ആ അടക്കവും ഒതുക്കവുമാണ് സ്ത്രീകളുടെ ശവപ്പെട്ടിയിലടിക്കുന്ന ആദ്യ ആണി
എനിക്കും പറയാനുണ്ട്. മായ ശെന്തില്‍ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
പെണ്‍മക്കളെ അടക്കവും ഒതുക്കവും പഠിപ്പിച്ചെന്നു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മമാര്‍ ഓര്‍ത്തിട്ടുണ്ടോ ചിലപ്പോള്‍ അവരുടെ ശവപ്പെട്ടിയിലടിക്കുന്ന ആദ്യത്തെ ആണിയാവും അതെന്ന്. കളിക്കുമ്പോഴും അനിയനുമായി വഴക്കുണ്ടാക്കുമ്പോഴും എന്റെ ശബ്ദമൊന്നു ഉയര്‍ന്നുകേട്ടാല്‍, മിണ്ടാതിരിക്ക് നീയൊരു പെണ്ണാണെന്ന് ഓര്‍മ വേണം എന്ന് അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍ വരും. അതോടെ ഞാന്‍ ഉള്‍വലിയും. അനിയന്‍ വിജയിയാവും.
റേഷനരി ചോറിനോട് അനിഷ്ടത്തോടെ തലതിരിക്കുമ്പോള്‍ അല്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങളുടെ പട്ടിക പറയുമ്പോള്‍ അമ്മ വീണ്ടും ഓര്‍മ്മപ്പെടുത്തും, നീയൊരു പെണ്ണാണ്, നാളെ മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതാണ്.
പിന്നെ കല്യാണം ആയപ്പോഴാണ് അടുത്ത ഓര്‍മ്മപ്പെടുത്തല്‍ 'കുടുംബമാണ് വലുത്, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നമ്മള്‍ പെണ്ണുങ്ങളാണ് താഴ്ന്നുകൊടുക്കേണ്ടത്'.
ശരിയാണ് ഞാനടക്കമുള്ള മക്കള്‍ കണ്ടുവളര്‍ന്നതും അത് തന്നെ. പ്രത്യേകിച്ച് മധ്യ-ദരിദ്ര വര്‍ഗങ്ങളിലെ കുടുംബങ്ങളില്‍.
ഒരു പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയക്കുക എന്നത് വലിയ ഒരു ബാധ്യതയാണ്. പ്രത്യേകിച്ച് സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്ന ഇടങ്ങളില്‍.മിക്കപ്പോഴും കടം വാങ്ങിയും വീടുപോലും പണയപ്പെടുത്തിയും ആണ് ഒരു കല്യാണം നടത്തുന്നത്.
ഭര്‍ത്താവിന്റെ വീട്ടില്‍ എന്തുപ്രശ്‌നമുണ്ടായാലും പല സ്ത്രീകളും എല്ലാം സഹിക്കുന്നത് തിരിച്ചു വീട്ടിലേക്കു പോയാല്‍ താനൊരു ബാധ്യത ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. ഇനി തിരിച്ചുപോകാമെന്നു വച്ചാലും കഴിച്ചുപോയില്ലേ, ഇനി എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ നോക്ക് എന്ന് പറയുന്നവരായിരിക്കും മിക്ക വീട്ടുകാരും. അതിനവരെ പ്രേരിപ്പിക്കുന്നത് നേരത്തെ പറഞ്ഞ കടങ്ങളും, ഡിവോഴ്‌സ് ആയി മകള്‍ വീട്ടില്‍ നില്‍ക്കുന്നു എന്ന വലിയ നാണക്കേടും ആയിരിക്കും .
ഇതില്‍ നിന്നെങ്കിലും ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു
ഒരു ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം അത് നടക്കുന്നത് വരെയും ജീവനാണ് വലുത് എന്ന് ചിന്തിക്കുന്നവര്‍ വളരെ കുറവായിരിക്കും.
എന്തൊക്കെ കൊള്ളരുതായ്മ ചെയ്താലും അവന്‍ ആണല്ലേ എന്ന് ആശ്വസിക്കുന്ന അച്ഛനമ്മമാരും ഓര്‍ക്കേണ്ടുന്ന ചിലതുണ്ട്.
പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതെ സുരക്ഷിതത്വവും സംരക്ഷണവും ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്.ആണ്‍കുട്ടികളും സുരക്ഷിതരല്ല എന്ന് കാലം തെളിയിച്ചിട്ടുണ്ട്. തെറ്റായ സ്പര്‍ശനങ്ങളും, തെറ്റായ വഴികളും എല്ലാം അവര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ലേ?
പെരുമാറ്റ ചട്ടങ്ങളില്‍ പെണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോ? വികലമായേക്കാവുന്ന ചിന്തകള്‍ ആണ്‍കുട്ടികള്‍ക്കുമില്ലേ?
ചിന്തിക്കേണ്ടത് നമ്മളാണ്. ഓരോ അച്ഛനും അമ്മയുമാണ്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അറിഞ്ഞിരിക്കേണ്ട പലതുമുണ്ട്. കുടുംബത്തിന്റെ ഊഷ്മളത, പരസ്പര ബഹുമാനം, വികലമല്ലാത്ത സ്‌നേഹം എന്നിങ്ങനെ ചില കാര്യങ്ങള്‍. ഇതൊക്കെ പഠിപ്പിക്കുന്നതിലും എളുപ്പം നമ്മള്‍ തന്നെ മാതൃക ആകുന്നതാണ്.
ജോലിചെയ്തു സമ്പാദിക്കുന്ന അച്ഛനോടൊപ്പം പ്രാധാന്യം അമ്മയ്ക്കുമുണ്ടെന്നും. ആണായാലും പെണ്ണായാലും ഒരുപോലെ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും,കുടുംബത്തോടും അതിലൂടെ സമൂഹത്തോടും ഉള്ള ഉത്തരവാദിത്തവും മാതൃകയായി തന്നെ കാട്ടികൊടുക്കേണ്ടതാണ്.
അതോടൊപ്പം ഇഷ്ടമില്ലാത്തതിനോട് 'നോ' എന്നു പറയാനും, മറ്റുള്ളവരുടെ 'നോ' ഉള്‍ക്കൊള്ളാനും പ്രാപ്തരാക്കണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണീര്‍ മാത്രം ബാക്കിയാക്കി ചില പുഷ്പങ്ങള്‍ വിടരും മുന്‍പേ കൊഴിഞ്ഞുപോയിരിക്കുന്നു. ഇതില്‍ നിന്നെങ്കിലും ഇനിയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.രണ്ടു ദിവസം കഴിയുമ്പോള്‍, ഇതൊക്കെ ദൂരെയെവിടെയോ സംഭവിച്ചതല്ലേ എന്ന് തള്ളിക്കളയും മുമ്പേ ഓര്‍ക്കണം, കൊന്നവരും കൊല്ലപ്പെട്ടവരുമെല്ലാം ഒരിക്കല്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഓമനിച്ചു വളര്‍ത്തിയവരായിരുന്നു എന്ന്.
എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം