പുലപ്പേടിയും, മണ്ണാപ്പേടിയും; ഇങ്ങനെയും ആചാരമുണ്ടായിരുന്നു
പുരുഷന്മാർ തൊടുകയോ കല്ലോ കമ്പോ ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്തിട്ട് 'കണ്ടേ കണ്ടേ' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ ആ സ്ത്രീ സ്വസമുദായത്തിൽ നിന്നു ഭ്രഷ്ടയാവുകയും ആ പുരുഷന്‍റെ കൂടെ പോകേണ്ടി വരികയും ചെയ്യുന്നു
പണ്ട് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദുരാചാരമായ മണ്ണാപ്പേടി പുലപ്പേടി എന്നിവ നിർത്തലാക്കി കൊണ്ട് വീരകേരളവർമ്മ ചിറാവ മൂത്തവർ ക്രിസ്തുവര്‍ഷം 1696 ഇൽ (കൊവ :871 ). തമിഴ് ഭാഷയിൽ സ്ഥാപിച്ച ശിലാശാസനമാണിത്. അങ്ങനെ രണ്ട് ആചാരങ്ങളെപ്പറ്റി ആദ്യമായി കേൾക്കുകമായിരുന്നു. എന്താണീ 'പുലപ്പേടി, മണ്ണാപ്പേടി' എന്നറിയാനുള്ള ആകാംഷയിൽ ഇന്‍റര്‍നെറ്റിൽ തിരിഞ്ഞപ്പോൾ കിട്ടിയത് കൗതുകമുണർത്തുന്ന വിവരങ്ങളാണ്.
കന്യാകുമാരി ജില്ലയിലെ തക്കലക്ക് അടുത്ത് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ നിർമ്മിച്ച പദ്മനാഭപുരം കൊട്ടാരം ഏഷ്യയിലെ തന്നെ പൂർണമായും തടിയിൽ നിർമിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടസമുച്ചയങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിലെ ശില്പങ്ങളും തടിയിലെ കൊത്തുപണികളും കണ്ടു നടക്കുകയായിരുന്നു. കൂടുതൽ ചരിത്രപരമായ രേഖകളും തെളിവുകളും സൂക്ഷിച്ചുകൊണ്ട് അടുത്തുതന്നെ കൊട്ടാര മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. മ്യൂസിയത്തിനകത്ത് കണ്ട ഒരു വലിയ ശിലയും അതിൽ കൊത്തിവെച്ച എഴുത്തുകളും ഇതുവരെ കേട്ടിട്ടില്ലാത്ത ചില ആചാര വിശ്വാസങ്ങൾ തിരുവിതാംകൂറിൽ നിലനിന്നിരുന്നു എന്നതിനു തെളിവാണ്.
"കുന്നിവായാഴം നിന്‍ട്ര കൊല്ലം 871 മാണ്ട് തൈമാസം 25 ാം തീയതി വീരകേരള വര്‍മ്മ ചറവാ മൂത്ത തമ്പിരാന്‍ കല്‍ക്കുളത്ത് എഴുന്നുള്ള ഇരുന്നരുളി കല്പിത്ത പടിക്ക് രണ്ട് വക മഹാജനവും കൂടി കല്പിത്ത മൊഴിയാവത്. തോവാളയ്ക്കു മേയ്ക്കും കണ്ണേറ്റിക്കു കിഴക്കും കടലിനും മലൈയ്ക്കും അകത്ത് അകപ്പെട്ട നാട്ടില്‍ പുലപ്പേടിയും മണ്ണാപേടിയും ഇല്ല എന്ന് തമ്പുരാന്‍ "
പണ്ട് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദുരാചാരമായ മണ്ണാപ്പേടി പുലപ്പേടി എന്നിവ നിർത്തലാക്കി കൊണ്ട് വീരകേരളവർമ്മ ചിറാവ മൂത്തവർ ക്രിസ്തുവര്‍ഷം 1696 ഇൽ (കൊവ :871 ). തമിഴ് ഭാഷയിൽ സ്ഥാപിച്ച ശിലാശാസനമാണിത്. അങ്ങനെ രണ്ട് ആചാരങ്ങളെപ്പറ്റി ആദ്യമായി കേൾക്കുകമായിരുന്നു. എന്താണീ 'പുലപ്പേടി, മണ്ണാപ്പേടി' എന്നറിയാനുള്ള ആകാംഷയിൽ ഇന്‍റര്‍നെറ്റിൽ തിരിഞ്ഞപ്പോൾ കിട്ടിയത് കൗതുകമുണർത്തുന്ന വിവരങ്ങളാണ്.
ഇതു പേടിച്ച് ഇക്കാലയളവിൽ സവർണ സ്ത്രീകൾ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ലത്രേ
ഒരുകാലത്ത് തിരുവിതാംകൂരിൽ നിലനിന്നിരുന്ന സാമൂഹിക ആചാരമായിരുന്നത്രെ പുലപ്പേടിയും മണ്ണാപ്പേടിയും. പുലയ സമുദായത്തിലെയും മണ്ണാൻ സമുദായത്തിലെയും പുരുഷന്മാർക്ക് ഒരു പ്രത്യേക മാസം രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങുന്ന നായർ സ്ത്രീകളെ തൊട്ടു സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുവത്രേ. പുരുഷന്മാർ തൊടുകയോ കല്ലോ കമ്പോ ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്തിട്ട് 'കണ്ടേ കണ്ടേ' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ ആ സ്ത്രീ സ്വസമുദായത്തിൽ നിന്നു ഭ്രഷ്ടയാവുകയും ആ പുരുഷന്‍റെ കൂടെ പോകേണ്ടി വരികയും ചെയ്യുന്നു. ഇതു പേടിച്ച് ഇക്കാലയളവിൽ സവർണ സ്ത്രീകൾ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ലത്രേ. പുരുഷന്‍റെ അനുവാദമില്ലാതെ സ്തീകൾ രാത്രിയിൽ പുറത്തു പോകുന്നതു തടയാനായി എടുത്ത തീരുമാനം ഒരു ആചാരമായി മാറിയതാവാം എന്നു തോന്നാം. കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾ മുതൽ പലരും വർണ്ണിച്ച ആചാരമായിരുന്നു ഇത്. പക്ഷെ, ഇതിൽ അത്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങൾ ഉണ്ട്. അങ്ങനെ അന്യപുരുഷന്‍റെ കൂടെ പോകാൻ മടിക്കുന്ന സ്ത്രീകളെ ബന്ധുക്കൾ തന്നെ കൊന്നുകളയുമായിരുന്നു എന്നതാണ് ഒന്ന്. മറ്റൊന്ന് ഈ ആചാരം നിർത്തലാക്കിയ യുവരാജാവായ വീരകേരളവർമയെ നായർ പടയാളികൾ തന്നെ വെട്ടികൊലപ്പെടുത്തിയതാണ്. എന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാകുക?
പുലപ്പേടി മണ്ണാപ്പേടി എന്നിവയെപ്പറ്റി ഒർണ കൃഷ്ണൻകുട്ടി വ്യത്യസ്തമായ ഒരു വീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്. അടിസ്ഥാന വര്‍ഗ്ഗമായ പുലയരില്‍ നിന്നും മറ്റു സാമുദായികജാതി സമ്പ്രദായങ്ങളിലേ ക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരേടാണിതെന്നു അദ്ദേഹം പറയുന്നു. പ്രാചീന ബാബിലോണിയായിലെ സൂര്യദേവന്‍റെ ക്ഷേത്രത്തില്‍ വച്ച് പുതുവത്സര നാളുകളില്‍ അവിവാഹിതകള്‍ക്ക് പരപുരുഷന്മാരുമായി ശരീരീകബന്ധം നടത്താമായിരുന്നു. ഇതുപോലെ തന്നെയാണ് കേരളത്തില്‍ നിലനിന്ന പുലപ്പേടിയും. ഇവിടെ പുലപ്പേടി ഓണക്കാലത്തായിരുന്നുവെന്ന് 'ഓണത്തിന്‍റെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (പേജ് 103) പറയുന്നു. ഒരു നായര്‍ തരുണിയെ ഒരു പുലയന്‍ തൊടുകയാണെങ്കില്‍ ആ വിവരം വിളിച്ചു പറഞ്ഞിട്ടവള്‍ പുലയന്‍റെ കൂടെ ഓടി പോകുന്നു. തനിക്ക് ഇഷ്ടപ്പെടുന്നവന്‍റെ കൂടെ ഓടി പോകാന്‍ പല നായര്‍ സ്ത്രീകളും ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഈ മാസം കൂടാതെ പടയണികള്‍ സന്ദര്‍ശിക്കാന്‍ ചെല്ലുന്ന നായര്‍ സ്ത്രീകളെ കഴിയുമെങ്കില്‍ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം പുലയര്‍ക്കുണ്ടായിരുന്നു. നായന്മാരും പുലയരും യോജിച്ച് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇതെന്നും, നാടുവാഴികളുടെ അംഗീകാരം ഇതിനായി കൊടുത്തിരുന്നുവത്രേ!
മഴപെയ്യാനും, നല്ല വിളവുണ്ടാകാനും ഈ ആചാരം വച്ചു പുലര്‍ത്തേണ്ടതാവശ്യമാണെന്ന വിശ്വാസവുമുണ്ടായിരുന്നു
കേരളത്തിലെ നായർ സമൂഹം അടിസ്ഥാന വർഗങ്ങളിൽ നിന്നും രൂപം കൊണ്ടതാണ് എന്നൊരു വാദം പല ചരിത്രകാരന്മാരും ഉന്നയിക്കുന്നുണ്ട്.
കര്‍ഷകരില്‍ നിന്നു ആയുധാഭ്യാസവും നേതൃത്വഗുണവുമുള്ളവരെ തെരഞ്ഞെടുത്ത് ഭരണാധികാരി സ്ഥാനങ്ങള്‍ നേടിയവരാണ് നായര്‍ എന്ന് പിന്‍കാലത്ത് അറിയപ്പെട്ടത് എന്നതാണ് ആ വാദം. അങ്ങനെയെങ്കില്‍ രണ്ടുജാതികളില്‍ ഉള്‍പ്പെട്ട് ജാതി വിലക്കുകള്‍ വന്നുകയറിയപ്പോള്‍ മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ വിളിച്ചുകൊണ്ടു പോകുന്നത്ര ലഘുവത്വമല്ലേ പുലപ്പേടിക്കും മണ്ണാപ്പേടിക്കും ഉണ്ടായിരുന്നുള്ളൂ? എ.ഡി 15 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാല്‍ പേടി സമ്പ്രദായം ദുരാചാരമായിരുന്നില്ല എന്നു തോന്നാം.
ഇതിനെ തുടര്‍ന്നു കുംഭം, മീനം മാസങ്ങളില്‍ നായര്‍ സ്ത്രീകളെ തനിച്ച് എപ്പോള്‍ കണ്ടാലും പുലയര്‍ക്ക് പിടിച്ചുകൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന ധാരണ കൂടിവന്നു. മഴപെയ്യാനും, നല്ല വിളവുണ്ടാകാനും ഈ ആചാരം വച്ചു പുലര്‍ത്തേണ്ടതാവശ്യമാണെന്ന വിശ്വാസവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ കടത്തനാട്ടിലും നിലനിന്നിരുന്നതായി വടക്കന്‍ പാട്ടുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കനകത്ത് കുങ്കിച്ചിയും പുലയരും എന്ന പാട്ടില്‍ കനകത്ത് കുങ്കിച്ചിയെ പുലയര്‍ അടയ്ക്ക കൊണ്ട് എറിയുന്നതും അതിന്‍റെ പേരില്‍ അവള്‍ ജാതിയില്‍ നിന്നും ഭ്രഷ്ടയാകുന്നതും വ്യക്തമാകുന്നുണ്ട്. അവള്‍ പുലയനോടൊപ്പം പോകാന്‍ തയ്യാറാകാതെ ഒരു മാപ്പിളയുടെ കൂടെ പോയതായിട്ടാണ് പാട്ടില്‍ പറയുന്നത്.
നിരോധനം ലംഘിച്ച് പുലപ്പേടി തുടര്‍ന്നാല്‍ പുലയരെ വധിക്കാന്‍ സഹോദരന്മാരായ ചെറിയ കേയിയുടേയും വലിയ കേയിയുടേയും നേതൃത്വത്തിലുള്ള ഒരു കൊലയാളി സംഘത്തെ കേരള വര്‍മ്മ ചുമതലപ്പെടുത്തി. ഈ പേരില്‍ പലയിടത്തും സംഘട്ടനമുണ്ടായി. കാളിപ്പേരാള്‍ എന്ന കളരിയാശാന്റെ നേതൃത്വത്തില്‍ പുലയ സംഘങ്ങള്‍ ഇവരെ കൊന്നൊടുക്കി. ത്രിസന്ധ്യാ സമയത്ത് തിരുവനന്തപുരത്തെ പുല്ലിക്കോട്ടു കൊട്ടാരത്തിന്റെ തെക്കേ മുറ്റത്ത് വച്ച് നായന്മാര്‍ സംഘം ചേര്‍ന്ന് കേരള വര്‍മ്മയെയും വെട്ടി കൊന്നു.
തുടർന്ന് പുലപ്പേടി കൊല്ലം വേണാട് മുഴുവന്‍ ബാധകമാക്കി.
(കടപ്പാട്: പദ്മനാഭപുരം പാലസ് മ്യൂസിയം ചരിത്ര രേഖകൾ,പുലപ്പേടി-ഒർണ കൃഷ്ണൻകുട്ടി,വിക്കിപ്പീഡിയ)