ഒരു ദൈവത്തെ പോലെ അദ്ദേഹം വന്നു, വിശപ്പിനാല്‍ വലഞ്ഞ എനിക്ക് ഭക്ഷണം തന്നു...

തണുത്ത് വിറച്ച് ഞാന്‍ ക്യാമ്പ് ബോസ്സിന്‍റെ അടുത്തേക്ക് ചെന്നു (ക്യാമ്പ് ബോസ് ആണ് ഞങ്ങളുടെ ക്യാമ്പിലെ അല്ലെങ്കില്‍ താമസസ്ഥലത്തിലെ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിക്കുന്നത്) "എനിക്ക് നല്ല പനി, അതിനാൽ ഇന്ന് ഡ്യൂട്ടിക്ക് പോകാൻ കഴിയില്ല എന്ന് പറയുക ആണ് ഞാൻ.

deshantharam raj babu t

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam raj babu t

2010 ജനുവരിയിൽ ആണ് ഞാൻ പ്രവാസ ജീവിതം തുടങ്ങുന്നത്. എല്ലാവരെയും പോലെ കുറെ സ്വപ്നങ്ങളും ആയിത്തന്നെയാണ് ഞാനും ദുബായിൽ എത്തിയത്. എന്‍റെ ഒരു സുഹൃത്ത് രാജേഷ്, അവന്‍റെ ആത്മാർത്ഥ ശ്രമം കൊണ്ടാണ് ഇന്ന് എനിക്ക് ഈ കുറിപ്പ് ഷാർജയിൽ ഇരുന്ന് എഴുതാൻ കഴിഞ്ഞത്. അതുപോലെ എന്നെ ഇവിടെ വരാൻ സഹായിച്ച എന്‍റെ മറ്റു സുഹൃത്തുക്കൾ ആയ ഹരി, അനിൽ, സന്തോഷ് (കൂടെ ജോലി ചെയ്തവർ ആണ് കേട്ടോ) പിന്നെ എന്‍റെ കസിൻ, അതുപോലെ എന്നെ ആ കമ്പനിയിലേക്ക് എടുക്കാൻ സഹായിച്ച സന്തോഷ്, സാലി... അങ്ങനെ നന്ദി പറയാൻ ഇപ്പോഴും കുറേപേരുണ്ട്... എല്ലാവരെയും ഓർക്കുന്നു ഇപ്പോഴും, എപ്പോഴും... എന്നാല്‍, അതുപോലെ ഓര്‍ക്കുന്ന ഒരു അപരിചിതനുമുണ്ട്.

ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആയി ആണ് ഞാൻ പ്രവാസജീവിതം തുടങ്ങിയത്. ദുബായ് അല്ലേ, നല്ല ഒരു ഷോപ്പിംഗ് മാളിൽ ആണ് ഡ്യൂട്ടി. നൈറ്റ് ഡ്യൂട്ടി ആയിരുന്നു... 12 മണിക്കൂർ ആണ് ഡ്യൂട്ടി. പക്ഷെ പലദിവസവും 13, 14 മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. ഇത്രയും മണിക്കൂറിനുള്ളിൽ ആകെ ഒന്ന്  ഇരിക്കാന്‍ കഴിയുന്നത് വെറും 40 മിനിറ്റ് മാത്രമാണ്. കാരണം ഇരിക്കാൻ ഉള്ള സ്ഥലത്തേക്ക് ഏഴ് മുതൽ 10 മിനിറ്റ് വരെ നടക്കണം. ആ ദിവസങ്ങളിൽ 'സേഫ്റ്റി ഷൂ' ആയിരുന്നു എന്‍റെ പാദരക്ഷകൾ, രാവിലെ ക്യാമ്പിൽ വന്നിട്ട് എന്‍റെ കാലുകളെ സേഫ്റ്റിയിൽ നിന്നും പുറത്തെടുക്കുമ്പോൾ ഒന്നിനോടും ഉപമിക്കാൻ കഴിയാത്ത ഒരു ഗന്ധം ആണ്. അതുപോലെ തന്നെ എന്നെ ആശ്ചര്യപ്പെടുത്തി എന്‍റെ കാൽപ്പാദങ്ങൾ... എന്താ സോഫ്റ്റ്നെസ്സ്... ഒന്ന് തലോടാൻ ആരും കൊതിച്ച പോകും. 

അതുപോലെ അന്നുതന്നെയാകും ഞാൻ എല്ലാ ദൈവങ്ങളെയും ഭക്ഷണത്തിന് വേണ്ടി വിളിച്ചത്

300 ദിർഹം ആണ് അന്ന് ഭക്ഷണം കഴിക്കാനും മറ്റ് ചിലവുകൾക്കും ആയി കമ്പനി തരുന്നത്. എല്ലാ പ്രവാസികളെയും പോലെ ഞാനും വീട്ടിലേക്കും, സുഹൃത്തുക്കളെയും ദിവസവും ഫോൺ വിളിക്കുമായിരുന്നു. ഗള്‍ഫിലെ വീരസാഹസിക കഥകൾ പറയാൻ. അന്ന് ഫോൺ വിളിയിൽ ആയിരുന്നു ആനന്ദം കണ്ടിരുന്നത്. ഈ ആനന്ദങ്ങൾക്കിടയിൽ കയ്യിലിരുന്ന 300 ദിര്‍ഹം, ചിലവായി കഴിഞ്ഞത് ഞാൻ പോലും അറിഞ്ഞിരുന്നില്ല... അതിനിടയിൽ കാലാവസ്ഥയുടെ വ്യതിയാനം മൂലം ഒരു ചെറിയ പനിയും പിടിപ്പെട്ടു. അന്നായിരുന്നു എനിക്ക് 'ഇംഗ്ലീഷ്' ഭാഷ ജീവിതത്തിൽ ഏറ്റവും കൂടുതൽ അനിവാര്യം ആയി വന്നത്. 

തണുത്ത് വിറച്ച് ഞാന്‍ ക്യാമ്പ് ബോസ്സിന്‍റെ അടുത്തേക്ക് ചെന്നു (ക്യാമ്പ് ബോസ് ആണ് ഞങ്ങളുടെ ക്യാമ്പിലെ അല്ലെങ്കില്‍ താമസസ്ഥലത്തിലെ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിക്കുന്നത്) "എനിക്ക് നല്ല പനി, അതിനാൽ ഇന്ന് ഡ്യൂട്ടിക്ക് പോകാൻ കഴിയില്ല എന്ന് പറയുക ആണ് ഞാൻ. ഇംഗ്ലീഷ്, ഹിന്ദി ഈ രണ്ട്‌ ഭാഷ ആണ് അദ്ദേഹത്തിന് മനസിലാവുന്നത്. കാരണം അദ്ദേഹം ഒരു പാക് പൗരന്‍ ആയിരുന്നു. ഉള്ളിൽ നല്ല പനിയും അതുപോലെ നല്ല പേടിയും ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ ആണ് ഞാൻ അന്ന് പ്രയോഗിച്ചത്.

ആ സമയത്ത് ലൗണ്ടറിയിൽ യൂണിഫോം കൊടുക്കാൻ വന്നവർക്ക് എന്‍റെ ഭാഷാ പ്രയോഗം കണ്ടപ്പോള്‍, 'ശ്രീ ഹള്ളിയിൽ പോകുന്ന വളീ' എന്ന സീൻ ആകും ഓർമ്മ വന്നത്. അടക്കി പിടിച്ച ചിരിയും ആയി ഒരു ചേട്ടൻ (സുഹൃത്ത്) എന്‍റെ അടുത്ത് വന്നു കാര്യം എന്താണെന്നു ചോദിച്ചു. ഞാൻ വളരെ വിഷമത്തോടെ കൂടി കാര്യം പറയുകയും അദ്ദേഹം അതെ ക്യാമ്പ്ബോസ്സിന് പരിഭാഷ ചെയ്ത് കൊടുക്കുകയും ചെയ്‌തു. സാല മലബാറി എന്നും പറഞ്ഞു ക്യാമ്പ് ബോസ് ലീവ് എടുത്തോളാനും പറഞ്ഞു. അന്നുമുതൽ ഇംഗ്ലീഷ് എത്രയും പെട്ടെന്ന് തന്നെ സംസാരിക്കാൻ പഠിക്കണം എന്ന് ഞാൻ ശപഥം ചെയ്തു.

അടുത്ത ദിവസം സിക്ക് ലീവ് കഴിഞ്ഞ് ഞാൻ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ലോഡിംഗ് ബൈ ഏരിയയിൽ ആയിരുന്നു ഡ്യൂട്ടി. കയ്യിൽ ഉള്ളത് രണ്ട് പഴം... അഡ്വാൻസ് കിട്ടിയ 300 ദിർഹത്തിന്‍റെ അവസാനത്തെ കണ്ണിയായ ഒരു ദിർഹം കൊണ്ട് വാങ്ങിയതാണ് ഞാൻ. പനിയുടെ ടാബ്‌ലെറ്റ് കഴിച്ചത് കൊണ്ടാവും എന്തെന്നില്ലാത്ത വിശപ്പ് ഉള്ളത് കൊണ്ട് ബ്രേക് ടൈം വരെ ഞാൻ വെയിറ്റ് ചെയ്തില്ല. പരിസരത്തെങ്ങും ആരുമില്ല എന്ന് ഉറപ്പു വരുത്തി ആ പഴം ഞാൻ കഴിച്ചു. അന്നും പതിവ് പോലെ സ്റ്റാന്‍റിംഗ് ഡ്യൂട്ടി ആയിരുന്നു. കെനിയക്കാരൻ ആയ സൂപ്പർവൈസർ ഓരോ മണിക്കൂർ  ഇടവിട്ട് പട്രോളിങ്ങിന് വരുമായിരുന്നു. അതുകൂടാതെ ഞങ്ങൾ എല്ലാ സെക്യൂരിറ്റി ജീവനക്കാരും കാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ ആയിരുന്നു. 

കണ്ണിൽ നല്ലപോലെ ഉറക്കം വരുന്നുണ്ടായിരുന്നു. രാത്രി 11 മണി ആയിക്കാണും, ഉറക്കവും വിശപ്പും എന്നെ തളർത്തി. ആ തളർച്ച എന്നെ ഫസ്റ്റ് ബ്രേക്ക് എടുക്കാൻ പ്രേരിപ്പിച്ചു. ഉടൻ തന്നെ റേഡിയോയിൽ കൂടി ബ്രേക്ക് എടുക്കാൻ റിലീവര്‍ വേണം എന്ന് ഞാൻ ആവശ്യപ്പെട്ടു. ഈ വാചകം ഞാൻ ആദ്യം തന്നെ കാണാതെ ഇംഗ്ലീഷിൽ പറയാൻ പഠിച്ചിരുന്നു. അതിന് പുറമെ രണ്ട് മണിക്ക് അന്നത്തെ അവസാനത്തേതും രണ്ടാമത്തേതും ആയ ബ്രേക്ക് ഞാൻ എടുത്തു. മോർണിംഗ് 08:30 വരെ ആണ് ഡ്യൂട്ടി... ഞാൻ ആകെ തളർന്നു.  ഒരുപക്ഷെ, എന്‍റെ ജീവിതത്തിൽ വിശപ്പ് ഇത്രയും എന്നെ തളർത്തിയ വേറെ ഒരു നിമിഷം ഉണ്ടാവില്ല. അതുപോലെ അന്നുതന്നെയാകും ഞാൻ എല്ലാ ദൈവങ്ങളെയും ഭക്ഷണത്തിന് വേണ്ടി വിളിച്ചത്. അങ്ങനെ ഒരുവിധം സമയം തള്ളി നീക്കി... എങ്കിലും സമയം പോകുന്നുണ്ടോ എന്നു ഉറപ്പുവരുത്താൻ ഞാൻ കയ്യിലുള്ള മൊബൈലിൽ എപ്പോഴും നോക്കുമായിരുന്നു. 

അപ്പോഴതാ എന്‍റെ മുന്നിൽ ഒരു മലയാളിച്ചേട്ടൻ... അദ്ദേഹം തന്‍റെ വാഹനത്തിൽ നിന്ന് എന്നെ കൈകാട്ടി വിളിച്ചു. സമയം 05:30 ആയിക്കാണും. തളർച്ച ഒന്നും തന്നെ മുഖത്ത് പ്രകടമാകാതെ ഒരു സെക്യൂരിറ്റികാരന്‍റെ പവറിൽ ഞാൻ അദ്ദേത്തിന്‍റെ അടുത്തേക്ക് ചെന്നു. അതൊരു ഫുഡ് ഡെലിവറി വാൻ ആയിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു "മലയാളി ആണല്ലേ?'' ഞാൻ ''അതെ!'' എന്ന് പറഞ്ഞു. ''സർ (ബഹുമാനം തരാറുണ്ട് സെക്യൂരിറ്റിക്കാര്‍ക്ക്) എന്‍റെ കയ്യിൽ ഒരു സാൻഡ്‌വിച്ച് ഉണ്ട്. രണ്ടെണ്ണം ഉണ്ടായിരുന്നു. ഒന്നു ഞാൻ കഴിച്ചു. ഇത് കയ്യിൽ വച്ചാൽ കുറച്ചു കഴിഞ്ഞു തണുത്ത് പോകും. ഒന്നും വിചാരിക്കല്ലേ...'' എന്ന് പറഞ്ഞ് എന്‍റെ മുന്നിലേക്കു വച്ച് നീട്ടി. ഞാൻ എന്‍റെ മുഖത്തെ ഭാവങ്ങൾ ഒന്നും തന്നെ മാറ്റാതെ ആ സാൻഡ്‌വിച്ച് വാങ്ങി. മുഖത്തെ ഭാവം മാറ്റിയില്ലെങ്കിലും മനസ്സിൽ ഒരുപാട് സന്തോഷവും ആ ചേട്ടനോട് വളരെ അധികം നന്ദിയും കടപ്പാടും തോന്നി. 

പക്ഷെ, കാമറ കണ്ണുകൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ അവിടെ നിന്ന് കഴിക്കാൻ ഉള്ള ശ്രമം ഞാൻ വേണ്ടെന്നു വച്ചു

ആ ചേട്ടൻ അപ്പോൾ തന്നെ പോവുകയും ചെയ്തു. എന്‍റെ കണ്ണ് നിറഞ്ഞു, സന്തോഷം കൊണ്ടാണോ എന്ന് അറിയില്ല... ഞാൻ ആകാശത്തേക്ക് നോക്കി എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു. ഉടൻ തന്നെ ആരും കാണാതെ ഞാൻ ആ സാൻഡ്‌വിച്ച് കഴിക്കാൻ ശ്രമിച്ചു. പക്ഷെ, കാമറ കണ്ണുകൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ അവിടെ നിന്ന് കഴിക്കാൻ ഉള്ള ശ്രമം ഞാൻ വേണ്ടെന്നു വച്ചെങ്കിലും വിശപ്പും തളർച്ചയും എന്നെ ആ സാൻഡ്‌വിച്ച് കഴിക്കാൻ നിർബന്ധിച്ചു. വേറെ ഒരു മാർഗവും ഇല്ലാതെ വന്നപ്പോള്‍ ലോഡിങ് ബേ ഏരിയായിൽ ഉള്ള ടോയ്‌ലെറ്റിൽ കയറി ഞാൻ അതു കഴിച്ചു!

അൽപനേരം ഒന്ന് വിഷമിച്ചെങ്കിലും ഒരു ആവശ്യഘട്ടത്തിൽ ദൈവം കൈവിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസിനും ശരീരത്തിനും നല്ല ഒരു ഉന്മേഷം തോന്നി. ഈ പ്രപഞ്ചത്തിൽ ആർക്കും ഭക്ഷണത്തിനു വേണ്ടി അലയാൻ ഇനി ഇതേപോലെ ഒരു അനുഭവം ഉണ്ടാകാൻ ഇടയാവരുതേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios