മരണത്തിന് തൊട്ടുമുമ്പ് എന്തായിരിക്കും അവനെന്നോട് പറയാന്‍ ശ്രമിച്ചത്?

ദേശാന്തരം: ആര്‍ക്കും വേണ്ടാത്തൊരു തെരുവുനായ വലിയൊരു വേദനയായി മാറിയതിനെക്കുറിച്ച് ഗിരി അഞ്ജനം
 

Deshantharam Giri Anjanam

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Giri Anjanam

ഡ്യൂട്ടിക്ക് പോകുന്ന സമയമായിരുന്നു. ഒരു കണ്ണ് വെള്ളാരം കണ്ണും മറ്റേത് സാധാരണ കണ്ണുമായൊരു നായയെ കണ്ടുമുട്ടി. അതിസുന്ദരനായ ഒരു ആ വെളുത്ത നായ. അത്  പതിവില്ലാതെ കുണുങ്ങിക്കുണുങ്ങി എന്റെ അടുത്ത് വന്നു. സ്‌നേഹ പ്രകടനം തുടങ്ങി.
 
ഞാനും അമ്പരന്നു: 'എന്താടാ ഇത്ര കാലം കാണിക്കാത്ത ഒരു സ്‌നേഹം ഇന്ന്?' 

അങ്ങിനെ ചോദിക്കാന്‍ ഒരു കാരണം ഉണ്ട്. രണ്ട് വര്‍ഷം മുമ്പ് ഈ നായ കുഞ്ഞായിരിക്കുമ്പോള്‍ അതിന്റെ തള്ള കടുത്ത ചൂട് കാരണം പാല്‍ കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഒരുപക്ഷേ പാല്‍ ഇല്ലാഞ്ഞിട്ടാവും. പ്രസവിച്ചപ്പോള്‍ പതിനൊന്ന് കുഞ്ഞായിരുന്നു ഉണ്ടായത്. അതിന്റെ ദയനീയാവസ്ഥ കണ്ട് ഞങ്ങളില്‍ പലരും ഭക്ഷണം കൊടുക്കാന്‍ താല്‍പ്പര്യം കാണിച്ചു. എനിക്കെന്തോ ഇവനോട് പ്രിയമുണ്ടായിരുന്നു. കണ്ണുകളുടെ ആ പ്രത്യേകതയാവാം. ഞാന്‍ ഇതിനെ മാത്രം ഒറ്റക്ക് എടുത്ത് കൊണ്ട് വന്ന് പാലും ചായയും ബിസ്‌ക്കറ്റും ഒക്കെ നല്‍കി. പത്ത് പതിനഞ്ച് ദിവസം മാത്രമേ ശ്രദ്ധിച്ചുള്ളൂ. കാരണം ആകെ മൊത്തം മുപ്പതോളം പട്ടികളും അത്ര തന്നെ പൂച്ചകളും ഉണ്ട് ലേബര്‍ ക്യാമ്പിനെ ചുറ്റിപ്പറ്റി. ഇവര്‍ പലരും എന്നെ സ്‌നേഹിക്കാന്‍ തുടങ്ങി എന്ന് തോന്നിയപ്പോള്‍ പക്ഷഭേദം കാട്ടുന്നത് ശരിയല്ലല്ലോ  എന്ന് വിചാരിച്ച് അകറ്റി നിര്‍ത്താന്‍ എന്റെ സ്വാര്‍ത്ഥത പ്രേരിപ്പിച്ചു. പിന്നെ പിന്നെ മറന്ന് തുടങ്ങി ഞാനും അവനും. അവന്‍ കൂട്ടുകാരുമൊത്ത്  അവരുടെ ലോകത്ത് വ്യാപൃതനായി. ഇടക്ക് കാണും. വല്യ മൈന്റ് ഒന്നും പതിവില്ല തമ്മില്‍.

ആ അവനാണിപ്പോള്‍ എന്റെ അരികെ കൊഞ്ചി കൊഞ്ചി നില്‍ക്കുന്നത്. 

സുന്ദരനായ ആ സാധു ജീവി ജീവന് വേണ്ടിയുള്ള പിടച്ചിലായിരുന്നു!

ഞാന്‍ അതിന്റെ തലയില്‍ ഉഴിഞ്ഞ് കൊടുത്തു. പാവം അത് നിലത്ത് കിടന്ന് ഉരുണ്ട് കൊണ്ട് എന്നോട് എന്തൊക്കെയൊ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 'ഒന്നുമില്ലെടാ നിനക്ക് തിന്നാന്‍ എന്റെ കയ്യില്‍' എന്ന് പറഞ്ഞ് , കുടിവെള്ളത്തിന്റെ കുപ്പിയില്‍ നിന്ന് കയ്യിലേക്ക് ഇത്തിരി വെള്ളം എടുത്ത് അവന്റെ ദേഹത്തേക്ക് തമാശ രൂപത്തില്‍ തളിച്ചു. അത് അപ്പോഴും നല്ല സന്തോഷത്താല്‍ ദേഹത്ത് വീണ വെള്ളം നക്കി തുടച്ചു. ഡ്യൂട്ടിക്ക് കേറാന്‍ സമയമായി ട്ടൊ എന്നും പറഞ്ഞ് പഞ്ച് മെഷീനില്‍ ഫിംഗര്‍ പഞ്ച് ചെയ്ത് പുറത്തിറങ്ങി. അപ്പോഴേക്കും മറ്റ് സഹപ്രവര്‍ത്തകരും വന്ന് തുടങ്ങി. 

ഒരു പാക്കിസ്ഥാനി സുഹൃത്ത് നായയുടെ മുഖത്ത് നോക്കി ചോദിക്കുന്നത് കേട്ടു. 'ഇന്നെന്താ ഗിരിബായിയോട് ഇത്ര ഇഷ്ടം?'

നായ അവനെ മൈന്റ് ചെയ്തില്ല! 

ഞാനും ആ പാക്കിസ്ഥാനിയും കൂടി മെല്ലെ നടന്ന് പോയി. ഒരു നൂറ്റമ്പത് മീറ്ററോളം ഉണ്ടാവും വര്‍ക്ക് സൈറ്റിലേക്ക്. ഒരു ഇരുപത്തഞ്ച് മീറ്റര്‍ നടന്നു കാണും, അപ്പോള്‍ ഒരു വണ്ടി ശക്തമായി ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടു, ഞങ്ങള്‍ തിരിഞ്ഞ് നോക്കി. അതാ അവിടെ പഞ്ചിംഗ് റൂമിനുമുന്നില്‍ , ലേബര്‍ ക്യാമ്പിലേക്ക് ജോലിക്കാരെ കൊണ്ട് പോകുന്ന മിനിബസ്സ് നില്‍ക്കുന്നു. ബസ്സില്‍ നിന്നും പലരും ചാടിയിറങ്ങി വണ്ടിയുടെ അടിയിലേക്ക് നോക്കുന്നു. ഇത് കണ്ട ഞങ്ങള്‍ക്കും രംഗം പന്തിയല്ല എന്ന് മനസ്സിലായി. രണ്ട് പേരും വേഗം ബസിനടുത്തേക്ക് കുതിച്ചു. ചെന്ന് നോക്കുമ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. 

സുന്ദരനായ ആ സാധു ജീവി ജീവന് വേണ്ടിയുള്ള പിടച്ചിലായിരുന്നു!

എനിക്കത് കണ്ട് നില്‍ക്കാനാവുന്നില്ല. വേണ്ടപ്പെട്ട ആര്‍ക്കോ എന്തോ സംഭവിച്ച പോലെയൊരു വിങ്ങല്‍. ഞാനും മറ്റ് പലരും അവനവന്റെ ഭാഷകളില്‍ എന്തൊക്കെയോ അതിനോട് പറഞ്ഞു. സെക്കന്റുകള്‍ക്കകം അവന്‍ ഉരുണ്ട് പെരണ്ട് എണീറ്റു. കറങ്ങി കറങ്ങി ഓടി. പക്ഷേ ഒരു പത്ത് മീറ്ററെ അവന് ഓടാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും അവന്‍ വീണു. ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വീഴ്ച. അപ്പോഴും അതിന്റെ കണ്ണുകള്‍ ദയനീയമായി എന്നെ നോക്കുന്ന പോലെ തോന്നി.

ആ പാക്കിസ്ഥാനി സുഹൃത്ത് എന്നോട് പറഞ്ഞു-'നോക്കു അതിന്റെ കണ്ണുകളിലേക്ക്, നിന്നോടുള്ള നന്ദി ആ കണ്ണുകളില്‍ കാണുന്നില്ലേ'

നന്ദിയാണോ ദൈന്യതയാണോ അതോ എന്റെ ജീവന്‍ രക്ഷിക്കാന്‍ പറഞ്ഞതല്ലേ എന്നോ. എന്താവും അവന്‍ പറഞ്ഞത്. ഒന്നുമറിയില്ല! ഒരു സാധുജീവി ജീവന്‍ പോകുന്നതിന് തൊട്ട് മുമ്പ് സ്വയം തിരിച്ചറിഞ്ഞതാണോ? 

Latest Videos
Follow Us:
Download App:
  • android
  • ios