ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം
അന്വേഷണം ഒരു മലയാളിയിലേക്കും എത്തി. നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി. പക്ഷേ, റിൻസൺ ജോസിനെ സ്ഫോടനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അസാധാരണം, അമ്പരപ്പിക്കുന്നത്... ലബനണിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളെ അങ്ങനെയെ വിശേഷിപ്പിക്കാൻ കഴിയൂ.
ഹെസ്ബുള്ള അംഗങ്ങളുടെ പോക്കറ്റിൽ നിന്ന് പുക, പിന്നെ സ്ഫോടനം, പേജറുകളാണ് പൊട്ടിത്തെറിക്കുന്നതെന്ന് മനസിലാക്കാൻ തന്നെ സമയമെടുത്തു. മുറിവേറ്റവരുടെ, മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. ഹെസ്ബുള്ള നേതൃത്വത്തിൽ നിന്നെന്ന മട്ടിൽ വന്ന കോഡഡ് മെസേജുകളാണ് ട്രിഗ്ഗറായി സെറ്റ് ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് സെൽഫോണുകൾ ഉപയോഗിക്കാറില്ലായിരുന്നു ഹെസ്ബുള്ള അംഗങ്ങൾ. നേതാവ് നസ്റള്ളയുടെ നിർദ്ദേശമായിരുന്നു അത്. ഇസ്രയേൽ ട്രാക്ക് ചെയ്യുമെന്നായിരുന്നു പേടി. ഇതിപ്പോൾ ട്രാക്കിംഗ് മാത്രമല്ല നടന്നത്. സ്ഫോടകവസ്തുക്കൾ ആര്, എങ്ങനെ, എപ്പോൾ സ്ഥാപിച്ചു എന്നതിൽ ഇപ്പോഴും ഊഹങ്ങൾ മാത്രമേയുള്ളൂ. ന്യൂയോർക്ക് ടൈംസ് കൃത്യമായ വഴികളുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പക്ഷേ, അതുതന്നെ എന്നുറപ്പിച്ചു പറയാൻ ആരുമുണ്ടാവില്ല.
അയ്യായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ചു എന്നാണ് ഹെസ്ബുള്ള അറിയിച്ചത്. 3,600 ഓളം പേർക്ക് മുറിവേറ്റു. 200 പേർക്ക് ഗുരുതരപരിക്ക്. അതുകൊണ്ട് മരണനിരക്ക് കൂടിക്കൊണ്ടേയിരുന്നു. ലെബനണിലേക്കുള്ള ഇറാന്‍റെ അംബാസിഡർക്കും ഏറ്റു പരിക്ക്. ഹെസ്ബുള്ളയുടെ എംപിമാർക്കും. ഇറാന്‍റെ അംബാസിഡർ എന്തിന് ഹെസ്ബുള്ളയുടെ പേജർ ഉപയോഗിച്ചുവെന്നത് ഉത്തരമില്ലാത്ത ചോദ്യവുമല്ല. ഹെസ്ബുള്ള നേതാവ് നസ്റള്ളക്ക് പരിക്കേറ്റതായി അറിവില്ല. 'ഉടൻ തിരിച്ചടി' എന്ന സന്ദേശവും വന്നു.
പുക പിന്നാലെ, പൊട്ടിത്തെറി
സ്ഫോടനം തുടങ്ങിയത് ലബനൺ തലസ്ഥാനമായ ബെയ്റൂത്തിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ. ദൃക്സാക്ഷി മൊഴിയനുസരിച്ച് പലരുടെയും പോക്കറ്റുകളിൽ നിന്ന് പുക വന്നു. പിന്നാലെ പൊട്ടിത്തെറി. സ്ഫോടനങ്ങൾ ഒരു മണിക്കൂർ തുടർന്നു. ആശുപത്രികൾ നിറഞ്ഞു. എമർജൻസി വിഭാഗങ്ങൾ പാടുപെട്ടു. അതിന്‍റെ അലയൊലി തീരുംമുമ്പ് തൊട്ട് പിറ്റേന്ന് വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. അതിലും മരിച്ചത് ഹെസ്ബുള്ള അംഗങ്ങൾ.
ഹെസ്ബുള്ള അടുത്ത കാലത്ത് തായ്‍വാനിൽ നിന്ന് വരുത്തിയതാണ് ഇപ്പോൾ പൊട്ടിത്തെറിച്ച പേജറുകൾ. വാക്കിടോക്കികൾ 5 മാസം മുമ്പും. ഇസ്രയേലുമായി യുദ്ധം തുടങ്ങിയ ശേഷം. പേജറുകൾ ചിലപ്പോൾ സാങ്കേതിക പ്രശ്നം കൊണ്ടാകും പൊട്ടിത്തെറിച്ചതെന്ന് ഹെസ്ബുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർൺലിനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പക്ഷേ, ഔദ്യോഗികമായി ഹെസ്ബുള്ളയുടെ പ്രതികരണം വന്നത് ഇസ്രയേലിനെ കുറ്റപ്പെടുത്തിയാണ്.
(സ്കൂട്ടറില്‍ പോകുന്നതിനിടെ കീശയിലിരുന്ന പേജര്‍ പൊട്ടിത്തെറിച്ച യുവാവ്.)
ആഘോഷം തുടങ്ങട്ടെ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ക്രിസ്മസ് ആഘോഷം ഒക്ടോബറിൽ തുടങ്ങാൻ വെനിസ്വേല
പിന്നില്‍ ഇസ്രയേൽ
ഇസ്രയേൽ നേരിട്ടൊന്നും പറഞ്ഞില്ല. പക്ഷേ, രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരും ഒരു പശ്ചിമേഷ്യൻ നയതന്ത്ര വിദഗ്ധനും എൻബിസിയോട് പറഞ്ഞത്, ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന്. വിദേശകാര്യ വക്താവ് അറിയിച്ചത്, അമേരിക്കയ്ക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു. അതിൽ ഉൾപ്പെട്ടിട്ടില്ല എന്നും കൂട്ടിചേർത്തു.
ഗോൾഡ് അപ്പോളോ
തായ്‍വാനിലെ ഗോൾഡ് അപ്പോളോ (Gold Apollo) എന്ന കമ്പനിയുടെ പേരാണ് പൊട്ടിത്തെറിച്ച പേജറുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയത്. പക്ഷേ, അവരത് നിഷേധിച്ചു. പൊട്ടിത്തെറിച്ച മേഡലുകൾ നിർമ്മിച്ചതും വിറ്റതും ബിഎസി കൺസൾട്ടിംഗ് (BAC Consulting) എന്ന കമ്പനിയാണ്. അവർക്കതിന് ലൈസൻസ് നൽകിയിരുന്നു എന്നും വ്യക്തമാക്കിയത് ഗോൾഡ് അപ്പോളോ സ്ഥാപക പ്രസിഡന്‍റായ ഹ്സു ചിംഗ് ക്വാങ് (Hsu ChinG kuang). മൂന്ന് വർഷമായി യൂറോപ്പിലെ ഏജന്‍റുമായി സഹകരിക്കുന്നുണ്ട്. അവരാണ് തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും ഏജന്‍റ് എന്നും മാധ്യമങ്ങളോട് അറിയിച്ചു. പിന്നീട് പ്രസ്താവനയിലാണ് ബിഎസി കൺസൾട്ടിംഗ് എന്ന കമ്പനിയുടെ പേര് വെളിപ്പെടുത്തിയത്. ഹംഗറി ആസ്ഥാനം. ഗോൾഡ് അപ്പോളോയുടെ ലോഗോ ഉപയോഗിക്കാൻ അവർക്ക് അവകാശം നൽകിയിട്ടുണ്ട്. പക്ഷേ, അതിന്‍റെ നിർമ്മാണവും മാതൃകയും ബിഎസിയുടെ ചുമതല ആണെന്നുമാണ് പ്രസ്താവന.
തായ്‍വാൻ സാമ്പത്തിക കാര്യമന്ത്രാലയത്തിന്‍റെ അറിയിപ്പനുസരിച്ച് 2 വർഷത്തിനിടെ ഗോൾഡ് അപ്പോളോ 2,60,000 പേജറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും. പക്ഷേ, അതിലൊന്നും പൊട്ടിത്തെറിയോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലബനണിലേക്ക് ഗോൾഡ് അപ്പോളോ ഒന്നും കയറ്റുമതി ചെയ്തിട്ടില്ല. ഗോൾഡ് അപ്പോളോയുടെ പേജറുകൾ മറ്റാരെങ്കിലും വാങ്ങി മോഡിഫൈ ചെയ്തോ? അതോ മറ്റേതെങ്കിലും പേജറുകളിൽ അപ്പോളോയുടെ ലേബൽ ഒട്ടിച്ചതാണോ എന്നൊക്കെ അന്വേഷിക്കുകയാണെന്നറിയിച്ചു മന്ത്രാലയം.
ബിഎസി കൺസൾട്ടിംഗ്
ബിബിസിയുടെ അന്വേഷണത്തിൽ ബിഎസി കൺസൾട്ടിംഗ് തുടങ്ങിയത് 2022- ലാണ്. ഒറ്റ ഓഹരി ഉടമയേയുള്ളൂ. ബുഡാപെസ്റ്റിലാണ് ഓഫീസ് അതേ കെട്ടിടത്തിൽ വേറെയുമുണ്ട് 13 കമ്പനികൾ. തമ്മിൽ ബന്ധമില്ലെന്നാണ് റെക്കോർഡുകൾ. ബിഎസിയുടെ ട്രേഡ് റെക്കോർഡുകൾ കിട്ടാനില്ല. പക്ഷേ, വരുമാനം കാണിക്കുന്നുണ്ട്. യൂറോപ്യൻ കമ്മിഷനുമായും യുകെ ഇന്‍റർനാഷണൽ ഡിപ്പാർട്ട്മെന്‍റുമായും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് കമ്പനി വെബ്സൈറ്റ് പറയുന്നു. പക്ഷേ, മേൽപ്പറഞ്ഞ സംഘടനകൾ അത് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷിക്കുന്നു എന്ന് മാത്രമാണ് മറുപടി.
ബിഎസിയുടെ സിഇഒ, സ്ഥാപകയായ ക്രിസ്റ്റിന ബാർസോണിയാണ് (Cristiana Barsony-Arcidiacono). ജീവനക്കാരായി ഒരാളുടെ പേരുപേലുമില്ല. അവരുമായി ബന്ധപ്പെടാനായത് എന്‍ബിസി ന്യൂസിന് (NBC News) മാത്രമാണ്. ഗോൾഡ് അപ്പോളോയുമായും ബന്ധമുണ്ട്. പക്ഷേ, പേജറുകൾ നിർമ്മിച്ചത് തങ്ങളല്ല. താൻ ഇടനിലക്കാരി മാത്രം എന്നാണ് ക്രിസ്റ്റിന ബാർസോണിയുടെ ലഭ്യമായ മറുപടി. എന്‍ബിസി ന്യൂസിന്‍റെ അന്വേഷണത്തിൽ പണ്ട് ബിഎസി കണ്‍സൾട്ടിംഗ് എന്നൊരു കമ്പനിയുണ്ടായിരുന്നു. പക്ഷേ, അത് 2020 -ൽ പൂട്ടി.
പൊട്ടിത്തെറിച്ച പേജറുകൾ ഹംഗറിയിൽ നിർമ്മിച്ചവയല്ല എന്നാണ് ഹംഗേറിയൻ പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ബിഎസി വ്യാപാര ഇടനിലക്കാർ മാത്രമാണ്. അവർക്ക് രാജ്യത്ത് നിർമ്മാണ യൂണിറ്റുകളില്ലെന്നും അറിയിച്ചു. അതേസമയം പേജർ വിറ്റതുമായി ബന്ധമുള്ള മറ്റൊരു കമ്പനിയെക്കുറിച്ച് അന്വേഷിക്കുന്നെന്ന് ബൾഗേറിയൻ ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. പേരുപറഞ്ഞിട്ടില്ല. പക്ഷേ, പണമേ കൈമാറിയിട്ടുള്ളൂ. 16 ലക്ഷം യൂറോ. അതിലൊരു ഭാഗം പോയത് ഹംഗറിയിലേക്കാണ്.
( ക്രിസ്റ്റിന ബാർസോണിയും മലയാളിയും വയനാട് സ്വദേശിയുമായ റിൻസൺ ജോസും)
ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും
അന്വേഷണം മലയാളിയിലേക്ക്
ഈ അന്വേഷണം ഒരു മലയാളിയിലേക്കും എത്തി. നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി. പക്ഷേ, റിൻസൺ ജോസിനെ (Rinson Jose) സ്ഫോടനങ്ങളുമായി ബന്ധിപ്പിക്കുന്നതൊന്നും കണ്ടെത്തിയില്ല. ബൾഗേറിയൻ ഷെൽ കമ്പനിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഈ കമ്പനി വഴിയാണ് ബിഎസി കണ്‍സൾട്ടംഗ് എന്ന കമ്പനിയിലേക്ക് പണം പോയിരിക്കുന്നതെന്നും സംശയിക്കപ്പെട്ടു.
റിൻസൺ 2022 -ൽ സ്ഥാപിച്ച നോർട്ടാ ഗ്ലോബലാണ് (Norta Global) പേജറുകൾ കൈമാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, തങ്ങളുടെ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും പൊട്ടിത്തെറിച്ച പേജറുകള്‍ ബൾഗേറിയയില്‍ നിർമ്മിക്കപ്പെട്ടവയല്ലെന്നും ബൾഗേറിയന്‍ നാഷ്ണൽ സെക്യൂരിറ്റി ഏജന്‍സി (SANS - Bulgaria's National Security Agency) പിന്നീട് വിശദീകരിച്ചു.
അന്തമില്ലാത്ത ആക്രമണങ്ങള്‍
പേജർ സ്ഫോടനങ്ങളിലും നിന്നില്ല. അതിന്‍റെ ആഘാതവും അമ്പരപ്പും തീരുന്നതിനുമുമ്പ് വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. അതിലും മരണനിരക്ക് കൂടി വന്നു. സാധാരണക്കാർ പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുന്ന സ്ഥിതിവരെയെത്തി. പക്ഷേ, അധികം വിവരങ്ങൾ പുറത്തുവന്നില്ല. 5 മാസം മുമ്പ് വാങ്ങിയതാണ്. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ വയർലെസ് കമ്മ്യൂണിക്കേഷൻസ് കമ്പനി ഐകോമിന്‍റെ (ICOM)ലോഗോയാണിതിന്.
ഐകോം
അമേരിക്ക, ജർമ്മനി, ചൈന എന്നീ രാജ്യങ്ങളിലെല്ലാം ഓഫീസുകളുണ്ട് ഐകോമിന്. വാക്കിടോക്കികൾ പക്ഷേ, തങ്ങളുടെ ഉൽപ്പന്നമല്ലെന്നും അതിലെ ലേബൽ വ്യാജമാണെന്നും ഐകോമിന്‍റെ അമേരിക്കൻ ബ്രാഞ്ചിലെ സെയിൽസ് മാനേജർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഐകോം കമ്പനി അറിയിച്ചത് അത്തരം വാക്കിടോക്കികളുടെ പ്രധാന ഭാഗത്തിന്‍റെയും ബാറ്ററിയുടെയും നിർമ്മാണവും കയറ്റുമതിയും 10 വർഷം മുമ്പ് നിർത്തിയിരുന്നു എന്നാണ്. തങ്ങളുടെ ഉൽപ്പന്നത്തിലുണ്ടാകേണ്ട ആന്‍റി ഹോളോഗ്രാം സ്റ്റിക്കർ (Anti Hologram Sticker) പൊട്ടിത്തെറിച്ച വാക്കിടോക്കികളിൽ ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
3 ഗ്രാം സ്ഫോടക വസ്തുക്കൾ പേജറുകൾക്കുള്ളിൽ സ്ഥാപിച്ചിരുന്നു എന്നാണ് ഹിസ്ബുള്ളയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്. എന്തായാലും ലെബനണില്‍ എത്തുമുമ്പ് രണ്ട് ഉപകരണങ്ങളും ആരോ തുറന്നിരുന്നു. അതിൽ ചിലതൊക്കെ പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ട് സർവീസിന് കൊടുത്തിരുന്നു ചില ഹിസ്ബുള്ള അംഗങ്ങൾ. ചിലത് പൊട്ടിത്തെറിച്ചുമില്ല.
(ലെബനനിലെ പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെബനീസ് പെണ്‍കുട്ടിയുടെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്ന ഇറാനിയന്‍ പെണ്‍കുട്ടി. )
പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്
തന്ത്രം പഴയത്
ഇത്തരം ആക്രമണങ്ങൾ സൈനിക, ഇന്‍റലിജൻസ് നടപടികളിൽ പുതിയതല്ല. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ചില രേഖകളിൽ ചില മോഡിഫിക്കേഷൻസ് സൂചനകളുണ്ട്. ഹമാസിന്‍റെ ബോംബ് വിദഗ്ധൻ മരിച്ചത് സെൽഫോണിലെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണെന്നും ഓർക്കുക. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കായി ഇറക്കുമതി ചെയ്ത ചില ഭാഗങ്ങൾ പൊട്ടിത്തെറിച്ചിരുന്നു. ഇറാൻ, ഇസ്രയേലിന് നേരെയാണ് വിരൽ ചൂണ്ടിയത്.
ഇറാന്‍റെ ആണവ പദ്ധതി അട്ടിമറിക്കാൻ ജോർജ്ജ് ഡബ്ല്യു ബുഷിന്‍റെ കാലത്തേ ഉണ്ടായിരുന്ന പദ്ധതിക(ൾ ട്രംപ് പ്രസിഡന്‍റായപ്പോൾ പുനരുജ്ജീവിപ്പിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
കൂട്ട ആക്രമണം ആദ്യം
ഇപ്പോൾ നടന്ന രീതിയിലെ ആക്രമണം ആസൂത്രണം ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുത്തിട്ടുണ്ടാവുമെന്നാണ് വിദഗ്ദപക്ഷം, പേജറുകൾ നേരത്തെ കൈയിൽ കിട്ടണം. അതിന് തക്ക ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കണം. അതിൽ സ്ഫോടകവസ്തു സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കണം. പേജറുകൾ ഉടമസ്ഥർ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അങ്ങനെ പലതട്ടിലെ ഓപ്പറേഷൻസ് വേണം. ഗാസ യുദ്ധം തുടങ്ങിയ ശേഷമാവില്ല ഇതൊന്നും നടന്നിട്ടുണ്ടാവുക.
മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാൻ എളുപ്പം എന്നുളളത് കൊണ്ട് പേജറുകളിലേക്ക് മാറിയ ഹിസ്ബുള്ള അത് ആയുധമായി മാറും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. പക്ഷേ, റേഡിയോ ഫ്രീക്വൻസി വഴി പരസ്പരം ആശയം കൈമാറുന്ന വാക്കിടോക്കികൾ ട്രാക്ക് ചെയ്യാൻ പറ്റും. എളുപ്പമല്ല എന്നുമാത്രം.
ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ പലത്
തങ്ങൾ നിർമ്മിച്ചതല്ല പേജറുകൾ എന്ന് പറഞ്ഞ ഗോൾഡ് അപ്പോളോ മേധാവി ഒരു കാര്യം ബിബിസിയോട് കൂട്ടിചേർത്തിരുന്നു. ബിഎസി കൺസട്ടിംഗ് എന്ന ഹംഗേറിയൻ കമ്പനിയിൽ നിന്നുള്ള പണം കൈമാറ്റം ദുരൂഹമായിരുന്നു. പശ്ചിമേഷ്യ വഴിയാണ് പലതുമെത്തിയത്. ചിലതിനൊക്കെ തടസ്സങ്ങളുമുണ്ടായി എന്ന്. സംശയങ്ങൾ കൂട്ടുന്ന വെളിപ്പെടുത്തൽ. പക്ഷേ, ഒരു സംശയങ്ങൾക്കും ഇടയില്ലാത്ത വണ്ണമാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോർട്ട്. ബിഎസി എന്ന ഈ കമ്പനി തന്നെ ഇസ്രയേലി ഇന്‍റലിജൻസിന്‍റെ ഒരു സൃഷ്ടിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പേര് വെളിപ്പെടുത്താത്ത മൂന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരാണ് അതിലെ പ്രധാനികളെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ദീർഘകാലത്തെ തയ്യാറെടുപ്പ്
ഹിസ്ബുള്ള മേധാവി നസ്റള്ളയുടെ നിർദ്ദേശമനുസരിച്ച് ഹിസ്ബുള്ള അംഗങ്ങളുടെ പേജർ ഉപയോഗം വ്യാപകമാകും മുമ്പേ തന്നെ ഇസ്രയേൽ ഷെൽ കമ്പനി പദ്ധതി തയ്യാറാക്കി. അതാണ് ബിഎസി കൺസൾട്ടിംഗ് (BAC Consulting). വേറെയും രണ്ട് കമ്പനികള്‍ കൂടി സൃഷ്ടിക്കപ്പെട്ടു. അതിലൊന്നാണ് ബൾഗേറിയയിൽ അന്വേഷണ വിധേയമായ മലയാളിയായ റിൻസൺ ജോസിന്‍റെ (Rinson Jose) നോർട്ടാ ഗ്ലോബൽ (Norta Global) എന്ന കമ്പനി.
സാധാരണക്കാർക്ക് വേണ്ടിയും ബിഎസി പേജറുകൾ നിർമ്മിച്ചു. പക്ഷേ, ഹിസ്ബുള്ളയായിരുന്നു ലക്ഷ്യം. അവർക്ക് വേണ്ടി ഉണ്ടാക്കിയത് പെന്‍ററിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (PETN - Pentaerythritol tetranitrate) എന്ന സ്ഫോടകവസ്തു ഒളിപ്പിച്ച പേജറുകൾ. 2022 -ൽ ഈ പേജറുകൾ ലബനണിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. ആദ്യം ചെറിയ തോതിൽ. പിന്നാലെ സെൽഫോണുകൾ ഉപേക്ഷിക്കാൻ നസ്റള്ളയുടെ കർശന നിർദ്ദേശം വന്നതോടെ കയറ്റുമതി വൻതോതിലായി.
(ലെബനനിലെ പേജേഴ്സ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ ശവസംസ്കാരം നടത്താനായി കൊണ്ടുപോകുന്നു.)
മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍
നസ്റള്ള മുമ്പേ നിർദ്ദേശിച്ചു, പക്ഷേ...
ഇസ്രയേലിന്‍റെ സാങ്കേതിക വിദ്യയായിരുന്ന നസ്റള്ളയുടെ പേടി. ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ വധിച്ചത്. ഹമാസിന്‍റെ ഉന്നത കമാണ്ടർമാരെ വധിച്ചു കൊണ്ടിരുന്നത്. പേജറുകൾക്കായി നസ്റള്ള നേരത്തെ തന്നെ വാദിച്ചു തുടങ്ങിയിരുന്നു. അത് ഇസ്രയേൽ ഒരവസരമായി കണ്ടു. ആസൂത്രണം അന്നേ തുടങ്ങി. ഷെൽ കമ്പനി സ്ഥാപിക്കുന്നതടക്കം. ഫെബ്രുവരിയിലാണ് നസ്റള്ളയുടെ അഭ്യർത്ഥനയും കർശന നിർദ്ദേശവും വന്നത്. അതോടെ പേജറുകൾ മാത്രമാക്കി ഹിസ്ബുള്ള അംഗങ്ങൾ. സെൽഫോണുകൾ ഹാക്ക് ചെയ്യാൻ കോടികൾ ചെലവാക്കി ഇസ്രയേൽ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു എന്ന വിവരവും കിട്ടിയിരുന്നു നസ്റളളക്ക്. എന്തായാലും പേജറുകളെ മാത്രം ആശ്രയിച്ചു തുടങ്ങി ഹിസ്ബുള്ള.
അവസരം നോക്കി, ഇസ്രയേൽ
ഒരു അവസരത്തിനായി ഇസ്രയേൽ കാത്തിരുന്നു എന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഞായറാഴ്ച (15.9.2024) നടന്ന സുരക്ഷാ യോഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒരുറപ്പ് നൽകി. ലബനീസ് അതിർത്തിയിലെ പട്ടണങ്ങളിൽ നിന്ന് പലായനം ചെയ്ത ഇസ്രയേലികൾക്ക് തിരിച്ചു പോകാൻ സമയമടുത്തു. അതിന് വേണ്ടി താനെന്തും ചെയ്യുമെന്ന്. അതിന് വടക്കൻ അതിർത്തിയിലെ സുരക്ഷാസ്ഥിതി മാറണമെന്നും. ചൊവ്വാഴ്ച (17.9.2024) പേജറുകൾ ആക്ടിവേറ്റ് ചെയ്യാൻ ഉത്തരവുണ്ടായി. ബീപ് ചെയ്യുന്ന പേജറുകളിൽ അറബിക് സന്ദേശം പ്രത്യക്ഷപ്പെട്ടു. നേതൃത്വത്തിന്‍റെതെന്ന് തോന്നിച്ച സന്ദേശം. പിന്നെ സംഭവിച്ചത് ലോകം തന്നെ അമ്പരപ്പോടെ നോക്കിയിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടായിരുന്നു എന്നത് ദുരന്തവ്യാപ്തി കൂട്ടി.
ലബനണിലെ സാധാരണക്കാരെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും പേടിയും ഉലയ്ക്കുകയാണ്. ഹിസ്ബുള്ളയുമായി ഒരു ബന്ധവുമില്ലാത്തവരും സെൽഫോണുകളെ അടക്കം പേടിച്ച് തുടങ്ങിയിരിക്കുന്നു. പൊട്ടിത്തെറിക്കുമോ എന്ന പേടി.
- BAC Consulting
- Beirut blasts
- Cristiana Barsony Arcidiacono
- Gaza
- Gold Apollo
- Hezbollah
- Hezbollah walkie talkies explode
- ICOM
- Israel
- Israel Hezbollah war
- Israel Lebanon attack
- Israel Palestine conflict
- Lebanon
- Lebanon pager blasts
- Malayali
- Norta Global
- Pager explosion in Lebanon
- Rinson Jose
- lebanon pager blast
- walkie talkie blasts