'രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചു': ആരോപണവുമായി സിപിഎം
രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എന്നാൽ മണ്ഡലത്തിൽ 2021 ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സന്ദീപിൻ്റെ വരവ് ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജവോട്ട് നിയമപരമായി തടയാൻ സാധിച്ചു. വിഷയം നേരത്തെ ഉയർത്തിക്കൊണ്ടു വന്നതിനാൽ വ്യാജവോട്ടുകാർ പോൾ ചെയ്യാൻ വന്നില്ല. കായികമായ കരുത്ത് കാട്ടാനല്ല സിപിഎം വിഷയം ഉന്നയിച്ചത്. വികെ ശ്രീകണ്ഠൻ എംപിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ കോൺഗ്രസ് ബൂത്തുകളിൽ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. നഗരസഭയിൽ സി പി എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയിൽ കോൺഗ്രസ് വോട്ട് പോലും സി പി എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.