തീരുമാനം മാറ്റി ജോഫ്ര ആര്‍ച്ചര്‍! ഐപിഎല്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ജോഫ്രേ ആര്‍ച്ചറിന് പരിക്ക് മൂലം കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്.
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രേ ആര്‍ച്ചര്‍ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ ഐപിഎല്‍ സീസണില്‍ കളിക്കില്ലെന്ന് ജോഫ്രേ ആര്‍ച്ചര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തെ ലേല പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ താരം ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ജോഫ്രേ ആര്‍ച്ചറിന് പരിക്ക് മൂലം കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഐപിഎല്ലില്‍ വിവിധ ടീമുകളിലായി 40 മത്സരങ്ങള്‍ കളിച്ച ജോഫ്രേ ആര്‍ച്ചര്‍ 48 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
മൂന്ന് സെറ്റ് മാര്‍ക്വീ താരങ്ങള്‍ ലേലത്തിനുണ്ടാവും. ആദ്യ സെറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍, ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ്, റിഷഭ് പന്ത്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്നതാണ് ആദ്യ സെറ്റ്.
മറ്റു ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ അടുത്ത കാറ്റഗറിയിലാണ്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണ്‍, ദക്ഷണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരും ഇക്കൂട്ടിത്തിലുണ്ട്. മൂന്നാം സെറ്റില്‍ ഡെവോണ്‍ കോണ്‍വെ, ഫ്രേസര്‍ മക്ഗുര്‍ക്, എയ്ഡന്‍ മാര്‍ക്രം, ദേവ്ദത്ത് പടിക്കല്‍, രാഹുല്‍ ത്രിപാഠി, ഡേവിഡ് വാര്‍ണര്‍, ഹാരി ബ്രൂക്ക് എന്നിവരുടെ പേരുകളുണ്ട്. ഈ താരങ്ങളില്‍, മില്ലര്‍ക്ക് 1.50 കോടിയാണ് അടിസ്ഥാന വില. ശേഷിക്കുന്നവര്‍ക്ക് രണ്ട് കോടിയും.