വൈദികനില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല; കന്യാസ്ത്രീമഠത്തിലെ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ദയാബായി
പിന്നീട് ഇദ്ദേഹത്തെ നേരിടേണ്ടി വരുമ്പോഴെല്ലാം പേടിയായിരുന്നു. മെഴുകുതിരി കത്തിച്ച് മെഴുക് ദേഹത്ത് ഉരുക്കിയൊഴിക്കുമായിരുന്നു. മുറിവുകൾ കണ്ടാൽ ഉപദ്രവിക്കാതിരുന്നാലോ എന്ന തോന്നലിലാണ് അന്നങ്ങനെ ചെയ്തത്
തിരുവനന്തപുരം: കോൺവെന്റ് പഠനകാലത്ത് തനിക്ക് വൈദികനിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാമൂഹ്യപ്രവർത്തകയായ ദയാബായി. ലേഖന സമാഹാരത്തിലെ 'ദയാബായി ദ് ലേഡി വിത്ത് ഫയർ' എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പതിനാറാമത്തെ വയസ്സിലാണ് ഇവർ കോൺവെൻറിലെത്തുന്നത്. എന്നാൽ സഭാവസ്ത്ര സ്വീകരണത്തിന് മുമ്പുള്ള ഫോർമേഷൻ സമയത്ത് ദയാ ബായി മഠത്തിൽ നിന്നും പോരുകയാണുണ്ടായത്.
'കേരളത്തിൽ വച്ചാണ് എനിക്കീ ദുരനുഭവമുണ്ടായത്. ആ മഠത്തിന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനന്ന് മഠത്തിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. എനിക്ക് ബഹുമാനമുണ്ടായിരുന്ന ഒരു മുതിർന്ന വൈദികനാണ് എന്നോട് മോശമായി പെരുമാറിയത്. അശ്ലീലമായി സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് ഷോക്കായിപ്പോയി. കാരണം ഒരിക്കലും അത്തരമൊരു പ്രവർത്തി അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. കരഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്ന് ഓടിപ്പോയി.' ദയാബായി വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുന്നു.
പിന്നീട് ഇദ്ദേഹത്തെ നേരിടേണ്ടി വരുമ്പോഴെല്ലാം പേടിയായിരുന്നു. മെഴുകുതിരി കത്തിച്ച് മെഴുക് ദേഹത്ത് ഉരുക്കിയൊഴിക്കുമായിരുന്നു. മുറിവുകൾ കണ്ടാൽ ഉപദ്രവിക്കാതിരുന്നാലോ എന്ന തോന്നലിലാണ് അന്നങ്ങനെ ചെയ്തത്. അന്നതൊരു രക്ഷാമാർഗമായി തോന്നിയെന്നും ദയാബായി പറയുന്നു. പിന്നീട് പലരിൽ നിന്നും ഈ വൈദികനെക്കുറിച്ച് മോശം വാർത്തകൾ കേട്ടിരുന്നു. മറ്റ് കന്യാസ്ത്രീകളുടെ അടുത്തും ഇയാൾ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. സഭ തന്നെ ഈ വൈദികനെ പിന്നീട് പുറത്താക്കുകയായിരുന്നു.
സഭയിൽ ആത്മീയതയുടെ ജീർണ്ണതയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സുഖലോലുപതയും ആഡംബര ജീവിതവും മുമ്പത്തേക്കാൾ വർദ്ധിച്ചിരിക്കുന്നു. മിഷണറിയാകുക എന്നതായിരുന്നു മഠത്തിൽ ചേരാൻ തീരുമാനിക്കുമ്പോൾ ആഗ്രഹം. എന്നാൽ സഭ ആവശ്യപ്പെടുന്നത് അതൊന്നുമല്ല എന്ന് പിന്നീട് മനസ്സിലായി. കല്ലും മുള്ളും നിറഞ്ഞ പാതകളൊന്നും സ്വീകരിക്കാൻ സഭാംഗങ്ങൾ ആരും തയ്യാറായിരുന്നില്ല. അന്നും അവരുടെ ചെയ്തികൾ സഹിക്കാൻ കഴിയാതെയാണ് കന്യാസ്ത്രീയാകുന്നതിന് മുമ്പ് തന്നെ ഫോർമേഷൻ സമയത്ത് പുറത്ത് പോകുന്നത്.
'ജലന്ധർ ബിഷപ്പിന്റെ കേസിൽ സഭയിൽ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ എന്തിനാണ് സഭയുടെ നീതി. ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തിട്ടില്ലേ? പിന്നെന്താ ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ? ദയാബായി ചോദിക്കുന്നു. നിയമത്തിന്റെ പിൻബലമാണ് കന്യാസ്ത്രീയ്ക്ക് വേണ്ടത്. എന്റെ കാര്യം വർഷങ്ങൾക്ക് ശേഷമാണ് തുറന്നു പറഞ്ഞത്. അന്ന് ആരോടെങ്കിലും തുറന്നു സംസാരിക്കാൻ പോലും ഭയമായിരുന്നു. അതുകൊണ്ടാണ് പൊള്ളിക്കാനൊക്കെ പോയത്. എന്നാൽ ഇന്ന് ആ കന്യാസ്ത്രീക്ക് പിന്തുണ നൽകി ധാരാളം പേർ കൂടെയുണ്ട്. സത്യം ജയിക്കേണ്ടതും അവർക്ക് നീതി ലഭിക്കേണ്ടതുമാവശ്യമാണ്.' ദയാബായി പറയുന്നു.