ടെലഗ്രാം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഉള്ളില്‍ കുറ്റബോധം നിറയും
പിന്നീട്, അല്‍പം കൂടി വളര്‍ന്നപ്പോള്‍ മഴ ഒരു ശല്യമായി തോന്നി തുടങ്ങി. അപ്രതീക്ഷിതമായി ഓടിയെത്തുന്ന മഴയില്‍ കുടയ്ക്ക് പോലും കാര്യമായി സഹായിക്കാനാവില്ല. നനഞ്ഞു കുതിര്‍ന്ന് ശരീരത്തോടൊട്ടിപ്പിടിച്ച വസ്ത്രങ്ങളില്‍ നടക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച അപകര്‍ഷത. അപ്പോള്‍ മഴയെ ഞാന്‍ ശപിച്ചു തുടങ്ങിയിരുന്നു.
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍.
കോരിച്ചൊരിയുന്ന കര്‍ക്കിടകമഴ ഇഷ്ടമായിരുന്നു കുട്ടിയായിരുന്നപ്പോള്‍. അരത്തിണ്ണയില്‍ തൂളിവീഴുന്ന മഴത്തുള്ളിത്തണുപ്പില്‍ അങ്ങനെ ഇരിക്കുമായിരുന്നു, ആ സംഗീതവും ശ്രദ്ധിച്ച്. മഴയൊന്ന് തെല്ല് ശക്തി കുറഞ്ഞു അവസാനഘട്ടത്തിലെത്തുമ്പോഴാണു കേള്‍ക്കാന്‍ സുഖം. വാഴയിലയില്‍, ചേമ്പിലയില്‍, മുറ്റത്തിരിക്കുന്ന പാത്രങ്ങളില്‍, നടക്കല്ലില്‍ എന്ന് വേണ്ട സര്‍വ്വ വസ്തുക്കളിലും വ്യത്യസ്തമായ താളം മുഴക്കിയാവും മഴപ്പാട്ട്. അതും ശ്രവിച്ചിരിക്കുമ്പോള്‍ നല്ല ചൂടുള്ള പുഴുക്കുമായി അമ്മയെത്തും. കപ്പ, ചക്ക, ചേന ഇവയിലേതെങ്കിലും ഒന്നാവും, കൂടെ നല്ല ചുക്കുകാപ്പിയും. പിന്നെ, ഏറ്റവും സുഖം എന്താണെന്ന് വച്ചാല്‍ പഠിക്കാനാരും പറയില്ല, മഴക്കാലത്ത് ഒരു കാറ്റ് വീശിയാല്‍ അപ്പൊ കറന്റു പോകും. പിന്നെ പൊതുവേ ഇരുണ്ട അന്തരീക്ഷവും. പഠനം എങ്ങനെ നടക്കും? അന്നൊക്കെ മഴയെന്റെ ചങ്ങാതിയായിരുന്നു.
പിന്നീട്, അല്‍പം കൂടി വളര്‍ന്നപ്പോള്‍ മഴ ഒരു ശല്യമായി തോന്നിത്തുടങ്ങി. അപ്രതീക്ഷിതമായി ഓടിയെത്തുന്ന മഴയില്‍ കുടയ്ക്ക് പോലും കാര്യമായി സഹായിക്കാനാവില്ല. നനഞ്ഞു കുതിര്‍ന്ന് ശരീരത്തോടൊട്ടിപ്പിടിച്ച വസ്ത്രങ്ങളില്‍ നടക്കേണ്ടി വന്നപ്പോള്‍ അനുഭവിച്ച അപകര്‍ഷത. അപ്പോള്‍ മഴയെ ഞാന്‍ ശപിച്ചു തുടങ്ങിയിരുന്നു.
പിന്നെയുള്ളതൊരു നൊമ്പരമാണ്. ഹൃദ്രോഗിയായ മുത്തശ്ശന് ഇടയ്ക്കിടെ ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം പതിവായിരുന്നു. മക്കളെ അതിയായി സ്‌നേഹിച്ചിരുന്ന കര്‍ക്കശ്ശക്കാരനായിരുന്നു മുത്തശ്ശന്‍. ദൂരദിക്കുകളില്‍ ജോലി ചെയ്തിരുന്ന മക്കളെ മുന്‍കൂട്ടി അറിയിച്ചിട്ടേ അദ്ദേഹം ഓരോ തവണയും ഡോക്ടറെ കാണാന്‍ പോവുമായിരുന്നുള്ളൂ. കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി ആയതിനാല്‍ എന്നോട് വലിയ വാത്സല്യം ആയിരുന്നു. എനിക്ക് അദ്ദേഹം അറിവിന്റെ ഒരു വലിയ സര്‍വകലാശാല തന്നെ ആയിരുന്നു എന്ന് മാത്രമല്ല ജീവിതത്തില്‍ ആദ്യത്തെ സെക്രട്ടറി ജോലി ഞാന്‍ മുത്തശ്ശന് വേണ്ടിയാണു ചെയ്തത്. കുടുംബവീട് വിട്ട് വേറെ വീടുവച്ചു എന്റെ മാതാപിതാക്കള്‍ താമസം മാറിയപ്പോഴും തറവാട്ട് വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞാന്‍ താമസിച്ചു. കൊച്ചിച്ചന്മാര്‍ക്ക് ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്യുക, വരവുചിലവു കണക്കുകളുടെ ബാലന്‍സ്ഷീറ്റ് തയ്യാറാക്കി അവര്‍ക്ക് അയച്ചു കൊടുക്കുക, കാലാവസ്ഥക്കനുസൃതമായി കൃഷിപണികള്‍ പൂര്‍ത്തിയാക്കാന്‍ പണിക്കാരുമായി കോര്‍ഡിനേറ്റ് ചെയ്യുക, ഇതൊക്കെയായിരുന്നു എന്റെ ആദ്യകാല പാഠ്യേതര ഉത്തരവാദിത്വങ്ങള്‍. സംഭവം എനിക്കിഷ്ടമായിരുന്നു, കാരണം അടുക്കളഭാഗത്ത് കൂടി പോവണ്ടല്ലോ!
അങ്ങനെയിരിക്കേ, കുറച്ചു ദിവസങ്ങളായി തോന്നിതുടങ്ങിയിരുന്ന അസ്വസ്ഥത മുത്തശ്ശനു താങ്ങാനാവാതെ വന്നപ്പൊഴാണ്, പൊതുവേ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്റെ കുറിപ്പടികളുമായി പോയി അമ്മ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞത്. സാധാരണ മരുന്ന് കുറിച്ച് കൊടുക്കാറുള്ള ഡോക്ടര്‍ പക്ഷേ, മുത്തശ്ശനെ അഡ്മിറ്റ് ചെയ്യാനാണു ഇത്തവണ നിര്‍ദ്ദേശിച്ചത്. പിറ്റേ ദിവസം രാവിലെ മുതല്‍ ഇരുണ്ട് മഴ തൂകി നിന്ന വല്ലാത്തൊരു കാലാവസ്ഥയില്‍, മുത്തശ്ശനു പോവാന്‍ വേണ്ടി വിളിച്ച വണ്ടി വന്നു, അയല്‍പക്കക്കാരൊക്കെ യാത്രയയക്കാനും വന്നു. ഉമ്മറത്തിണ്ണയിലെ ഭിത്തിയിലെ ദൈവങ്ങളെ ഒന്ന് നോക്കി, മുത്തശ്ശന്‍ നടക്കല്ലിറങ്ങി. വീണ്ടും തിരിഞ്ഞ് വീടാകെയൊന്ന് നോക്കി.സാമ്രാജ്യം കൈവിട്ട് പോകുമോ എന്നൊരാശങ്കയുള്ള നോട്ടം. ചാറ്റല്‍മഴയില്‍ നനയാതിരിക്കാന്‍ കുട ചൂടി, താങ്ങായി അച്ഛന്‍ കൂടെ നടന്നു. പൊടുന്നനെ തിരിഞ്ഞു എന്നോടായി മുത്തശ്ശന്‍ പറഞ്ഞു 'കൊച്ചേ, എല്ലാര്‍ക്കും ടെലഗ്രാം അടിച്ചേക്ക്, ഇന്ന് തന്നെ'- ഞാന്‍ തലയാട്ടി. Father serious, start immediately, എനിക്ക് മനപാഠമായിട്ട് കാലം കുറെയായിരുന്നല്ലോ.
അന്ന് തോരാമഴയായിരുന്നു. ഇടിയും മിന്നലുമായി തുള്ളിതോരാത്ത പെരുമഴ. ആ അന്തരീക്ഷത്തില്‍ പുറത്ത് പോകുന്നതിനു മുത്തശ്ശി എന്നെ വിലക്കി. ടെലിഗ്രാം ചെയ്യാനുള്ള നിര്‍ദ്ദേശത്തെപ്പറ്റി പറഞ്ഞപ്പോള്‍ മുത്തശ്ശിയെന്നെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. 'എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നെ? ഇതു പതിവുള്ളതല്ലേ? ഗ്യാസ് വിലങ്ങീട്ടുണ്ടായ വേദനയാ, വേറൊന്നൂല്ല'.
അങ്ങനെ, ആ ടെലഗ്രാം അവര്‍ക്ക് പോയില്ല, പകരം മൂന്നുപേര്‍ക്കും വീട്ടില്‍ സ്‌റ്റോക്ക് വച്ചിരുന്ന നീലനിറമുള്ള ഇന്‍ലന്റ്റ് എടുത്ത് ഞാന്‍ കത്തെഴുതി അയച്ചു മുത്തശ്ശന്റെ അസുഖവിവരം അറിയിക്കാന്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മുത്തശ്ശനെ കാണാന്‍ ഞാന്‍ ആസ്പത്രിയിലെത്തിയ ദിവസം. അസുഖം കൂടി, ശ്വാസം മുട്ടി, സംസാരിക്കാനാവാത്ത അവസ്ഥയില്‍ മുത്തശ്ശന്‍.
ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ഒരു ദിവസം കൂടി തള്ളിനീക്കി അദ്ദേഹം. നാലാം ദിവസം പൊടുന്നനെ അനക്കമില്ലാതായപ്പോള്‍ ഡോക്ടര്‍മാര്‍ ഓടിവന്ന് ആ നെഞ്ചില്‍ കൈകൊണ്ടു ഇടിച്ചതും ഞാന്‍ പൊട്ടിക്കരഞ്ഞതും ഇപ്പോഴും ഓര്‍മ്മയുണ്ട്. അങ്ങനെ പ്രകൃതി കരഞ്ഞ് നിന്ന ആ കര്‍ക്കിടകപുലരിയില്‍ മുത്തശ്ശന്‍ ഒരോര്‍മ്മയായി.
ഇന്നും ടെലഗ്രാം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ കുറ്റബോധം നിറയും. അന്ന് ഞാന്‍ മഴയും കാറ്റും വകവയ്ക്കാതെ മുത്തശ്ശന്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍. .ഒരുപക്ഷെ, മക്കളുടെ മുഖം അവസാനമായി കാണാന്‍ ആ മനസ്സ് കൊതിച്ചിരുന്നിരിക്കാം, അവരോട് പറയാന്‍ എന്തെങ്കിലും മനസ്സില്‍ സൂക്ഷിച്ചിരുന്നുമിരിക്കാം.ഇടമുറിയാതെ കോരിച്ചൊരിഞ്ഞു പെയ്ത് എന്റെ വഴിമുടക്കിയായി നിന്ന ആ കര്‍ക്കിടക മഴയോടിന്നുമെനിക്ക് വെറുപ്പാണ്. അന്നത്തെ ആ നഷ്ടം ഇന്നുമെന്റെ തീരാനഷ്ടവും.