പ്രതീക്ഷിച്ചു, ഭൂമിയിൽ അതുപോലെ ഒരാളെങ്കിലും ഉണ്ടാകുമെന്ന്...

എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ് പ്രാണനാഥനെ രക്ഷപ്പെടുത്തി നെഞ്ചോടണക്കുന്ന നായിക, പ്രണയമെന്നാൽ അത്രമേൽ തീവ്രമാണെന്നും അവളുടെ സ്നേഹത്തേക്കാൾ വലുതായി ഭൂമിയിൽ മറ്റൊന്നുമില്ലെന്നും കാണിച്ചു തന്നു.

my beloved songs

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved songs

പാട്ടിലാക്കിയ പാട്ടാണോ പടുകുഴിയിലാക്കിയ പാട്ടാണോ എന്നറിയില്ല. ഒരുപക്ഷെ, ഓർമ്മ വെച്ച കാലത്ത് ആദ്യം കേട്ട പാട്ടായിരിക്കാം. ആദ്യകാലങ്ങളിൽ അതിന്‍റെ വിഷ്വലിനെയും ഈണത്തെയുമാണ് സ്നേഹിച്ചത്. ഒരുപാട് വളർന്ന ശേഷമാണ് അതിലെ വരികൾ മലയാളമാണെന്നു പോലും മനസ്സിലായത്... 

ചങ്ങലയിൽ ബന്ധിച്ച കൈകളുമായി 'ഓ പ്രിയേ... പ്രിയേ...' പാടുന്ന നായകൻ പ്രണയമെന്തെന്നറിയുന്നതിനു മുമ്പ് പ്രണയത്തിന്‍റെ നോവും നീറ്റലും പകർന്നു തന്ന പാട്ട്. ഉള്ളിൽ എവിടെയോ പെൺകുട്ടിയാണെന്നു തോന്നിത്തുടങ്ങിയപ്പോൾ എന്നും കേൾക്കാൻ കൊതിച്ച പാട്ട്.

ആ പാട്ടിന്‍റെ ഈണം കേൾക്കുമ്പോഴേക്കും നെഞ്ച് പിടപ്പിക്കാറുണ്ട്

മരംചുറ്റി പ്രേമമല്ല, ഗാഢമായ ആത്മസ്പർശിയായ വേദനാജനകമായ വിരഹത്തിന്‍റെയും വേർപെടുത്തലിന്‍റെയും നീറുന്ന മുറിപ്പാടായ പ്രണയമാണ് സത്യമെന്നും അനശ്വരമെന്നും സ്വയം പഠിപ്പിച്ച ഒരു പാട്ട്. വയസ്സറിയിച്ച കാലം തൊട്ട് നാഗാർജുന സ്വപ്നത്തിലെ യുവരാജാവായതിനു പിന്നിലും ഈ പാട്ടു തന്നെ. ഒന്നൂടെ വളർന്നപ്പോൾ ആഗ്രഹങ്ങൾ രാജകീയമായതും സ്വപ്നത്തിലെ രാജകുമാരനു ക്ഷത്രിയന്‍റെയോ മുഗൾ രാജാവിന്‍റെയോ പ്രതിച്ഛായ വന്നതിനും കാരണം ഈ അനശ്വര ഗാനം തന്നെ... 

കാളിദാസ നായികയും കാരാഗൃഹത്തിലടക്കപ്പോട്ട രാജകുമാരിയും, കൃഷ്ണാരാധയുമൊക്കെയായി സ്വയം സങ്കല്പിച്ച് യുവരാജാവിനെ സ്വപ്നം കണ്ടു നടന്ന കാലത്ത് വിവാഹിതയായപ്പോൾ ഉമ്മറത്തു നിക്കാഹ് ധ്വനികൾ മുഴങ്ങുമ്പോഴും, കുതിരപ്പുറത്ത് രക്തത്തിൽ മുങ്ങിയ മുഖവുമായി എത്തുന്ന രക്ഷകനായ കാമുകനെ തിരയുകയായിരുന്നു...

സ്വന്തം കുറവുകൾ മനസ്സിലാക്കാതെ ശിലാലിഘിതമായ പ്രണയ കാവ്യമെഴുതാൻ യുവരാജാവിനെ കാത്തിരുന്നത് കൊണ്ടാവാം സാധാരണ മനുഷ്യരെയൊന്നും കണ്ണിൽ പിടിക്കാതിരുന്നതും. പ്രാണൻ ത്യജിച്ചും തന്‍റെ ഇണയിലലിയാൻ വെമ്പുന്ന രണ്ട് ഹൃദയങ്ങളുടെ താളം, അത് ഇന്നും ദൂരെ നിന്നും ആ പാട്ടിന്‍റെ ഈണം കേൾക്കുമ്പോഴേക്കും നെഞ്ച് പിടപ്പിക്കാറുണ്ട്. ആർക്കു വേണ്ടിയെന്നറിയാതെ... എന്തിനു വേണ്ടിയെന്നറിയാതെ... 

എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ് പ്രാണനാഥനെ രക്ഷപ്പെടുത്തി നെഞ്ചോടണക്കുന്ന നായിക, പ്രണയമെന്നാൽ അത്രമേൽ തീവ്രമാണെന്നും അവളുടെ സ്നേഹത്തേക്കാൾ വലുതായി ഭൂമിയിൽ മറ്റൊന്നുമില്ലെന്നും കാണിച്ചു തന്നു.

അവളുടെ സ്നേഹത്തേക്കാൾ വലുതായി ഭൂമിയിൽ മറ്റൊന്നുമില്ലെന്നും കാണിച്ചു തന്നു

ഇത്രമേൽ ഒരുപുരുഷന് വേണ്ടി ത്യജിക്കാൻ സ്ത്രീക്കാവുമെങ്കിൽ അവൻ മറ്റെന്തോ ആയിരിക്കില്ലേ എന്ന ചിന്ത... കാമുകനെന്നാൽ രക്ഷകനാണെന്നു മനസ്സിലാക്കി... പിന്നീട് കാത്തിരുന്നു. എന്നെങ്കിലും ഒരു രക്ഷകൻ വരുമെന്ന്... വന്നില്ല... 

ഗീതാഞ്ജലി നായകനും നരസിംഹ മന്നാടിയാരുമൊക്കെ വെറും കഥാപാത്രങ്ങളാണെന്നറിഞ്ഞിട്ടും പ്രതീക്ഷിച്ചു, ഭൂമിയിൽ അതുപോലെ ഒരാളെങ്കിലും ഉണ്ടാകുമെന്ന്... സങ്കടങ്ങളെല്ലാം കാറ്റിൽ പറത്തി കുതിരപ്പുറത്തേറ്റി കൊണ്ട് പോകുമെന്ന്...

അന്ന് ഈ പാട്ടിന്റെ ഹമ്മിങ് പതിയെ എന്‍റെ കാതുകളെ തഴുകുമെന്ന്...

Latest Videos
Follow Us:
Download App:
  • android
  • ios