പ്രണയിക്കാന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍  ഇവിടെയും വേണ്ടിവരുമോ?

 പ്രണയം എന്താണെന്നു പുതുതലമുറയെ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടിലേക്കാണ്  കേരളവും നീങ്ങുന്നതെന്നു തോന്നുന്നു.  ഗിരീഷ് കുമാര്‍ ശ്രീലകം എഴുതുന്നു

Do we need love education institutions by Gireesh Kumar Sreelakam

അടുത്തകാലത്തുമാത്രമായി ഏഴു പെണ്‍കുട്ടികളുടെ ജീവനാണ് കേരളത്തില്‍ കാമുകന്മാരുടെ കൈകൊണ്ട് ഇല്ലാതായത്. പ്രണയം നടിച്ചു നടത്തപ്പെടുന്ന പീഡനങ്ങള്‍ക്ക് യാതൊരു കണക്കും ഇല്ല. പ്രണയത്തിന്റെ ഭാഷ വേട്ടയാടലിന്റേതും വെട്ടിപ്പിടിക്കലിന്‍േറതുമല്ലെന്നും ത്യാഗമാണെന്നും തിരിച്ചറിയാത്ത ഒരു സമൂഹം പ്രേമത്തെ പുനര്‍നിര്‍വ്വചിച്ചു വിരൂപമാക്കിക്കഴിഞ്ഞു.

Do we need love education institutions by Gireesh Kumar Sreelakam

രണ്ടാം ലോകമഹായുദ്ധത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയ ജപ്പാന്‍, ചുരുങ്ങിയ കാലയളവുകൊണ്ട്  നടത്തിയ ഉയര്‍ത്തെഴുന്നേല്‍പ്പിനോളം അത്ഭുതകരമായ ഒരു അദ്ധ്യായം ആധുനിക ലോകചരിത്രത്തില്‍ ഉണ്ടാകും എന്നുതോന്നുന്നില്ല. ആണവസ്‌ഫോടനം തകര്‍ത്തുകളഞ്ഞ അടിസ്ഥാനസൗകര്യങ്ങളേക്കാളും സാമ്പത്തിക, സൈനിക, സാങ്കേതിക മേഖലകളേക്കാളും അപായകരമായിരുന്നു ജപ്പാന്‍ ജനത അഭിമുഖീകരിച്ച വൈകാരികത്തളര്‍ച്ച. ഒരു രാജ്യത്തെ ജനത മുഴുവന്‍ ആഴമളക്കാനാവാത്ത  വൈകാരിക മരവിപ്പിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥ. ഭരണകൂടവും ജനതയും ഒരുപോലെ നിസ്സഹായരായി ഉള്‍വലിഞ്ഞ നില.

ഒന്നൊഴിയാതെ ഓരോ പൗരനെയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ നേരിട്ടു പങ്കെടുപ്പിക്കുക എന്നതായിരുന്നു ഈ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട പ്രതിവിധി.  ആര്‍ജ്ജവമുള്ള ഭരണനേതൃത്വത്തിനു കീഴില്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച ജപ്പാന്‍ ജനത അപാരമായ വേഗത്തില്‍ ലക്ഷ്യം കൈവരിച്ചു; ജപ്പാന്‍ മാനവനേട്ടത്തിന്റെ മകുടോദാഹരണമായി. എന്നാല്‍ ഇതിന്റെ അനന്തരഫലം മറ്റൊരു വൈകാരിക പ്രതിസന്ധിയാണെന്ന്  തിരിച്ചറിയാന്‍  സമയമെടുത്തു. പഠനത്തിനും  ഗവേഷണത്തിനും  സാങ്കേതിക വിദ്യയുടെ  സാക്ഷാത്ക്കാരത്തിനും  വേണ്ടി ജീവിതത്തിന്റെ വലിയ ഭാഗം നീക്കിവച്ച യുവതലമുറയിലെ ഭൂരിപക്ഷവും ജീവിക്കാന്‍ മറന്നുപോകുന്ന അവസ്ഥയുണ്ടായി. പ്രണയത്തിലും വിവാഹത്തിലും കുടുംബജീവിതത്തിലും താല്‍പര്യം കാണിക്കാത്ത ഒരു സമൂഹം രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുന്ന അവസ്ഥയുണ്ടാക്കി.  ആ വിഷമഘട്ടം തരണം ചെയ്യുന്നതിനുവേണ്ടി,  ജപ്പാനില്‍ പ്രണയിക്കാന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടി വന്നതായി വായിച്ചിട്ടുണ്ട്. 

അവര്‍ക്ക്, പ്രണയം തോല്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു യുദ്ധമാണ്

കാരണം തികച്ചും വ്യത്യസ്തമാണെങ്കിലും,  പ്രണയം എന്താണെന്നു പുതുതലമുറയെ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടിലേക്കാണ്  കേരളവും നീങ്ങുന്നതെന്നു തോന്നുന്നു. അടുത്തകാലത്തുമാത്രമായി ഏഴു പെണ്‍കുട്ടികളുടെ ജീവനാണ് കേരളത്തില്‍ കാമുകന്മാരുടെ കൈകൊണ്ട് ഇല്ലാതായത്. പ്രണയം നടിച്ചു നടത്തപ്പെടുന്ന പീഡനങ്ങള്‍ക്ക് യാതൊരു കണക്കും ഇല്ല. പ്രണയത്തിന്റെ ഭാഷ വേട്ടയാടലിന്റേതും വെട്ടിപ്പിടിക്കലിന്‍േറതുമല്ലെന്നും ത്യാഗമാണെന്നും തിരിച്ചറിയാത്ത ഒരു സമൂഹം പ്രേമത്തെ പുനര്‍നിര്‍വ്വചിച്ചു വിരൂപമാക്കിക്കഴിഞ്ഞു. അവര്‍ക്ക്, പ്രണയം തോല്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു യുദ്ധമാണ്; ലാഭംമാത്രം പ്രതീക്ഷിക്കുന്ന ഒരു വ്യവഹാര (business)മാണ്; ഒത്തുതീര്‍പ്പുകളില്ലാത്ത ഒരു സ്വാര്‍ത്ഥപ്രശ്‌നമാണ്; അഹംബോധത്തിന്റെ(ego) ഉച്ചസ്ഥായിയാണ്.  അതുകൊണ്ടാണ് നമുക്കു പ്രണയസംബന്ധിയായ ദുരന്ത വാര്‍ത്തകള്‍ നിത്യവും കേള്‍ക്കേണ്ടിവരുന്നത്. 

നായകന്‍ ഒരിക്കലും തോല്‍ക്കില്ലെന്നാണ്  അവരുടെ  വിശ്വാസം.

പ്രേമലേഖനവും പനിനീര്‍പൂക്കളുമായി പ്രണയിനിയെ കാണാന്‍ പോകുന്ന ശൈലിയില്‍നിന്നും ആസിഡ് കുപ്പിയിലേക്കും കത്തിയിലേക്കുമുള്ള ന്യൂജന്‍ മാറ്റം പേടിപ്പെടുത്തുന്നതാണ്. സ്‌നേഹിക്കുന്നയാള്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ച കഥകളിലെ കഥാപാത്രങ്ങള്‍ അവരുടെ വായനയുടെയും കാഴ്ചയുടെയും പരിധിയില്‍ വരുന്നതേയില്ല. തോറ്റുകൊടുത്തവര്‍ അവരുടെ കണ്ണില്‍ വിഡ്ഢികളാണ്. കൊതിച്ചതൊക്കെ പിടിച്ചടക്കി കൊലവിളി നടത്തുന്ന നായക വേഷങ്ങള്‍ അവരിലെ ഹീറോയിസ സങ്കല്‍പ്പത്തെ അപനിര്‍മ്മിച്ചു മാറ്റിവരച്ചിരിക്കുന്നു. നായകന്‍ ഒരിക്കലും തോല്‍ക്കില്ലെന്നാണ്  അവരുടെ  വിശ്വാസം. തോല്‍ക്കുന്നവന്‍ നായകനല്ലെന്നും പ്രതിനായകന്‍ മാത്രമാണെന്നും; ഒരിക്കല്‍  തോറ്റുപോയാല്‍ പ്രതിനായകന്റെ നിലയിലേക്കു താണു പ്രതികാരം ചെയ്യണമെന്നുമുള്ള വികല വീക്ഷണം നമ്മുടെ യുവജനങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നുതിന്നുന്നതിന് അവരെ ആ ചിന്തകളിലൂടെ കൈപിടിച്ചു  നടത്തിയവരെല്ലാം ഉത്തരവാദികളാണ്. ആരാണ് ഉത്തരവാദി എന്നതല്ല ഇവിടത്തെ  അടിയന്തര പ്രശ്‌നം. ആര് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷ പഠിപ്പിച്ചുകൊടുക്കും എന്നതാണ്.
 
ധര്‍മ്മശാസ്ത്രവും (Moral  science)  ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ രീതിയില്‍ ശരിയായ സ്‌നേഹത്തിന്റെ ബാലപാഠങ്ങളും  പഠനത്തിന്റെ ഭാഗമാക്കി പുതുതലമുറയില്‍ ബോധോദയമുണ്ടാക്കിയില്ലെങ്കില്‍, അവരെ വളര്‍ത്തുന്നവര്‍ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും  ശുദ്ധസ്‌നേഹത്തിന്റെ  മാതൃകകള്‍  പകര്‍ന്നുകൊടുത്തില്ലെങ്കില്‍, ഇരകളും ഇരപിടിയന്മാരും മാത്രമുള്ള ഒരു ഇരുള്‍ക്കാടായി മനുഷ്യകുലം മാറും.

'പ്രേമമാണഖിലസാരമൂഴിയില്‍' എന്ന കവിവാക്യം 'പ്രേമമാണഖിലശാപമൂഴിയില്‍' എന്നു മാറ്റിപ്പാടാന്‍ ഒരിക്കലും ഇടവരാതിരിക്കട്ടെ.

Latest Videos
Follow Us:
Download App:
  • android
  • ios