്രീകരണങ്ങളിലാണ് സാമുവൽ ഇപ്പോൾ. ആദ്യ മലയാള സിനിമ കഴിഞ്ഞ് അടുത്തതിലേക്ക് മാസങ്ങളുടെ ഇടവേളകൾക്കിടയിലും കേരളവും മലയാളികളുമായുള്ള ബന്ധം അതേ ഊഷ്മളതയിൽ നിലനിർത്താൻ സാമുവൽ ശ്രമിച്ചുകൊണ്ടേയിരുന്നു എന്നയിടത്താണ് അയാൾ വ്യത്യസ്തനാകുന്നത്. മലയാളിയെ സ്നേഹിച്ചും സ്നേഹത്തിലൂടെ വിമർശിച്ചും സാമുവൽ ഈ സമൂഹത്തിനുള്ളിൽ കൃത്യമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിരിക്കുന്നു. 

പോസ്റ്റുകൾ ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്കും വിവർത്തനം ചെയ്യാറുണ്ട് സാമുവൽ

വംശീയമായി അധിക്ഷേപിച്ചുകൊണ്ട് 'ഒഫൻസീവ് മലയാളം മീം' എന്ന ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട ട്രോളിന് മറുപടി നൽകുന്ന സാമുവലിനെയാണ് ഏറ്റവും ഒടുവിൽ കണ്ടത്. തന്നെ മൃഗത്തോടുപമിച്ച മാനസിക നിലകളോട് സാമുവൽ ഉന്നയിച്ച ചോദ്യങ്ങൾ കുറിക്ക് കൊള്ളുന്നവയായിരുന്നു. പേജിന്റെ അഡ്മിൻ വിളിച്ചിരുന്നുവെന്നും ക്ഷമ ചോദിച്ചുവെന്നും ട്രോൾ നീക്കം ചെയ്തുവെന്നുമാണ് സാമുവൽ ഫേസ്ബുക്കിലൂടെ പിന്നീട് അറിയിച്ചത്. പോസ്റ്റുകൾ ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്കും വിവർത്തനം ചെയ്യാറുണ്ട് സാമുവൽ. മലയാളികളുമായി നിരന്തരം സംവദിക്കാൻ ഇത്രയേറെ ശ്രമിക്കുന്ന മറ്റൊരു താരവും സിനിമ മേഖലയിൽ ഉണ്ടാവില്ല. 

സുഡാനിയിൽ അഭിനയിച്ചതിന് തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്നും അതിന് കാരണം വംശീയതയാണെന്നും ആരോപിച്ചാണ് ആദ്യം സാമുവൽ എത്തുന്നത്. എന്നാൽ ഇതിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ എത്തുകയും അവരുടെ ഉത്തരങ്ങളിൽ സാമുവൽ തൃപ്തനാകുകയും ചെയ്തതോടെ ആ വിഷയം അവസാനിച്ചു. പക്ഷേ കേരളത്തോടുള്ള സാമുവലിന്റെ വർത്തമാനങ്ങൾ അവസാനിച്ചില്ല. 

കേരളം മിസ് ചെയ്യുന്നുവെന്നും ഇന്ത്യയിലേക്ക് വരാൻ പുതിയൊരു പ്രോജക്ടിനായി കാത്തിരിക്കുന്നുവെന്നും പൊറോട്ടയും ബീഫ് കറിയും കഴിക്കാൻ തോന്നുന്നുവെന്നുമുള്ള സാമുവലിന്റെ അടുത്ത പോസ്റ്റും മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു. പക്ഷെ, മിനിറ്റുകൾക്കുള്ളിലായിരുന്നു കഥയിലെ ട്വിസ്റ്റ്. ബീഫ് കറി എന്നത് മട്ടൺ കറിയായും പിന്നെ അത് ചിക്കൻ കറിയായുമെല്ലാം പരിണമിച്ചു. ഇതോടെ സത്യത്തിൽ എന്ത് വേണമെന്ന ചോദ്യവുമായി ആരാധകരുമെത്തി. ശരിക്കും വേണ്ടത് ബീഫാണ് എന്നും പക്ഷേ ഇന്ത്യയിൽ ബീഫിനെ കുറിച്ച് പറയുന്നത് അപകടമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞെന്നുമായിരുന്നു സാമുവലിന്റെ മറുപടി. പക്ഷെ, എന്നിട്ടും കേരളത്തോടുള്ള സാമുവലിന്റെ ഇഷ്ടം കുറഞ്ഞതേയില്ല.

ഇത് തനിക്ക് രണ്ടാം വീടാണെന്നും നമുക്ക് പരസ്പരം സഹായിക്കാമെന്നും പറഞ്ഞു സാമുവൽ

കേരളം പ്രളയക്കെടുതികളിൽ മുങ്ങിയപ്പോഴും കരുതലുമായി സാമുവൽ എത്തിയിരുന്നു. ഇത് തനിക്ക് രണ്ടാം വീടാണെന്നും നമുക്ക് പരസ്പരം സഹായിക്കാമെന്നും പറഞ്ഞ സാമുവൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. ബാങ്ക് അക്കൗണ്ടും മറ്റു വിവരങ്ങളുമെല്ലാം സാമുവൽ വീഡിയോയിലൂടെ ലോകത്തോട് പങ്കുവച്ചു. 

ഒരു നൈജീരിയൻ സ്വദേശിയായ യുവാവ് തന്റെ പോസ്റ്റുകൾക്ക് മലയാളം പരിഭാഷ കൂടി നൽകുന്നുവെന്ന സംഗതി മാത്രം പരിശോധിച്ചാൽ മതിയാകും കേരളത്തെ സാമുവൽ എങ്ങനെ നോക്കിക്കാണുന്നുവെന്നറിയാൻ. ഒഫൻസീവ് മലയാളം മീമിൽ വന്ന തമാശയിലെ വംശീയാധിക്ഷേപം സാമുവൽ തന്നെയാണ് മലയാളിക്ക് കാണിച്ചു കൊടുത്തത്. താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത റേസിസത്തിന്റെ ക്രൂരമായ രൂപമാണിത് എന്ന് ആ ചെറുപ്പക്കാരൻ പറയുമ്പോൾ വംശീയതയെ തിരിച്ചറിയുക കൂടിയായിരുന്നു മലയാളി. 

അനുഭവിക്കുന്നവന്റെ വികാരങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കാൻ സാമുവലിന്റെ വാക്കുകൾക്ക് കഴിയുന്നുണ്ടെന്നത് പ്രധാനമാണ്. വംശീയാധിക്ഷേപവും ജാതീയതയും തിരിച്ചറിയുക പോലുമില്ലാത്ത മനുഷ്യർക്ക് റേസിസം എന്താണെന്ന് മനസിലാക്കി കൊടുക്കാൻ സാമുവൽ റോബിൻസണിന് കഴിയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കറുപ്പ് പരിഹസിക്കപ്പെടേണ്ടതാണെന്നും അത് വളരെ സ്വാഭാവികമാണെന്നും കരുതുന്നൊരു സമൂഹത്തോട് ഇത്തരം ചിന്തകളുടെ പ്രശ്നമെന്താണെന്ന് കൃത്യമായി പറയുന്നുണ്ട് സാമുവൽ. അങ്ങനെ എല്ലാം ട്രോളല്ല എന്നും ചിലത് ഒരു സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും പലരും തിരിച്ചറിയാൻ തുടങ്ങിയത് സാമുവലിലൂടെയാണ്. സാധാരണക്കാരായ മലയാളികളാണ് സാമുവലിനെ ഫോളോ ചെയ്യുന്നതിൽ അധികവും. ഒരു ജനതയിൽ ആഴത്തിൽ വേരൂന്നിപ്പോയ വംശീയ ബോധത്തെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും അവരെ പഠിപ്പിക്കുക കൂടിയാണ് സാമുവൽ. 

മലയാളത്തിലാണ് സാമുവലിനോടുള്ള ഇഷ്ടം പലരും പ്രകടിപ്പിക്കുന്നത്

സാമുവൽ റോബിൻസണിനെ മലയാളി കൈകാര്യം ചെയ്യുന്ന രീതിയും വളരെ രസകരമാണ്. ഭാഷ എന്നത് എത്ര നേർത്ത അതിരാണ് എന്ന് തോന്നിപ്പിക്കും സാമുവലിന്റെ പോസ്റ്റുകളും അതിനു വരുന്ന കമന്റുകളും. രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന്, രണ്ട് സംസ്കാരത്തിൽ വളർന്ന്, രണ്ട് ഭാഷകൾ സംസാരിക്കുന്ന രണ്ടു പേരുടെ സംഭാഷണങ്ങളാണെന്ന് തോന്നുക പോലുമില്ല പലതും. മലയാളത്തിലാണ് സാമുവലിനോടുള്ള ഇഷ്ടം പലരും പ്രകടിപ്പിക്കുന്നത്. അതും തനതായ ശൈലികളിൽ. മനസിലാകുന്ന കമന്റുകൾക്ക് സാമുവൽ മറുപടിയും കൊടുക്കാറുണ്ട്. 

സാമുവൽ റോബിൻസണും മലയാളിയും തമ്മിൽ ഉടലെടുത്തിരിക്കുന്ന ബന്ധം സമാനതകളില്ലാത്തതാണ്. സാമുവൽ മലയാളിയെ ചിലത് പഠിപ്പിക്കുന്നുണ്ട്. മലയാളിക്ക് സാമുവലിനെ കേൾക്കാനുള്ള ക്ഷമയുമുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios