ഈ പാട്ട് ഒരു പുഴയുടെ വിലാപം കൂടിയാവുന്നത് ഇങ്ങനെയാണ്
ഇപ്പോൾ ആലുവ പുഴയെ എല്ലാവര്‍ക്കും പേടിയാണ്. മനുഷ്യർ അവളെ വിരൂപയാക്കി. ആയിരം പാദസരങ്ങൾ കിലുങ്ങി സുന്ദരിയായി ഒഴുകിക്കൊണ്ടിരുന്ന അവൾ ഇപ്പോൾ കുണ്ടും കുഴിയും അഴുക്കുകളും നിറഞ്ഞു പീഡനത്തിന് ഇരയായി കലങ്ങിമറിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
അടുക്കളയിലെ ജോലിക്കിടയിൽ അവന്‍റെ പാട്ടുകേട്ടുകൊണ്ടാണ് എന്‍റെ ഒരു ദിവസം തുടങ്ങിയിരുന്നത് . ഫ്രിഡ്ജിന്‍റെ മുകളിരുന്ന് പല പാട്ടുകളും അവൻ പാടും. അതിൽ ഓർമ്മയിൽ മായാതെ നിൽക്കുന്ന പാട്ടുകളും കാണും.
ജോലിത്തിരക്കിനിടയിൽ അടുക്കളയിലെ കൂട്ടുകാരനായി മാറിയ റേഡിയോ. ഇഷ്ടഗാനങ്ങൾ കേൾക്കുവാൻ വേണ്ടി റേഡിയോ നിലയത്തിലേക്ക് പലപ്പോഴും കത്തുകൾ അയക്കാറുണ്ടായിരുന്നു. ആ പാട്ടുകൾ റേഡിയോയിലൂടെ കേൾക്കുമ്പോൾ പഴയ ഓർമ്മകളിലൂടെ യാത്ര നടത്തിയിരുന്നു.
മരണം മാടി വിളിക്കുന്ന കുഴികളും മനുഷ്യർ അവളിൽ സ്യഷ്ടിച്ചു
എന്‍റെ കുട്ടിക്കാലം ആലുവയിൽ ആയിരുന്നു. ഒരുപാടു സിനിമകളുടെ ലൊക്കേഷൻ ആയി മാറിയ ആലുവ പുഴ പണ്ട് സുന്ദരിയായിരുന്നു. കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ഒരുപാട് നീന്തികുളിച്ചിട്ടുണ്ട്. പുഴയിലെ തെളിമയാർന്ന വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് കൂട്ടുകാരുടെ കാലിൽ പിടിച്ചു വലിച്ചുള്ള ആ കുളിയും മണ്ണുവാരിയെറിഞ്ഞു കളിച്ചതും ഒരിക്കലും മറക്കുവാനേ പറ്റില്ല. അന്ന്, പുഴയിലൂടെ വഞ്ചികൾ ഒരുപാടു പോകുമായിരുന്നു. അതിന്‍റെ അടിയിലൂടെ ഊളിയിട്ടു നീന്തിയതും അച്ഛൻ അറിഞ്ഞു വഴക്കിട്ടതും എല്ലാം ഈ പാട്ടു കേൾക്കുമ്പോൾ ഓർമ്മയിൽ ഓടിയെത്തും.
എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു ആലുവ പുഴയും അതിന്‍റെ തീരവും. അവളെപ്പറ്റിയുള്ള ഒരുപാട് ഗാനങ്ങളും പലരും എഴുതിയിട്ടുണ്ട്. പുഴയോരത്തുള്ള ഗസ്റ്റ് ഹൗസിൽ (പഴയ കൊട്ടാരം) പുഴക്ക് അഭിമുഖമായിട്ടുള്ള മുറിയിലിരുന്ന് വയലാർ രാമവർമ്മയുടെ തൂലികയിൽ നിന്ന് ഒരുപാട് ഗാനങ്ങൾ ഒഴുകിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിനുതന്നെ അവിടെ ഒരു മുറി പ്രത്യേകം അന്ന് ഉണ്ടായിരുന്നു. ഇപ്പോഴും എല്ലാവരും ഒരിക്കൽ കൂടി കേൾക്കണമെന്ന് ആഗ്രഹിക്കുന്ന പല ഗാനങ്ങളും വയലാർ രാമവർമ്മയിലൂടെ ജനിച്ചത് ഈ പുഴയോരത്തുവച്ചാണ്.
ഇപ്പോൾ ആലുവ പുഴയെ എല്ലാവര്‍ക്കും പേടിയാണ്. മനുഷ്യർ അവളെ വിരൂപയാക്കി. ആയിരം പാദസരങ്ങൾ കിലുങ്ങി സുന്ദരിയായി ഒഴുകിക്കൊണ്ടിരുന്ന അവൾ ഇപ്പോൾ കുണ്ടും കുഴിയും അഴുക്കുകളും നിറഞ്ഞു പീഡനത്തിന് ഇരയായി കലങ്ങിമറിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. മരണം മാടി വിളിക്കുന്ന കുഴികളും മനുഷ്യർ അവളിൽ സ്യഷ്ടിച്ചു. വിശാലമായ പുഴയുടെ നടുക്ക് ഒരു പാലവും കൂടി വന്നപ്പോൾ അവളുടെ സൗന്ദര്യം എങ്ങോ പോയി മറഞ്ഞു.
കുട്ടിക്കാലവും ആലുവ പുഴയും ഇപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മയിൽ എത്തും
എന്നാലും ആലുവ പുഴയും സുന്ദരമായ ആ ഗാനവും ഇപ്പോഴും മായാതെ നിൽക്കുന്നു. ഇനി എന്നെങ്കിലും അവൾക്ക് പഴയ രൂപം കിട്ടുമോ? ആയിരം പാദസരം കിലുങ്ങി ഇനിയും അവൾക്ക് ഒഴുകുവാൻ പറ്റുമോ. നമുക്ക് കാത്തിരിക്കാം.
അച്ഛന്‍റെ ഓര്‍മകളും കുട്ടിക്കാലവും ആലുവ പുഴയും ഇപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മയിൽ എത്തും. ആ കുട്ടിക്കാലം ഒരിക്കൽകൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകും.
"ആയിരം പാദസ്വരങ്ങൾ കിലുങ്ങി ആലുവ പുഴ പിന്നെയും ഒഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകി..."
1969 -ൽ വയലാർ രാമവർമ്മ ഗാനം രചിച്ച് ജി. ദേവരാജൻ മാഷ് സംഗീതം നൽകി കെ.ജെ യേശുദാസ് നദി എന്ന സിനിമക്ക് വേണ്ടി പാടിയ ഈ മനോരഹര ഗാനം ഒരിക്കലും മറക്കില്ല.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം