ഫ്രിഡ്ജിനുള്ളില്‍ ഒരോണത്തല്ല്, ഏറ്റുമുട്ടിയത് സാമ്പാര്‍-പായസ പക്ഷങ്ങള്‍, പിന്നെ നടന്നത്!
'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് ഓണലഹള
ആരാണ് ഈ തല്ലു കൂടണ പാര്‍ട്ടികള്‍ എന്നറിയാമോ? ഓണം കഴിഞ്ഞ്, നമ്മള്‍ ഭദ്രമായി ഫ്രിഡ്ജിനുള്ളില്‍ അടച്ചുവെച്ചിരിക്കുന്ന അതേ കക്ഷികള്‍. ഉച്ചയ്ക്ക്, മൂന്ന് പായസവും കിടിലന്‍ സാമ്പാറും കൊണ്ട് നമ്മുടെ ആമാശയത്തെ യുദ്ധക്കളമായി മാറ്റിയ സദ്യയിലെ സെയിം ടീമുകള്‍! അവരിപ്പോള്‍ നിന്നു തല്ലുകയാണ് സുഹൃത്തുക്കളെ, തല്ലുകയാണ്! അടിവിശേഷം പറയും മുമ്പേ കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടേണ്ടതുണ്ട്.
Also Read : ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം
Also Read : എന്ന്, ആരുടെയും ഇന്‍ ബോക്‌സില്‍ പോയി ഒലിപ്പിക്കാത്ത ഒരു പാവം കോഴി!
........................
സംഗതി ലഹളയാണ്. ഓണലഹള!
ചില ദുഷ്ടാത്മാക്കള്‍ ഇതിനെ ഓണത്തല്ലെന്ന് പില്‍ക്കാലത്ത് വിശേഷിപ്പിച്ചുവെങ്കിലും, അമ്മയാണെ സത്യം, സംഗതി ലഹളയായിരുന്നു. നല്ല പെടപെടയ്ക്കണ ഓണലഹള!
എന്നാല്‍, ഇതൊരു സാധാരണ ലഹളയായിരുന്നില്ല. സംഭവം നടക്കുന്ന സ്ഥലം, പങ്കെടുക്കുന്ന ടീമുകള്‍, സംഘര്‍ഷ കാരണം, രീതി, സ്വഭാവം. എല്ലാം വ്യത്യസ്തമാണ്. നമ്മളാരും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇവിടെ തല്ലുമാല നടന്നത്. ആചാരമോ ഉപചാരമോ അല്ല, കടുംവെട്ട് പകയും കുതികാല്‍വെട്ടും കുശുമ്പും കുന്നായ്മയും ഒക്കെയാണ് ഈ 'വേള്‍ഡ് വാറി'നു പിന്നിലെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍!
....................
Also Read : ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!
Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!
....................
യുദ്ധ സ്ഥലം ഇവിടെയാണ്!
ആദ്യം നമുക്ക് ഈ ഓണലഹളയുടെ വേദി എവിടെയാണെന്ന് നോക്കാം. അതന്വേഷിച്ചു പോയാല്‍ നമ്മള്‍ എത്തുക അടുക്കളയിലാണ്. അടുക്കളയിലെ ആ ഓഞ്ഞ മൂല. അവിടെ നീണ്ടുനിവര്‍ന്ന്, നെഞ്ചും വിരിച്ചുനില്‍ക്കുന്ന ഫ്രിഡ്ജ്! കൃത്യമായും വ്യക്തമായും പറഞ്ഞാല്‍ ലഹള നടന്നത് ആ ഫ്രിഡ്ജിനുള്ളിലാണ്!
ങേ, അതെങ്ങനെ ശരിയാവും! ഫ്രിഡ്ജിനുള്ളില്‍ എന്ത് ലഹള? എന്ത് തല്ലുമാല?
ഇതാണ് നിങ്ങളുടെ സംശയമെങ്കില്‍, മോട്ടുമുയലിന് വഴി കാണിച്ചു കൊടുക്കുന്നതു പോലെ, നിങ്ങളെ പതുക്കെ ഫ്രിഡ്ജിനുള്ളിലേക്ക് കൊണ്ടു പോവാം.
ഫ്രിഡ്ജ് ഇപ്പോഴും പാവം. തണുത്തു വിറച്ച് അതേ നില്‍പ്പ്. ശാന്തം, സമാധാനം. എന്നാല്‍, വാതില്‍ പതുക്കെ തുറന്നുനോക്കൂ, നിങ്ങള്‍ ഞെട്ടും! കലഹം തുടങ്ങിക്കഴിഞ്ഞു, അതിനുള്ളില്‍.
ആരാണ് ഈ തല്ലു കൂടണ പാര്‍ട്ടികള്‍ എന്നറിയാമോ? ഓണം കഴിഞ്ഞ്, നമ്മള്‍ ഭദ്രമായി ഫ്രിഡ്ജിനുള്ളില്‍ അടച്ചുവെച്ചിരിക്കുന്ന അതേ കക്ഷികള്‍. ഉച്ചയ്ക്ക്, മൂന്ന് പായസവും കിടിലന്‍ സാമ്പാറും കൊണ്ട് നമ്മുടെ ആമാശയത്തെ യുദ്ധക്കളമായി മാറ്റിയ സദ്യയിലെ സെയിം ടീമുകള്‍! അവരിപ്പോള്‍ നിന്നു തല്ലുകയാണ് സുഹൃത്തുക്കളെ, തല്ലുകയാണ്! അടിവിശേഷം പറയും മുമ്പേ കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടേണ്ടതുണ്ട്.
..................................
Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!
Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!
..................................
കഥാപാത്രങ്ങളും പങ്കെടുത്തവരും
ഫ്രിഡ്ജ് പൊതുവേ പാവമാണ്. ശാന്തസ്വരൂപന്‍. സമാധാനപ്രിയന്‍. വഴക്കെന്ന് കേട്ടാല്‍, തലയില്‍ മുണ്ടിടും. എന്നിട്ടും, ആ ഫ്രിഡ്ജാണ് പാതാളത്തിലേക്ക് താഴ്ന്നുപോവുന്ന മാവേലിയുടെ കണക്ക് നെഞ്ചിടിച്ച് നില്‍ക്കുന്നത്.
ഓണക്കാലത്ത് ഈ തല്ല് പതിവാണെന്നാണ് ഫ്രിഡ്ജ് പറയുന്നത്. പാവമാണ് സദ്യ എങ്കിലും വിഭവങ്ങള്‍ക്കിടയില്‍ വന്‍ പൊളിറ്റിക്സ് ഉണ്ട്. അത് വീട്ടുകാര്‍ പോലും അറിയുന്നില്ല. ഒരേ വാഴയിലയില്‍, ഒരേ സമയത്ത്, ഒരമ്മ പെറ്റ അളിയന്‍മാരെപ്പോലെ ഇരിക്കുമെങ്കിലും സന്ദേശം സിനിമയിലെ പോലെ, പ്രത്യയശാസ്ത്രപരമായ സംഘട്ടനം പതിവാണെന്നാണ് ഫ്രിഡ്ജ് പറയുന്നത്.
ഒന്നോ രണ്ടോ പാക്കറ്റ് പാല്‍. അല്ലെങ്കില്‍ കുറച്ചു പച്ചക്കറി. വാങ്ങുമ്പോള്‍ ഇതു മാത്രമുണ്ടായിരുന്ന ഫ്രിഡ്ജാണ് ഇപ്പോള്‍ ശ്വാസം വിടാന്‍ സ്ഥലമില്ലാതെ പാത്രങ്ങളുടെ ഇടയില്‍ രാത്രികാല മലബാര്‍ എക്സ്പ്രസിലെ അണ്‍റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റ് പോലെ ഞെങ്ങിഞെരുങ്ങി ഇരിക്കുന്നത്. അതിനിടയ്ക്കാണ് അടി പൊട്ടിയത്.
സാമ്പാറണ്ണന്‍
എല്ലാ യുദ്ധത്തിലെയും പോലെ, അധികാരക്കൊതിയും ധാര്‍ഷ്ട്യവും തന്നെയാണ് ഇവിടെയും വില്ലന്‍. സാമ്പാറണ്ണനാണ് ഇവിടെ നേതാവ്. കറിയില്‍ പച്ചക്കറികള്‍ കൂടുതലുള്ളതുകൊണ്ട് പുള്ളിക്ക് മറ്റെല്ലാവരോടും ഒരു 'പോ മോനെ ദിനേശാ' മനോഭാവമുണ്ട്. ഒപ്പം, ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെപ്പോലെ ഇച്ചിരി അഹങ്കാരവുമുണ്ടെന്ന് കൂട്ടിക്കോളു. ഫ്രിഡ്ജിലെത്തിയാല്‍ തനി രാക്ഷസനാണ് സാമ്പാറണ്ണന്‍.
സാമ്പാര്‍ രംഗണ്ണനെങ്കില്‍, അവിയലാണ് അമ്പാന്‍. കണ്ണില്‍ ചോരയില്ലാത്ത അച്ചാറാണ് ട്രസ്റ്റഡ് ലഫ്റ്റനന്റ്. മുളക് കൊണ്ടാട്ടവും ഇഞ്ചിക്കറിയുമാണ് മുഖ്യ ഗുണ്ടകള്‍.
അവിയല്‍
സാമ്പാറിന്റെ വലം കൈയാണെങ്കിലും സഹജമായ ഒരു മന്ദിപ്പ് അവിയലിനുണ്ട് എന്നാണ് എതിര്‍ കക്ഷികളുടെ പ്രചാരണം. സാമ്പാറിനേക്കാളും കൂടുതല്‍ പച്ചക്കറികള്‍ ഉണ്ടായിട്ടും അവിയല്‍ ഒറ്റയ്ക്ക് നില്‍ക്കാത്തത് അതിനുള്ള ധൈര്യമോ ആംപിയറോ ഇല്ലാത്തത് കൊണ്ടാണെന്നാണ് അവര്‍ രഹസ്യമായും പരസ്യമായും പറയുന്നത്. എന്നാല്‍, അവിയല്‍ ഇതൊന്നും മൈന്റ് ചെയ്യാറില്ല. ആയ കാലം മുതല്‍ അവന്‍ സാമ്പാര്‍ ദാസനാണ്. 'സാറേ സാറേ സാമ്പാറെ' എന്നു വിളിച്ച് ഫുള്‍ ടൈം സാമ്പാറണ്ണന്റെ പിന്നാലെ നടക്കാനാണ് അവനിഷ്ടം.
ഇഞ്ചിക്കറി
ഒരു കാലത്ത് സാമ്പാറിന്റെ കട്ട ശത്രുവായിരുന്നു ഇഞ്ചിക്കറി. വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനമാണ് അവന്‍ കുട്ടിശങ്കരനെ പ്രണയിച്ചത്. ''എടാ നാട്ടുകാര്‍ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങുന്നത് സാമ്പാറാണ്, അല്ലാതെ ഇഞ്ചിക്കറിയല്ല. അര സ്പൂണ്‍. അതില്‍ കൂടുതല്‍ ആര്‍ക്കുവേണമെടാ നിന്നെ'' -എന്ന് പറഞ്ഞ് ഫുള്‍ടൈം പരിഹസിക്കുന്ന ഒരാളായിരുന്നു പണ്ട് സാമ്പാറണ്ണന്‍. ''ആയിരം സാമ്പാറിനു തുല്യം, അര സ്പൂണ്‍ ഇഞ്ചിക്കറി'' എന്നൊക്കെ പറഞ്ഞ് മാറി നടന്നെങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പുള്ളി സാമ്പാര്‍ പക്ഷത്തു ചെന്നുനില്‍ക്കുകയായിരുന്നു. സ്വന്തം പക്ഷത്തു വന്നതോടെ സാമ്പാര്‍ പുച്ഛം നിര്‍ത്തി. ഇഞ്ചിക്കറി സാമ്പാറിനോടുള്ള വെറുപ്പും.
..................................
Also Read : വാ കീറിയ ദൈവവും വായില്‍ കൊള്ളാത്ത ബര്‍ഗറും
Also Read : പിന്നാലെ കാമുകിമാര്‍, പ്രണയാഭ്യര്‍ത്ഥനകള്‍,ഒടുവില്‍ യൂട്യൂബ് രാജ്യത്തേക്ക് ഒളിച്ചോടിയ പുട്ടും കടലയും!
..................................
ടീം ബി: പായസ സംഘം
പായസം
എതിര്‍ ഗ്യാങ് ലീഡര്‍ പായസമാണ്. എല്ലാ ടൈപ്പ് പായസവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മധുരം പുല്ലാണെന്ന് ഫുള്‍ടൈം വിളിച്ചു പറയുന്ന സാമ്പാറിനെ ഒതുക്കലാണ് ഇവരുടെ ജീവിതലക്ഷ്യം തന്നെ. അത് സാമ്പാറണ്ണനുമറിയാം. അതിനാല്‍, പായസം എന്ന് കേട്ടാല്‍ മതി അവന് ചൊറിഞ്ഞുവരും.
പച്ചടി
പച്ചടി ഗ്യാങാണ് സംഘത്തിലെ മുഖ്യ ഗുണ്ടകള്‍. ബീറ്റ്റൂട്ട് പച്ചടി, സഹോദരങ്ങളായ പൈനാപ്പിള്‍ പച്ചടി, വെള്ളരിക്ക പച്ചടി ഇവരൊക്കെയാണ് മെമ്പര്‍മാര്‍. ഒറ്റയ്‌ക്കൊറ്റയ്ക്ക് പാവങ്ങളാണ്. കൂട്ടായി വന്നാല്‍ പിന്നെ പണി കൊടുത്തേ മടങ്ങൂ. അതാണ് ശീലം.
ഉപ്പേരിയും ചിപ്സും
ശര്‍ക്കര ഉപ്പേരിയും, ചിപ്സുമാണ് സംഘത്തിലെ നിശ്ശബ്ദരായ ഇടിയന്‍മാര്‍. കാര്യം, അവരല്‍പ്പം സമാധാന പ്രിയരാണെങ്കിലും പ്രശ്‌നം വരുമ്പോള്‍ കട്ടയ്ക്കു നില്‍ക്കും. സാമ്പാര്‍ എന്നു കേട്ടാല്‍ മതി ചോര തിളയ്ക്കും. വെറുതെ തിളയ്ക്കുകയല്ല, അങ്ങനെ നിന്നു തിളക്കും. ആ വിധമായിരുന്നു സാമ്പാറണ്ണന്റെ നിരന്തര മാനസിക പീഡനം.
പുറത്ത് കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്നതിനാല്‍ വരത്തന്‍മാരായിട്ടാണ് സാമ്പാര്‍ അവരെ സ്ഥിരം പരിഗണിക്കുക. പുറത്തുപോയി പഠിച്ച് നാട്ടിലെത്തുന്ന ഡോക്ടര്‍മാരുടെ അവസ്ഥയാണ് അവര്‍ക്ക്. സാമ്പാറും കൂട്ടരും സൈ്വര്യം കൊടുക്കില്ല. 'വെറും ഡൂക്കിലികള്‍' എന്ന് പറഞ്ഞാണ് സാമ്പാര്‍ പുച്ഛിക്കുന്നത്. പരിഹാസങ്ങളില്‍ മുറിഞ്ഞ് കരഞ്ഞു കരഞ്ഞിരിക്കുന്ന ഒരു നട്ടുച്ചയ്ക്കാണ് സംഘ നേതാവായ പായസം ചെന്ന് അവരുടെ കൈ പിടിക്കുന്നത്. അന്നു മുതല്‍ പായസം എന്നാലോചിച്ചാല്‍ അവര്‍ക്ക് കണ്ണു നിറയും. ആര്‍ക്കും വേണ്ടാത്തവര്‍ക്ക് പായസമുണ്ട് എന്നാണ് അവര്‍ സ്ഥിരമായി പറയുന്നത്.
ചേരിചേരാ സംഘം
രണ്ട് ഗ്യാങിനുമിടയില്‍ ഇതിലൊന്നും ചേരാതെ നില്‍ക്കുന്ന ഒരു കൂട്ടരുമുണ്ട്. ഓലനും കാളനും. ചേരിചേരാ നയമാണ് ഇവരുടേത്. സമദൂര സിദ്ധാന്തം അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സ്വന്തം കാര്യം മാത്രമേ നോക്കൂ എന്നാണ് ഇവരെക്കുറിച്ച് സാമ്പാര്‍, പായസ ഗ്യാങുകള്‍ പറയുന്നത്. വായില്‍ കൈയിട്ടാലും കടിക്കില്ല എന്ന മട്ടുകാരായതിനാല്‍, ഓലനും കാളനും ഇതിലൊന്നും ഇടപെടാറില്ല. അരാഷ്ട്രീയവാദികള്‍ എന്ന ചീത്തപ്പേരുണ്ടെങ്കിലും ചുറ്റിലും നടക്കുന്ന സംഭവങ്ങളെല്ലാം ഒളികണ്ണിട്ട് കാണാറുണ്ട് എന്നതാണ് സത്യം!
സംഗതി സമദൂരമാണെങ്കിലും, ഫ്രിഡ്ജിനു പുറത്തുള്ളതു പോലെ, ഒരു രഹസ്യ ചായ്വ് നമ്മുടെ ഓലനും കാളനും ഉണ്ട്. അടി പൊട്ടുമ്പോള്‍, രഹസ്യമായി അവര്‍ സാമ്പാര്‍ സംഘത്തിന്റെ കൂടെ നില്‍ക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംഘടിക്കല്‍ എന്നാണ് സാമ്പാര്‍ സംഘം ഇതിനെക്കുറിച്ച് പറയാറ്. കീഴാള രാഷ്ട്രീയ ദാസ്യം എന്നൊക്കെയാണ് പായസ സംഘം അതിനെ വിശേഷിപ്പിക്കുന്നത്.
.........................
Also Read : വയസ്സ് രണ്ടായിരം, എന്നിട്ടുമിപ്പോഴും ന്യൂജെന്‍; വിദേശി ആണേലും ഇവനെന്‍ മോഹവല്ലി!
Also Read : കൊച്ചിന്‍ ഹനീഫയായി മയോണൈസ്, ലാലേട്ടനായി തേന്‍, ബാക്ടീരിയയ്ക്ക് പണി കിട്ടുമോ?
.........................
ഓണ ലഹള: യഥാര്‍ത്ഥ കാരണം
സൂക്ഷ്മമായി പരിശോധിച്ചാല്‍, ഇവരുടെ ശത്രുതയ്ക്ക് കാരണം ജന്‍മനായുള്ള സ്വഭാവഗുണങ്ങളാണ് എന്നാണ് സദ്യയിലെ താത്വികാചാര്യനായ പപ്പടം പറയാറുള്ളത്. ജാത്യാലുള്ളത് എന്നാണ പപ്പടാചാര്യന്‍ അതിനെ വിശേഷിപ്പിക്കാറുള്ളത്. മധുരമാണോ എരിവാണോ വലുത് എന്നതാണ് ഇവരുടെ ശത്രുതയുടെ നട്ടെല്ല്. മധുരമുള്ളവര്‍ ഒരു പക്ഷം. എരിവും പുളിയുമുള്ളവര്‍ മറുപക്ഷം. ഫ്രിഡ്ജിനുള്ളിലെ പൊളിറ്റിക്കല്‍ ഇഷ്യുസിന്റെ പ്രത്യയശാസ്ത്രപരമായ കാരണം, ഇതാണെന്നാണ് പപ്പടാചാര്യന്‍ പറയുന്നത്! എന്നാല്‍, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ് എന്നാണ് സാക്ഷാല്‍ പപ്പടം ഇതിനെ വിലയിരുത്തുന്നത്.
......................
Also Read: ഉള്ളതുപറഞ്ഞാല്‍ മരമണ്ടന്റെ ചമ്മന്തി; ഇത് ഞങ്ങളുടെ തലവിധി!
......................
ഫ്രിഡ്ജ് യുദ്ധം: തുടക്കം ചാപല്യം!
നമുക്ക് ഓണലഹളയിലേക്ക് തന്നെ തിരികെയെത്താം. ഫ്രിഡ്ജിപ്പോള്‍ കലാപകലുഷിതമാണ്. ഏതു സമയവും അടിപൊട്ടും എന്ന മട്ട്!
കൂട്ടത്തില്‍ തടിയനായ സാമ്പാറും ജീവിതവിരക്തി ബാധിച്ച മട്ടില്‍ സദാ ഉറക്കം തൂങ്ങുന്ന രസവും ചേര്‍ന്നാണ് കാണുന്നവരെ മുഴുവന്‍ തല്ല് തുടങ്ങിയത്. ഇരിക്കാന്‍ സ്ഥലമില്ല എന്ന് പറഞ്ഞ് ഇരുവരും ചേര്‍ന്ന് സാധുവായ മാങ്ങാ അച്ചാറിനെ അല്‍പ്പമൊന്ന് തള്ളി. ആ വിഷയത്തില്‍, പൈനാപ്പിള്‍ പച്ചടി കേറി ഇടപെട്ടു. അതോടെ തുടങ്ങി ലോകമഹായുദ്ധം!
'കഷ്ണങ്ങള്‍ അല്‍പ്പം കൂടുതലുണ്ട് എന്ന് പറഞ്ഞ് തോന്നിവാസം കാണിക്കരുത് മിസ്റ്റര്‍' എന്നും പറഞ്ഞ് സാമ്പാര്‍ പാത്രത്തിന് ഒരു തള്ളു കൊടുത്തു പൈനാപ്പിള്‍ പച്ചടി.
പിന്നെ വൈകിയില്ല. പായസപക്ഷം സാമ്പാറിനെ ട്രോളാന്‍ തുടങ്ങി. സാമ്പാര്‍ എപ്പോഴും ഗമയില്‍ പറയുന്ന ഒരു കാര്യമുണ്ട് -'സദ്യ കുലത്തിന് അഭിമാനമാണെടാ ഞാന്‍. സാമ്പാറില്ലാതെന്ത് ചോറ്?'
ഇതേ വാചകം വെച്ചായിരുന്നു സാമ്പാറിനെതിരായ ട്രോള്‍. ആദ്യം തുടങ്ങിയത് പാല്‍പ്പായസമായിരുന്നു. കുതിരവട്ടം പപ്പുവിന്റെ ആക്‌സന്റില്‍, സാമ്പാറിനെ നോക്കി അവന്‍ പറഞ്ഞു, ''സദ്യ കുലത്തിന് അപമാനമാണെടാ ഞാന്‍, സാമ്പാറില്ലാതെന്ത് വെറുപ്പിക്കല്‍...!''
അന്നേരം പായസക്കുടുംബത്തിലെ ഇളമുറക്കാര്‍ വരെ തലകുത്തിനിന്നു ചിരിച്ചു. പച്ചടി ഗ്യാങാവട്ടെ, കിക്കിക്കി എന്ന് ഇളി തുടങ്ങി. അതു കണ്ടതും സാമ്പാറിന് കലി കയറി. സ്ഫടികത്തിലെ ലാലേട്ടന്റെ സ്‌റ്റൈലില്‍ അല്‍പ്പം ചെരിഞ്ഞ്, മുണ്ട് മാടിക്കുത്തി, മീശ ഒന്നു പിരിച്ച്, രണ്ട് തെറി! അച്ചാറും ഇഞ്ചിക്കറിയും ഇരുപുറവും നിന്നു. അവിയലാണെങ്കില്‍, ഒരു മുരിങ്ങക്കോല്‍ പൊക്കിപ്പിടിച്ച് എന്തിനും തയ്യാറായി.
ഒരറ്റത്ത് ലാലേട്ടനെങ്കില്‍, മറുപക്ഷത്ത് മമ്മുക്കയായിരുന്നു. അഴകിയ രാവണനിലെ പോലെ, പളപളാ മിന്നുന്ന ജുബ്ബയുമിട്ടുവന്ന് പാലട പായസം നെഞ്ചുംവിരിച്ച് ഒരു നില്‍പ്പ്. പച്ചടി ഗ്യാങ് ആവട്ടെ അമല്‍നീരദ് സിനിമയിലെന്നപോലെ സ്‌ലോ മോഷനില്‍ ഒരു വരവ്. പൈനാപ്പിള്‍ പച്ചടി സണ്‍ഗ്ലാസ് മുഖത്തുനിന്നും മാറ്റി സാമ്പാറിനെ രണ്ടു തെറി. കാല്‍ പൊക്കി രണ്ടു വിരട്ട്!
സാമ്പാര്‍ ടീം വിരണ്ടില്ല. മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ല എന്ന മട്ടില്‍ അവര്‍ മുന്നോട്ടാഞ്ഞു. കടത്തനാടന്‍ കളരിയിലെ മുഴുവന്‍ അടവുകളും പയറ്റിയതാണ് എന്ന മുഖഭാവത്തോടെ, സാമ്പാര്‍ ചുവടുവെച്ചു. ഇന്ത്യനിലെ കമല്‍ഹാസന്‍ സ്‌റ്റൈലിലായിരുന്നു ഇഞ്ചിക്കറി. മര്‍മ്മ വിദഗ്ധനെപ്പോലെ ചൂണ്ടുവിരലുകള്‍ നീട്ടിയെത്തിയ ഇഞ്ചിക്കറിയെ കണ്ട് പച്ചടി ഗ്യാങ് ആദ്യമൊന്ന് പകച്ചു.
''പോടെര്‍ക്കാ, പോയി തഞ്ചത്തിന് കളിക്ക്''-എതിര്‍പക്ഷത്ത് യുദ്ധസന്നദ്ധനായി നിന്ന ഗോതമ്പ് പ്രഥമന്‍േറതായിരുന്നു ആ ശബ്ദം. ഇഞ്ചിക്കറി ഒന്നു ചമ്മി, പിന്നെ ങാ, നിങ്ങളായി നിങ്ങടെ പാടായി എന്ന് പറഞ്ഞ്, പുറകിലേക്ക് വലിഞ്ഞു. അതോടെ, ശ്വാസംപിടിച്ചുനിന്ന സാമ്പാര്‍ കാറ്റുപോയ ബലൂണിനെപോലെ ഒന്നു പതറി, പിന്നെ, ബോംബും തോക്കുമൊന്നും ഞങ്ങള്‍ക്ക് പുറത്തരിയല്ല എന്ന മട്ടില്‍, ആവശ്യത്തലധികം എയര്‍ പിടിച്ച് അവിടെത്തന്നെ നിന്നു.
അച്ചാര്‍ ഒരു ചുവടു മുന്നോട്ട് വന്നു. അടപ്രഥമന്റെ ഉണ്ടക്കണ്ണ് നോക്കി ഒരു ചാട്ടം, കണ്ണിലെന്തോ തീക്കട്ട വീണതുപോലെ അത് ഒന്നിളകി, അടുത്ത ക്ഷണം താഴേക്കു വീണു. തീര്‍ന്നില്ല, പച്ചടി ഗ്യാങിലെ പോക്കിരികളും ശര്‍ക്കര ഉപ്പേരി -ചിപ്‌സ് സംഘവും പ്രത്യാക്രമണം തുടങ്ങി.
യുദ്ധം. ഘോരമായ സംഘട്ടനം. മാഫിയാ ശശി തോറ്റുപോവുന്ന തീര്‍പ്പാറുന്ന സംഘട്ടനം. ഡിഷും ഡിഷും എന്ന ശബ്ദം ഫ്രിഡ്ജിനുള്ളില്‍ പ്രകമ്പനം കൊണ്ടു.
അടുത്ത നിമിഷം!
പിന്നെ അതു സംഭവിച്ചു. ഫ്രിഡ്ജിന്റെ വാതില്‍ ആരോ തുറന്നു! വീട്ടിലെ അമ്മയാണ്. അവര്‍ സംശയത്തോടെ ഫ്രിഡ്ജിനുള്ളിലേക്ക് നോക്കി.
വാതില്‍ മലര്‍ക്കെ തുറന്ന നിമിഷത്തില്‍ യുദ്ധം അവസാനിച്ചിരുന്നു. 'ഞങ്ങളൊക്കെ പാവങ്ങളാണ് ഗഡികളേ' എന്ന ഭാവത്തില്‍ സാമ്പാര്‍ പക്ഷവും പായസ പക്ഷവും അടങ്ങിയൊതുങ്ങി ഇരുന്നു. സംഘട്ടനമോ, എവിടെ, ഞാനൊന്നും കണ്ടിട്ടും കേട്ടിട്ടുമേയില്ല എന്നായിരുന്നു ഫ്രിഡ്ജിന്റെയും ഭാവം.
അടുത്ത നിമിഷം അതു സംഭവിച്ചു. ആയമ്മ കൈ അകത്തേക്കിട്ട്, ഫ്രിഡ്ജിലെ പല അറകളിലായി സൂക്ഷിച്ചിരുന്ന ഓരോ പാത്രങ്ങളായി എടുത്ത് പുറത്തേക്കുവെച്ചു.
''ഓണം കഴിഞ്ഞാല്‍ പിന്നെ പഴഞ്ചോറ് പതിവാ, ദേവക്യേ...ഇതൊക്കെ എടുത്ത് ആ വലി പാത്രത്തിലേക്ക് ജഴിച്ചേ. നമുക്കിന്ന് പഴഞ്ചോറുണ്ടാക്കാം''-മുഷിഞ്ഞ സെറ്റ് മുണ്ട് അല്‍പ്പം വകഞ്ഞ് ആയമ്മ ഉറക്കെ പറഞ്ഞു.
താമസിച്ചില്ല, സംഘട്ടന രംഗത്തെ മുടിചൂടാ മന്നന്‍മാരായ ഫ്രിഡ്ജിലെ നടന്‍മാരെല്ലാം ആ പാത്രത്തിലേക്ക് പല കോലത്തില്‍ പാറിവീണു. പഴഞ്ചോറാവുന്നതിന് മുമ്പുള്ള നിശ്ശബ്ദതയില്‍ സാമ്പാറിനെ നോക്കി സേമിയാ പായസം മാത്രം പറഞ്ഞു, എന്നാലും എന്നാ തള്ളായിരുന്നു, എന്റെ സാമ്പാറ് തന്തേ...വെറും തന്ത വൈബ്, അല്ലണ്ടെന്താ ഇതൊക്കെ...''