അതിജീവന കലയുടെ ആചാര്യന്‍
ചരിത്രം തന്നെ എങ്ങനെ രേഖപ്പെടുത്തണം എന്നാവും കെ. എം മാണി ആഗ്രഹിച്ചിരിക്കുക? നിസാം സെയ്ദ് എഴുതുന്നു
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ റിക്കാര്‍ഡുകള്‍ കെ.എം മാണിക്ക് സ്വന്തമാണ്. ഏറ്റവും ദീര്‍ഘകാലം-തുടര്‍ച്ചയായി 52 വര്‍ഷം-നിയമസഭാംഗമായിരുന്ന ആള്‍, 13 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചയാള്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം-ഏതാണ്ട് 25 വര്‍ഷത്തോളം- മന്ത്രിയായിരുന്നയാള്‍, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനകാര്യമന്ത്രി- അങ്ങനെ ഇനി ഭേദിക്കാന്‍ വിഷമകരമായ ധാരാളം റിക്കാര്‍ഡുകള്‍. പക്ഷെ, കെ.എം മാണി കേരള രാഷ്ട്രീയത്തിനു നല്‍കിയ സംഭാവനകളെ പരിശോധിക്കുമ്പോള്‍ കറുപ്പും വെളുപ്പും കലര്‍ന്ന ഒട്ടേറെ മേഖലകള്‍ ഇടകലര്‍ന്ന് കിടക്കുന്നതായി ബോധ്യമാകും.
ചരിത്രം തന്നെ എങ്ങനെ രേഖപ്പെടുത്തണം എന്നാവും കെ. എം മാണി ആഗ്രഹിച്ചിരിക്കുക? ചരിത്രത്തിലെ തന്റെ ഇടത്തെ കുറിച്ച് ചിന്തിച്ചിരുന്നയാളായിരുന്നു കെ.എം മാണി എന്നത് അവിതര്‍ക്കിതമാണ്. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി പ്രസംഗിച്ച മലയാളി തുടങ്ങി ഒട്ടേറെ അപദാനങ്ങള്‍ മാണി സൃഷ്ടിച്ചത് പാണന്മാര്‍ക്ക് പാടിനടക്കാന്‍ മാത്രമായിരുന്നില്ല, ചരിത്രത്തിലേക്ക് ഒരു കണ്ണുവെച്ചു കൂടിയായിരുന്നു. അക്കാദമിക് മികവോടു കൂടി ഭരണനിര്‍വഹണം നടത്തിയ ഭരണാധികാരി, മധ്യതിരുവിതാംകൂറിലെ കര്‍ഷക ജനതയുടെ അനിഷേധ്യനായ രക്ഷകന്‍, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പ്രവര്‍ത്തന മാര്‍ഗരേഖ സൃഷ്ടിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നിങ്ങനെയൊക്കെ ചരിത്രം തന്നെ വിലയിരുത്തണമെന്ന മോഹം കെ. എം മാണിക്കുണ്ടായിരുന്നിരിക്കാം. പക്ഷെ, അത്രയേറെ കരുണ അദ്ദേഹത്തോട് ചരിത്രം കാട്ടുമോ എന്നത് സംശയമാണ്.
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ റിക്കാര്‍ഡുകള്‍ കെ.എം മാണിക്ക് സ്വന്തമാണ്. ഏറ്റവും ദീര്‍ഘകാലം-തുടര്‍ച്ചയായി 52 വര്‍ഷം-നിയമസഭാംഗമായിരുന്ന ആള്‍, 13 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചയാള്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം-ഏതാണ്ട് 25 വര്‍ഷത്തോളം- മന്ത്രിയായിരുന്നയാള്‍, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനകാര്യമന്ത്രി- അങ്ങനെ ഇനി ഭേദിക്കാന്‍ വിഷമകരമായ ധാരാളം റിക്കാര്‍ഡുകള്‍. പക്ഷെ, കെ.എം മാണി കേരള രാഷ്ട്രീയത്തിനു നല്‍കിയ സംഭാവനകളെ പരിശോധിക്കുമ്പോള്‍ കറുപ്പും വെളുപ്പും കലര്‍ന്ന ഒട്ടേറെ മേഖലകള്‍ ഇടകലര്‍ന്ന് കിടക്കുന്നതായി ബോധ്യമാകും.
കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതം ഒരു ചരിത്ര കുതുകിയെ മോഹിപ്പിക്കുന്ന ഒന്നാണ്. ഒട്ടേറെ സന്നിഗ്ധ ഘട്ടങ്ങള്‍, എല്ലായ്‌പ്പോഴും രാഷ്ട്രീയ അതിജീവനം വിജയകരമായി നടപ്പാക്കിയ കുശാഗ്രബുദ്ധി.
സ്ഥാനാര്‍ത്ഥിത്വം മാണിയെ തേടിയെത്തി. മാണിയുടെ ജൈത്രയാത്ര അങ്ങനെ ആരംഭിച്ചു.
'കോണ്‍ഗ്രസില്‍ തുടരാനായിരുന്നു അദ്ദേഹത്തിന് താത്പര്യം'
കേരള കോണ്‍ഗ്രസിന്റെ ഉദയത്തോടെ, 1964 -ല്‍ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുകയാണ്. അന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് മാണി. പക്ഷേ, ഭൂരിപക്ഷം കത്തോലിക്കരും കോണ്‍ഗ്രസ് പി ടി ചാക്കോയോട് ചെയ്ത 'അനീതി'യില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തില്‍ പങ്കുചേര്‍ന്നെങ്കിലും, കെ എം മാണി അതില്‍ പങ്കെടുത്തതായി ആരും രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ തുടരാനായിരുന്നു അദ്ദേഹത്തിന് താത്പര്യം എന്നാണ് ജോസഫ് പുലിക്കുന്നേല്‍ രചിച്ച 'കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്ര'ത്തില്‍ പറയുന്നത്. അറുപത്തിയഞ്ചിലെ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. കോണ്‍ഗ്രസ് സീറ്റുനല്‍കിയത് മുന്‍ സ്പീക്കര്‍ ആര്‍ വി തോമസിന്റെ ഭാര്യയ്ക്കായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ പാലാ സീറ്റില്‍ മത്സരിക്കാന്‍ മാത്തച്ചന്‍ കുരുവിനാക്കുന്നേലിന് മേലും, ജോസഫ് പുലിക്കുന്നേലിന് മേലും സമ്മര്‍ദ്ദമുണ്ടായിയെന്നും ഇരുവരും നിരസിച്ചുവെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. കെ എം മാണിയെ കേരളാ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നു മത്സരിപ്പിക്കാം എന്ന നിര്‍ദ്ദേശം മാത്തച്ചന്‍ കുരുവിനാക്കുന്നേലിന്‍േറതായിരുന്നുവെന്ന് പറയപ്പെടുന്നു. മാണി വച്ച ഉപാധി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പതിനായിരം രൂപയും ഒരു ജീപ്പും വേണമെന്നുള്ളതായിരുന്നുവെന്നും അത് കുളത്തുങ്കല്‍ പോത്തന്‍ ലഭ്യമാക്കുകയായിരുന്നുവെന്നും കഥകളുണ്ട്. എന്തായാലും 'യോഗമുള്ളവന് തേടിവെക്കേണ്ടതില്ല' എന്നു പറഞ്ഞതുപോലെ സ്ഥാനാര്‍ത്ഥിത്വം മാണിയെ തേടിയെത്തി. മാണിയുടെ ജൈത്രയാത്ര അങ്ങനെ ആരംഭിച്ചു.
അറുപത്തിയഞ്ചില്‍ കമ്യൂണിസ്റ്റ്് പാര്‍ട്ടിയിലെ വി ടി തോമസിനെ തോല്‍പ്പിച്ച് മാണി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആ പ്രാവശ്യം നിയമസഭാ ചേര്‍ന്നില്ല. അറുപത്തിയേഴില്‍ വി ടി തോമസിനെ തോല്‍പ്പിച്ച് വീണ്ടും മാണി വിജയിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ നന്നേ ചുരുങ്ങിയതുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കെ എം മാണിയുടെ പ്രാമുഖ്യം വര്‍ധിച്ചു. കെ എം ജോര്‍ജിന് പിന്നില്‍ ക്രമേണ പാര്‍ട്ടിയില്‍ രണ്ടാമനായി. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ ഇ ചന്ദ്രശേഖരന്‍ നായരോട് പരാജയപ്പെട്ടതും ഉപകാരമായി.
എഴുപത്തിയൊന്നിലാണ് കെ എം മാണി യഥാര്‍ത്ഥ വെല്ലുവിളി നേരിട്ടത്. എം എം ജേക്കബുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. തീപാറുന്ന മത്സരമായിരുന്നു. പാലാ ബിഷപ്പ് നേരിട്ടിറങ്ങേണ്ടി വന്നു മാണിയെ രക്ഷപ്പെടുത്താന്‍. അവസാനം 364 വോട്ടുകള്‍ക്ക് മാണി കഷ്ടിച്ച് രക്ഷപ്പെട്ടു. ഭാഗ്യം വീണ്ടും മാണിയെ തുണച്ചു.
എഴുപത്തിയൊന്നിലാണ് കെ എം മാണി യഥാര്‍ത്ഥ വെല്ലുവിളി നേരിട്ടത്.
നിര്‍ണായകമായ പതിറ്റാണ്ടുകള്‍
അടുത്ത പത്തുവര്‍ഷം മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. കെ എം മാണി എന്ന രാഷ്ട്രീയ ചാണക്യന്‍ ഉരുത്തിരിഞ്ഞു വരുന്നത് എഴുപതുകളിലാണ്. ആദ്യം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിടിച്ചെടുക്കുക എന്നതായിരുന്നു അജണ്ട. കേരളാ കോണ്‍ഗ്രസ് ഇരു മുന്നണിയിലുമല്ലാതെ നില്‍ക്കുന്ന കാലം. പാര്‍ട്ടി ക്രമേണ ദുര്‍ബലമാവുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്റെ നേതൃത്വത്തില്‍ പി ജെ ജോസഫ്, ജോര്‍ജ് ജെ മാത്യു. സി എഫ് തോമസ് തുടങ്ങിയവരുള്‍ക്കൊള്ളുന്ന ഒരു 'ജിഞ്ചര്‍ ഗ്രൂപ്പ് ' രൂപീകരിക്കുന്നു. ക്രമേണ പാര്‍ട്ടിയുടെ നിയന്ത്രണം ഈ ഗ്രൂപ്പിന്റെ കയ്യില്‍ വന്നു ചേരുന്നു. ഈ സന്ദിഗ്ധഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള കഴിവോ നേതൃപാടവമോ കെ എം ജോര്‍ജിനില്ല എന്ന് തെളിയിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പാര്‍ട്ടിയുടെ യഥാര്‍ത്ഥ മേലധികാരികളായ സഭാ മേലധ്യക്ഷന്മാരെ അത് അനായാസം വിശ്വസിപ്പിച്ചു.
കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും നേതൃത്വത്തില്‍ വിദ്യാഭ്യാസ സമരം നടന്ന കാലമായതിനാല്‍ കോണ്‍ഗ്രസിന്റെ ശത്രുപക്ഷത്തായിരുന്നു പാര്‍ട്ടി. ക്രമേണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി അടുക്കുന്ന സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായിരുന്ന കെ എം ജോര്‍ജും ആര്‍ ബാലകൃഷ്ണപിള്ളയും അറസ്റ്റിലായെങ്കിലും കെ എം മാണി അറസ്റ്റ് ഒഴിവാക്കി. കേരളാ കോണ്‍ഗ്രസിനെ ഭരണമുന്നണിയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം അണിയറയില്‍ നീക്കങ്ങള്‍ നടത്തി. 'ജയില്‍ വേണോ, മന്ത്രിസഭയില്‍ ചേരണോ..? ' എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കേരളാ കോണ്‍ഗ്രസിന് സംശയമേയില്ലായിരുന്നു. കേരളാ കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനം അനുവദിച്ചു. സ്വാഭാവികമായും കെ എം ജോര്‍ജും കെ എം മാണിയും മന്ത്രിമാരാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, അപ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ ചടുലമായ നീക്കങ്ങള്‍ ആരംഭിച്ചത്. ഒരാള്‍ തന്നെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും വഹിക്കാന്‍ കഴിയില്ലെന്ന വാദത്തിന് പാര്‍ട്ടിയില്‍ മേല്‍ക്കൈ ലഭിച്ചു. വേദനയോടെ കെ എം ജോര്‍ജിന് മാറി നില്‍ക്കേണ്ടി വന്നു. പകരം ലോക്‌സഭാംഗമായ ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയായി. കേരളാ കോണ്‍ഗ്രസില്‍ തന്റെ അധീശത്വം ഉറപ്പിക്കുന്നതിലെ ആദ്യവിജയമായിരുന്നു അത്. അങ്ങനെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ മാണി ധനമന്ത്രിയായി.
ആറുമാസം കഴിഞ്ഞ് ബാലകൃഷ്ണപിള്ളയ്ക്ക് രാജിവെക്കേണ്ടി വന്നപ്പോള്‍ കെ എം ജോര്‍ജ് ഗതാഗതമന്ത്രിയായി. അധികം താമസിയാതെ തന്നെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. പിളര്‍പ്പിന് ശേഷം വൈകാതെ കെ എം ജോര്‍ജ് സമ്മര്‍ദ്ദം താങ്ങാനാവാതെ ഹൃദയാഘാതം മൂലം മരിച്ചു. കെ എം ജോര്‍ജിന്റെ മൃതദേഹത്തിനു മേല്‍ കെ എം മാണി വെച്ച റീത്ത് ബാലകൃഷ്ണപിള്ള അപ്പോള്‍ തന്നെ വലിച്ചെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കെ എം ജോര്‍ജിന്റെ മരണത്തോടെ മാണി കേരളാ കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവായി മാറി. 1977-ലെ തെരഞ്ഞെടുപ്പില്‍ 22 എംഎല്‍എമാരുമായി കേരളാ കോണ്‍ഗ്രസ് അതിന്റെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതിപക്ഷമുന്നണിയുടെ ഭാഗമായി മത്സരിച്ച കേരളാ കോണ്‍ഗ്രസ് (പിള്ള ഗ്രൂപ്പ്) തോറ്റമ്പിയതോടെ ഏതാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്, ആരാണ് അതിന്റെ നേതാവ് എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതായി. തെരഞ്ഞെടുപ്പിനുശേഷം വന്ന കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആന്റണി മന്ത്രി സഭയിലും മാണി ആഭ്യന്തര മന്ത്രിയായി.
ഇതോടെ ഏതാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്, ആരാണ് അതിന്റെ നേതാവ് എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതായി
തിരിച്ചടികളുടെ തുടക്കം
ഇങ്ങനെ അനിഷേധ്യനായി നിലകൊള്ളുമ്പോഴാണ് കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരിച്ചടി നേരിടുന്നത്. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. പകരം പി ജെ ജോസഫ് മന്ത്രിയായി. മാണി പാര്‍ട്ടി ചെയര്‍മാനുമായി. സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ ജോസഫ് ഒരു പ്രയാസവും കാട്ടാതെ രാജി വെച്ചു. മാണി വീണ്ടും മന്ത്രിയായി. പക്ഷെ, ജോസഫ് പ്രതീക്ഷിച്ചതുപോലെ അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനാക്കിയില്ല. മാണിയും ജോസഫും തമ്മിലുള്ള അകല്‍ച്ച അവിടെ ആരംഭിച്ചു. ഇ ജോണ്‍ ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തര്‍ക്കം പാര്‍ട്ടിയുടെ പിളര്‍പ്പിലെക്കാണെത്തിയത്. മാണിയുടെയും ജോസഫിന്റെയും നേതൃത്വത്തില്‍ രണ്ടു കേരളാ കോണ്‍ഗ്രസുകള്‍ ഉണ്ടായി. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം മുന്നണി നേതൃത്വം നിരസിച്ചപ്പോള്‍, മാണി താനും നാരായണക്കുറുപ്പും മന്ത്രിസ്ഥാനം രാജിവെക്കുമെന്നും തന്റെ പാര്‍ട്ടി മുന്നണി വിടുകയാണെന്നും പ്രഖ്യാപിച്ചു. അവസാന നിമിഷം രാജിവെക്കാതെ നാരായണക്കുറുപ്പ് മാണിയെ ഭംഗിയായി കബളിപ്പിച്ചു.
പി കെ വാസുദേവന്‍ നായരുടെ രാജിയെത്തുടര്‍ന്ന് രൂപീകരിച്ച സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയെ ആദ്യം പിന്തുണച്ചെങ്കിലും പെട്ടെന്ന് തന്നെ പിന്തുണ പിന്‍വലിച്ച് മാണി ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി. മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ സിപിഎം ഗവര്‍ണറെ പിന്തുണ അറിയിച്ചെങ്കിലും സി എച്ചിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നിയമസഭാ പിരിച്ചുവിട്ടു. തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഎം രാജ് ഭവന്‍ മാര്‍ച്ച് നടത്തി. അങ്ങനെ മുഖ്യമന്ത്രിയാവാനുള്ള മാണിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.
എണ്‍പതിലെ തെരഞ്ഞെടുപ്പില്‍ മാണി സിപിഎമ്മിനോടൊപ്പം മത്സരിച്ചു. കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കിനു ദഹിക്കാത്ത ഈ ബന്ധത്തെ ന്യായീകരിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തെ കര്‍ഷകന്റെ പണിയായുധമായ അരിവാളും, ഔസേപ്പു പിതാവിന്റെ പണിയായുധമായ ചുറ്റികയും കിഴക്കുനിന്നു വന രാജാക്കന്മാരെ വഴികാണിച്ച നക്ഷത്രവുമെന്ന് വിശുദ്ധ ഭാഷ്യം ചമച്ചു. തെരഞ്ഞെടുപ്പിനു ശേഷം വന്ന നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തു. ഇതിനിടെ ബാലകൃഷ്ണപിള്ള മാണിയുടെ നേതൃത്വം അംഗീകരിച്ച് പാര്‍ട്ടിയില്‍ ലയിച്ചിരുന്നു. ആന്റണി മുന്നണി വിട്ടപ്പോള്‍ താന്‍ മുന്നണി വിടില്ലെന്ന് അവസാന നിമിഷം വരെ നായനാരെ വിശ്വസിപ്പിച്ച് പിന്നീട് മുന്നണിവിട്ടു. തുടര്‍ന്നുവന്ന കരുണാകരന്റെ കാസ്റ്റിങ്ങ് മന്ത്രിസഭയിലും മാണിയും ജോസഫും ഒരുമിച്ച് മന്ത്രിമാരായി. എണ്‍പത്തിനാലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് ഒന്നായെങ്കിലും 87 ലെ തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും രണ്ടായി. എണ്‍പത്തിയൊമ്പതില്‍ ജോസഫ് യുഡിഎഫ് വിട്ടു. 90 -ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ മന്ത്രിയാവാന്‍ മാണി നടത്തിയ ശ്രമം കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. തൊണ്ണൂറ്റിയൊന്നില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ മാണി റവന്യൂമന്ത്രിയായി. ഈ കാലയളവില്‍ മാണി വിഭാഗം വീണ്ടും പിളര്‍ന്ന് ടിഎം ജേക്കബിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പുണ്ടാക്കി. കരുണാകരനെ പുറത്താക്കാന്‍ എ ഗ്രൂപ്പിനൊപ്പം നിന്നു. 2001 -ല്‍ വീണ്ടും ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായി.
ഇതിനിടെ പാര്‍ട്ടിയില്‍ ശക്തനായി വളരുകയായിരുന്ന പിസി തോമസിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ആ സ്ഥാനത്ത് ജോസ് കെ മാണിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി പിന്തുണയോടുകൂടി മൂവാറ്റുപുഴയില്‍ മത്സരിച്ച പി സിതോമസ് വിജയിക്കുകയും ജോസ് കെ മാണി മൂന്നാം സ്ഥാനത്തായിപ്പോവുകയും ചെയ്തു. ഒരു തെരഞ്ഞെടുപ്പിലും തോല്‍ക്കാത്ത മാണിക്ക് തെരഞ്ഞെടുപ്പുരംഗത്ത് ഉണ്ടായ ഏറ്റവും വലിയ ആഘാതമായി ജോസ് കെ മാണിയുടെ അപമാനകരമായ പ്രകടനം.
കേരളാ കോണ്‍ഗ്രസ് എന്ന ശക്തി; ദൗര്‍ബല്യവുംരണ്ടായിരത്തി പതിനൊന്നില്‍ തെരഞ്ഞെടുപ്പിന് മുമ്പായി പി ജെ ജോസഫിനെ തിരികെയെത്തിക്കുകയും നിതാന്ത ശത്രുവായിരുന്ന പി സി ജോര്‍ജിന് അഭയം നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനമായിരുന്നു ലക്ഷ്യമെങ്കിലും അതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായി. മുഖ്യമന്ത്രി സ്ഥാനം അടുത്തെത്തി എന്ന് തോന്നിയ ഘട്ടത്തിലാണ് ബാര്‍ കോഴ വിവാദം ഉണ്ടാവുന്നത്. അതിന്റെ പ്രഭവസ്ഥാനം എവിടെ നിന്നാണെന്നറിയാമെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവണ്ണം നിസ്സഹായനായി. വിവാദം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. ഒരു മധ്യവര്‍ഗക്കാരന്റെ സൂക്ഷ്മതയോടെ ഭരണം നിര്‍വഹിച്ചിരുന്ന അദ്ദേഹത്തിന് അത് കൈമോശം വന്നിരുന്നു എന്ന് ബാര്‍ കോഴ വിവാദം തെളിയിച്ചു. നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നു. അവസാനം അപമാനിതനായി രാജിവെക്കേണ്ടി വന്നു. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം പാലായില്‍ നിന്നും വിജയിച്ചു.
ഭൂപ്രഭുക്കന്മാരുടെ പാര്‍ട്ടിയായിരുന്ന കേരളാ കോണ്‍ഗ്രസിനെ കൈപ്പിടിയിലാക്കിയ മധ്യവര്‍ഗക്കാരനായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവുമായിരുന്നു. കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലായിരുന്നതുകൊണ്ടാണ് അദ്ദേഹം ഇത്രയും വളര്‍ന്നത്. ഇനിയും വളരാതെ പോയതും കേരളാ കോണ്‍ഗ്രസിലായതുകൊണ്ടാണ്. ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പിളര്‍ന്നുണ്ടായ ആദ്യ പ്രാദേശിക കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. അതിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കെല്ലാം ഉത്തരവാദി കെ എം മാണിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം നേടുക എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെയാണ് മാണി വിട വാങ്ങുന്നത്.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'സര്‍വൈവര്‍' ആയിരുന്നു കെ എം മാണി. എല്ലാ രാഷ്ട്രീയ മാറ്റങ്ങളെയും അദ്ദേഹം അതിജീവിച്ചു. അങ്ങനെ കേരളരാഷ്ട്രീയത്തിലെ 'അതിജീവനകലയുടെ ആചാര്യനാ'യിരുന്നു 'മാണി സാര്‍' എന്ന കെ എം മാണി.