പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു

ഒരു ഭാഗത്ത് വര്‍ഷം ഒന്ന് കഴിഞ്ഞ യുദ്ധത്തിന് താത്കാലിക വിരമമെങ്കിലും വേണമെന്ന് വാദിക്കുന്ന സൈന്യം. മറുഭാഗത്ത് യുദ്ധം നിര്‍ത്താന്‍ സമ്മതിക്കാത്ത പ്രധാനമന്ത്രി. ഇതിനിടെ ഇസ്രയേലിന്‍റെ ആക്രമണത്തിന് തിരിച്ചടിക്കണോ വേണ്ടയോ എന്ന സന്ദേഹം മാറാതെ ഇറാന്‍. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയാവസ്ഥ അറിയാം. 
 

Israeli military demanded a temporary end to the war in the Middle East but Netanyahu refused


ഗാസയിലും ലബനണിലും സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. അതും മുമ്പത്തേക്കാള്‍ കൂടുതൽ കൂടുതൽ ഉറക്കെ. പക്ഷേ, നെതന്യാഹു സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.  വെടിനിർത്തലിന്‍റെ പേരിൽ നേരത്തെ തന്നെ ഇസ്രയേൽ സൈന്യവും  നെതന്യാഹുവും തമ്മിൽ ഇടഞ്ഞ് തുടങ്ങിയിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ ജൂലൈയിലാണ് പുറത്ത് വന്ന് തുടങ്ങിയത്.

സൈന്യത്തിന്‍റെ അതൃപ്തി

30 ഓളം മുതിർന്ന ജനറൽമാർ അടങ്ങുന്ന സംഘമാണ് ഇസ്രയേലിന്‍റെ സൈനിക നേതൃത്വം, 'ജനറല്‍ സ്റ്റാഫ് ഫോറം'. മൂന്ന് സൈനിക വ്യൂഹത്തിന്‍റെ കമാണ്ടർമാരും സൈനിക ഇന്‍റലിജൻസ് മേധാവിയും അടങ്ങുന്ന സംഘമാണിത്. അവർ വെടിനിർത്തൽ ആവശ്യപ്പെട്ടുന്നതിന് പല കാരണങ്ങളാണുള്ളത്. പടക്കോപ്പ് കുറഞ്ഞു തുടങ്ങിയത് ഒരു കാരണം. ഹിസ്ബുള്ളയുമായോ ഇറാനുമായോ യുദ്ധം തുടങ്ങേണ്ടി വന്നാൽ അതിന് മുമ്പ് സൈനീകര്‍ക്ക് ഒരിടവേള വേണം. ക്ഷീണിച്ചവർക്കും പരിക്കേറ്റവർക്കും ആരോഗ്യം വീണ്ടെടുക്കാനുള്ള സമയമെങ്കിലും വേണം.  

ബന്ദികളെ വിട്ടുകിട്ടാനുള്ള ശേഷിക്കുന്ന അവസരം വെടിനിർത്തലാണെന്നും സൈന്യം വിശ്വസിക്കുന്നു. യുദ്ധം തുടർന്നാൽ പരാജയഭീതി കൊണ്ടായാലും, തോൽക്കുന്നുവെന്ന് ബോധ്യമായാലും ഹമാസ് അവരെ കൊന്നുകളയും എന്നത് ഉറപ്പാണ്. അതാണ് സൈന്യത്തിന്‍റെ വാദവും. ഹിസ്ബുള്ളയുമായി ധാരണയിലെത്താൻ ഒരു വെടിനിർത്തൽ സഹായിക്കുമെന്നവർ വിശ്വസിക്കുന്നു. മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അത്, യുദ്ധശേഷം എന്താണ് പദ്ധതി എന്ന് പറയാൻ ഇസ്രയേൽ പ്രധാനമന്ത്രി വിസമ്മതിച്ചതാണത്.

Israeli military demanded a temporary end to the war in the Middle East but Netanyahu refused

യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ

യുദ്ധത്തിന് ശേഷം ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമോ അതോ പലസ്തീൻ അഥോറിറ്റിയെ ഏൽപ്പിക്കുമോയെന്ന് പറയാൻ നെതന്യൂഹു തയ്യാറായില്ല. സുരക്ഷാ നിയന്ത്രണം ഇസ്രയേൽ വിട്ടുകൊടുക്കില്ലെന്ന് മാത്രം ആവർത്തിച്ചു. യുദ്ധ ലക്ഷ്യമായി നെതനന്യാഹു സർക്കാർ പ്രഖ്യാപിച്ചിരുന്നത് ഹമാസിന്‍റെ ഉന്മൂലനും ബന്ദികളുടെ മോചനവുമാണ്. പക്ഷേ, അത് രണ്ടും കൂടി ഒരു നുകത്തിൽ കെട്ടാൻ ബുദ്ധിമുട്ടാണെന്ന് സൈനിക നേതൃത്വം നേരത്തെ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഹമാസ് നേതാക്കളെ പൂർണമായും  ഇല്ലാതാക്കാനും കഴിയില്ല. അപ്പോൾ നീണ്ടുനിൽക്കുന്ന യുദ്ധം എന്നതായിരിക്കുമോ അവസ്ഥ എന്നാശങ്കയും സൈന്യത്തെ ബാധിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രയേൽ നേർക്കുനേർ പോരാടേണ്ടിവന്ന യുദ്ധം നീണ്ടുപോയതോട സൈനികരും മടുത്തിരുന്നു. റിസർവ് സൈനികരാണ് ഇസ്രയേൽ സൈന്യത്തില്‍ കൂടുതലും. അവധിയില്ലാത്ത ജോലി അവരെയും മടുപ്പിച്ചു. പക്ഷേ, അപ്പോഴും നെതന്യാഹുവിനോട് അടുപ്പമുള്ളവർ സമ്മതിച്ചില്ല.

യുദ്ധം നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയും 

സൈന്യത്തിന്‍റെ ഈ നിലപാടിനാണിപ്പോൾ ചൂടുപിടിച്ചിരിക്കുന്നത്. ലബനീസ് പ്രധാനമന്ത്രിയും വെടിനിർത്തൽ സാധ്യത സൂചിപ്പിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികൾക്കും യുദ്ധത്തില്‍ താൽപര്യമില്ല, വടക്കൻ ഗാസയിൽ സമാധാനത്തിന് സാധ്യത എന്നാണ് സൈന്യം നൽകുന്ന സൂചനയും.  പൂർണവിജയം എന്ന നെതന്യായാഹുന്‍റെ ആവശ്യം പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് തള്ളിക്കളഞ്ഞു. വഴിതെറ്റി എന്നുപറയുന്ന ഒരു സ്വകാര്യ കത്ത് യോവ് ഗാലന്‍റ്, നെതന്യാഹുവിനും മന്ത്രിസഭയ്ക്കും അയച്ചു എന്നാണ് റിപ്പോർട്ട്. ഹമാസിൽ നിന്ന് സൈനിക ഭീഷണി ഇല്ലെന്ന് ഉറപ്പായ സ്ഥിതിക്ക് യുദ്ധം അവസാനിപ്പിക്കാം, ബന്ദികളെ മോചിപ്പിക്കാൻ നോക്കാം എന്നാണ് ഗാലന്‍റ് പറഞ്ഞതും.

Israeli military demanded a temporary end to the war in the Middle East but Netanyahu refused

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

ഞായറാഴ്ച നടന്ന ഒരു മെമ്മോറിയൽ സർവീസിൽ, ചില കാര്യങ്ങൾ സൈനിക നടപടിയിലൂടെ സാധിക്കാൻ കഴിയില്ലെന്നും ചിലയിടത്ത് വേദനിപ്പിക്കുന്നതെങ്കിലും സമവായങ്ങൾ വേണ്ടിവരുമെന്നും ഗാലന്‍റ് പറഞ്ഞു. പക്ഷേ, നെതന്യാഹു വഴങ്ങുന്നില്ല. 2023 ഓക്ടോബര്‍ ഏഴിന്‍റെ ആക്രമണത്തിന് ശേഷം ആദ്യമായി ഹമാസ് ഉള്‍പ്പടെ പങ്കെടുക്കുന്ന ചർച്ചകൾ നടക്കുകയാണ് ഖത്തറിൽ. ഇസ്രയേലിന്‍റെ പിൻമാറ്റമായിരിക്കും ആവശ്യപ്പെടുക എന്നാണ് ഹമാസ് നേരത്തെ നൽകിയ സൂചന. ഒരു മാസത്തിൽ താഴെ വെടിനിർത്തൽ. ചില ബന്ദികളെയെങ്കിലും കൈമാറൽ. അതാണ് തൽക്കാലത്തെ ലക്ഷ്യം. അഞ്ചാം തീയതി അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും മുമ്പ് ഒരു ധാരണയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. പക്ഷേ, ഇനി അത് സാധ്യമല്ല. 

ഇറാന്‍റെ ആശയകുഴപ്പം

ഇസ്രയേലിന്‍റെ ഇറാൻ ആക്രമണത്തിന് ഇതുവരെ ഇറാൻ തിരിച്ചടിച്ചിട്ടില്ല. തിരിച്ചടിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വ്യക്തം. പ്രതിരോധത്തിന് ഇസ്രയേലിനുള്ള പിന്തുണ ആവർത്തിക്കുന്ന അമേരിക്ക തിരിച്ചടിക്കേണ്ട ആവശ്യമില്ലെന്ന് ഇറാനെ ഓ‍ർമ്മിപ്പിക്കുകയും ചെയ്യുന്നു. ഇറാൻ ഒരു വലിയ ആശയക്കുഴപ്പത്തിലാണെന്ന് വേണം കരുതാന്‍. ഇസ്രയേലിന്‍റെ ആക്രമണം ചെറുത്. എന്നാണ് ഇറാൻ ആദ്യമേ പ്രതികരിച്ചതും. തിരിച്ചടിക്കാതിരിക്കാനുള്ള കാരണം തേടുകയായിരുന്നിരിക്കണം ടെഹ്റാൻ. പക്ഷേ, ആക്രമണ ദൃശ്യങ്ങൾ അനുസരിച്ച് ഖോജിർ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രത്തിലും പ്രതിരോധ കേന്ദ്രങ്ങളിലുമാണ് മിസൈൽ വീണിരിക്കുന്നത്. വ്യാപക നാശമില്ല, പരിമിതം, പക്ഷേ കൃത്യം.

ഇത്രയുംനാൾ വാക്പോരും നിഴൽയുദ്ധങ്ങളുമായിരുന്നു ഇരുവരും തമ്മില്‍. നേരിട്ടൊരു ആക്രമണം ആദ്യമായി ഏപ്രിലിലാണ് ഉണ്ടായത്. ഇറാന്‍റെ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിൽ പറന്നിറങ്ങി. സിറിയയിലെ ഇറാൻ സൈനികാസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിനുള്ള പകരം വീട്ടലായിരുന്നു അത്. ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സിന്‍റെ കമാണ്ടർ കൊല്ലപ്പെട്ട ആക്രമണത്തിന് പകരം. അതിനും ഇസ്രയേൽ തിരിച്ചടിച്ചു. പക്ഷേ, ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഇത്തവണ അങ്ങനെയല്ല. ആക്രമിച്ചു.  ഉത്തരവാദിത്തവും ഏറ്റെടുത്തു. ഇനിയൊരു പ്രത്യാക്രമണമുണ്ടായാൽ തങ്ങളുടെ യഥാർത്ഥശക്തി എന്തെന്ന് ഇറാൻ അറിയും എന്ന മുന്നറിയിപ്പും നൽകി. 

ഇസ്രയേൽ ഇറാന്‍റെ ഉന്നതരായ നേതാക്കളെ വധിച്ചിട്ടുണ്ട്. ഹമാസ് നേതാവിനെ വധിച്ചതും ഇറാനിൽ വച്ച്. ഇറാനാകട്ടെ ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ എന്നിവരെ ഉപയോഗിച്ച് ഇസ്രയേലിനെയും ആക്രമിച്ചിട്ടുണ്ട്.
ഇസ്രയേലിന്‍റെ ആക്രമണം തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇറാന്‍റെ നിലപാട്. അത് തെളിയിക്കാൻ ദൃശ്യങ്ങളും പുറത്തുവിട്ടു. അളന്നു കുറിച്ചൊരു മറുപടിയാണ് അയത്തൊള്ള അലി ഖമനേയി നൽകിയത്. പക്ഷേ, ഇറാൻ സമ്മതിക്കുന്നതിൽ കൂടുതലാണ് നാശനഷ്ടമെന്നാണ് റിപ്പോർട്ടുകള്‍. ഇപ്പോഴത്തെ ദൃശ്യങ്ങളും അത് തെളിയിക്കുന്നു. തിരിച്ചടി വേണോ എന്നതിൽ ഒരു തർക്കമുണ്ടെന്നാണ് പടിഞ്ഞാറൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. തിരിച്ചടിച്ചില്ലെങ്കിൽ ഇസ്രയേൽ ആക്രമണം ഒരു പതിവാക്കും എന്നാണ് ആശങ്ക. 

Israeli military demanded a temporary end to the war in the Middle East but Netanyahu refused

ഹസൻ നസ്റള്ള; ഹിസ്ബുള്ളയെ ലെബനണില്‍ നിര്‍ണ്ണായക ശക്തിയാക്കിയ നേതാവ്

ഇറാന്‍റെ നിഴല്‍ യുദ്ധങ്ങള്‍

ഇസ്രയേൽ, ഇറാന്‍റെ പ്രഖ്യാപിത ശത്രുവാണ്. ഇസ്രയേലിന്‍റെ വിനാശമാണ് ലക്ഷ്യവും. അതിനായി കൂട്ടിയെടുത്ത സഖ്യങ്ങൾ ചെറുതല്ല. ഏതാണ്ട് പശ്ചിമേഷ്യ മുഴുവനുണ്ട് അതിൽ. അതും ഇസ്രയേലിന്‍റെ അതിർത്തികളിലാണ് എല്ലാം. ഗാസയിൽ ഹമാസും ഇസ്ലാമിക് ജിഹാദും, ലബനണിൽ ഹിസ്ബുള്ള, യെമനിൽ ഹൂതികൾ, സിറിയയിലെ ഷിയാ സായുധസംഘങ്ങൾ, ഇറാഖിൽ ഷിയാ സായുധസംഘങ്ങളുടെ കൂട്ടായ്മയായ പിഎംയു. ഇസ്രയേലിനെ ഒരു തുരുത്തിലാക്കിയെന്ന് തന്നെ പറയാം. എങ്കിലും നേരിട്ടൊരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല. 

പക്ഷേ, ഒക്ടോബർ 7 -ന്‍റെ ഹമാസ് ആക്രമണം അതുവരെ ഉണ്ടായിരുന്ന സന്തുലനം അട്ടിമറിച്ചു. സ്കെയിലുകൾ ഒരുപാടങ്ങ് താഴുകയും ഉയരുകയും ചെയ്തു. ആ നീക്കം ഇസ്രയേൽ ഗാസയിൽ അവസാനിപ്പിച്ചില്ല. ലെബനണും യെമനും ലക്ഷ്യമിട്ടു. ദമാസ്കസ് ആക്രമണത്തിന് പ്രതികാരം ചോദിക്കാൻ, ഇറാൻ നേരിട്ടിറങ്ങി. ഇസ്രയേൽ തിരിച്ചടിച്ചെങ്കിലും അത് ഏറ്റെടുത്തില്ല. പക്ഷേ, ഹമാസ് നേതാവിനെ ഇറാനിൽ വച്ച് വധിച്ചതോടെ ഇറാൻ അമ്പരന്നു.. ഒടുവിൽ,  ഇറാൻ നേരിട്ട് ആക്രമിച്ചു. ഇസ്രേയൽ തിരിച്ചും. പിന്നാലെ ഹിസ്ബുള്ള നേതാക്കളും വധിക്കപ്പെട്ടു. 

ഇറാന്‍റെ മുന്നിലെ സാധ്യതകൾ ചുരുങ്ങിയിരിക്കുന്നു. ആണവ പദ്ധതി തുടരുന്നുണ്ട് ഇറാൻ. അത് തടയാനുള്ള ശ്രമമൊന്നും ഫലിച്ചിട്ടില്ല. പക്ഷേ, ആണവായുധം ഉപയോഗിക്കില്ല എന്ന് പറയുമ്പോഴും ഉപയോഗിക്കണം എന്ന ശബ്ദങ്ങളുമുണ്ട്  ഇറാനിൽ എന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ഇപ്പോൾ. അതേസമയം ഇറാൻ വലിയൊരു തിരിച്ചടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുമുണ്ട്. ബാഗ്ദാദിൽ നിന്നാവും ആക്രമണമെന്നും പറയപ്പെടുന്നു. അങ്ങനെ ഒന്ന് ഉണ്ടായാൽ യുദ്ധം പശ്ചിമേഷ്യ മുഴുവൻ ഏറ്റെടുക്കേണ്ടിവരും. അമേരിക്ക ഉൾപ്പെടേണ്ടിയും വരും. പ്രത്യാഘാതം പ്രവചിക്കാൻ പോലും പറ്റില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios