അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും യുഎസ് ചാഡ്സും; അറിയാം ചരിത്രം

ചാഡ്സുകളും തപാല്‍ വോട്ടുകളും എണ്ണിക്കഴിയാന്‍ ഏറെ താമസമെടുക്കും. ഒപ്പം ഓരോ സംസ്ഥാനത്തും ഓരോ തരത്തിലാണ് വോട്ടെണ്ണല്‍ എന്നുള്ളത് ഫലപ്രഖ്യാപനം നീളാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

US Presidential election results and US Chads


യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നവംബർ 5 നാണ്. പക്ഷേ, ഫലം അന്നുതന്നെ അറിയണമെന്നില്ല. ആദ്യത്തെ ഫലസൂചനകൾ മാറിമറിയും. ചുവപ്പ് നീലയാവും, നീല ചുവപ്പാവും. ചുരുക്കത്തിൽ ദിവസങ്ങളെടുത്തേക്കും വിജയിച്ചത് ആരെന്നറിയാൻ. കാരണം, പേപ്പർ ബാലറ്റുകളാണ് എണ്ണേണ്ടത്. അമേരിക്കയിലെ പേപ്പർ ബാലറ്റുകളുടെ കഥ പറയുമ്പോൾ ആദ്യമോർക്കുന്നത് ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പാണ്. ബുഷ് - അൽഗോർ പോരാട്ടം.

2000 -ലെ ജോർജ് ബുഷ് - അൽഗോർ മത്സരം രാജ്യം മാത്രമല്ല, ലോകം മുഴുവൻ ആകാംക്ഷയോടെ ദിവസങ്ങൾ കാത്തിരുന്നും ഫലമറിയാൻ. പക്ഷേ,  ഫ്ലോറിഡയിലെ ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പർ തുണ്ടുകൾ നോക്കി നോക്കി ദിവസങ്ങൾ തള്ളിനീക്കി. ഫ്ലോറിഡയിലെ മാത്രം ഫലമാണ് ബുഷിനെ തുണച്ചതും. അതും ഒരു നിയമയുദ്ധം വരെ എത്തിയശേഷം. രണ്ടുപേരും തമ്മിലെ വോട്ട് വ്യത്യാസം തീരെ കുറഞ്ഞതോടെ സംസ്ഥാന നിയമമനുസരിച്ച് റീകൗണ്ട് വേണ്ടിവന്നു. അതിലാണ് ഉദ്യോഗസ്ഥ‌ർ കുഴഞ്ഞത്. 

യുഎസ് 'ചാഡ്‍സ്' 

അന്ന് ഫ്ലോറിഡയിൽ ഉപയോഗിച്ചിരുന്നത് പേപ്പർ ബാലറ്റുകളാണ്. ചാഡ്സ് (Chads) എന്ന് വിളിക്കുന്ന പേപ്പർ തുണ്ടുകൾ. ബാലറ്റുകളോട് ചേർത്തുകെട്ടിയിരുന്ന ഈ പേപ്പറുകൾ പഞ്ച് ചെയ്താണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. പൂർണമായി പഞ്ച് വീണാൽ കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് എണ്ണാം. പക്ഷേ ചിലപ്പോൾ അത് പൂർണമായി വേർപെടില്ല, തൂങ്ങിക്കിടക്കും. ഇത്തരത്തില്‍ പകുതി പഞ്ച് വീണത് ഹാംങ്ങിംഗ് ചാഡ്സ് (Hanging chads). പഞ്ച് വീഴാതെ അതിന്‍റെ അടയാളം മാത്രം വീണത് പ്രഗ്നന്‍റ് ചാഡ്സ് (Pregnant chads). പിന്നെ ഓവർവോട്ട്സും (Overvotes), അണ്ടർവോട്ടുകളും (Undervotes). പല വോട്ടുകൾ ഒരേ സ്ഥാനത്തിന് വീണാൽ ഓവ‍ർവോട്സ്. ഒരു സ്ഥാനത്തിന് വോട്ടേ വീഴാതിരുന്നാൽ അത് അണ്ടർവോട്സ്. 

ബുഷിന്‍റെ വിജയ പ്രഖ്യാപനം

ഇതൊന്നുംമ പോരാതെ പാം ബീച്ച് കൌണ്ടിയില്‍ (Palm beach county) അന്ന് ഉപയോഗിച്ചത് ബാലറ്റിന്‍റെ മാതൃകയും. ചില വോട്ടർമാർക്ക് ആശയക്കുഴപ്പമായി. അങ്ങനെ മൂന്നാമത്തെ സ്ഥാനാർത്ഥിയായ  പാറ്റ് ബുച്ചാനും (Pat Buchanan) കിട്ടി കുറേ വോട്ടുകൾ. ഒടുവിൽ, 537 വോട്ടുകൾക്ക് ബുഷ് വിജയിയെന്ന് പ്രഖ്യാപിച്ചു, പക്ഷേ, നിയമയുദ്ധം തീർന്നില്ല. ഒടുവിൽ, ഫ്ലോറിഡ സുപ്രീംകോടതി മാനുവൽ റീകൗണ്ടിംഗ് ഉത്തരവിട്ടു. അതും 45,000 വരുന്ന അണ്ടർവോട്ടുകളുടെ മാത്രം. വോട്ട് വീഴാത്ത ചാഡ്സ് എണ്ണുക, ഉടനെ ബുഷ് സംഘം അമേരിക്കൻ സുപ്രീംകോടതിയിൽ പോയി. അത് സ്റ്റേ ചെയ്തു. ഡിസംബർ 18 ആയിരുന്നു സംസ്ഥാന ഇലക്ടർമാർ ഫലം സർട്ടിഫൈ ചെയ്യേണ്ട അവസാന ദിവസം. അതിനുമുമ്പ് സംസ്ഥാനമാകെയുള്ള വോട്ടുകൾ വീണ്ടും എണ്ണിത്തീരില്ലെന്നത് കൊണ്ട് അമേരിക്കൻ സുപ്രീംകോടതി, ഫ്ലോറിഡ സുപ്രീംകോടതി വിധിക്ക് വിപരീതമായ നിലപാടെടുത്തു. അങ്ങനെ ബുഷ് വിജയിച്ചു. പക്ഷേ, അൽഗോറാണ് പോപ്പുലർ വോട്ട് നേടിയത്, ബുഷിനേക്കാൾ 5 ലക്ഷം കൂടുതൽ. ഇലക്ടറൽ വോട്ടുകൾ ബുഷിന് 271. അല്‍ഗോറിന് 266. വിജയിക്കാൻ വേണ്ടത് 270 ഉം. 1888 -ന് ശേഷം ആദ്യമായി അന്നാണ് പോപ്പുലർ വോട്ടും ഇലക്ടറൽ വോട്ടും രണ്ടായത്.

US Presidential election results and US Chads

അവസാന ലാപ്പിന്‍റെ തുടക്കത്തിൽ ലീഡ് കുറഞ്ഞ് കമല, ഒപ്പത്തിന് ട്രംപ്; ഉണ്ടാകുമോ ഒരു ഒക്ടോബർ സര്‍പ്രൈസ്

ഇലക്ട്രോണിക് വോട്ടിംഗും തര്‍ക്കങ്ങളും 

പക്ഷേ, അതോടെ ഇലക്ട്രോണിക് വോട്ടിലേക്ക് തിരിയാൻ യുഎസ് തീരുമാനിച്ചു. ഹവാ (HAVA) എന്ന ഹെൽപ്പ് അമേരിക്ക വോട്ട് ആക്ട് (Help America Vote Act.) എന്ന ചട്ടം നിലവിൽ വന്നു.  ഡിആര്‍ഇ (DRE) എന്ന വോട്ടിംഗ് മെഷീനുകളിലേക്ക് മാറുന്നതായിരുന്നു മാറ്റങ്ങളിൽ പ്രധാനം. 3 ബില്യനാണ് ഇതിനായി മാറ്റിവച്ചത്.  ഡിആര്‍ഇ ഉപയോഗം കൂടി, പക്ഷേ, വിമർശനവും കൂടിവന്നു. കമ്പ്യൂട്ടറുകളിൽ ഹാക്കിംഗ് എളുപ്പമെന്ന അവിശ്വാസത്തിന് കോൺഗ്രസും കുടപിടിച്ചു.

2016 -ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ആരോപണവും ഉയർന്നു. അതിനൊന്നും തെളിവ് കിട്ടിയില്ലെങ്കിലും മെഷീൻ വോട്ടുകൾക്ക് ഒരു 'ബാക്ക് അപ്പ്' ആവശ്യം എന്ന ആലോചന തുടങ്ങി. 2016 -ൽ ഡിഇആര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 22 ശതമാനമായിരുന്നെങ്കില്‍ 2020 -ൽ അത് വെറും 9 ശതമാനമായി താഴ്ന്നു.

ജോർജിയയിലെ തെരഞ്ഞെടുപ്പും ട്രംപിന്‍റെ ആരോപണങ്ങളുമാണ് പേപ്പർ വോട്ടിംഗിനോട് പിന്നെയും അടുപ്പിച്ചത്. 2020 വരെ പേപ്പറില്ലാത്ത വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച ജോജിയ 2020 -ൽ മെഷീനുകളിൽ വോട്ട് രേഖപ്പെടുത്തി. അത് പേപ്പർ ബാലറ്റിൽ പ്രിന്‍റ് ചെയ്യുന്ന രീതി നടപ്പാക്കി. സ്കാൻ ചെയ്ത് എണ്ണുന്നത് മറ്റൊരു മെഷീൻ. ട്രംപ് അട്ടിമറിയാരോപിച്ചത് ജോർജിയയിലെ വോട്ടെണ്ണലിലാണ്. പക്ഷേ, പേപ്പർ ബാലറ്റുകൾ എണ്ണി അത് തെറ്റെന്ന് തെളിയിച്ചു ഉദ്യോഗസ്ഥർ. അങ്ങനെ ട്രംപ് കുടുങ്ങി. ട്രംപിനെതിരെയുള്ള ഒരു കേസായി അത് മാറി. 

മെഷീനുകൾ മാത്രം ഉപയോഗിക്കുന്ന കൗണ്ടികൾ ആറ് സംസ്ഥാനങ്ങളിലുണ്ട്. പക്ഷേ, അവയെല്ലാം വ്യക്തമായ റിപബ്ലിക്കൻ പക്ഷക്കാര്‍, അല്ലെങ്കിൽ ഡമോക്രാറ്റിക് ചായ്‍വുള്ള സംസ്ഥാനങ്ങളാണ്. അതുകൊണ്ട് തർക്കം ഉണ്ടാവാൻ സാധ്യതയും കുറവ്. മെഷീനുകളെ മാത്രം ആശ്രയിക്കുന്ന നിർണായക സംസ്ഥാനങ്ങളിലെ ആറ് കോൺഗ്രഷണൽ ഡിസ്ട്രിക്ടുകളുമുണ്ട്. അവിടെ തർക്കം വന്നാൽ എണ്ണാൻ പേപ്പർ ബാലറ്റില്ല. ഇനി പേപ്പർ ബാലറ്റാണെങ്കിലും സ്കാനിംഗ് മെഷീനായത് കൊണ്ട് അതിലും അട്ടിമറിയാകാമെന്ന് വാദിക്കുന്നവരുണ്ട്.

US Presidential election results and US Chads

യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ

പേപ്പര്‍ ബാലറ്റ്

പേപ്പർ ബാലറ്റുകളായതിനാല്‍ (Paper Ballots) വോട്ടുകൾ എണ്ണിത്തീരാൻ താമസിക്കും. അതുകൊണ്ട് ഫലമറിയാൻ ദിവസങ്ങൾ കഴിയും. 2020 -ലെ തെരഞ്ഞെടുപ്പിലും ട്രംപ് അട്ടിമറി ആരോപിച്ചിരുന്നു. ആദ്യം കണ്ട ചുവപ്പിന്‍റെ മുന്നേറ്റം പിന്നെ പലയിടത്തും നീലയായത് അട്ടിമറി എന്നാണ് ട്രംപ് വാദിച്ചത്.

തപാല്‍ വോട്ട്

ജനസാന്ദ്രത കൂടിയ നഗരങ്ങളിലെ പേപ്പര്‍ വോട്ടുകൾ എണ്ണുന്നതിനിടെ ലീഡ് നില മാറിമറിയും. അതാണ് അട്ടിമറിയെന്ന് ട്രംപ് ആരോപിച്ചത്. അമേരിക്കയിൽ തപാല്‍ വോട്ടിംഗുമുണ്ട്. അതിലും ട്രംപിന് വിശ്വാസമില്ല. അതെണ്ണാൻ മറ്റ് വോട്ടുകളേക്കാൾ സമയവുമെടുക്കും. നിർണായക സംസ്ഥാനങ്ങൾ ഓരോന്നിനും ഓരോ നിയമങ്ങളാണ്. ചിലതൊക്കെ അടുത്ത കാലത്ത് നിയമങ്ങൾ മാറ്റുകയും ചെയ്തു.
അരിസോണയിൽ തപാല്‍ വോട്ടിംഗിനോട് കൂടുതൽ താൽപര്യമുണ്ട്. നേരത്തെ കിട്ടുന്നത് നേരത്തെ എണ്ണാം. പക്ഷേ, വോട്ടിംഗ് തീർന്ന് ഒരുമണിക്കൂർ കഴിഞ്ഞിട്ടേ ഫലം പുറത്തുവിടാവൂ. തെരഞ്ഞെടുപ്പ് ദിവസം കിട്ടുന്നവ പോളിംഗ് കഴിഞ്ഞിട്ടേ എടുക്കാൻ പറ്റൂ. അത് കൂടുതലുമായിരിക്കും. ദിവസങ്ങളെടുത്തേക്കും ചിലപ്പോള്‍ എണ്ണിത്തീരാൻ.

ജോർജിയയിൽ നേരിട്ടെത്തി വോട്ട് ചെയ്യുന്നവരാണ് കൂടുതൽ പേരും. 70 ശതമാന വരെയായി ഇത് ഉയരാനാണ് സാധ്യത. സൈനിക വോട്ടുകളും വിദേശത്ത് നിന്നുള്ള ബാലറ്റുകളും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 3 ദിവസം കഴിയുന്നതുവരെ സ്വീകരിക്കും. പക്ഷേ, നവംബർ 5 -ന് മുമ്പ് പോസ്റ്റ് ചെയ്തവയായിരിക്കണം. ഇത്തവണ അപേക്ഷയനുസരിച്ച് അയച്ച് കൊടുത്തത് 21,000 ബാലറ്റുകളാണ്.  എണ്ണാൻ സമയമെടുക്കുമെന്നര്‍ത്ഥം. മിഷിഗനിൽ പക്ഷേ, നേരത്തെയുള്ള വോട്ടിംഗ് ആദ്യമായാണ് നടപ്പാകുന്നത്. തപാൽ ബാലറ്റുകൾ നേരത്തെ എണ്ണിത്തുടങ്ങാനും തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ നേരത്തെ ഫലം പ്രഖ്യാപിക്കാമെന്നാണ് വിശ്വാസം. 2020 -ൽ ഇവിടെ ബൈഡൻ ജയിച്ചത് മെയിൽ ബാലറ്റുകളുടെ ബലത്തിലാണ്. അതാണ് ആദ്യം ചുവന്ന സംസ്ഥാനം പിന്നെ കരിനീലമായത്. ട്രംപ് അട്ടിമറി ആരോപിച്ചതും.

US Presidential election results and US Chads

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

നെവാഡയില്‍ (Nevada) 2020 -ൽ ഫലപ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 5 ദിവസത്തിന് ശേഷമാണ്. തപാല്‍ ബാലറ്റുകൾ നാല് ദിവസത്തിന് ശേഷം സ്വീകരിക്കുന്ന ഒരേയൊരു സംസ്ഥാനം. അതെല്ലാം സാധാരണ ഡമോക്രാറ്റുകളെയാണ് അനുകൂലിക്കാറ്. എന്നാല്‍ ഇത്തവണ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാം വേഗം നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. നോർത്ത് കരോലിനയില്‍ അതിനും അപ്പുറത്താണ് കാര്യങ്ങള്‍. വിദേശ ബാലറ്റുകളും സൈനിക ബാലറ്റുകളും ആബ്‍സന്‍റീ ബാലറ്റുകളും പോളിംഗ് കഴിഞ്ഞ് 10 ദിവസത്തിനകമേ എണ്ണൂ.  2020 -ൽ ട്രംപിന്‍റെ ഫലപ്രഖ്യാപനം നടന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ്.

ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുള്ള നിർണായക സംസ്ഥാനമായ പെൻസിൽവേനിയയിൽ സ്ഥിതി ഇതൊന്നുമല്ല. തപാല്‍ ബാലറ്റുകൾ നേരത്തെ എണ്ണില്ല. പോളിംഗിന്‍റെ അന്നേ പെട്ടി തുറക്കൂ. അവിടെ തപാല്‍ ബാലറ്റുകളോട് പ്രിയം ഡമോക്രാറ്റുകൾക്കാണ്. അതായത്, മറ്റ് വോട്ടുകൾ എണ്ണുമ്പോൾ ആദ്യഫല സൂചന ട്രംപിന് അനുകൂലമായിരിക്കും. എന്നാല്‍ പിന്നീട് ആ ആനുകൂല്യം കുറയാനാണ് സാധ്യത. 2020 -ൽ അത് സംഭവിച്ചപ്പോൾ ട്രംപ് പരാതിപ്പെട്ടു. അതുകൊണ്ട് ഇത്തവണ, തെരഞ്ഞെടുപ്പ് ദിവസം അർദ്ധരാത്രി എത്ര തപാല്‍ ബാലറ്റുകൾ എണ്ണാനുണ്ടെന്ന് കൗണ്ടികൾ അറിയിക്കണമെന്നാണ് നിയമം.വിസ്കോസിനിലും തപാല്‍ ബാലറ്റുകൾ പോളിംഗ് ദിവസമേ എടുക്കൂ. അതും തപാല്‍ ബാലറ്റുകൾ എല്ലാം ഒരു സ്ഥലത്തെത്തിച്ച് എണ്ണുന്ന രീതിയുമുണ്ട്. വോട്ടുനില പെട്ടെന്ന് കൂടാനും കുറയാനും ഇതിടവരുത്തും. 2020 -ൽ സംസ്ഥാനത്ത് ഏറ്റവും വലിയ നഗരമായ മില്‍വാക്കിയില്‍ (Milwaukee) പുലർച്ചെ 3.30 ന് 1,70,000 ആബ്‍സന്‍റീ ബാലറ്റുകൾ റിപ്പോർട്ട് ചെയ്തു. ബൈഡന്‍റെ ആദ്യത്തെ ലീഡ്. ഇത്തവണയും അതുതന്നെ ആവർത്തിക്കാനാണ് സാധ്യത.

 

Latest Videos
Follow Us:
Download App:
  • android
  • ios