ഒരിക്കലും മറക്കാന്‍ കഴിയില്ല, ആ രണ്ട് അമ്മച്ചിമാരെ...

പുറത്തു നീണ്ട ഒരു ക്യൂ ഉണ്ടായിരുന്നതിനാലും സമയം പാഴാക്കാനില്ലാത്തതിനാലും, ഞാൻ തീരെ മെലിഞ്ഞ ആ അമ്മച്ചിയെ രണ്ടു കയ്യിലും കോരിയെടുത്തു വീൽ ചെയറിൽ ഇരുത്തി. വീൽ ചെയറിൽ ഇരുന്നതിനു ശേഷവും അമ്മച്ചിയെന്‍റെ കഴുത്തിലെ പിടിവിടുന്നില്ല.

hospitel days jobby mukkadan

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospitel days jobby mukkadan

മംഗലാപുരത്തെ പ്രശസ്തമായ ഓർത്തോപീഡിക് ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന കാലം. അസ്ഥിരോഗസംബന്ധമായ അസുഖങ്ങൾക്ക് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും രോഗികൾ വരുന്ന ഹോസ്പിറ്റൽ ആയതിനാൽ വളരെ തിരക്കുള്ള ഡിപ്പാർട്മെന്റ് ആയിരുന്നു അവിടുത്തേത്. എക്സറേയ്ക്കും സി ടി സ്കാനിനും ഒക്കെ മുന്നിൽ എപ്പോഴും രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടാകും. അതിനിടയിൽ വരുന്ന ആക്സിഡന്‍റ് കേസുകൾ വേറെ. ചിലപ്പോഴെങ്കിലും തിരക്കുകൾ മൂലം രോഗികളോടുള്ള പെരുമാറ്റം പരുഷം ആയിപ്പോകാറുണ്ട്, എത്ര വേണ്ടെന്നു വച്ചാലും.

അങ്ങനെ തിരക്കേറിയ ഒരു ദിവസം ആണ് ആദ്യത്തെ അമ്മച്ചി എന്‍റെ എക്സ്-റേ റൂമിൽ എത്തിയത്. ഏകദേശം അറുപത് വയസ് ഉള്ള അവർ ഇടുപ്പെല്ലിന് ഓപ്പറേഷൻ കഴിഞ്ഞ് അഡ്മിറ്റ് ആയിരുന്നു. എല്ലുകൾ പൂർവസ്ഥിതിയിൽ ആവുന്നുണ്ടോ എന്ന് നോക്കാനുള്ള ചെക്ക് എക്സ്-റേ എടുക്കാനാണവരെ കൊണ്ടുവന്നത്.

ആദ്യം വന്നത് അമ്മച്ചിയുടെ ഭർത്താവാണ്

വീൽചെയർ തള്ളിക്കൊണ്ട് വന്ന നഴ്സിംഗ് അസിസ്റ്റന്‍റിനെ കൂടാതെ അമ്മച്ചിയുടെ കൂടെ ഏകദേശം മുപ്പത് വയസ് തോന്നിപ്പിക്കുന്ന ഒരു ഹോംനഴ്‌സുമുണ്ട്. ഇടുപ്പിന് ഓപ്പറേഷൻ കഴിഞ്ഞ അവസ്ഥയിൽ ആയതിനാൽ ടേബിളിൽ കയറി കിടക്കാനൊക്കെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചിയെ ഞങ്ങൾ വളരെ ആയാസപ്പെട്ട് കിടത്തി എക്സ്-റേ എടുത്തതിനു ശേഷം തിരിച്ച് വീൽചെയറിൽ ഇരുത്താൻ നോക്കുമ്പോൾ വേദന കാരണം അവർക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. നഴ്സിംഗ് അസിസ്റ്റന്റിനെ കാണാനുമില്ല.

പുറത്തു നീണ്ട ഒരു ക്യൂ ഉണ്ടായിരുന്നതിനാലും സമയം പാഴാക്കാനില്ലാത്തതിനാലും, ഞാൻ തീരെ മെലിഞ്ഞ ആ അമ്മച്ചിയെ രണ്ടു കയ്യിലും കോരിയെടുത്തു വീൽ ചെയറിൽ ഇരുത്തി. വീൽ ചെയറിൽ ഇരുന്നതിനു ശേഷവും അമ്മച്ചിയെന്‍റെ കഴുത്തിലെ പിടിവിടുന്നില്ല. മുറുക്കെ എന്‍റെ കഴുത്തിൽ ചേർത്തു പിടിച്ച് അവർ വിതുമ്പി കരഞ്ഞു. ദൈവമേ ഇവർക്ക് വല്ലാതെ നൊന്തോ... എന്ത് പറ്റിയെന്നു ഞാൻ കന്നടയിൽ ചോദിച്ചു. അപ്പോളവർ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുകയാണ്, "കെട്ടിയോനും നാലു മക്കളുമുണ്ട്. അവരുപോലും എന്നെയിങ്ങനെ നോക്കിയില്ലല്ലോ മോനെ... എന്നെയിവിടെ കൊണ്ടിട്ടിട്ട് അവരൊന്ന് തിരിഞ്ഞു നോക്കിയിട്ടില്ല, ഇതുവരെ." അവരെന്‍റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്നു അത് പറയുമ്പോൾ, ഒരു ആശ്രയം പോലെ. എന്‍റെയും കണ്ണുകൾ നിറഞ്ഞു. 

രണ്ടാമത്തെ അമ്മച്ചിയെന്‍റടുത്ത് വരുന്നത് തിരക്കുകൾ ഒഴിഞ്ഞ ഒരു ഉച്ചസമയത്താണ്. ആദ്യം വന്നത് അമ്മച്ചിയുടെ ഭർത്താവാണ്. നല്ല വേഷം ധരിച്ച, സ്ഫുടമായി  ഇംഗ്ലീഷ് സംസാരിക്കുന്ന ഒറ്റനോട്ടത്തിൽ തന്നെ ആഢ്യൻ എന്ന് തോന്നുന്ന ഒരു മനുഷ്യൻ. അയാൾ വന്ന്, 'ഒരു എക്സ്-റേ എടുക്കാൻ ഉണ്ട്, പുറത്തൂന്നുള്ള പ്രിസ്ക്രിപ്ഷൻ ആണ് എടുക്കുമോ' എന്ന് ചോദിച്ചു..

എടുക്കുമെന്ന് അറിയിച്ചപ്പോൾ അയാൾ അതിന് മുൻപ് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു. രാവിലത്തെ തിരക്ക് കഴിഞ്ഞ് കിട്ടിയ അല്‍പം  വിശ്രമസമയം ആയതിനാൽ  കുറച്ച് ഈർഷ്യ തോന്നിയെങ്കിലും പുറത്ത്  കാണിച്ചില്ല. അയാൾ പറഞ്ഞു, "എന്‍റെ ഭാര്യക്കാണ് എക്സ്-റേ എടുക്കേണ്ടത്, അവൾക്ക് തീരെ വയ്യ, ഇല്ലാത്ത അസുഖങ്ങൾ ഇല്ല. അതുകൊണ്ടു കൂട്ടിക്കൊണ്ടു വന്നാൽ പെട്ടെന്ന് എക്സ്-റേ എടുത്ത് തരണം. റിപ്പോർട്ട് പിന്നീട് കിട്ടിയാലും മതി, അവളെ അധികം നിർത്തിക്കരുത്. അവളുടെ ഡ്രസ്സ് മാറാനോ ഒക്കെയുണ്ടേൽ പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം. വേറെ ആരേം ഞാനതിനു സമ്മതിക്കില്ല, അത്രക്ക് വേദന ആണ് ദേഹത്തെവിടെ തൊട്ടാലും അതുകൊണ്ടാണ്..."

'ശരി സാരമില്ല, ആളെകൂട്ടിക്കൊണ്ടു വരൂ' എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, 'ഇപ്പോൾ ആളെ കൊണ്ട് വന്നിട്ടില്ല. ചോദിച്ചു പോകാൻ വന്നതാണ്. നിങ്ങൾ പറയുന്ന സമയത്ത് കൊണ്ട് വരാം വെയിറ്റ് ചെയ്യിക്കരുത്' എന്ന്. രോഗിയെ കൂട്ടിവരാൻ പോകാൻ തുടങ്ങുന്നതിനു മുന്നേ അയാൾ തിരിഞ്ഞു നിന്ന് ഒരു വാചകം കൂടി പറഞ്ഞു, "ഞങ്ങൾ ഇവിടെ പല ഹോസ്പിറ്റലിലും അവളെ കൊണ്ട് പോയി, തിരക്ക് കൊണ്ടൊക്കെ ആവും ജീവനക്കാർ വളരെ പരുഷമായി പെരുമാറും ചിലപ്പോൾ, അതെനിക്ക് സഹിക്കാൻ വയ്യ. അതുകൊണ്ടാണ് നേരത്തെ ഇവിടെ വന്നു കാര്യം പറഞ്ഞത്.''

അയാളുടെ നിബന്ധനകളുടെ നീളം കൂടും തോറും എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അങ്ങനെ, അന്ന് വൈകുന്നേരം അഞ്ചുമണിയോടെ അയാൾ ആ അമ്മച്ചിയേം കൊണ്ട് വന്നു. ഒരു സ്ഫടികപാത്രം കൈകാര്യം ചെയ്യുന്നത് പോലെ ശ്രദ്ധിച്ച്, കൂടെയുള്ള മക്കളെയോ സെർവെന്‍റിനെയോ കൊണ്ട് പോലും ഒന്നും ചെയ്യാൻ സമ്മതിക്കാതെ, വീൽചെയർ പോലും തനിയെ തള്ളിക്കൊണ്ട്... 

ആദ്യ തവണ എക്സ്-റേ എടുത്തു പോയപ്പോൾ എന്‍റെ ഫോൺ നമ്പർ വാങ്ങിയ അവർ പിന്നീട് എന്നെ വിളിച്ച് സമയം നിശ്ചയിച്ച് എല്ലാമാസവും ഒന്നും രണ്ടും തവണ വരുമായിരുന്നു. ഓരോ തവണയും വേറൊരാളേം കൊണ്ട് ഒന്നും ചെയ്യിക്കില്ല എന്ന വാശി പോലെ എല്ലാം അയാൾ ഒറ്റക്ക് ചെയ്തു. മെല്ലെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു. അവരുടെ വീട്ടിലെ വിശേഷ അവസരങ്ങളിൽ ക്ഷണിക്കും. ഒരിക്കലും ഞാന്‍ പോയിട്ടില്ലെന്ന് മാത്രം.

അതിനു മുമ്പോ പിന്നീടോ അങ്ങനൊരു ഭാഗ്യം ചെയ്ത അമ്മച്ചിയെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ കുറെ നാളുകൾ കടന്നുപോയി. അമ്മച്ചിയെ കണ്ടില്ല, വിളിയും ഉണ്ടായില്ല. ഒരു ദിവസം ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു, എടുത്തില്ല... പിന്നീടത് മറന്നു...

അവളുടെ അവസാനകാലത്ത് നിങ്ങളൊക്കെ ഒത്തിരി ദയാപൂർവ്വം സഹായിച്ചിട്ടുണ്ട്

കുറച്ച് നാളുകൾക്കു ശേഷം വീണ്ടും അയാൾ തിരക്കില്ലാത്ത ഒരു ഉച്ചസമയം കടന്നു വന്നു. അമ്മച്ചിയെ കൂട്ടിക്കൊണ്ടു വരൂ എന്ന് പറഞ്ഞ എന്നോടയാൾ പറഞ്ഞു, "അവൾ പോയി. ഞാനെത്ര ശ്രദ്ധയോടെ കാവലിരുന്നിട്ടും അവൾ പോയി. പതിനഞ്ച് വർഷം ആകുന്നു അവളിങ്ങനെ രോഗി ആയിട്ട്. ഒരിക്കൽപോലും ചികിത്സയിൽ ഞാനൊരു വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. എന്നിട്ടും പോയി. ഒന്നരമാസം ആയി. ആ തിരക്കിലും വിഷമത്തിലും എനിക്ക് നിങ്ങളെ വിളിച്ച് അറിയിക്കാൻ സാധിച്ചില്ല, ക്ഷമിക്കണം. ഫോൺ വിളിച്ചതും ഞാൻ പിന്നീടാണ് കണ്ടത്. ഞാനും അഡ്മിറ്റ് ആയിരുന്നു."

ഇറങ്ങാൻ നേരം അയാളെന്‍റെ കയ്യിൽ മുറുക്കെ പിടിച്ച് പറഞ്ഞു, "നിങ്ങളൊയൊക്കെ എന്നും ഓർക്കും, അവളുടെ അവസാനകാലത്ത് നിങ്ങളൊക്കെ ഒത്തിരി ദയാപൂർവ്വം സഹായിച്ചിട്ടുണ്ട്." അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒറ്റക്കായതിന്റെ എല്ലാവേദനകളും ഉണ്ടായിരുന്നു അയാളുടെ വാക്കുകളിൽ.

രണ്ടു അമ്മച്ചിമാരാണ് ഈ സംഭവങ്ങളിൽ... ജീവിതത്തിൽ ഒരിക്കലും മറക്കരുതാത്ത രണ്ടു ഉദാഹരണങ്ങൾ. താരതമ്യമോ പിൻകുറിപ്പുകളോ വിശദീകരണങ്ങളോ ഒന്നും ആവശ്യമില്ലാത്ത രണ്ടു പാഠപുസ്തകങ്ങൾ.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios