ആണ്‍കുട്ടികള്‍ക്കും വേണം കരുതലിന്റെ അമ്മത്താങ്ങ്
എനിക്കും പറയാനുണ്ട്:എന്തു കൊണ്ടാണ് നമ്മുടെ ആണ്‍കുട്ടികള്‍ ഇങ്ങനെയാവുന്നത്? നീതു സനില്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
പത്രങ്ങള്‍ തുറക്കാന്‍ തന്നെ ഭയമുള്ള കാലമാണ്. പിച്ചിച്ചീന്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം തന്നെ അമ്മമാരുടെ നെഞ്ചില്‍ കനല്‍ കൂട്ടിയിടുകയാണ് നമ്മുടെ ആണ്‍കുട്ടികളും. ആസിഡും വിഷക്കുപ്പിയും പെട്രോളും അന്വേഷിച്ചു പോകുകയാണ് അവര്‍.
എന്തു കൊണ്ടാണ് നമ്മുടെ ആണ്‍കുട്ടികള്‍ ഇങ്ങനെയാവുന്നത്?
തങ്ങള്‍ക്ക് കിട്ടാത്തതെല്ലാം നശിച്ചു പോകട്ടെയെന്ന മാനസികാവസ്ഥയിലേക്ക് അവര്‍ മാറി പോകുന്നത് എന്തു കൊണ്ടാണ്?
നാം നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി. ഇഷ്ടമില്ലാത്തവയോടു നോ പറയാന്‍ അവരെ പഠിപ്പിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ അവര്‍ക്കു കരുത്തു നല്‍കി. പക്ഷേ, മറ്റൊന്ന് മറന്നു. ചെറിയൊരു തിരസ്‌കരണം പോലും ഉള്‍ക്കൊള്ളാന്‍ ആവാതെ മനഃശക്തിയില്ലാതെയാണ് നമ്മുടെആണ്‍ കുട്ടികള്‍ വളരുന്നത് എന്ന കാര്യം.
കുഞ്ഞുന്നാളില്‍ വാശി പിടിച്ചു കരഞ്ഞു വാങ്ങുന്ന മിട്ടായി മുതല്‍ കൗമാരത്തില്‍ അപ്പനെ കൊണ്ട് ലോണ്‍ എടുപ്പിച്ചാണെങ്കിലും സ്വന്തമാക്കുന്ന ബൈക്ക് വരെ പല കാര്യങ്ങളിലും നാമവനോട് നോ പറയാന്‍ മടിച്ചു എന്നതാണ് സത്യം.
ഇഷ്ടപ്പെട്ടു പോയൊരു പെണ്‍കുട്ടിയില്‍ നിന്നു പിന്നെ നോ എന്ന വാക്ക് അവനെങ്ങനെ ഉള്‍ക്കൊള്ളും?
കോളേജ് കാലഘട്ടത്തില്‍ ക്ലാസ് ടൂര്‍ പോയപ്പോള്‍, ഫ്രണ്ട്സ് ഒരുമിച്ചിരുന്നു തമാശ പറഞ്ഞ് കൂട്ടുകാരനൊരുത്തനെ പിരി കേറ്റി വിട്ടു. സഹപാഠിയോട് പ്രണയം വെളിപ്പെടുത്താനായിരുന്നു അത്. 'ഞാന്‍ നിന്നെ അങ്ങനൊന്നും കണ്ടിട്ടില്ല' എന്നായിരുന്നു അവളുടെ മറുപടി. അതു കേട്ട് ആറടി പൊക്കവും അതിനൊപ്പം വണ്ണവുമുള്ളൊരുത്തന്‍ ഞങ്ങളുടെ മുമ്പില്‍ പൊട്ടി കരഞ്ഞത് ഇപ്പോളും മറന്നിട്ടില്ല.
പിന്നെ നോ എന്ന വാക്ക് അവനെങ്ങനെ ഉള്‍ക്കൊള്ളും?
ഇഷ്ടമില്ലാത്തവളോട്, തന്നെ സ്‌നേഹിക്കാത്തവളോട് കൂട്ട് വേണ്ടെന്ന് നമ്മുടെ ആണ്‍കുട്ടികളെ നമ്മള്‍ തന്നെ പഠിപ്പിക്കണം. ആത്മാര്‍ത്ഥതയില്ലാത്തവളുടെ പുറകെ നടന്ന് വില കളയരുതെന്ന് അവരെ ബോധ്യപ്പെടുത്തണം. താന്‍ എന്നാല്‍, ഒരു പ്രണയം മാത്രമല്ലെന്നും ജീവിതം മുന്നില്‍ അനന്തമായി കിടക്കുകയാണെന്നും അവനറിയണം. വ്യക്തിത്വം എന്നത് ഒന്നിന്റെയും മുമ്പില്‍ പണയം വയ്‌ക്കേണ്ടതല്ല. പണത്തിനോ പ്രണയത്തിനോ ഇഷ്ട വസ്തുക്കള്‍ക്കോ ഒന്നിനും. അത് ആണായാലും പെണ്ണായാലും. ഇവിടെയാണ് അമ്മമാരുടെ പ്രസക്തി .
പല പീഡന കഥകളും കേള്‍ക്കുമ്പോള്‍ പെണ്‍കുട്ടികളില്ലാത്തതില്‍ ആശ്വസിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം അമ്മമാരും. പക്ഷെ ആണ്‍ കുട്ടികളുടെ കാര്യത്തില്‍ നമ്മളാ പരിഗണന നല്‍കുന്നുണ്ടോ? ആണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് ആണ് എന്റെ അഭിപ്രായത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം. ഒരു പെണ്‍കുട്ടി സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കണമെങ്കില്‍ ഉറപ്പായും അവരെ ബഹുമാനത്തോടെ സമീപിക്കുന്ന ആണ്‍കുട്ടികള്‍ വേണം. അങ്ങനെയുള്ള ആണ്‍കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുവാന്‍ വീട്ടില്‍ ഉറപ്പായും അവരുടെ ഒരു കൂട്ടുകാരിയായി അമ്മ വേണം. ഞാന്‍ കണ്ടിട്ടുള്ള നല്ല ആണ്‍കുട്ടികളുടെ എല്ലാം വീട്ടില്‍ അവരുടെ ഏറ്റവും നല്ല കൂട്ടുകാരിയായ ഒരമ്മ ഉണ്ട്. ആ ആണ്‍കുട്ടികളുടെ എല്ലാം സ്വപ്നങ്ങളില്‍ ഭാര്യയായി അവരുടെ അമ്മയെ പോലെ ഉള്ള ഒരു പെണ്‍കുട്ടിയും ഉണ്ട്.
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് വ്യക്തമായി പറയാനാകും, സ്‌നേഹത്തിനു വേണ്ടി കെഞ്ചി പുറകെ നടക്കുന്നവനോടല്ല, തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനോടാണ് പെണ്ണിന് കൂടുതല്‍ പ്രിയം. പ്രണയം നിഷേധിച്ച് പോയവളുടെ പിന്നാലെ ആസിഡ് കൊണ്ട് നടന്നു സ്വയം തോറ്റു പോകുന്നതിനു പകരം അവളില്ലെങ്കിലും അന്തസായി ജീവിക്കും എന്ന് കാണിച്ചു കൊടുക്കുന്നതല്ലേ ഹീറോയിസം?
എനിക്ക് ഒന്നു മാത്രമറിയാം, നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ എത്ര സൂക്ഷിച്ചു വളര്‍ത്തുന്നോ അത്ര തന്നെ വിലയേറിയതാണ് നമ്മുടെ ആണ്‍ മക്കളുടെ ജീവിതവും. കുഞ്ഞു മിട്ടായികള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും നമ്മള്‍ ഇടയ്ക്കിടെ പറയുന്ന 'നോ'കള്‍ നാളെ അവര്‍ കേള്‍ക്കേണ്ടി വരാന്‍ സാധ്യതയുള്ള വലിയ 'നോ'കള്‍ക്ക് മുന്‍പില്‍ തകരാതെ അവരെ പിടിച്ചു നിര്‍ത്തും എന്നാണ് വിശ്വാസം.
എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം