പ്രണയത്തിനും മരണത്തിനുമിടയില്‍, ഒരു പാട്ടിന്റെ നൂല്‍പ്പാലങ്ങളില്‍...

അവള്‍ അയച്ചു തന്ന പാട്ടുകള്‍ മാത്രമാണ് എനിക്ക് അയാള്‍. ഇടക്കിടക്ക് കനത്ത വിഷാദത്തില്‍ അയാള്‍ ഈ പാട്ട് പാടുമ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ എന്റെ നഗരച്ഛായകള്‍ വീണ്ടും കേള്‍ക്കുമായിരുന്നു. അയാളുടെ കനത്ത ശബ്ദം കൊണ്ട് എന്റെ ഫോണ്‍ മെമ്മറി നിറഞ്ഞിരുന്നു. 

My beloved song by Aparna Prasanthi

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

My beloved song by Aparna Prasanthi

പാട്ടെപ്പോഴും പ്രണയം പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ ആദ്യ കാലം പോലെ സന്തോഷിപ്പിക്കുമത്. ചിലപ്പോഴത് നൈരന്തര്യം കൊണ്ട് കഠിന വിഷാദവും നിരാശയും ദേഷ്യവും പകയും പടര്‍ത്തും.

ഓര്‍മയിലെ പാട്ടുകള്‍ കുഞ്ഞു റേഡിയോയും പിടിച്ച ആകാശവാണി കേട്ടിരുന്ന പെണ്‍കുട്ടിയുടെ അവ്യക്തമായ ചിത്രമാണ്. മറ്റെന്തും അറിയും മുന്നേ അവള്‍ക്ക് ബാബുരാജിന്റെ ഈണങ്ങള്‍ കേട്ടാല്‍ അറിയാമായിരുന്നു. യേശുദാസിന്റെയും ജയചന്ദ്രനേയും ചിത്രയെയും സുജാതയേയും നിമിഷ വേഗത്തില്‍ ശബ്ദം കൊണ്ട്  തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

'കണ്ണാടിയില്ലാഞ്ഞോ 
കളിയാട്ടം കൂടിട്ടൊ 
പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ 
പാറിയല്ലോ സിന്ദൂരം'

എന്നൊക്കെ അവള്‍ക്കും തലമുറകള്‍ മുന്നേ ഉള്ള പാട്ടവള്‍ അര്‍ത്ഥമറിയാതെ പാടിയിരുന്നു. പാട്ടു കേള്‍ക്കാനായി ഗാനമേള വേദികളില്‍ കണ്ണും വിടര്‍ത്തി മണിക്കൂറുകള്‍ കാത്തിരുന്ന, ആ ഗാനമേള പാട്ടുകാരെ ഒരു ദശാബ്ദത്തിനപ്പുറവും വ്യക്തമായി കേള്‍ക്കുന്ന ഒരാളായാണ് സ്വാഭാവികമായും അവള്‍ വളര്‍ന്നത്. 
ഒരു വരി, ഒരീണം ഇതൊക്കെ അനന്തമായി കൂടെ നില്‍ക്കാന്‍ കുറെ കാരണങ്ങള്‍ ഉണ്ടാവും. പണ്ട് സ്‌കൂള്‍ ക്ലാസ്സില്‍ അന്താക്ഷരി കളിച്ചപ്പോള്‍ 'ഋതുഭേദ കല്പന' എന്ന് പാടി മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങള്‍ക്കും സ്വന്തമായി പാട്ടുകള്‍ ഉണ്ടെന്നു കണ്ടു പിടിച്ച അഹങ്കാരം മുതല്‍ ആ പാട്ടു കൂടെ ഉണ്ട്. 

പ്രിയപ്പെട്ട പാട്ടുകള്‍  ഓരോരോ കാലങ്ങളില്‍ ഓരോ യാത്രകളില്‍, ആള്‍ക്കാരില്‍, ഇടങ്ങളില്‍ അനന്തമായി പരന്നു കിടക്കുന്നു

മുഹമ്മദ് റഫിയെക്കാള്‍ ഞങ്ങളുടെ നാട്ടില്‍ ഗാനമേളകള്‍ക്ക് സ്ഥിരമായി പാടിയിരുന്ന ഹര്‍ഷന്റെ ശബ്ദത്തില്‍ റഫി പാട്ടുകള്‍ കൂടെയുണ്ട്. 'രാജീവ നയനെ'  മുതല്‍ 'പൂമുത്തോളെ'  വരെ പ്രണയതാരാട്ടുകള്‍ പ്രിയപ്പെട്ട എന്തോ ആയി കൂടെ കൂട്ടിയിട്ടുണ്ട്.  'ദേവദാരു വന ദേവതക്കു മണിമോതിരങ്ങള്‍ പണിയും' എന്നോര്‍ക്കുമ്പോള്‍ സ്‌കൂളില്‍ നിറഞ്ഞു നൃത്തം ചെയ്ത, എങ്ങോട്ടോ പറന്നു പോയ മുഖങ്ങള്‍ ഓര്‍മ  വരും. ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍  ഇവിടെ ഓരോരോ കാലങ്ങളില്‍ ഓരോ യാത്രകളില്‍, ആള്‍ക്കാരില്‍, ഇടങ്ങളില്‍ അനന്തമായി പരന്നു കിടക്കുന്നു. 

ജൂണിലെ കനത്ത മഴയില്‍ വീട്ടിലെ റേഡിയോ മുറിഞ്ഞു മുറിഞ്ഞു പാടിയപ്പോഴാണ് 'പാടാനോര്‍ത്തൊരു മധുരിത ഗാനം' എന്ന് കേട്ടത്. മഴയും അവ്യക്തതയും കടുത്ത വിഷാദവും ഒക്കെ അന്നത്തെ ചെറിയ പെണ്‍കുട്ടിയെ ആ മുറിയില്‍ നിന്നോടിച്ചു. കോഴിക്കോട് ആകാശവാണി ഇടയ്ക്കിടക്ക് ആ പാട്ട് പാടി അവളെ വിഷാദത്തിലാക്കി. 

ഒരു അസുഖ കാലത്ത് മെലിഞ്ഞ ഞെരമ്പില്‍ സൂചി തുളഞ്ഞു കയറുമ്പോള്‍ ആണ് ആ പാട്ട് യാദൃശ്ചികമായി വീണ്ടും കേള്‍ക്കുന്നത്. ഒറ്റപ്പെടലും ജീവിതത്തിലെ ക്രൂരമായ അനിവാര്യത ആണെന്നോര്‍മിപ്പിച്ചു, ആശുപത്രി മണത്തില്‍ ആ പാട്ട്. ഒറ്റയ്ക്ക് നടക്കാന്‍ പഠിപ്പിച്ച, ശീലിപ്പിച്ച നഗരമാണ് കോഴിക്കോട്. ഒറ്റയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നടന്നതും ഒറ്റക്ക് ഭക്ഷണം കഴിച്ചതും ഒറ്റക്ക് താമസിച്ചതും ഉടുപ്പ് വാങ്ങിയതും സിനിമ കണ്ടതും ഒക്കെ അവിടെ വെച്ചാണ്. 

കോഴിക്കോട് ആകാശവാണി ഇടയ്ക്കിടക്ക് ആ പാട്ട് പാടി അവളെ വിഷാദത്തിലാക്കി. 

അങ്ങനെ ഒറ്റയ്ക്കുള്ള ഒരു നടത്തിലാണ് മിട്ടായി തെരുവില്‍ വച്ച് ആ പാട്ട് വീണ്ടും കേള്‍ക്കുന്നത്. ഏതോ ഒരു മ്യൂസിക് ഷോപ്പില്‍ ഗ്രാമഫോണ്‍ റെകോര്‍ഡറില്‍. അ ങ്ങോട്ടും ഇങ്ങോട്ടും നടന്ന ആള്‍ക്കൂട്ടം ഒരു നിമിഷം നിശ്ശബ്ദമായി വീണ്ടും തിരക്കുകളിലേക്ക് നടന്നു നീങ്ങി. പിന്നീടെപ്പോഴും അറിയാതെ ആ പാട്ടു വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരുന്നു. പലപ്പോഴും സ്വയം അറിയാതെ തിരഞ്ഞെടുത്ത്, അല്ലെങ്കില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന്,  പ്രതീക്ഷിക്കാത്ത സമയങ്ങളില്‍. നഗരത്തിലൂടെ നടക്കുമ്പോള്‍ ഇടക്കിടക്ക് കേട്ട് കേട്ട് ആ പാട്ടിനു കോഴിക്കോടിന്റെ ഈണമാണെന്നു തോന്നി. ഓരോ ആളുകള്‍ക്കും എന്ന പോലെ ഓരോ നഗരത്തിനും നാടിനും ഓരോ പാട്ടുകള്‍.

കേട്ട് മാത്രം അറിഞ്ഞ ശബ്ദത്തോട്, അതിലെ ഏറ്റവും ആഴവും പരപ്പുമുള്ള സത്യസന്ധമായ വിഷാദത്തോട് ഒക്കെ വല്ലാത്ത ഒരടുപ്പം തോന്നിയത് ഈ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ട് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ശബ്ദത്തില്‍ അല്ലാതെ ആലോചിക്കാനേ പറ്റാതിരുന്ന സമയത്താണ് വളരെ അടുപ്പമുള്ള ഒരുവള്‍ അവളുടെ പ്രണയിയുടേ ശബ്ദത്തില്‍ ഈ പാട്ട് അയച്ചു തന്നത്. 

അവള്‍ അയച്ചു തന്ന പാട്ടുകള്‍ മാത്രമാണ് എനിക്ക് അയാള്‍. ഇടക്കിടക്ക് കനത്ത വിഷാദത്തില്‍ അയാള്‍ ഈ പാട്ട് പാടുമ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ എന്റെ നഗരച്ഛായകള്‍ വീണ്ടും കേള്‍ക്കുമായിരുന്നു. അയാളുടെ കനത്ത ശബ്ദം കൊണ്ട് എന്റെ ഫോണ്‍ മെമ്മറി നിറഞ്ഞിരുന്നു. 

ഇടയ്‌ക്കെപ്പോഴോ കടുത്ത തലവേദനയുമായി അയാള്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആണെന്നറിഞ്ഞു. അന്നതിനടുത്തു ജോലി ചെയ്തിരുന്ന ഞാന്‍ അവിടെയെത്തി. പിന്നീടൊരിക്കല്‍ കോഴിക്കോട് കടല്‍ തീര്‍ത്തിരുന്നു അയാള്‍ ഞങ്ങളുടെ കൂട്ടത്തിന് ഈ പാട്ടു പാടിത്തന്നു. അന്ന് സന്ധ്യയ്ക്കാണ് അയാള്‍ക്ക് കാന്‍സര്‍ ആണെന്നറിഞ്ഞതും പിന്നീട് വളരെ പെട്ടന്ന് അയാള്‍ മരിച്ചു പോയതും. 

രണ്ടു തവണ മാത്രം കണ്ടു പരിചയമുള്ള ഒരാളുടെ മരണം ഞാന്‍ അത്ര ആഴത്തിലൊന്നുമല്ല കേട്ടത്. പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കരച്ചിലപ്പുറം മറ്റൊന്നും ആകില്ലെന്ന് കരുതിയ ആ മരണം പക്ഷെ അയാളുടെ ശബ്ദത്തിലൂടെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഒറ്റയ്ക്ക് തിരിച്ചു നടന്നപ്പോള്‍ അയാളുടെ കനത്ത ശബ്ദത്തില്‍, ഉള്ളിലാകെ മുഴങ്ങി.

അവള്‍ അയച്ചു തന്ന പാട്ടുകള്‍ മാത്രമാണ് എനിക്ക് അയാള്‍.

'പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ
കയ്യിലെ വീണ മുറുക്കിയൊരുക്കി 
കാലം പോയല്ലോ
വെറുതെ.. കാലം പോയല്ലോ'

ഞാന്‍ കേട്ട് കൊണ്ടേ ഇരുന്നു. ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞപ്പോഴും ഒരു കടല്‍ക്കരയില്‍ ഞാന്‍ ആ പാട്ടു കേട്ട് കൊണ്ടേ ഇരുന്നു. ഒരിക്കലും ഒരു സിനിമയിലും കാണാത്ത ഈ പാട്ടിന്, കണ്ണടച്ച് കടല്‍ക്കരയില്‍ ഇരുന്ന് ലോകത്തിലെ സകല വിഷാദവും ഒന്നിച്ചു പേറി പാടുന്ന ആ ചെറുപ്പക്കാരന്റെ മുഖമായിരുന്നു, എന്റെ ഉള്ളില്‍. തിരമാലകളുടെയും മണലില്‍ ആഴത്തില്‍ പതിയുന്ന കാലടികളുടെയും പശ്ചാത്തല സംഗീതമായിരുന്നു. കേള്‍ക്കുമ്പോഴെല്ലാം അസ്വസ്ഥമായിരിക്കുന്ന ഈ പാട്ടില്‍ നിന്ന് ഓടി പോകാന്‍ തുടങ്ങി. നേരത്തെ പറഞ്ഞ പോലെ പാട്ടും പ്രണയവും തമ്മിലുള്ള മറ്റൊരു സാമ്യം പഠിച്ചത് അവിടെ വച്ചായിരുന്നു. ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്രയും ആഴത്തില്‍ അതു നമ്മളിലേക്ക് കനത്ത ഭാരങ്ങള്‍ വലിച്ചിടും. 

കോഴിക്കോട് നഗരം മാറി, അയാളുടെ പ്രിയപ്പെട്ടവര്‍  ആ ഓര്‍മകളില്‍ നിന്നു മുക്തയാവാന്‍ ഉള്ള ശ്രമത്തില്‍ വിജയിച്ചു. 

ഏതൊക്കെയോ 'അസന്ദര്‍ഭങ്ങളില്‍' ഈ പാട്ടു എവിടെ നിന്നോ കേള്‍ക്കും, മുറിഞ്ഞു മുറിഞ്ഞു വേദനിക്കും

കാലം ആ പാട്ടിനോടുള്ള ഭീതി കലര്‍ന്ന പ്രണയത്തെ മാത്രം കുറയ്ക്കാതെ മുന്നോട്ടു ശരവേഗത്തില്‍ നീങ്ങുന്നു. പക്ഷെ ഇപ്പോഴും തോന്നാറുണ്ട് ഏറ്റവും വലിയ തിരക്കിലും അനാഥമാക്കപ്പെട്ട നഗരം കൂടിയാണ് കോഴിക്കോട്. പല വന്‍കിട കെട്ടിടങ്ങള്‍ക്കും തൊട്ടടുത്ത് ഉണ്ടാവും പാതിയില്‍ ഗൃഹാതുരതകള്‍. നഗരത്തിരക്കില്‍, ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍, ആരും ശ്രദ്ധിക്കാതെ മങ്ങിപ്പോയ കാഴ്ചകളായി പഴയകാല കെട്ടിടങ്ങള്‍ നിലം പൊത്താതെ നില്‍ക്കുന്നുണ്ടാവും. ബീച്ച് അതിന്റെ ഓരത്തെ പൊട്ടിയ കടല്‍പ്പാലം കൊണ്ട് ഭൂതകാലത്തെ ബന്ധിപ്പിക്കുന്ന ഒറ്റ കണ്ണിയാവും. പഴയ വാച്ച് നന്നാക്കുന്ന കട രണ്ടാം ഗേറ്റിനിപ്പുറമുണ്ടാവും. 

ഭാസ്‌കരേട്ടന്റെ കടയില്‍ ഇപ്പോഴും പഴയ റേഡിയോ പാടുന്നുണ്ട്. ഒരു നഗരമായി ഏതോ ഭാവിയിലേക്ക് മുഖം നോക്കുമ്പോഴും കയറ്റിറക്കങ്ങള്‍ ഉള്ള കല്ലുവഴി നഗരമധ്യേ വെട്ടി മാറ്റാതെ അവശേഷിച്ചിട്ടുണ്ടാവും. അത് പോലെയാണ് ഈ പാട്ടും. ഏറ്റവും തിരക്കിട്ട ഉത്സവ കാലത്തേക്ക് ഒരു ജനക്കൂട്ടത്തിനൊപ്പം ഒഴുക്കി നടക്കുമ്പോള്‍, കടല്‍ത്തീരത്ത്   ഒറ്റക്കിരിക്കുമ്പോള്‍, നിറം ഏറ്റവും കൂടിയ ഉടുപ്പുകള്‍ കണ്ടു കൗതുകപ്പെടുമ്പോള്‍, പ്രിയപ്പെട്ടൊരാളെ കാണാന്‍ പ്രണയ തുടക്കത്തിലെപ്പോഴോ ലോകത്തെ മുഴുവന്‍ കൗതുകത്തോടെ നോക്കി യാത്ര ചെയ്യുമ്പോള്‍. അങ്ങനെ ഏതൊക്കെയോ 'അസന്ദര്‍ഭങ്ങളില്‍' ഈ പാട്ടു എവിടെ നിന്നോ കേള്‍ക്കും, മുറിഞ്ഞു മുറിഞ്ഞു വേദനിക്കും. ആദ്യം കോഴിക്കോട് അബ്ദുല്‍ ഖാദറും പിന്നെ കടല്‍ത്തീരത്തെ ചെറുപ്പക്കാരനും പാട്ടാവും. ഒരു നഗരത്തിന്റെ, ഒരു മരണത്തിന്റെ സിരകളിലൂടെ ഈ പാട്ടിന്റെ വരികളും ഈണവും ഇളം ചൂടുള്ള രക്തമായി ഒഴുകും. 

'ശരിയായില്ല 
രാഗം 
ശരിയായില്ല  താളം
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ
പരവശമാണെന്‍ നാദം'

എന്ന് പാടി നമ്മളെയും കരയിച്ച് ആ പാട്ട് കടല്‍ പോലെ പരക്കും. കാലം ഒരു നിമിഷം ഫ്രീസ് ചെയ്യപ്പെടും. പിന്നെയും മനഃപൂര്‍വം മറവിയിലേക്ക് മറഞ്ഞ്, ഒടുവില്‍ തോല്‍വി സമ്മതിച്ച്, ഏറെക്കാലം കൂടെക്കഴിയുന്ന നായ്ക്കുട്ടിയെപ്പോലെ നിസ്സഹായമായി കൂടെ നടക്കും. 

പ്രിയപ്പെട്ട പാട്ടുകള്‍ ഏറ്റവും ആഴത്തില്‍ സന്തോഷിപ്പിച്ച, കരയിപ്പിച്ച, നിരാശയാക്കിയ അനന്തകോടി ഓര്‍മ്മകള്‍ ഉണ്ട്. പഴയ റേഡിയോ പാട്ടു മുതല്‍ ഇന്നലെ തീയറ്ററില്‍ മുഴങ്ങിയ ഈണം വരെ കൂടെ കൂടിയ അനുഭവങ്ങള്‍ക്ക് മാത്രം തുടക്കവും  ഒടുക്കവുമില്ല. പാട്ട് അല്ലെങ്കിലും പ്രിയപ്പെട്ടവര്‍ തന്ന കൊണ്ട് പോയ ഓര്‍മ്മകള്‍ കൂടിയാണല്ലോ. പക്ഷെ ഈ പാട്ടോളം വിളിക്കാതെ കൂടെ വന്നു നില്‍ക്കുന്ന പാട്ടുകള്‍ ഇല്ല. ഉണ്ടാവുകയുമില്ല. ഉണ്ടാവണം എന്നുമില്ല.

 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios