ആണിന്റെ ചൂരും ചൂടും കിട്ടാത്ത പെണ്ണുങ്ങളെല്ലാം വഴിപിഴച്ചു പോവുമോ?

നോക്കൂ, അവര്‍ക്കിപ്പോള്‍ ആണ്‍ ചൂരും ചൂടുമല്ല വിഷയം. ജീവിതത്തിന്റെ തീയാണ്. അതിന്റെ കത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതില്‍നിന്നുള്ള അതിജീവനമാണ്. പഴിക്കുകയും ആട്ടുകയും ചെയ്യുന്ന സമൂഹം തങ്ങള്‍ക്ക് അന്നം തരില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ടേക്ക് പോവാതെ വയ്യ അവര്‍ക്ക്. 

enikkum chilath parayanund sona

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund sona

ആണിന്റെ ചൂരും ചൂടും കിട്ടാത്ത പെണ്ണുങ്ങളെല്ലാം വഴിപിഴച്ചു പോവുമോ?  പലര്‍ക്കും അങ്ങനെ ഒരു വിചാരം ഉണ്ടെന്നു തോന്നുന്നു. ഫേസ്ബുക്ക് പോസ്റ്റുകളില്‍, വെറും പറച്ചിലുകളില്‍, പാഴ് കമന്റുകളില്‍ ഒക്കെ കാണാറുണ്ട്, അത്തരം വിചാരങ്ങളും അടക്കം പറച്ചിലുകളും. 

എന്നാല്‍ അറിയുക, അങ്ങനെയല്ല കാര്യങ്ങള്‍. അങ്ങനെ സാമാന്യവല്‍ക്കരിക്കാനാവില്ല പെണ്‍ജീവിതങ്ങളെ. അങ്ങനെ തോറ്റുപോവില്ല പെണ്‍ജന്മങ്ങള്‍. അത്ര അനായാസം തള്ളിക്കളയാനാവില്ല, സ്ത്രീകളുടെ അതിജീവനങ്ങള്‍. അതിനു നിങ്ങളറിയേണ്ട ഏറ്റവും പ്രാഥമികമായ കാര്യം ഇതാണ്: ഈ പറഞ്ഞ 'ചൂടും ചൂരും' അനുഭവിക്കാന്‍ യോഗമില്ലാത്ത പെണ്ണ് ഉലമേല്‍ അടിച്ചു പതപ്പിച്ച കത്തി പോലെ മൂര്‍ച്ച ഉള്ളവളും മിന്നല്‍പിണര്‍പോലെ ഊര്‍ജമുള്ളവളുമാണ്. അവളോട് അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമറിയാവുന്ന കാര്യമാണത്. എന്റെ കണ്‍മുന്നില്‍ത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് അത്തരം പല മനുഷ്യര്‍. കൂടപ്പിറപ്പിനേക്കാള്‍ സ്നേഹത്തോടെ കൂടെയുണ്ട്. 

രണ്ട് പെണ്‍കുഞ്ഞുങ്ങളെ കൊടുത്ത ശേഷം, 'എനിക്ക് ജീവിതം മടുത്തു' എന്നൊക്കെ  ഇല്ലാക്കാരണം പറഞ്ഞ് ഭര്‍ത്താക്കന്‍മാര്‍ ഒളിച്ചോടിപ്പോയിട്ടും, സമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തിയിട്ടും തളരാതെ മുന്നോട്ട് ജീവിക്കുന്ന എത്ര സ്ത്രീകളുണ്ടെന്നോ നമുക്ക് ചുറ്റിലും!

മാസമാസം വാടകയും മക്കളുടെ ഫീസുമടക്കാന്‍ പ്രാണന്‍ വാരിപിടിച്ചു ഓടിനടക്കുന്നു

തളര്‍ന്നു പോകാവുന്ന ചുറ്റുപാടായിരുന്നു അവര്‍ക്കു മുന്നിലുണ്ടായിരുന്നത്. ജീവിതം അവസാനിപ്പിക്കണമെന്നാര്‍ക്കും തോന്നാവുന്നത്ര കഠിനമായ യാഥാര്‍ത്ഥ്യങ്ങള്‍. എന്നാല്‍, അരികിലിരുന്ന് കരയുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തോ, നൊന്തുപെറ്റ നേരങ്ങളെ മറക്കാതെയോ അവര്‍ പിടിച്ചു നില്‍ക്കുന്നു. ഒരിക്കലും ആരുടെയും സഹായത്തിനു വേണ്ടി കൈ നീട്ടാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീട് പുലര്‍ത്തുന്നു. മാസമാസം വാടകയും മക്കളുടെ ഫീസുമടക്കാന്‍ പ്രാണന്‍ വാരിപിടിച്ചു ഓടിനടക്കുന്നു. കുഞ്ഞു ജീവന്‍ ഉദരത്തില്‍ സമ്മാനിച്ച്, സ്വന്തം കാര്യം മാത്രം നോക്കി പടിയിറങ്ങി, പിന്നീട് ഒരിക്കല്‍പോലും ആ കുഞ്ഞുമുഖമൊന്നു കാണാന്‍ പോലും കൂട്ടാക്കാതെ നടക്കുന്നവരുടെ മുന്നില്‍, തല ഉയര്‍ത്തി തന്നെ ജീവിതം നയിക്കുന്നു. 

നോക്കൂ, അവര്‍ക്കിപ്പോള്‍ ആണ്‍ ചൂരും ചൂടുമല്ല വിഷയം. ജീവിതത്തിന്റെ തീയാണ്. അതിന്റെ കത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതില്‍നിന്നുള്ള അതിജീവനമാണ്. പഴിക്കുകയും ആട്ടുകയും ചെയ്യുന്ന സമൂഹം തങ്ങള്‍ക്ക് അന്നം തരില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ടേക്ക് പോവാതെ വയ്യ അവര്‍ക്ക്. അങ്ങനെ തൊട്ടുമുന്നിലുള്ള ജീവിതം മാത്രം കണ്ട് മുന്നോട്ടേക്ക് നടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ നോക്കിയാണ് നിങ്ങളില്‍ പലരുടെയും 'ചൂടും ചൂരും' കമന്റുകള്‍ പൊട്ടിമുളക്കുന്നത്!

ഫേസ്ബുക്കില്‍ അവരെ അവമതിക്കാന്‍ കീ ബോര്‍ഡുകള്‍ ചലിപ്പിക്കുന്നവര്‍ക്ക് ഇതൊക്കെ അറിയാമോ? ഇത്തരം സ്ത്രീകള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് അറിയാമോ? അവരുടെ അതിജീവന യുദ്ധങ്ങളുടെ പൊള്ളുന്ന വഴികള്‍ എന്നെങ്കിലും നിങ്ങള്‍ക്ക് മനസ്സിലാവുമോ? 

ഇക്കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം നിങ്ങളെന്താണ് ചെയ്യുന്നത്? ആണ്‍കൂട്ടില്ലെന്ന് തോന്നിയാലും ഇല്ലെങ്കിലും, മുന്നില്‍ പച്ച വെളിച്ചം കത്തിയാലും ഇല്ലെങ്കിലും, ഒരുവള്‍ വെറുതേ ഫേസ്ബുക്കൊന്നു തുറന്നുപോയാല്‍ നിങ്ങളെന്താണ് ചെയ്യുന്നത്. പെണ്ണുങ്ങളുടെ ഇന്‍ബോക്സുകളിലേക്ക് വരി വരി ആയി ക്ഷേമമനേഷിച്ചു വരുന്ന, മറുപടി ഇല്ലെങ്കില്‍ വീഡിയോ കാള്‍ ചെയ്യാന്‍ ചളിപ്പില്ലാത്ത പാതിരാക്കോഴികള്‍ മാത്രമായി നിങ്ങളില്‍ ചിലരെങ്കിലും മാറുന്നത്, കണ്ണുതുറന്ന് ഈ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കഴിയാഞ്ഞിട്ടു തന്നെയാണ്. ആണിന്റെ ചൂടും ചൂരും മാത്രമാണ് ഒരു പെണ്ണിനെ ജീവിപ്പിക്കുന്നതെന്ന അന്ധവിശ്വാസത്തില്‍ മനസ്സുകളില്‍ പടുത്തുയര്‍ത്തിയ ഫാന്റസികളും പെര്‍വേഷനുമാണ്  നിങ്ങളെ പാതിരാവുകളില്‍ കൂവുന്ന പൂവന്‍ കോഴികളാക്കി മാറ്റുന്നത്. 

അങ്ങനെയൊരു മനസ്സുകൂടി ആ മനുഷ്യര്‍ക്കുണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്

ഉടലുകള്‍ക്കപ്പുറം അത്തരം സ്ത്രീകളുടെ മനസുകളിലേക്ക് നിങ്ങളാരെങ്കിലും ഒന്നു പാളി നോക്കാറുണ്ടോ? ജോലി കഴിഞ്ഞു വന്നു ക്ഷീണം കൊണ്ടുറങ്ങുന്നതിനുമുമ്പ്, ചുറ്റും എന്തൊക്കെ നടന്നു എന്നറിയാന്‍ വെറുതെ പോസ്റ്റുകളില്‍ കണ്ണോടിക്കാന്‍ വരുന്ന ആ സ്ത്രീകളുടെ മനസ്സറിയുന്നുണ്ടോ? അങ്ങനെയൊരു മനസ്സുകൂടി ആ മനുഷ്യര്‍ക്കുണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്?

ഉണ്ടെങ്കിലേ നിങ്ങള്‍ക്ക് മനസ്സിലാവൂ, അവര്‍ വരുന്നത് ഇണയെത്തേടിയല്ലെന്ന്. അപ്പോഴേ തിരിച്ചറിയാനാവൂ, അവള്‍ ജീവിക്കുന്ന ജീവിതത്തിന്റെ കനല്‍പ്പാത. ചാറ്റിനു മറുപടി തന്നില്ലെങ്കില്‍,  ജാഡ, പിഴ എന്നൊക്കെ പറഞ്ഞ് മോങ്ങുന്നതിനു പകരം, അവള്‍ക്ക് അങ്ങനെയേ പെരുമാറാനാവൂ എന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അതാവും ജീവിതം കൊണ്ട് നിങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പാഠം. 

അറിയുക, ആരുമില്ലെന്നു തോന്നുന്ന നിമിഷം മുതല്‍ മനസിനു കാരിരുമ്പിന്റെ കരുത്താര്‍ജിക്കാന്‍ കഴിയുന്ന അപൂര്‍വ്വ സൃഷ്ടിയാണ് സ്ത്രീ. അവള്‍ക്കു ജീവിക്കാന്‍ നിങ്ങളാരുടെയും സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണ്ട.
 

Latest Videos
Follow Us:
Download App:
  • android
  • ios