അച്ഛന് ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ, ആർക്കെന്ത് കൊടുത്തിട്ട് എന്താ കാര്യം ?
മക്കളുടെ മനസ്സിന്റെ പകുതിയോളം പിതാക്കൻമാർ തന്നെ ആയിരിക്കും. കാരണം ജീവിതത്തിൽ പ്രത്യക്ഷത്തിൽ മുഴുവൻ സ്നേഹവും പ്രകടിപ്പിക്കുന്നത് അമ്മയോടാണല്ലോ? നമുക്ക് സ്നേഹത്തോടെ 'അച്ഛാ' എന്ന് വിളിക്കാൻ പോലും ചമ്മൽ ആണല്ലോ? പുരുഷകേസരിമാരോടൊക്കെ എങ്ങനെ അങ്ങനെ പെരുമാറും എന്നൊക്കെ വിചാരിച്ച് ആ സ്നേഹം ഒക്കെ മനസ്സിൽ ഒതുക്കിപ്പിടിക്കും.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ദേശാന്തരങ്ങളിലെ പ്രവാസ ജീവിതത്തിലെ ഗുണം, ചില വ്യക്തിത്വങ്ങൾ നമ്മിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നാം ആഴത്തിൽ ചിന്തിക്കാൻ തുടങ്ങും എന്നുള്ളതാണ്. പ്രത്യേകിച്ചും നമ്മുടെ മാതാപിതാക്കളെ കുറിച്ച്..
അത്ത ഒരു നല്ലവനും സാധുവും എന്നെ വലിയ ഇഷ്ടമുള്ള ആളുമായിരുന്നു. അദ്ദേഹത്തിന് ജീവിച്ചിരിക്കുമ്പോൾ ഒന്നും നൽകാൻ എനിക്ക് കഴിഞ്ഞില്ല. ( അത്ത എന്നത് ഞാൻ പിതാവിനെ വിളിക്കുന്ന പേരാണ്. റാവുത്തർ രീതിയിൽ ഉള്ള വിളിപ്പേരാണത്. )
ഞാൻ നാട്ടിലെ മെഡിക്കൽ കോളേജ് പഠനം ഒക്കെ കഴിഞ്ഞ് ഉപരിപഠനത്തിന് പരീക്ഷകൾ ഒക്കെ എഴുതാൻ വേണ്ടി ഇംഗ്ലണ്ടിൽ വന്നു. പരീക്ഷകൾ കാലതാമസം നേരിട്ട് ഒരു കൊല്ലത്തോളം എടുത്തു ജോലി കിട്ടാൻ. ഇൻറർവ്യൂ ഒക്കെ കഴിഞ്ഞ് ജോലി തുടങ്ങുന്നതിന് തൊട്ടു മുൻപ് ഞാൻ ലീവിൽ വന്നു. ആദ്യത്തെ ലീവ്. അതു കഴിഞ്ഞ് ഉടൻ തന്നെ പോയി ജോലി തുടങ്ങണം. ട്രെയിനിങ്ങിന്റെ ആദ്യ ദിനങ്ങൾ തുടങ്ങാറാകുന്നു. ഞാൻ വന്നപ്പോൾ അദ്ദേഹം നല്ല ഉഷാറിലും സന്തോഷത്തിലും ആയിരുന്നു. ഞാൻ വിജയിച്ചു എന്ന തോന്നലിൽ നിന്നുള്ള സന്തോഷം. ഞാൻ തിരിച്ച് പോകുന്നതിന് കുറച്ച് ദിനങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് ചെറിയ ചെസ്റ്റ് ഇൻഫക്ഷൻ പോലെ വന്നു. മരുന്നും ആന്‍റിബയോട്ടിക്കും ഒക്കെ കഴിച്ചിരുന്നു.
മനസ്സിലും മഞ്ഞ് മൂടിയ പോലെയാണ് എനിക്ക് തോന്നിയത്
ഞാൻ പോകാനായി വീട്ടിൽ നിന്നിറങ്ങുമ്പോഴും മുഴുവനായി അസുഖം മാറിയിരുന്നില്ല. ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ സ്വതവേ കരയാത്ത അദ്ദേഹം പെട്ടെന്ന് ‘മോനേ ! ' എന്ന് വിളിച്ച് കരഞ്ഞു. ആ വിഷമവും പേറി ഞാൻ എയർ പോർട്ടിലേക്ക് പോയി. വിരസമായ എയർ ജേർണിയാണ് ഇംഗ്ലണ്ടിലേക്ക്. പ്രത്യേകിച്ചും നാടിനോട് ഇഷ്ടമുള്ള ഒരാൾക്ക് 10 മണിക്കൂർ എന്നത് 20 മണിക്കൂറിന്റെ ഫലം ചെയ്യും, തിരിച്ചുള്ള യാത്രയായത് കൊണ്ട്. ദുബായ് വഴി ആയിരുന്നു. ദുബായിൽ നിന്ന് വീട്ടിലേക്ക് ഫോൺ ചെയ്യാൻ ഞാൻ റിസീവർ എടുത്തു. എന്തോ എനിക്ക് ഫോൺ ചെയ്യാനാവാതെ ഞാൻ റിസീവർ ക്രാഡിലേക്ക് തന്നെ തിരിച്ച് വച്ചു.
രാത്രി വൈകിയാണ് ലണ്ടൻ ഹീത്രോയിൽ വിമാനം ഇറങ്ങിയത്. അവിടെ നിന്ന് ലഗേജൊക്കെ വലിച്ചു പെറുക്കി ട്വുബ് വഴി ( ലണ്ടൻ അണ്ടർ ഗ്രൌണ്ട് ട്രെയിൻ ശൃംഖല ) ഇപ്സ്വിച്ചിലേക്ക് യാത്ര തിരിച്ചു. അവിടുത്തെ പല സ്റ്റേഷനുകളിലും ലഗേജ് കൊണ്ട് യാത്ര ചെയ്യാൻ വലിയ പാടാണ്. നമ്മുടെ നാട്ടിൽ നിന്നുള്ള വിമാന യാത്ര കഴിഞ്ഞിട്ടുള്ള ലഗേജ് പ്രത്യേകിച്ചും ( മാക്സിമം കൊണ്ടു പോവുക എന്നതാണല്ലോ നമ്മുടെ ഒരു ഇത് ). പല സ്റ്റേഷനുകളിലേയും പതിനെട്ടാം പടിയെ അനുസ്മരിപ്പിക്കുന്ന വലിയ കോണിപ്പടികൾ മാറിക്കയറി ഇപ് സ്വിച്ചിൽ വന്നു. എത്തിയപ്പോഴേക്കും വളരേ തളർന്നിരുന്നു. ഫ്ലാറ്റിൽ കയറിയത് രാത്രി വളരേ വൈകി ആയിരുന്നു. സുഹൃത്ത് ബിജുരാജൻ അന്ന് ഇപ് സ്വിച്ചിൽ ഉണ്ടായിരുന്നു. ഞാൻ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അവൻ ആയിരുന്നു. വാതിൽ തുറന്ന ഉടനെ തന്നെ അവൻ പറഞ്ഞു, "ഷാഫി, ഒരു ബാഡ് ന്യൂസ് ഉണ്ട്. നീ വിഷമിക്കരുത്. നീ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം നിന്റെ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നു! അദ്ദേഹം അൺഫോർച്ചുനേറ്റ്ലി മരിച്ചു പോയി. " പുറത്ത് മഞ്ഞ് ഉണ്ടായിരുന്നു. മനസ്സിലും മഞ്ഞ് മൂടിയ പോലെയാണ് എനിക്ക് തോന്നിയത്. "മോനേ!" എന്ന് പറഞ്ഞ് കരഞ്ഞ ആ മിഴികൾ! എന്തു ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ മനസ്സിൽ ഓർമ്മ വന്നത് അതാണ്. ചേട്ടൻ ഷാജിയുടെ വിളി അപ്പോൾ ഖത്തറിൽ നിന്നു വന്നു. "നീ ഇപ്പോ അത്താനെ കണ്ടിട്ട് വന്നിട്ടല്ലേ ഉള്ളൂ. നീ ഇപ്പോ ഇനി വരണ്ട, ഞാൻ നാട്ടിൽ പോവുകയാണ്."
അവൻ ആയിരുന്നു എന്നും എന്റെ വല്ല്യേട്ടൻ! ഞാൻ ഒന്നും പറഞ്ഞില്ല. എനിക്ക് ഇപ്പോഴും തോന്നുന്നത് ഞാൻ പോകണമായിരുന്നു എന്നാണ്. ഇപ്പോഴും മനസ്സിൽ അത്തായുടെ മരണവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. അച്ഛന് ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ ആർക്ക് എന്ത് കൊടുത്തിട്ട് എന്ത് കാര്യം? അക്കാര്യത്തിൽ അമ്മ അൽപ്പം ഭാഗ്യവതി ആണ് എന്ന് തോന്നാറുണ്ട്. മക്കളുടെ സ്നേഹം അനുഭവിക്കാൻ യോഗം ഉണ്ടായി.
മക്കളുടെ മനസ്സിന്റെ പകുതിയോളം പിതാക്കൻമാർ തന്നെ ആയിരിക്കും. കാരണം ജീവിതത്തിൽ പ്രത്യക്ഷത്തിൽ മുഴുവൻ സ്നേഹവും പ്രകടിപ്പിക്കുന്നത് അമ്മയോടാണല്ലോ? നമുക്ക് സ്നേഹത്തോടെ 'അച്ഛാ' എന്ന് വിളിക്കാൻ പോലും ചമ്മൽ ആണല്ലോ? പുരുഷകേസരിമാരോടൊക്കെ എങ്ങനെ അങ്ങനെ പെരുമാറും എന്നൊക്കെ വിചാരിച്ച് ആ സ്നേഹം ഒക്കെ മനസ്സിൽ ഒതുക്കിപ്പിടിക്കും.
ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു ഞാൻ പിതാവിന്‍റെ മരണവാർത്ത അറിഞ്ഞതിന് ശേഷം.. ജോലി തുടങ്ങണം എന്നുള്ള കർത്തവ്യ ബോധവും.. ഒരർത്ഥവും ഇല്ല എന്ന് നമുക്ക് തോന്നാവുന്ന കർത്തവ്യ ബോധമാണ് മുന്നിട്ടു നിന്നിരുന്നത്. അല്ലെങ്കിലും നഷ്ടപ്പെടുമ്പോൾ നാമെപ്പോഴും അങ്ങനെയാണ്. ദിവസത്തിന്റെ ചാക്രിക സ്വഭാവങ്ങൾ നിലനിർത്തുന്ന എന്തിലും മുറുക്കെ പിടിക്കും.
പ്രത്യക്ഷത്തിൽ മുഴുവൻ സ്നേഹവും പ്രകടിപ്പിക്കുന്നത് അമ്മയോടാണല്ലോ?
സമാനമായ ഒരവസ്ഥ കസുവോ ഇഷിഗുറോ എന്ന പ്രശസ്ത നോബേൽ ജേതാവായ എഴുത്തുകാരൻ ഒരു ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ‘ദിവസത്തിന്റെ ശേഷിപ്പുകൾ' (The remains of the day ) എന്നാണ് പുസ്തകത്തിന്‍റെ പേര്. അതിൽ ഒരു പ്രഭു കുടുംബത്തിലെ ബട്ലറുടെ കഥയാണ് വിവരിക്കുന്നത്. സ്വയം വിസ്മരിച്ച് , സ്വയം ഇല്ലാതായി, മറ്റുള്ള ഒരു കുടുംബത്തിനായി ജോലി ചെയ്യുന്നവരാണ് പൊതുവെ വേലക്കാർ. കഥയിലെ വേലക്കാരൻ അത്തരം ഒരു നിസ്വാർത്ഥ സേവകനാണ്. അദ്ദേഹത്തിന്റെ പിതാവും അത്തരത്തിൽ ഉള്ള ഒരാളായിരുന്നു. കഥയിൽ സ്വന്തം പിതാവിന്റെ അന്ത്യ മുഹൂർത്തങ്ങൾ സംഭവിക്കുന്നു എന്നറിഞ്ഞിട്ടും, അതേ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിലോ മരണാനന്തര നിമിഷങ്ങളിലോ പങ്കു പറ്റാനാവാതെ ഔദ്യോഗിക തിരക്കിലാണ്ടു പോയ ഒരു മുഹൂർത്തം വിവരിക്കുന്നുണ്ട്. 'താങ്കൾക്കെന്തു പ്പറ്റി സ്റ്റീവൻസ് ?' എന്നു മാന്യാതിഥികൾ ചോദിക്കുമ്പോൾ കണ്ണീർ വീഴുന്ന സ്വന്തം മുഖം തിരക്കാർന്ന ഒരു ദിവസത്തിന്റെ ശേഷിപ്പുകൾ മാത്രമാണെന്ന് അക്ഷോഭ്യനായി മൊഴിയാൻ അദ്ദേഹത്തിന് കഴിയുന്നു.
അച്ഛന്‍റെ മരണശേഷമുള്ള എന്റെ മനോനിലയും മറിച്ചായിരുന്നില്ല. ദയാലുവും എന്നെ വലിയ ഇഷ്ടവും ഉള്ള ആളായിരുന്നു എന്റെ ആദ്യ കൺസൾട്ടന്റ് ഡോ. ആൽബർട്ട് കറാച്ചിയോളോ. ഇറ്റാലിയൻ പിതാവിന് ബ്രിട്ടീഷ് സ്ത്രീയിൽ ഉണ്ടായിരുന്ന മകനായിരുന്നു അദ്ദേഹം. സ്വഭാവത്തിൽ കൂടുതലായി അദ്ദേഹം ഇറ്റാലിയൻ ആയിരുന്നു എന്നു തന്നെ പറയാം. ഒരു ഒബ്സസ്സീവ് പേഴ്സണാലിറ്റിക്ക് അടിമ ആയിരുന്നു അദ്ദേഹം. വൃത്തിയും വെടിപ്പും ഉള്ള ക്രീം കളർ സ്യൂട്ടും മെറൂൺ ടൈയും വടിവൊത്ത രീതിയിൽ കെട്ടി കൃത്യതയാർന്ന നടപ്പുമായി ഒരു പട്ടാളക്കാരന്റെ ഗാംഭീര്യത്തോടെ അദ്ദേഹം നടക്കും. ഒരു ഭംഗിയുള്ള കഷണ്ടിയും. അച്ചടക്കത്തിന്‍റേയും കണിശതയുടേയും കൃത്യതയുടേയും ആൾ രൂപമായിരുന്ന അദ്ദേഹത്തിന് എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നതിന് എനിക്ക് ഒരു വിശദീകരണവും ഉണ്ടായിരുന്നില്ല. ഇഷ്ടപ്പെടാതിരിക്കാനായിരുന്നു എന്‍റെ അഭിപ്രായത്തിൽ സാധ്യത. ഡിക്റ്റേഷൻ ചെയ്യാനുള്ള ഫയലുകൾ കുന്നുകൂടി കിടക്കുന്ന എന്‍റെ ട്രേയിൽ നോക്കി അദ്ദേഹം പറഞ്ഞ അഭിപ്രായം,‘ഹി ഈസ് ഹൈലി ഓർഗനൈസ്ഡ് ' എന്നാണ്. കളിയാക്കിയതാവും എന്നാണ് ഞാൻ കരുതിയത്. പക്ഷേ, സെക്രട്ടറി സാമന്ത മില്ലർ ഉറപ്പിച്ചു പറഞ്ഞു, അദ്ദേഹം കളിയാക്കിയതല്ല, നിന്‍റെ തലച്ചോറിൽ, ചെയ്യാനുള്ള എല്ലാ കാര്യങ്ങളുടേയും ലിസ്റ്റ് ഒരു ഡയറിയും ഇല്ലാതെ തന്നെ കൃത്യമായി ഉണ്ടാവും എന്ന് പുള്ളിക്കാരൻ എപ്പോഴും പറയും എന്ന്.
ജോലിയുടെ ആദ്യത്തെ ദിനം തന്നെ അദ്ദേഹം ചോദിച്ചു,‘ഷാഫി, നിന്‍റെ അച്ഛൻ മരിച്ചതായി അറിഞ്ഞു, നിനക്ക് നാട്ടിൽ പോകണമോ?' ഞാൻ പറഞ്ഞു, "വേണ്ട, ചടങ്ങും കാര്യങ്ങളും ഒക്കെ കഴിഞ്ഞു." പക്ഷേ, എനിക്ക് അപ്പോഴും അറിയാമായിരുന്നില്ല, എനിക്ക് പോകാൻ കഴിയുമോ? ഇനി വരുമ്പോൾ ജോലി പോകുമോ എന്നെല്ലാം. ഇതൊക്കെ ശരിയായി ചോദിക്കാവുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.
പിതൃതുല്യൻ എന്നു തന്നെ പറയാവുന്ന ആളായിരുന്നു ഡോക്ടർ കറാച്ചിയോളോ. വിശാലമായ ഭംഗിയുള്ള പച്ച പുൽമൈതാനമുള്ള ഹോസ്പിറ്റൽ ആയിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്ന സെൻറ് ക്ലെമന്‍റ്സ്. അതിന്‍റെ ഒരറ്റത്തായിരുന്നു വാർഡ്. വാർഡിൽ നിന്നും ഓഫീസിലേക്കുള്ള നടത്തം ഞങ്ങൾ ഒരുമിച്ച് ആയിരുന്നു. മരത്തിന്‍റെ ഭംഗി കൂടിയ പിടിയുള്ള ഇംഗ്ലീഷ് കാലൻ കുടയും പിടിച്ച് സൂട്ടും കോട്ടും ധരിച്ച ഈ ഷെർലക്ക് ഹോംസ് സ്റ്റൈൽ ഉള്ള ആളുടെകൂടെ ഒരു അവശ വാട്സണായി ഞാനും.
"നിന്‍റെ കല്യാണം എന്തായി ഷാഫി?" ജോലി തുടങ്ങിയതിനു ശേഷം ഞാൻ നാട്ടിൽ പോയി വന്നപ്പോൾ അദ്ദേഹം ചോദിച്ചു. നാട്ടിൽ പോകുന്നതിന് മുൻപ് കൂട്ടുകാരൻ റാം നാഥിന്‍റെ അനിയൻ ശ്രീനാഥ് ഒരു കല്യാണാലോചന കൊണ്ടു വന്നിരുന്നു. വലുതെന്ന് തോന്നിക്കുന്ന ഒരു വീടിന്‍റെ പരിസരത്ത് ഒട്ടും വലുതെന്ന് തോന്നിക്കാത്ത ഒരു മുഖഭാവവുമായി ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ.. തട്ടം ഇട്ട ലളിത വേഷധാരി. അൽപ്പം ദൈന്യതയാർന്ന പ്രത്യേകത തോന്നിക്കുന്ന കണ്ണുകൾ. പക്ഷേ, ആ ലീവിൽ ഞാൻ ഈ പെൺകുട്ടിയെ കാണാൻ പോയില്ല. വിവാഹം കഴിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കില്ലായിരുന്നു.. ഒരു തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥ ആയതിനാൽ പെണ്ണു കാണാൻ പോയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ആൽബർട്ട് പറഞ്ഞു. "നന്നായി, വിവാഹം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വ്യക്തമായ മാനസികാവസ്ഥയിലല്ലാതെ അത്തരം തീരുമാനങ്ങൾ എടുക്കരുത്." നിനക്കുള്ള പെണ്ണാണെങ്കിൽ നിനക്കു തന്നെ കിട്ടും എന്നും അദ്ദേഹം പറഞ്ഞിരുന്നോ? പറയാൻ വഴിയില്ല.. പറഞ്ഞെന്ന് എന്‍റെ മനസ്സിന് തോന്നുന്നതായിരിക്കും..
ആരോടും പറഞ്ഞില്ലെങ്കിലും ഒരു അകാരണമായ ഭയം ഉള്ളിൽ നിറഞ്ഞു നിന്നു
അദ്ദേഹവും ആയുള്ള പോസ്റ്റിങ്ങ് കഴിഞ്ഞ് ഞാൻ പിരിഞ്ഞു പോയിട്ടും ഊഷ്മളമായ ഞങ്ങളുടെ ബന്ധം തുടർന്നു. പൊതുവെ ഇംഗ്ലീഷുകാരായ മേൽഡോക്ടർമാരുടെ മുന്നിൽ അത്യധികമായ ഭയഭക്തി ബഹുമാനങ്ങൾ പ്രകടിപ്പിക്കാനോ അവരെ വണങ്ങി നിൽക്കാനോ എനിക്ക് പറ്റാറില്ല. ഗുരുവിനോടുള്ള ബഹുമാനം ഒരു മൂകഭാഷ ആകുന്നതാണ് നല്ലതായി തോന്നിയിട്ടുള്ളത്. പറയുമ്പോൾ മലിനമാകുന്ന ഒന്ന്. ചില അനുരാഗങ്ങൾ പോലെ..
അദ്ദേഹം ട്രസ്റ്റിന്‍റെ ക്ലിനിക്കൽ ഡയറക്ടർ ആയും മെഡിക്കൽ ഡയറക്ടർ ആയും എല്ലാം സ്വാഭാവികമായി വളർന്നു. വളർച്ചയുടെ പടവുകളിൽ, എന്നെ കാണുമ്പോഴെല്ലാം ട്രെയിനിങ്ങ് അവസാനിക്കുന്ന ദിനങ്ങളെപ്പറ്റി അദ്ദേഹം ഉദ്വേഗത്തോടെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷുകാർക്ക് യോജിക്കാത്ത രീതിയിൽ പരസ്യമായി തന്നെ എന്നെ ആ ട്രസ്റ്റിലെ കൺസൾട്ടന്‍റായി കാണണം എന്നാണ് തന്‍റെ ആഗ്രഹം എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
സാധാരണയായി അസുഖം ഒന്നും വന്ന് ഓഫ് എടുക്കാത്ത ആളായിരുന്നു അദ്ദേഹം. കൊല്ലത്തിൽ ഒരു ദിവസം മാത്രമാണ് ഓഫ് സിക്ക് ആവുക. അതിനും ഒരു ഒബ്സഷണൽ രീതി ഉണ്ടായിരുന്നു. തലേ ദിവസം ചെറുതായി തുമ്മും.. ഇടയ്ക്കിടക്ക്, അപ്പോൾ സാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്രട്ടറി സാമന്താ മില്ലർ പറയും. "ആ, ആൽബർട്ട് നാളെ ഓഫ് സിക്ക് എടുക്കാൻ തയ്യാറെടുക്കുന്നുണ്ട്." കിറുകൃത്യമായി അദ്ദേഹം പിറ്റെ ദിവസം കാലത്ത് ഓഫ് സിക്കും വിളിക്കും. അതിനടുത്ത ദിവസം തന്നെ എല്ലാം മാറി ജോലിക്ക് ഹാജരാവുകയും ചെയ്യും.
മെഡിക്കൽ ഡയറക്ടറുടെ താൽക്കാലിക ജോലികൾ ഏറ്റെടുത്തതിനു ശേഷം കുറച്ചധികം നാൾ അദ്ദേഹം ഓഫ് സിക്കായി പോയി. കാര്യം എന്താണെന്നൊന്നും ആർക്കും മനസ്സിലായില്ല. അല്ലെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ല. ആരോടും പറഞ്ഞില്ലെങ്കിലും ഒരു അകാരണമായ ഭയം ഉള്ളിൽ നിറഞ്ഞു നിന്നു. ഒരിക്കൽ എനിക്ക് വിചിത്രമായ ഒരു തോന്നൽ ഉണ്ടായി. ഡോക്ടർ കറാച്ചിയോളോ ആത്മഹത്യ ചെയ്തു എന്നതായിരുന്നു അത്. ഗുളികകൾ ഓവർഡോസ് കഴിച്ച് അദ്ദേഹം ആശുപത്രിയിൽ കിടക്കുന്നതോ മറ്റോ എന്‍റെ മനസ്സിലൂടെ തെളിഞ്ഞു കടന്നു പോയി. ഏതൊക്കെയോ ഉത്കണ്ഠകളിലൂടെ ട്രെയിനിങ്ങിന്‍റെ അവസാന കാലഘട്ടത്തിൽ പോകുന്ന മനസ്സിന്‍റെ വിങ്ങലായിട്ടേ ഞാൻ കണക്കാക്കിയുള്ളൂ. ആരോടും പറഞ്ഞില്ല. അപ്പോഴേയ്ക്കും എന്‍റെ ഭാര്യയായി കൂടെ വന്നിരുന്ന ആ ഭംഗിയുള്ള കണ്ണുകളുള്ള പെൺകുട്ടിയോടു പോലും..
അദ്ദേഹം തൂങ്ങി മരിച്ച വാർത്ത കേട്ടപ്പോൾ അതുകൊണ്ട് തന്നെ ഭീകരമായ ഡി ജാവു ( de javu ) ആണ് ഞാൻ അനുഭവിച്ചത്. ഈ വാർത്ത ഞാൻ കേട്ടതാണല്ലോ? അല്ലെങ്കിൽ എനിക്ക് തോന്നിയത് എന്തേ എനിക്ക് ആരോടും പറയാനും തോന്നിയില്ല എന്ന് എന്‍റെ മനസ്സ് കേണു.
ഏത് ദുരനുഭവങ്ങളിൽ കൂടെ കടന്നു പോകുമ്പോഴും അദ്ദേഹത്തിന്‍റെ മുഖം മനസ്സിൽ കത്തി നിന്നു
എന്നെ കൺസൾട്ടന്‍റാക്കാൻ കൊതിച്ച ഒരു പിതൃ മനസ്സ് എന്‍റെ വ്യക്തിപരമായ നഷ്ടമായിരുന്നു. മനസ്സ് മരവിപ്പിച്ച നഷ്ടങ്ങളുടെ പട്ടികയിൽ നിർണായകമായ ഒരു സംഭവമായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ഒരു പട്ടാളക്കാരന്‍റെ കൃത്യതയോടെ ജീവിതത്തെ അഭിമുഖീകരിച്ച മനഃശാസ്ത്രജ്ഞന് സ്വന്തം മനസ്സിന്‍റെ രോദനങ്ങളുടെ തള്ളലിൽ കടിഞ്ഞാൺ വിട്ടു പോയി. അത്യധികം കുടുംബ സ്നേഹിയായിരുന്നു. സ്വന്തം മകന് ഒരു ക്ഷമാപണക്കുറിപ്പ് എഴുതി വച്ചിട്ടായിരുന്നു അദ്ദേഹം സ്നേഹമയിയായ ഭാര്യയുടെ കണ്ണ് തെറ്റിയപ്പോൾ സ്വന്തം ബെൽറ്റ് ഉദ്യാനത്തിലെ മരക്കൊമ്പിൽ കുരുക്കി തൂങ്ങി നിന്നത്. അനേകായിരം മനുഷ്യരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ആൾക്ക് വിഷാദ രോഗത്തിന്‍റെ കടന്നാക്രമണത്തിൽ പിടി വിട്ടു പോയി. അദ്ദേഹം സ്വന്തം മകനായി എഴുതി വച്ച ക്ഷമാപണക്കുറിപ്പ് എനിക്ക് കൂടി ഉള്ളതായി തോന്നി.
"നീ എന്നോട് ക്ഷമിക്കണം, ഉയരങ്ങൾ നേടാൻ നിനക്ക് കഴിയട്ടെ"
എത്ര ഉയരങ്ങൾ താണ്ടിയാലും തല കുനിക്കേണ്ട അവസരങ്ങൾ ജീവിതത്തിലുണ്ടാവും എന്ന് എന്നെ പഠിപ്പിച്ച അനുഭവം. പിൽക്കാലത്ത് ജോലി സ്ഥലത്ത് ഏത് ദുരനുഭവങ്ങളിൽ കൂടെ കടന്നു പോകുമ്പോഴും അദ്ദേഹത്തിന്‍റെ മുഖം മനസ്സിൽ കത്തി നിന്നു. ജോലി സ്ഥലത്തെ 'ബുള്ളിയിങ്ങ് ' ( ഇംഗ്ലണ്ടിൽ സാധാരണമായ അവസ്ഥ) ഭൂരിഭാഗം സമയത്തും ഒരു ഫിലോസഫറുടെ മനഃശാന്തിയോടെ അതിജീവിക്കാൻ കഴിഞ്ഞിരുന്നു..