ആദ്യമായൊരു കോപ്പിയടി; സൈഡായി ഒരു ചെറ്യേ പ്രേമവും!
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
പതുക്കെ കര്‍ചീഫിനുള്ളിലെ കടലാസെടുത്ത് നിവര്‍ത്തി. എന്റെ കൈയ്യിലെ വിയര്‍പ്പ് കൊണ്ട് കടലാസ് നനഞ്ഞിരുന്നു.
രണ്ട് വരി എഴുതിയതും എന്റെ മുന്നിലേക്ക് ഒരു കൈ നീണ്ട് വന്നു. തലപൊക്കി നോക്കിയപ്പോള്‍ എക്‌സാമിനര്‍ മോന്തയും വീര്‍പ്പിച്ച് നില്‍ക്കുന്നു.
വടി പോലെ പൊന്തിയ ഞാന്‍ എന്റെ ജീവിതത്തിലിത്രക്കും വിറച്ചിട്ടില്ല.
പുറത്ത് പോകാന്‍ പറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞാന്‍ തല താഴ്ത്തി.
ഡിഗ്രി അവസാന വര്‍ഷ പരീക്ഷാ സമയം. ഹിസ്റ്ററിയാണ് അന്നത്തെ വിഷയം. പഠിക്കാതെ പരീക്ഷയെഴുതുന്നവര്‍ക്ക് ഹിസ്റ്ററി ആയാലെന്താ, ബയോളജി ആയാലെന്താ!
പരീക്ഷാ സെന്റര്‍ ആ വര്‍ഷം കിട്ടിയത് ഒരു പഴയ സ്‌കൂളിലായിരുന്നു. ഓടിട്ട, നീല മരത്തിന്റെ ജനാലകളും നീണ്ട ഇടനാഴികളുമുള്ള ഒരു ചെറിയ ഗവണ്‍മെന്റ് പള്ളിക്കൂടം. മുറ്റത്തിന്റെ നടുക്ക് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു മരം.
വിഷയത്തിലേക്ക് വരാം.
ഈ കോപ്പിയടിക്കാനൊരു പ്രത്യേക കഴിവ് വേണമെന്നും, എനിക്കതില്ല എന്നും ഞാന്‍ മനസ്സിലാക്കിയത് അന്നായിരുന്നു.
സ്‌കൂളിന്റെ വരാന്തകളിലിരുന്ന് എല്ലാവരും പഠിക്കുന്നതിന് പകരം തുണ്ട് കടലാസുകളില്‍ തിരക്ക് പിടിച്ചെഴുതുന്നത് കണ്ട് എനിക്ക് തലയ്ക്കകത്ത് കുറേ സംശയങ്ങള്‍ പൊങ്ങി വന്നു.
* ഏതൊക്കെ ചോദ്യങ്ങളാണെഴുതുന്നത് ?
* ആ ചോദ്യങ്ങളൊക്കെ ചോദിക്കുമെന്ന് എന്താ ഉറപ്പ്?
* ഇതൊക്കെ ഒരു ചെറിയ പേജിലെങ്ങനെ കൊള്ളിക്കും?
* എങ്ങനെ അതില്‍ നിന്നും പകര്‍ത്തും ?
എന്തായാലും എന്റെ കൂട്ടുകാരിയുടെ ശക്തമായ പിന്തുണയോടെ ഞാനും ഒരു തുണ്ടെടുത്ത് എഴുതി. പക്ഷേ ഞാനെഴുതിയപ്പോള്‍ ഒറ്റ ഉത്തരം കൊണ്ട് കടലാസ് നിറഞ്ഞു.
അതിനിടയില്‍ പുട്ടിന് പീര പോലെ ഒരു ചെറ്യേ പ്രേമം കൂടെ എന്റെ വക നടക്കുന്നുണ്ടായിരുന്നു.
വെറും സ്വാഭാവികം!
പ്രൈവറ്റായി പരീക്ഷ എഴുതാന്‍ വന്ന ഒരുത്തന്‍ എന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.
എല്ലാ കുട്ടികളും ബസ്സില്‍ വരുമ്പോള്‍ അവന്‍ മാത്രം കാറില്‍ വന്നിറങ്ങി, ഒരു നീല മാരുതിയില്‍.
ഈ കാര്‍ എന്നെ അത്യാവശ്യം നന്നായി പ്രലോഭിപ്പിച്ചിരുന്നു. പക്ഷേ, അതൊന്നും പുറത്ത് കാണിക്കാതെ കടാക്ഷങ്ങളെറിഞ്ഞും ചിരിച്ചും ഞാനവനെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു.
വെറും സ്വാഭാവികം!
ഓരോ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴും ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് കലപില പറഞ്ഞു .
സംസാരിക്കാനുള്ള ധൈര്യം തീരെ ഉണ്ടായിരുന്നില്ല. അന്നത്തെ പുള്ളാര്‌ടെ ഓരോ ഫാഷനുകളേയ്!
കോപ്പിയടി ദിവസം.
അന്ന് അവനും എന്റെ ക്ലാസിലായിരുന്നു സീറ്റ്. അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
കൈയ്യിലെ കര്‍ച്ചീഫില്‍ ഒളിപ്പിച്ച് വെച്ച കടലാസ് കഷ്ണം ഉള്ളത് കൊണ്ട് അവനെ നോക്കി ചിരിക്കാനൊരു മടിയുണ്ടായിരുന്നു.
ചെറിയൊരു വിഷമം!
പിടിക്കപ്പെട്ടാല്‍ അവന്റെ മുന്നില്‍ എന്റെ വെലയിടിയുമോ എന്നൊരു പേടിയില്ലാതില്ല.
പരീക്ഷ തുടങ്ങി, ചോദ്യക്കടലാസ് കിട്ടി ഓടിച്ച് വായിച്ചപ്പോള്‍ ദേ ഞാനെഴുതി കൊണ്ട് വന്നിരിക്കുന്നു അതേ ചോദ്യം.
ഹോ ഈ ദൈവമൊക്കെ ഒരു സംഭവാലേ!
എത്ര വേഗമാ എന്റെ പ്രാര്‍ത്ഥന കേട്ടത്!
ഞാനൊന്ന് ബെഞ്ചില്‍ ഞെളിഞ്ഞിരുന്നു.
ഈ ഒരുത്തരം എഴുതി ഞാന്‍ ജയിക്കാന്‍ കൂടെ പ്രാര്‍ത്ഥിച്ചാലോ!?
വേണ്ട, പാവം ദൈവം! ധര്‍മ്മസങ്കടത്തിലാക്കണ്ട.
അല്ലേലും ജയിച്ചില്ലേല് എനിക്കെന്താ!
അപ്പച്ചനും അമ്മയും എന്നെ പഠിക്കാന്‍ നിര്‍ബന്ധിക്കാത്തത് കൊണ്ടല്ലേ എനിക്കീ ഗതി വന്നത്!?
അവര് നാണം കെട്ടോട്ടെ! എനിക്കൊരു ചുക്കുമില്ല.
ജീവിതത്തില്‍ ആദ്യമായി കോപ്പിയടിക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ചുറ്റുമുള്ളതൊന്നും ഞാന്‍ കണ്ടില്ല.
തുണ്ട് കടലാസ് പുറത്തെടുക്കാതെ ആദ്യമൊക്കെ വെറുതെ എന്തൊക്കെയോ എഴുതി. ടെന്‍ഷന്‍ കൊണ്ട് എനിക്ക് വയറ്റിലൊക്കെ 'ക്ലും ബ്ലും' ശബ്ദം വരാന്‍ തുടങ്ങി.
ദൈവമേ, പെട്ടോ? ഈ ശബ്ദം വന്നാല്‍ അടുത്ത സ്‌റ്റെപ്പ് ടോയ്‌ലറ്റായിരിക്കും. ശ്വാസം പിടിച്ചിരുന്നു.
ഒരു ധൈര്യത്തിന് തിരിഞ്ഞ് ഞാന്‍ കൂട്ടുകാരിയെ നോക്കി. അവള്‍ പണി തുടങ്ങിക്കഴിഞ്ഞിരുന്നു.
ഹോ! സമ്മതിക്കണം ഇങ്ങനെ യാതൊരു ഭാവമാറ്റവുമില്ലാതെ ഇരുന്ന് കോപ്പിയടിക്കാന്‍.
അവളുടെ കടലാസ് തുണ്ടില്‍ കുനുകുനാ കുറേ എഴുതിയിട്ടുണ്ടെന്ന് ഞാന്‍ കണ്ടതാണ്.
അവളെ നോക്കിയപ്പോള്‍ കൂടിയ ആത്മവിശ്വാസം അവനെ അറിയാതെ നോക്കിയപ്പോള്‍ ആണ്ടേ ദേ കെടക്കണ്.
ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
'ആദ്യായോണ്ടാ ഈ പേടി. ധൈര്യായിട്ട് തുടങ്ങിക്കോ.'
പതുക്കെ കര്‍ചീഫിനുള്ളിലെ കടലാസെടുത്ത് നിവര്‍ത്തി. എന്റെ കൈയ്യിലെ വിയര്‍പ്പ് കൊണ്ട് കടലാസ് നനഞ്ഞിരുന്നു.
രണ്ട് വരി എഴുതിയതും എന്റെ മുന്നിലേക്ക് ഒരു കൈ നീണ്ട് വന്നു. തലപൊക്കി നോക്കിയപ്പോള്‍ എക്‌സാമിനര്‍ മോന്തയും വീര്‍പ്പിച്ച് നില്‍ക്കുന്നു.
വടി പോലെ പൊന്തിയ ഞാന്‍ എന്റെ ജീവിതത്തിലിത്രക്കും വിറച്ചിട്ടില്ല.
പുറത്ത് പോകാന്‍ പറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞാന്‍ തല താഴ്ത്തി.
'അത് താ'- സര്‍ അത്രയുമേ പറഞ്ഞുള്ളൂ.
അപ്പോള്‍ തന്നെ ഞാനത് കൊടുത്തു. അല്ലെങ്കില്‍ തന്നെ എനിക്കെന്തിനാ ഈ കടലാസ് കഷ്ണമൊക്കെ!
'ഇരുന്നെഴുതിക്കോളൂ.'
ങ്‌ഹേ! അപ്പോള്‍ പുറത്ത് വിടുന്നില്ലേ!? ഇരുന്നെഴുതാനോ?
എന്തെഴുതാന്‍ ആകെ എഴുതാനുണ്ടായിരുന്നത് വാങ്ങിച്ചിട്ട്, എഴുതാന്‍!
എന്തൊരു നല്ല മനുഷ്യന്‍!
മര്യാദക്കെന്നെ പുറത്താക്കിയിരുന്നെങ്കില്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന് അവന്‍ വരുന്നത് നോക്കിയിരിക്കാമായിരുന്നു.
വീണ്ടുമവിടെയിരുന്ന് എന്തൊക്കെയോ എഴുതി വെച്ച് പുറത്ത് കടന്നപ്പോള്‍ അവനും വന്നു കൂടെ.
വരാന്തയിലാരുമില്ലായിരുന്നു.
അത് വരെ എന്നോടൊരക്ഷരം മിണ്ടാത്തവന്‍, അടുത്ത് വന്ന് പതുക്കെ പറഞ്ഞു :
'എന്തിനാ ടുലൂ പറ്റാത്ത പണിക്ക് പോകുന്നത്. തോല്‍ക്കുമെങ്കിലങ്ങട് തോല്‍ക്കട്ടെടോ.'
ഇതും പറഞ്ഞ് അവനൊരു ചിരി ചിരിച്ചു.
അയ്യയ്യേ. ഇവനൊക്കെ എവടന്ന് വരണൂ? ഒന്ന് വായനോക്കി എന്ന് വെച്ച് എന്നെ ഉപദേശിക്കേണ്ട കാര്യമൊന്നുമില്ല.
പിന്നേ! ഇവനങ്ങ് പറഞ്ഞെന്ന് കരുതി ഞാനങ്ങ് നന്നായിപ്പോകുവല്ലേ.
തെറ്റിദ്ധാരണയാണ് കുഞ്ഞേ, വെറും തെറ്റിദ്ധാരണ!
ആ വായനോട്ടവും ഇഷ്ടവും അവിടെ ഞാന്‍ നിര്‍ത്തി. അല്ല പിന്നെ!
ഒരു ചെറിയ കോപ്പിയടി കാരണം എനിക്കില്ലാതായത് ഒരു പഞ്ചാര പ്രേമമായിരുന്നു. നല്ല വെഷമംണ്ട്.
Note - നന്നാവണം എന്നാഗ്രഹമുള്ളവര്‍ കോപ്പിയടിക്കരുത്. ഒരു കോപ്പിയടിയേക്കാള്‍ സുഖമാണ് കൗമാര പ്രണയങ്ങള്‍ക്ക്.