ഈ കഥകള്‍ കേട്ടാല്‍ ആരും പറഞ്ഞ് പോകും; ഇയാള്‍ മരിച്ചാല്‍ മതി.!

ലോകത്തിലെങ്ങും ഓടിനടന്ന് പ്രഭാഷണങ്ങൾ നടത്തി, യുവാക്കളുടെ മനസ്സുകളിൽ വിഷം കലക്കി, അവരെ സ്വന്തം രാഷ്ട്രങ്ങൾക്കെതിരെ വിഘടനപ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ച, , നിരവധിപേരുടെ ജീവനെടുത്ത ഒത്തിരി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ, ഈ 'ആഗോള ഭീകരവാദി'യുടെ സ്വാഭാവികമായ മരണം പോലും ഭീകരവാദത്തിനെതിരെ പോരാടുന്ന നമ്മുടെ സേനയ്ക്കും, സമാധാനം മാത്രം ഇച്ഛിക്കുന്ന ഇന്ത്യൻ ജനതയ്ക്കും ശുഭകരമായ ഒരു വാർത്തയാകും 

Masood Azhar, the merchant of terror from Pakistan, dead..?

"ബ്രിട്ടനിലേക്ക് ജിഹാദ് ഇറക്കുമതി ചെയ്ത മഹാൻ.." - ബിബിസി 2016  മസൂദ് അസറിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത് മസൂദ് അസറിന്റെ മരണവാർത്തകളാണ്. സ്ഥിരീകരണം പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി അസറിന്റെ  ലിവർ കാൻസറിന്റെയും വൃക്ക തകരാറുകളുടെയും  വാർത്തകൾ നിറഞ്ഞു നിന്നിരുന്നു. അതിനു  പിന്നാലെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ  ഇങ്ങനെയൊരു മരണവർത്തമാനം വന്നു നിറയുന്നത്.  ആരാണീ മസൂദ് അസർ..? 

1968 ജൂലൈ 10ന്  പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മസൂദ് അസർ ജനിച്ചത്.  അവിടത്തെ ഒരു ഗവണ്മെന്റ് സ്‌കൂളിൽ ഹെഡ് മാഷും ഒപ്പം മതപണ്ഡിതനുമായിരുന്നു അസറിന്റെ അച്ഛൻ. എട്ടാം ക്ലാസ്സിൽ വെച്ചേ മസൂദ് അസർ ഔപചാരിക വിദ്യാഭ്യാസം നിർത്തി. പിന്നീട് മതപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജാമിയ ഉലൂം ഇസ്‌ലാമിക് സ്‌കൂളിൽ നിന്നും ആലിം ( മതപണ്ഡിതൻ) ആയി. അസർ മതപഠനം നടത്തിയ മദ്രസ്സയ്ക്ക് ഹർക്കത്തുൽ അൻസാർ എന്ന തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവർ അസറിനെ ജിഹാദ് ട്രെയ്‌നിങ്ങിന് റിക്രൂട്ട് ചെയ്തു. വളരെ കഠിനമായ ഒരു കോഴ്സായിരുന്നു അത്.  അവസാന  ഘട്ടം കടന്നു കൂടാൻ അസറിന് കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും അഫ്‌ഗാനിസ്ഥാനിൽ റഷ്യയുമായുള്ള പോരാട്ടങ്ങൾ ശക്തിപ്രാപിച്ചിരുന്നതിനാൽ അസർ അങ്ങോട്ടേക്ക്  നിയോഗിക്കപ്പെട്ടു. അവിടെവെച്ച് ഗുരുതരമായ പരിക്കേൽക്കുന്നതോടെ അസർ തന്റെ മുൻനിരപ്പോരാട്ടങ്ങൾ മതിയാക്കി. ഇനി കായികമായ അഭ്യാസങ്ങൾ വേണ്ട, ബൗദ്ധികമായ പ്രചോദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം എന്ന് അതോടെ അസർ  തീരുമാനിക്കുന്നു. 

Masood Azhar, the merchant of terror from Pakistan, dead..?

പരിക്കുകളിൽ നിന്നും മോചിതനായതോടെ അസറിനെ ഹർക്കത്തുൽ അൻസാറിന്റെ ബൗദ്ധിക കേന്ദ്രമായ, 'ഡിപ്പാർട്ടുമെന്റ് ഓഫ് മോട്ടിവേഷനി'ലേക്ക്  നിയമിക്കുന്നു.  അറബിയിലും ഉർദുവിലും നല്ല ഗ്രാഹ്യമുണ്ടായിരുന്ന അസർ ഹർക്കത്തുൽ സ്വാധീനമുള്ള ഉർദു മാസിക  സാദ്-എ-മുജാഹിദ്ദീൻ, അറബിക് മാസിക സാവ് തെ കശ്മീർ എന്നിവയുടെ പത്രാധിപരുമായിരുന്നു. അധികം താമസിയാതെ മസൂദ് ഹർക്കത്തുൽ അൻസാറിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെമ്പാടും ചെന്ന് മസൂദ് അസർ  പ്രഭാഷണങ്ങൾ നടത്തി. അസംതൃപ്തരായ മുസ്ലിം യുവാക്കളുടെ മനസ്സുകളിൽ തീവ്രവാദത്തിന്റെയും പാൻ ഇസ്ളാമിസത്തിന്റെയും വിത്തുകൾ വിതയ്ക്കാനും അവരെ ഹർക്കത്തിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു ആ സന്ദർശനങ്ങളുടെ ലക്‌ഷ്യം. സൊമാലിയയിൽ ചെന്ന് അവിടത്തെ അൽ ക്വായ്ദാ സ്വാധീനമുള്ള അൽ ഇത്തിഹാദ് അൽ ഇസ്‌ലാമിയ എന്ന സംഘടനയ്ക്ക് വേണ്ട ആളും മൂലധനവും ആദർശങ്ങളും ഒക്കെ കൊടുത്ത് അതിനെ വളർത്തിയെടുത്തത് മസൂദ് അസർ ആയിരുന്നു. 

1993 -ലാണ് അസർ ആദ്യമായി ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. 'പ്രഭാഷണം - ഫണ്ട് ശേഖരണം - ആളെ എടുക്കൽ' ഇതായിരുന്നു ഇവിടെയും അജണ്ട. അന്നുവരെ ബ്രിട്ടനിൽ സമാധാനപരമായി ഇസ്‌ലാം മതം പ്രചരിപ്പിക്കുകയും അനുചരിക്കുകയും ചെയ്തിരുന്ന ദാറുൽ ഉലൂം ബറി സെമിനാരി, സക്കറിയാ മോസ്‌ക്, മദിനാ മസ്ജിദ്,  ജാമിയാ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം പലവട്ടം ചെന്ന് പ്രഭാഷണങ്ങൾ നടത്തി അവിടെ വന്നുപോയ്ക്കൊണ്ടിരുന്ന യുവാക്കളുടെ മനസ്സുകളിൽ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും വിത്തുകൾ വിതച്ചു. അസർ അക്കാലത്ത് നടത്തിയ പ്രസംഗങ്ങളാണ് പിൽക്കാലത്ത് ബ്രിട്ടനിൽ നടന്ന പല തീവ്രവാദാക്രമണങ്ങളുടെയും തുടക്കം. 

അങ്ങനെ മസൂദ് അസർ തന്റെ ശ്രദ്ധ ബ്രിട്ടനിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന തൊണ്ണൂറുകളിലാണ് ഇന്ത്യയിൽ ബാബരി മസ്ജിദ് തകർക്കപെടുന്നതും, അതേത്തുടർന്നുണ്ടായ പല ലഹളകളിലായി നിരവധി മുസ്‌ലിങ്ങൾ ഇരയാക്കപ്പെടുന്നതും. അതോടെ മസൂദ് അസർ തന്റെ കർമ്മമണ്ഡലം ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചു. 1994  ഫെബ്രുവരിയിലാണ് മസൂദ് അസർ ഒരു കള്ളപ്പേരിൽ പോർച്ചുഗീസ് പാസ്‌പോർട്ടും കൊണ്ട് കാശ്മീരിലെത്തുന്നത്. സജ്ജാദ് അഫ്‌ഗാനി എന്ന മറ്റൊരു ഭീകരവാദിയുടെ ഒപ്പം ഓട്ടോറിക്ഷയിൽ കേറി പോവുന്നതിനിടെ ഒരു ആർമി ചെക്ക് പോയന്റിൽ വെച്ചാണ് അവരെ ആദ്യമായി ഇന്ത്യൻ പട്ടാളം തടുക്കുന്നത്. പട്ടാളക്കാരെ കണ്ടപ്പോൾ തന്നെ പേടിച്ച് ഇറങ്ങിയോടി രണ്ടുപേരും. പട്ടാളക്കാർ രണ്ടുപേരെയും ഓടിച്ചിട്ടു പിടിച്ചു. പിടിച്ച ഉടൻ കിട്ടിയ, കരണം പുകയുന്ന ആദ്യത്തെ ഒരടിയിൽ തന്നെ ആ ജവാനുമുന്നിൽ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു അന്ന് അസർ. 

Masood Azhar, the merchant of terror from Pakistan, dead..?

അസർ തടങ്കലിലായതോടെ ഹർക്കത്തുൽ അൻസാറിന്റെ റിക്രൂട്ട്മെന്റുകൾ ഒക്കെ നിലച്ചു. അങ്കലാപ്പിലായ അവർ മസൂദിനെ എങ്ങനെയും രക്ഷപ്പെടുത്താൻ വേണ്ടി ഒന്നിനുപിന്നാലെ പല പരിശ്രമങ്ങളും നടത്തി. അകത്തായി പത്തുമാസത്തിനകം ആദ്യ ശ്രമം.  ദില്ലിയിൽ നിന്നും ചില  വിദേശ ടൂറിസ്റ്റുകളെ  തട്ടിക്കൊണ്ടു  പോയ്ക്കൊണ്ടായിരുന്നു. പാളിപ്പോയ ആ ശ്രമത്തിലാണ്  ഒമർ ഷേക്ക് എന്ന തീവ്രവാദി അകത്താവുന്നത്. മസൂദ് അസറിനൊപ്പം 1999ൽ കാണ്ഡഹാറിൽ വിട്ടയക്കപ്പെട്ട, പിന്നീട് ഡാനിയൽ പേളിനെ കഴുത്തറുത്തു കൊന്ന അതേ ഒമർ ഷേക്ക് തന്നെ. അധികം താമസിയാതെ  അടുത്ത ശ്രമം. 1995 ജൂലൈയിൽ ഹർക്കത്തുൽ അൻസാറിന്റെ ഒരു പ്രാദേശിക പതിപ്പായിരുന്ന അൽ ഫറാൻ എന്ന തീവ്രവാദി ഗ്രൂപ്പ് അഞ്ചു വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം  പകരം ഒമർ ഷേക്കിനെയും മസൂദ് അസറിനെയും വിട്ടയക്കണം അന്നവർ ആവശ്യപ്പെട്ടു. അതും വിജയം കണ്ടില്ല. എങ്ങനെയും അസറിനെ മോചിപ്പിക്കാൻ അവർ വീണ്ടും ശ്രമിച്ചു. അസറിനെ പാർപ്പിച്ച കോട്ട് ബിലാവൽ ജയിലിലേക്ക് ഒരു തുരങ്കമുണ്ടാക്കി അതിലൂടെ  അസറിനെ പുറത്തുചാടിക്കാൻ വരെ അന്ന് ശ്രമങ്ങൾ  നടന്നു. അസറിന്റെ 'അധികം മേലനങ്ങാൻ വയ്യാത്ത' ശരീര പ്രകൃതം കൊണ്ട് അന്ന് തുരങ്കത്തിലൂടെ ഇഴഞ്ഞു രക്ഷപ്പെടലൊന്നും നടന്നില്ല.   

ഇങ്ങനെ പലവിധം പരിശ്രമങ്ങൾ നടത്തി പരാജയപ്പെട്ട് ഒടുവിൽ 1999-ൽ അവർ എയർ ഇന്ത്യയുടെ  IC 814 വിമാനം തട്ടിക്കൊണ്ടുപോയി. വിമാനം കാണ്ഡഹാറിൽ കൊണ്ടു ചെന്നിറക്കി, 155 യാത്രക്കാരെ ബന്ദികളാക്കി. അന്ന് അവരുടെ മോചനത്തിന് പകരം മസൂദ് അസർ, ഒമർ ഷേക്ക്, മുഷ്താഖ് അഹ്മദ് സർഗർ എന്നിവരെ ഇന്ത്യക്ക് വിട്ടയക്കേണ്ടി വന്നു. കാണ്ഡഹാറിൽ നിന്നും മസൂദ് അസർ നേരെ പോയത് പാകിസ്താനിലേക്കായിരുന്നു. അവിടെ പ്രത്യേകിച്ച് ഒരു കുറ്റവും അദ്ദേഹത്തിനെതിരെ ചാർത്തപ്പെട്ടിരുന്നില്ല.  അന്ന് കറാച്ചിയിൽ ഹർക്കത്തുൽ  സംഘടിപ്പിച്ച സ്വീകരണത്തിൽ മസൂദ് അസർ പതിനായിരത്തോളം വരുന്ന ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്, "ഇനി എന്റെ ലക്‌ഷ്യം ഇന്ത്യയുടെ നാശമാണ്" എന്നായിരുന്നു. അവിടെ നിന്നാണ് ജെയ്ഷ്-എ-മുഹമ്മദ് എന്ന കുപ്രസിദ്ധമായ തീവ്രവാദ സംഘടനയുടെ പിറവി. ദൈവത്തിന്റെ സൈനികർ എന്ന് തന്റെ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ച്, 'ഫിദായീൻ' എന്നൊരു ചാവേർപ്പട തന്നെ അസർ ഉണ്ടാക്കിയെടുത്തു. 

Masood Azhar, the merchant of terror from Pakistan, dead..?

 

2000ൽ  ജെയ്‌ഷിന്റെ ഇന്ത്യയിലെ ആദ്യത്തെ ആക്രമണം. ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിൽ അവർ ഒരു ചാവേറാക്രമണം നടത്തി. അതിൽ രണ്ടു പട്ടാളക്കാർ കൊല്ലപ്പെട്ടു.  അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട്  2001 -ലെ പാർലമെന്റ് ആക്രമണം, പത്താൻ കോട്ട് എയർഫോഴ്സ് ആസ്ഥാനം ആക്രമണം, ജമ്മുവിലെയും ഉറിയിലെയും ആർമി ക്യാമ്പുകളിലെ ആക്രമണം, ഇതാ ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കുവരെ എത്തിച്ചിരിക്കുന്ന പുൽവാമയിലെ നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേറാക്രമണം വരെ എത്രയോ ആക്രമണങ്ങൾ. എല്ലാറ്റിന്റെയും പിന്നിൽ പ്രവർത്തിച്ച മസ്തിഷ്‌കം ഒന്നുതന്നെ. മൗലാന എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മസൂദ് അസർ. 

ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ഭീകരവാദപ്രവർത്തനങ്ങളുടെ പേരിൽ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ  ആഗോള ടെററിസ്റ് ആയി പ്രഖ്യാപിക്കാൻ ഒരുങ്ങിയപ്പോൾ അതിനെ  രക്ഷാസമിതിയിൽ വീറ്റോ ചെയ്തത് ചൈനയായിരുന്നു. അതിന് ഉപോൽബലകമായി അവർ പറഞ്ഞത് ചില 'സാങ്കേതിക' കാരണങ്ങളായിരുന്നു എങ്കിലും യഥാർത്ഥ വിഷയം തുറന്നുപറയാൻ ചൈനയ്ക്ക് പറ്റുമായിരുന്നില്ല. അത് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പലപ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണം നിലനിർത്താൻ വേണ്ടിവരുന്ന അനധികൃത പ്രവർത്തനങ്ങളിൽ മസൂദ് അസർ അവരുടെ വിശ്വസ്തനായി നിലകൊള്ളുന്നു എന്നതായിരുന്നു. അതിൽ ഒന്ന് ചൈന-പാകിസ്ഥാൻ എക്കോണമിക് കോറിഡോർ (CPEC ) എന്ന ചൈനയുടെ പ്രസ്റ്റീജ് പ്രോജക്റ്റ് ആയിടുന്നു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റീവ് (BRI) അടിസ്ഥാനത്തിൽ ചൈന നിർമിക്കുന്ന ഈ പ്രോജക്റ്റ് അഫ്‌ഗാനിസ്ഥാന്റെ തീവ്രവാദ മേഖലയുടെയും കടന്നുപോവുന്നുണ്ടായിരുന്നു. അതെല്ലാം  നേരെ ചൊവ്വേ നടന്നുകിട്ടണമെങ്കിൽ അവിടെ വലിയ സ്വാധീനമുണ്ടായിരുന്ന മസൂദ് അസറിനെ പിണക്കാൻ ചൈനയ്ക്ക് കഴിയുമായിരുന്നില്ല. 

ചൈനയിലെ പ്രശ്നങ്ങൾ തുടങ്ങുന്നത് എൺപതുകളുടെ മധ്യത്തോടെയാണ്. പാകിസ്ഥാനിൽ നിന്നുമുള്ള തീവ്ര സ്വഭാവമുള്ള മതപണ്ഡിതർ, ചൈനയിലെ സിൻജിയാങ്ങ് പ്രവിശ്യയിലുള്ള ചൈനീസ് വംശജരായ മുസ്ലിങ്ങളെ സ്വാധീനിച്ച് ചൈനയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കാൻ തുടങ്ങി. കലാപങ്ങൾ പൊട്ടിപ്പുറപ്പെടാനും ചൈനീസ് പക്ഷത്ത് ആളപായങ്ങൾ സംഭവിക്കാനും തുടങ്ങിയതോടെ ചൈന ആദ്യമൊക്കെ ഉയിഗർ വംശജരെ കൂട്ടത്തോടെ വധിക്കാനും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടച്ച് റീ-എജ്യൂക്കേറ്റ് ചെയ്യാനും ഒക്കെ ശ്രമിച്ചെങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ചൈന മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ പ്ലാനിട്ടു. 2000-ൽ ചൈനയുടെ പാക് അംബാസഡറായ ലു ഷുലിൻ, താലിബാൻ നേതാവായ മുല്ലാ ഉമറിനെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചു. ആദ്യമായിട്ടായിരുന്നു ഒരു രാജ്യത്തിൻറെ ഔദ്യോഗിക നേതാവ് മുല്ലയെ സന്ദർശിച്ച് സൗഹൃദഭാഷണം നടത്തുന്നത്. ചൈനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും ഉയിഗർ വംശജരെ തടയാം എന്ന് മുല്ലാ ഒമർ ചൈനീസ് ഗവൺമെന്റിന് വാക്കുനല്കി.  നേരത്തെ പറഞ്ഞ CPEC അടക്കമുളള പല BRI പ്രോജക്ടുകളുടെയും പ്രഭവസ്ഥാനം ഉയിഗറുകൾ തിങ്ങിപ്പാർക്കുന്ന സിൻജിയാങ്ങ് ആയിരുന്നു. മുല്ലാ ഒമർ  കൊടുത്ത വാക്കിന് ശേഷം ആ പ്രവിശ്യയിൽ ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നും സംഭവിച്ചില്ല. ചൈനയുടെ പ്രോജക്ടുകളെല്ലാം നിർബാധം തുടരാൻ അവർക്കായി. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണ എന്നോണമായിരുന്നു തുടർന്ന് മസൂദ് അസറിന്റെ കാര്യം വരുമ്പോഴെല്ലാം ചൈന കാണിച്ച സാങ്കേതിക കാരണങ്ങളിൽ പിടിച്ചുതൂങ്ങിയുള്ള ഉടക്കുകൾ.

Masood Azhar, the merchant of terror from Pakistan, dead..?

പാകിസ്താന്റെ തന്ത്രങ്ങൾ അതിലും വിചിത്രമാണ്. ഭീകരവാദ സംഘടനകളെ പാകിസ്ഥാൻ രണ്ടായി തിരിച്ചിട്ടുണ്ട്. നല്ല തീവ്രവാദികളും, ചീത്ത തീവ്രവാദികളും.  ജെയ്ഷ്-എ-മുഹമ്മദ് പോലെയുള്ള നന്മനിറഞ്ഞ തീവ്രവാദ സംഘടനകളെ പാകിസ്ഥാൻ കശ്മീരിന്റെ വിമോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനികളായാണ് പാകിസ്ഥാൻ ചിത്രീകരിക്കുന്നത്. അവർ കാശ്മീരിൽ നടത്തുന്ന വിഘടനവാദപ്രവർത്തനങ്ങളെ ജിഹാദായും. ലോകത്തിനു മുന്നിൽ ഒരു പ്രഹസനമെന്നോണം  പാക് ഇന്റലിജൻസിന്  അടിച്ചമർത്താനായി കുറച്ച് ചീത്ത തീവ്രവാദികളും ഉണ്ട്. അഫ്‌ഗാനിസ്ഥാനിൽ നിന്നുമാണ് ചീത്ത തീവ്രവാദം ഉടലെടുക്കുന്നതെന്നും അവർ വാദിച്ചു. കശ്‍മീരിലെ മുസ്ലിം ജനതയെ അടിച്ചമർത്തുന്നു എന്നാരോപിച്ച്  ഇന്ത്യപോലുള്ള രാഷ്ട്രങ്ങൾക്കെതിരെ അവരിലൂടെ ലിസ്റ്റിലെ 'നല്ല' ഭീകരവാദികളെ അവർ ആളും അർത്ഥവും നൽകി പിന്തുണച്ചു കൊണ്ടിരുന്നു. പാകിസ്ഥാന്റെ ഗുഡ് ബുക്സിലായിരുന്നു എന്നും മസൂദ് അസറിന്റെ സ്ഥാനം. 

ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ മസൂദ് അസറിന്റെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നിട്ടും പാക് അധീന കാശ്മീരിൽ അസർ നിർബാധം കഴിഞ്ഞുപോന്നു. ഇപ്പോൾ രോഗഗ്രസ്തനായപ്പോഴും പാക്കിസ്ഥാന്റെ സൈനികആശുപത്രിയിൽ തന്നെയായിരുന്നു അസറിനുള്ള വിദഗ്ധചികിത്സകൾ നല്കിപ്പോന്നതും. അതുകൊണ്ടു തന്നെയാണ് മസൂദ് അസറിന്റെ 'വളരെ മോശപ്പെട്ട' ആരോഗ്യാവസ്ഥയെപ്പറ്റി പാകിസ്ഥാൻ വിദേശകാര്യമന്ത്രിയിൽ നിന്നുതന്നെ നേരിട്ട് ലോകമറിഞ്ഞത്. ഇപ്പോൾ സ്ഥിരീകരിക്കപ്പെടാത്തതെങ്കിലും മസൂദ് അസറിന്റെ മരണത്തെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോകത്തിലെങ്ങും ഓടിനടന്ന് പ്രഭാഷണങ്ങൾ നടത്തി യുവാക്കളുടെ മനസ്സുകളിൽ വിഷം കലക്കി അവരെ സ്വന്തം രാഷ്ട്രങ്ങൾക്കെതിരെ വിഘടന പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ച ഇന്ത്യയിൽ നിരവധിപേരുടെ ജീവനെടുത്ത ഒത്തിരി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഈ 'ആഗോള ഭീകരവാദി'യുടെ സ്വാഭാവികമായ മരണം പോലും ഭീകരവാദത്തിനെതിരെ പോരാടുന്ന നമ്മുടെ സേനയ്ക്കും, സമാധാനം മാത്രം ഇച്ഛിക്കുന്ന ഇന്ത്യൻ ജനതയ്ക്കും ശുഭകരമായ ഒരു വാർത്തയാകും 

Latest Videos
Follow Us:
Download App:
  • android
  • ios