യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ

രാജ്യത്ത് ശത്രുക്കളുടെ മിസൈലുകള്‍ പതിക്കാതിക്കാന്‍ ഇസ്രയേല്‍ കോടിക്കാനുകോടി ഡോളറുകളാണ് ചെലവഴിക്കുന്നത്. എന്നാല്‍ അന്തമില്ലാത്ത യുദ്ധം രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തകിടം മറിച്ചിരിക്കുന്നു. 

Israels war and defense Will Israel's economy collapse after the war


മികച്ച വ്യോമപ്രതിരോധ സംവിധാനമാണ് ഇസ്രയേലിന്. പല തട്ടിലെ പ്രതിരോധം പല തരത്തിലെ ആക്രമണങ്ങൾ തടയാൻ. ഹമാസ്, ഹിസുബ്ള്ള, ഹൂതി... ശത്രുക്കൾ പലതരത്തിലാണ് ഇസ്രയേലിന്. അതുകൊണ്ട് തന്നെ പലതരത്തിലെ പ്രതിരോധ സംവിധാനങ്ങൾ. പക്ഷേ, ആകാശ പ്രതിരോധം കനക്കുമ്പോള്‍ രാജ്യത്തിന്‍റെ സമ്പത്ത് ചോരുന്നു. സാമ്പത്തിക രംഗത്തിന് പതുക്കെയെങ്കിലും തുടർച്ചയായി പരിക്കേൽക്കുന്നു.

അയേൺ ഡോം

പ്രതിരോധ സംവിധാനങ്ങളിൽ അറിയപ്പെടുന്നത് അയേൺ ഡോം (Iron Dome).  ഹ്രസ്വദൂര റോക്കറ്റുകളും ഷെല്ലുകളും മോർട്ടാറുകളും ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം. 70 കിമീ ദൂരപരിധി. റഡാറുകളും ബാറ്ററികളും കൺട്രോൾ സിസ്റ്റവുമാണ് ഭാഗങ്ങൾ. ശത്രു അയക്കുന്ന റോക്കറ്റുകൾ കണ്ടെത്തുന്നതും ട്രാക്ക് ചെയ്യുന്നതും റഡാറുകൾ. ലക്ഷ്യവും സ്ഥാനവും കൺട്രോൾ സിസ്റ്റം നിർണയിക്കും. ജനവാസമേഖലകളിലാണോ വീഴുക എന്നും നിർണയിക്കും. ആണെങ്കിൽ മാത്രം പ്രതിരോധിക്കും. ബാറ്ററികൾക്കാണ് ആ  ചുമതല. രാജ്യമെങ്ങും സ്ഥാപിച്ചിട്ടുള്ള ബാറ്ററികൾ. ഓരോന്നിലും മൂന്നോ നാലോ റോക്കറ്റ് ലോഞ്ചറുകൾ. ഓരോ റോക്കറ്റിലും 20 ഇന്‍റർസെപ്റ്റർ മിസൈലുകൾ. തമിർ (Tamir) മിസൈലുകൾക്ക് ഒരെണ്ണത്തിന് 50,000 ഡോളറാണ് (42 ലക്ഷം) വില.

2006 -ലെ യുദ്ധകാലത്ത് ഹിസ്ബുള്ള തൊടുത്ത 4,000 റോക്കറ്റുകൾ വീണ് ഇസ്രയേലിൽ നിരവധിപേർ മരിച്ചു. അതോടെയാണ് അയേൺ ഡോം തീരുമാനമായത്. മാതൃക തയ്യാറാക്കിയത് ഇസ്രയേലി കമ്പനികൾ. അതും അമേരിക്കൻ പിന്തുണയോടെ. 2011 -ൽ സ്ഥാപിച്ചു.

പക്ഷേ, 2023 ഒക്ടോബർ ഏഴിന് ഹമാസ് തൊടുത്തുവിട്ടത് ആയിരക്കണക്കിന് മിസൈലുകളാണ്. ഓരോ മിസൈലും പ്രതിരോധിക്കാൻ അയേൺ ഡോം എടുക്കുന്ന സമയം ഒരു മിനിട്ടിൽ താഴെയാണെന്നാണ് നിഗമനം. പക്ഷേ, ഒരേസമയം ആയിരക്കണക്കിന് മിസൈലുകൾ വന്നാൽ അത് നേരിടാൻ അയേൺ ഡോമിന് കഴിയാതെവരും. അതാണ് ഒക്ടോബർ ഏഴിന് സംഭവിച്ചത്. അതുതന്നെയാവണം ഇത്തവണ ഇറാന്‍റെ മിസൈലുകളിൽ ചിലതെങ്കിലും ഇസ്രയേലിൽ വീഴാനുള്ള കാരണം. അതിനിയും സംഭവിക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Israels war and defense Will Israel's economy collapse after the war

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

ഡേവിഡ്സ് സ്ലിഗ്

മറ്റൊരു പ്രതിരോധ സംവിധാനമായ ഡേവിഡ്സ് സ്ലിഗ്  (Davids Sling) സ്ഥാപിച്ചത് 2017 -ൽ. ദീർഘദൂര റോക്കറ്റുകൾ, ക്രൂയിസ് മിസൈലുകൾ, മധ്യ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഡേവിഡ്സ് സ്ലിഗ് ചെറുക്കും. 300 കിമീ ദൂരപരിധി. സ്റ്റണ്ണർ മിസൈലുകള്‍ (Stunner missile) ഉപയോഗിച്ച് ശത്രു മിസൈലുകൾ തകർക്കുക. ഓരോന്നിനും വില 10 ലക്ഷം ഡോളർ (8 കോടി 40 ലക്ഷം).

ആരോ 2 ഉം 3 ഉം

ആരോ 2 (Arrow 2), ആരോ 3 (Arrow 3) എന്നിവ ചെറുക്കുന്നത് ബാലിസ്റ്റിക് മിസൈലുകളെ. ആരോ 2 ശത്രു മിസൈലുകളെ 500 കിമീ ദൂരത്തുനിന്നേ തിരിച്ചറിയും. 100 കിമി പരിധിക്കുള്ളിൽ തകർക്കും. ശബ്ദത്തേക്കാൾ 9 ഇരട്ടി വേഗമെന്നും ഒറ്റയടിക്ക് 14 ലക്ഷ്യങ്ങളിലേക്ക് പായിക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. ആരോ 3 -യുടെ ദൂരപരിധി 2,400 കിമീ. ഓരോന്നിനും കോടികള്‍.

ഇതെല്ലാം പ്രവർത്തിപ്പിച്ചാണ് ഇസ്രയേൽ ഇത്തവണത്തെ ഇറാൻ ആക്രമണത്തെ ചെറുത്തെന്നതെന്ന് റിപ്പോർട്ട്. എന്നിട്ടും ചിലത് ഇസ്രയേലിൽ വീണു. 90 ശതമാനവും വീണെന്ന് ഇറാന്‍. അല്ല, കൂടുതലും തടുത്തുവെന്ന് ഇസ്രയേലും വാദിക്കുന്നു.

Israels war and defense Will Israel's economy collapse after the war

ഹസൻ നസ്റള്ള; ഹിസ്ബുള്ളയെ ലെബനണില്‍ നിര്‍ണ്ണായക ശക്തിയാക്കിയ നേതാവ്

തകരുന്ന സമ്പത്ത്

കോടികിലുക്കമുള്ള ആകാശ പ്രതിരോധത്തില്‍ ഉപയോഗിക്കപ്പെടുന്ന ഓരോ മിസൈലും ഇസ്രയേലിനെ മറ്റൊരു തരത്തില്‍ തളര്‍ത്തുകയാണ്. അതെ ഇസ്രയേലിന്‍റെ പ്രതിസന്ധി മറ്റൊന്നാണ്. സാമ്പത്തിക രംഗത്തുണ്ടാകുന്ന ആഘാതം. കൊവിഡ് കാലത്തേക്കാൾ കടുത്തതാണ് ചെറിയ വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന ഇടിവ്. വിനോദസഞ്ചാരം വലിയൊരു ഘടകമല്ലെങ്കിൽ പോലും അത് ജീവിതമാർഗമായിരുന്ന ഒരുപാട് പേരുണ്ട്. മൂന്ന് യുദ്ധങ്ങൾ നേരിടുന്ന ഇസ്രയേൽ സർക്കാരിന് എളുപ്പമല്ല, വരവ് ചെലവ് കണക്കുകൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ. ചെലവിന് മിസൈൽ വേഗമാണ്.  

ബാങ്ക് ഓഫ് ഇസ്രയേൽ മേയിൽ കൂട്ടിയ കണക്കനുസരിച്ച് അടുത്ത വർഷം വരെ യുദ്ധച്ചെലവ് 66 ബില്യൻ ഡോളറാവും. സൈനിക- സൈനികേതര ചെലവുകൾ ഒരുമിച്ച്. ആഭ്യന്തരോത്പാദനത്തിന്‍റെ 12 ശതമാനം. പക്ഷേ, ഇപ്പോൾ ഗാസ കടന്ന് യുദ്ധം ലബനണിലേക്കും പടർന്നു. ഇനി ഇറാനിലേക്കും എന്ന സൂചനകളും ശക്തം.

അടയുന്ന വരുമാനം

യുദ്ധം കനത്തതോടെ വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. അതോടെ വിശുദ്ധ ഭൂമിയിലേക്കുള്ള തീർത്ഥാടന യാത്രകൾ അവസാനിച്ചു. പഴയ ജറുസലേമും തിരക്കേറിയ മാർക്കറ്റുകളും നിശ്ചലം. വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനം 5 ബില്യനോളം കുറഞ്ഞു എന്നാണ് കണക്ക്. താമസക്കാരില്ലാത്തത് കൊണ്ട് ഹോട്ടലുകൾ പലതും അടച്ചു. പ്രവർത്തിക്കുന്നവ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. പലസ്തീന്‍റെ കാര്യത്തിലും അതുതന്നെ അവസ്ഥ. ഹൂതികളുടെ ആക്രമണം ഭയന്ന കപ്പലുകൾ അധികവും ഇസ്രയേലിൽ അടുക്കുന്നില്ല. ആ വരുമാനവും നിലച്ചു.  അങ്ങനെ പല മേഖലകളേയും യുദ്ധം കനത്ത തോതിൽ ബാധിച്ചു. 4 ലക്ഷത്തോളം റിസർവ് സൈനികരെ വിളിച്ചുവരുത്തി. പലരും തിരിച്ചെത്തി. പക്ഷേ, പലരുടേയും  ജീവിതമാർഗം നിലച്ചു.

Israels war and defense Will Israel's economy collapse after the war

ലെബനണിലെ പേജർ സ്ഫോടനം; രാജ്യാതിർത്തികള്‍ കടക്കുന്ന അന്വേഷണം

പൂട്ടി, രാജ്യം വിടുന്ന കമ്പനികൾ

60,000 ഇസ്രയേലി കമ്പനികൾ ഈ വർഷം പൂട്ടും എന്നും വാർത്ത. വിതരണശൃംഖലയിലെ തടസമടക്കമുള്ള പ്രശ്നങ്ങളാണ് കാരണം. മുമ്പുനടന്ന യുദ്ധങ്ങളിൽ നിന്ന് ഇസ്രയേൽ കരകയറിയിട്ടുണ്ട്. പക്ഷേ, 1973 -ലെ അറബ് ഇസ്രയേലി യുദ്ധം നീണ്ടുനിന്ന പരിക്കുകളേൽപ്പിച്ചു. പ്രതിരോധ ചെലവ് കൂട്ടിയതായിരുന്നു പ്രധാന കാരണം. കടമെടുപ്പും കൂടി. ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞു. ബജറ്റ്, കമ്മി ബജറ്റായി. യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന അനിശ്ചിതാവസ്ഥ നിക്ഷേപകരെ അകറ്റുന്നു. യുദ്ധം അവസാനിച്ചാലും അനിശ്ചിതാവസ്ഥ തുടരും.

ടെക് രംഗമാണ് മറ്റൊന്നെന്ന് വിദഗ്ധർ. ജുഡീഷ്യറിയെ ബലഹീനമാക്കുന്ന പരിഷ്കരണങ്ങൾക്ക് നീക്കം തുടങ്ങിയപ്പോഴേ ടെക് കമ്പനികൾ രാജ്യം വിട്ടു. യുദ്ധം കൂടിയായപ്പോൾ പുതിയ കമ്പനികൾ  രജിസ്റ്റർ ചെയ്യുന്നത് വിദേശത്തായി. അതിലും തിരിച്ചുവരവ് ബുദ്ധിമുട്ടാകും.

യുദ്ധം, ആരെയും സ്വതന്ത്രരാക്കുന്നില്ല

ഗാസ യുദ്ധം തുടങ്ങിയതോടെ അവിടെയും സ്ഥിതിയിതുതന്നെ. വിനോദസഞ്ചാരമില്ലെങ്കിലും തകർന്നിരുന്ന സമ്പദ്‍വ്യവസ്ഥ ഒന്നുകൂടി ഇഴപിരിഞ്ഞു. തൊഴിലില്ലായ്മ 61 ശതമാനം. 2023 ഒക്ടോബറിനും നവംബറിനും ഇടയിലെ മാത്രം കണക്ക്.

ഇനി ഇതെല്ലം കൂടി ആഗോള സമ്പദ്‍രംഗത്തിനേൽപ്പിക്കുന്ന ആഘാതം. ഇതുവരെ അത് അത്രകണ്ട് പുറത്തേക്ക് വന്നിട്ടില്ല. പക്ഷേ, വരാനുള്ള സാധ്യതയുടെ സൂചനയായിരുന്നു ഇറാൻ ഇസ്രയേലിന് നേർക്ക് മിസൈലുകൾ പായിച്ചപ്പോൾ എണ്ണവിലയിലുണ്ടായ കുതിപ്പ്. കപ്പൽ പാതകൾ തടസ്സപ്പെട്ടതോടെ കപ്പലുകൾ വഴിമാറിപ്പോകുന്നത് ചെറുതല്ലാത്ത ബുദ്ധിമുട്ടും ചെലവുമാണ് ഉണ്ടാക്കുന്നത്. അങ്ങനെ പലതലത്തിലാണ് പ്രശ്നങ്ങള്‍. യുദ്ധം എത്രനാൾ നീണ്ടുനിൽക്കും? എത്ര വ്യാപകമാകും? എന്നുള്ള ചോദ്യങ്ങളുടെ ഉത്തരമായിരിക്കും ഇതിനെല്ലാമുള്ള ഉത്തരങ്ങളുടെ അടിസ്ഥാനം. അതാകട്ടെ ഇസ്രയേലിന്‍റെ അടുത്ത നീക്കത്തെ അടിസ്ഥാനമാക്കിയും.

Latest Videos
Follow Us:
Download App:
  • android
  • ios