അറബി ചതിച്ചാശാനേ!

ദേശാന്തരം: സാബിത്ത് പള്ളിപ്രം എഴുതുന്നു 

 

Deshantharam by Sabith Pallipram

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam by Sabith Pallipram

റൗഫ് എന്നെ പറ്റിച്ചു. മനോഹരമായി പറ്റിച്ചു എന്ന് വേണം പറയാന്‍.

റൗഫ് ചെറിയ ചെക്കനാണ്.  പത്തിരുപത്തിരണ്ട് വയസ്സ്.. കല്യാണം കഴിഞ്ഞു രണ്ട് കുട്ടികള്‍.  ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിട്ട് ജോലി. പണിയുണ്ട്. ശമ്പളം കൃത്യമായിട്ട് കിട്ടുന്നുണ്ട്. 

ഞാനോ?

അവസ്ഥ പരിതാപകരം. ഗള്‍ഫ് മതിയാക്കാം എന്ന് കരുതിയയിടത്ത് നിന്ന് ഒരറബി വന്ന് ആശകള്‍ വാരി കോരി തന്നു. എന്ത് പരിപാടിക്കും അറബിയുടെ വക അമ്പതിനായിരം റിയാല്‍ ഉറപ്പിച്ചോ എന്ന വാഗ്ദാനവും. അങ്ങിനെയാണ് വിസ ക്യാന്‍സലാക്കി നാട്ടില്‍ വരാന്‍ നിന്ന ഞാന്‍ ലീവിന് നാട്ടിലേക്ക് വന്നത്. 

വന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്ക്  അറബിയുടെ വിളി. വന്ന് വേഗം പരിപാടി തുടങ്ങെന്ന്. അറബിയുടെ ആവേശം കണ്ടപ്പോള്‍ നമ്മക്ക് സന്തോഷം. ലീവ് കഴിഞ്ഞ് ഗള്‍ഫിലെത്തി അറബിയെ കണ്ടു. കമ്പ്യൂട്ടര്‍ കട തുറക്കാന്‍ തീരുമാനിച്ചു.. 

ഞാനും ഇക്കയും അറബിയും കൂടി നാട് മുഴുവന്‍ ചുറ്റി ഏതാണ്ട് ഒരു സ്ഥലത്ത് കടക്ക് പറ്റിയ റൂം കിട്ടി. അറബി റൂമിന് ആറ് മാസത്തേക്ക് വാടക കൊടുത്തു. 

റൂം മാത്രം പോരല്ലൊ! കടയുടെ മുന്നില്‍ മുഴുവന്‍ ഗ്ലാസ് വേണം, ഗ്ലാസ് ഡോര്‍ വേണം, ഉള്ളില്‍ അഞ്ചാറ് ഗ്ലാസ് ബോക്‌സുകള്‍ വേണം, പിന്നെ ചുമരില്‍ ഫര്‍ണിച്ചര്‍, ഒരു കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, അത്യാവശ്യം റിപ്പയറിങ് ഉപകരണങ്ങള്‍, വില്‍ക്കേണ്ട സാധനങ്ങള്‍, മൊബൈല്‍ ആക്‌സസറീസും കൂടിയുണ്ട് എന്നോര്‍ക്കണം..

പ്രശ്‌നമില്ല. അറബിയുടെ അമ്പതിനായിരമുണ്ട് (റിയാല്‍)! ബാക്കി വേണമെങ്കില്‍ തിരിക്കാം. അറബിയാണെങ്കില്‍ ആള് ഉഷാര്‍. മൂപ്പര് ഫര്‍ണിച്ചറിന്റെ കടയില്‍ ഏല്പിച്ചു, ഗ്ലാസിന്റെ പണിക്ക് ആളെ ഏല്പിച്ചു. ഡോറിന്റെ പണിക്കേല്പിച്ചു..

എല്ലാ പണിക്കും ഏല്‍പിക്കാന്‍ അഡ്വാന്‍സ് കൊടുക്കാനുള്ള തുക നമ്മടെ കൈയ്യില്‍ നിന്നാണ് വാങ്ങി കൊണ്ട് പോയത് എന്നതാണ് ഖേദകരം.. 

'പേടിക്കേണ്ട, ശമ്പളം വന്നാല്‍ ഇതൊക്കെ ഞാന്‍ തിരിച്ച് തരും'-എന്നായി അറബി.

എല്ലാം പണിയും കഴിഞ്ഞിട്ടും അറബിയുടെ ശമ്പളം വന്നില്ല!  മാത്രല്ല ആ പണിയുടെയൊക്കെ മുഴുവന്‍ പൈസയും നമ്മള്‍ തന്നെ കൊടുത്തു.

കാര്യങ്ങള്‍ മുഴുവന്‍  ഇനിയാണ് ബാക്കിയുള്ളത്. കടയില്‍ സാധനങ്ങള്‍ വേണം. കട തുറക്കണം..

അറബിയെ വിളിച്ചു..

'ഹലോ സുഖല്ലേ, അമ്പതിനായിരം തന്നാല്‍ സാധനമിറക്കാം!'

'ഏത് അമ്പതിനായിരം?'

'നിങ്ങള് പറഞ്ഞ അമ്പതിനായിരം'

'ആ... ആ അമ്പതിനായിരം ഇല്ല'

'അപ്പൊ കട തുറക്കണ്ടെ?'

'പിന്നെ തുറക്കാതെ, വാടകേന്റെ പൈസ ഞാന്‍ കൊടുത്തതല്ലേ, വാടക കൊടുക്കാനുള്ള സമയമായി. വേഗം തുറക്ക് . അല്ലേല്‍ വാടക പൈസ നഷ്ടാണ്!'

'സാധനമൊന്നുമില്ലാതെ എങ്ങിനെയാ കട തുറക്കാ?'

'ഫര്‍ണീച്ചറും വാടകയും ഞാന്‍ കൊടുത്തില്ലെ,  നീ സാധനമിറക്ക്!'

ഇത് കേട്ടപ്പോള്‍ നമ്മളൊന്ന് സ്റ്റക്കായി.  'പെട്ടു' എന്നെനിക്ക് മനസ്സിലായി. എന്റെ പൈസയ്ക്ക് വാങ്ങിയ ഫര്‍ണിച്ചര്‍ അവന്റേതാക്കുന്നു.  

'ഫര്‍ണിച്ചറിന്റെ പൈസ ഞാനല്ലെ കൊടുത്തത്?' -എന്റെ ചോദ്യം.

'അത് ഞാന്‍ ശമ്പളം കിട്ടിയാല്‍ തരുമെന്ന് പറഞിട്ടില്ലെ'- അവന്റെ ഉത്തരം. 

'അത് ഒ കെ, എന്റെ കയ്യിലുള്ള പൈസയൊക്കെ നിനക്ക് തന്നു.. വേറെയില്ല... സാധനമിറക്കാന്‍ പൈസ വേണം'

'എന്നാ കട തുറക്കേണ്ട... ഫര്‍ണിച്ചറൊക്കെ എന്റേതല്ലെ.. ഞാന്‍ കൊണ്ട് പോവും'

കള്ളന്‍ കേമനാണ്. മുമ്പേ പ്ലാന്‍ ചെയ്തതാണ്. എന്നെ കൊണ്ട് കട തുറപ്പിക്കുക. എന്നെക്കൊണ്ട് സാധനമിടീക്കുക, എന്നെ പിഴിഞ്ഞ്  സുഖമായി ജീവിക്കുക. നടന്നില്ലേല്‍ സാധനം സ്വന്തമാക്കുക.

'കൊണ്ട് പൊയ്‌ക്കോ, എന്റെ പൈസ തന്നാല്‍ മതി'- ഞാന്‍ പറഞ്ഞു.

'ശമ്പളം കിട്ടിയാല്‍ തരാം...'

ഓന്റെ ശമ്പളം ഈ ജന്മത്തില്‍ കിട്ടില്ല.

വാലും തലയും കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലൊ. നല്ലൊരു തുക കയ്യില്‍ നിന്ന് ചെലവായിട്ടുണ്ട്. അഞ്ച് പൈസ മുതലിടാതെ ഫര്‍ണിച്ചര്‍ എന്‍േറതാണെന്ന് പറയുകയാണ് കള്ളന്‍. ഫര്‍ണിച്ചര്‍ കൊണ്ട് പോയാല്‍ പൈസ പോയത് തന്നെ.

ഇനി വേറെ വഴിയില്ല. മൂക്കോളം മുങ്ങി. മുങ്ങി നിവരുക തന്നെ.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, മൊബൈല്‍ ആക്‌സസറീസ് വിതരണം ചെയ്യുന്ന രണ്ട് മലയാളി വണ്ടിക്കാരെ പരിചയമുണ്ട്. അവരോട് പകുതി പൈസക്ക് സാധനമിറക്കാന്‍ പറഞ്ഞു. ബാക്കി പകുതി താമസിയാതെ തരാമെന്നും പറഞ്ഞു. 

മൊബൈലിന്റെ വണ്ടിക്കാരന്‍ ഒരു തരത്തിലും ഏറ്റില്ല. കമ്പ്യൂട്ടറിന്റെ ആള്‍ പൈസ കിട്ടിയില്ലെങ്കില്‍ സാധനം കൊണ്ട് പോവുമെന്ന് പറഞ്ഞു. അത് ഏറ്റു.

കട തുറന്നാല്‍ തീരുമെന്ന് കരുതിയ കഷ്ടപ്പാട് പിന്നെ വന്നത് കൂട്ടുകാരെയും കൂട്ടി കൂട്ടം കൂട്ടമായിട്ടാണ്.

പുതിയ കട ആയത് കൊണ്ട് കച്ചോടവും പണിയൊന്നുമില്ല. അതിനിടയിലാണ് അറബിയുടെ വരവും പോക്കും.

വന്നാല്‍ പെട്ടിയില്‍ കൈയ്യിട്ട് ഉള്ള പൈസയെടുക്കും. പോരാത്തതിന് കടയില്‍ നിന്ന് സാധനങ്ങളും. ക്രമേണ  അറബിയുടെ അനിയന്‍ വരാന്‍ തുടങ്ങി, ചങ്ങാതിമാര്‍ വരാന്‍ തുടങ്ങി. എല്ലാര്‍ക്കും ഫ്രീ സാധനങ്ങള്‍. ഫ്രീ സര്‍വീസ്!

ആരും വന്നില്ലെങ്കില്‍ മൂന്ന് നേരം വിളി.'കച്ചോടെത്ര?'. 

അവന്റെ തന്തേടെ കട പോലെ.

ആകെയുണ്ടായിരുന്ന ആശ്വാസം ആറ് മാസം കൊണ്ട് കട സാവധാനം പിക്കാവാന്‍ തുടങ്ങിയെന്നതാണ്.  ഇനിയൊരു ആറ് മാസം കൊണ്ട് കുറച്ച് കൂടി ഉഷാറാവും. രക്ഷപ്പെട്ടേക്കാം...

അപ്പോഴാണ് ഇടിത്തീ പോലെ ബില്‍ഡിംഗ് ഓണര്‍ വരുന്നത്.  വാടകയ്ക്ക്. രണ്ടാഴ്ച്ചക്കുള്ളില്‍ കൊടുത്തില്ലെങ്കില്‍ പൂട്ടിടുമെന്ന്. അന്നേരമാണറിയുന്നത് ഒരു കൊല്ലത്തെ വാടകയെന്ന് പറഞ്ഞ് അറബിക്കള്ളന്‍ ആറ് മാസത്തെ വാടകയെ കൊടുത്തിട്ടുള്ളു.. അതില്‍ രണ്ട് മാസത്തെ വാടക ബില്‍ഡിങ് മുതലാളി ഡിസ്‌കൗണ്ട് കൊടുത്തിട്ടുണ്ട് എന്നും.

നാല് മാസത്തെ മുറിവാടക മാത്രം കൊടുത്തിട്ടാണ് കള്ളന്‍ സ്വന്തം കടപോലെ പൈസയും സാധനങ്ങളും കൊണ്ട് പോവുന്നത്... 

ഞാന്‍ പിന്നെയും അറബിയെ വിളിച്ചു.

'ഹലോ... സുഖല്ലേ? എത്ര കൊല്ലത്തേക്കാണ് ബില്‍ഡിങ് വാടക കൊടുത്തത്?'

'ഒരു കൊല്ലത്തേക്ക്..'

'ബില്‍ഡിങ് ഓണര്‍ വന്നിരുന്നു. ആറ് മാസത്തേതെ തന്നുള്ളൂ എന്ന് പറഞ്ഞു, ആറ് മാസത്തേക്കുള്ളത് കൊടുക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ വേറെ പൂട്ടിടുമെന്ന്'

'നീ കൊടുക്ക്... ഞാന്‍ ആറ് മാസത്തെ കൊടുത്തില്ലെ?'

'ആകെ അതല്ലേ കൊടുത്തുള്ളൂ.. കടയിലെ ഫര്‍ണിച്ചറും സാധനങ്ങളും എന്റെ പൈസയല്ലേ?'

'നീ കൊടുക്ക്, ശമ്പളം കിട്ടിയാല്‍ ഞാന്‍ തരാം'

അയാള്‍ക്ക് ഒരിക്കലും ശബളം കിട്ടി തീരില്ല. കഴിഞ്ഞ ആറ് മാസായിട്ട് ഞാന്‍ ശമ്പളമെടുത്തിട്ടില്ല- ഞാനുറപ്പിച്ച് പറഞ്ഞു.

'എന്റെ കൈയ്യില്‍ നയാപൈസയില്ല!'

'വഴിയുണ്ടോന്ന് നോക്കട്ടെ' എന്ന് പറഞ്ഞ് കള്ളന്‍ ഫോണ്‍ വെച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അങ്ങോട്ട് ഫോണ്‍ വിളിക്കലായി... വാടക കൊടുത്തോയെന്ന് ചോദിച്ച്. 

അവന്‍ കൊടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അവസാനമായി പറഞ്ഞത് അവന്ന് വേറെയെവിടെയോ ബില്‍ഡിംഗ് ഉണ്ട്. അവിടേക്ക് കട മാറ്റാമെന്ന്.   

അവന്റെ കണ്‍ മുന്നില്‍ അവന്റെയരികില്‍ ജോലി ചെയ്യുന്നതിലും ഭേദം വെള്ളത്തില്‍ ആണിയടിക്കുന്നതാണ്. നഷ്ടപ്പെട്ടത് പോട്ടെ ഇനിയും സഹിക്കാന്‍ വയ്യ. പെട്ടെന്ന് തന്നെ ക്രെഡിറ്റില്‍ ഇറക്കിയ സാധനങ്ങളൊക്കെ തിരികെ കൊടുത്തു... 

ഉച്ചക്ക് കട പൂട്ടിയാല്‍ വൈകിട്ട് നാല് മണി നേരമാണ് തുറക്കുക. ഒരു ദിവസം വൈകിട്ട് കട തുറക്കാന്‍ വന്ന നമ്മളെ  ബോധം പോയില്ല എന്നേയുള്ളു..

രണ്ട് പിക്കപ്പില്‍ ഫര്‍ണീച്ചറൊക്കെ അറബി കേറ്റി വെച്ചിരിക്കുന്നു. സാധനങ്ങളൊക്കെ വേറെ വണ്ടിയിലും. 

എന്റെ മുതല് എന്നോട് ചോദിക്കാതെ കട്ട് കൊണ്ട് പോവുകയാണ്. 

'എവിടെക്കാ കൊണ്ട് പോവുന്നത്?'

'ഇത് വിറ്റിട്ട്, പൈസ നിനക്ക് തരാം. ഈ സാധനങ്ങളൊന്നും വെക്കാനുള്ള സ്ഥലം നിനക്കില്ലല്ലൊ.

അതും പറഞ്ഞ് ഉത്തരത്തിന് കാക്കാതെ വണ്ടി പോയി. കടം വാങ്ങിയും, കഷ്ടപ്പെട്ടും കൊണ്ട് നടന്ന കട പോയി. ആരോട് പറയാന്‍? ആരോട് ചോദിക്കാന്‍...

പലതവണ ചോദിച്ചെങ്കിലും അതിനൊന്നും ഉത്തരങ്ങളില്ലായിരുന്നു...

ഇത്രയായിട്ടും നമ്മടെ റൗഫിനെ കണ്ടില്ല അല്ലെ!

റൗഫ് കടയില്‍ വരാറുണ്ടായിരുന്നു. കുറെ നേരമിരിക്കും, സൊറ പറയും. കൂടെ അവന്റെ കദന കഥകളും.

ഞങ്ങള്‍ നല്ല ചങ്ങാതിമാരായി. റൗഫ് എന്റെയടുത്ത് നിന്ന് നെറ്റ് കോള്‍ റീചാര്‍ജ് ചെയ്യും. തീര്‍ന്നാല്‍ വിളിച്ച് പറയലാണ്. മാസം ശമ്പളം കിട്ടിയാല്‍ പകുതിയോ മുക്കാലോ കൊണ്ട് തരും.എന്തായാലും മുഴുവനും കിട്ടാറില്ല.

ആയിടക്കാണ് റൗഫ് ആയിരം റിയാലിന് കടം ചോദിക്കുന്നത്. ഭാര്യാപിതാവിന് ഹാര്‍ട്ട് ഓപ്പറേഷനാണ്. അമ്പതിനായിരം രൂപയെങ്കിലും അവന്‍ കൊടുക്കേണ്ടി വരും. ഞാനൊരു ആയിരം റിയാല്‍ സഹായിക്കണം.

ഞാനവനോട് പറഞ്ഞു. ആയിരമൊന്നും തരാനില്ല.  250 റിയാല്‍ തരാം. കഷ്ടപ്പാടാണ്. ശമ്പളം കിട്ടിയാല്‍ നെറ്റിന്‍േറയും കൂടി 500 തിരികെ തരേണ്ടി വരും. നിരബന്ധമായും.

അവന്‍ എല്ലാം സമ്മതിച്ചു. പിന്നെ ഞാന്‍ റൗഫിനെ കണ്ടിട്ടില്ല. റൗഫ് എന്നെ വിളിക്കുകയോ, ഞാന്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്തിട്ടില്ല. വേറെയാളുടെ നമ്പറില്‍ നിന്ന് വിളിച്ചെങ്കിലും ഞാനാണെന്ന് മനസ്സിലായപ്പോള്‍ കട്ട് ചെയ്ത് കളഞ്ഞു.

പത്തമ്പത്തിനായിരത്തിന്റെ മൊതല് അറബി കൊണ്ട് പോയാപ്പോള്‍ ഇല്ലാത്ത സങ്കടമാണ് റൗഫ് അഞ്ഞൂറ് കൊണ്ട് പോയപ്പോള്‍.

റൗഫ് ഒരിക്കലെങ്കിലും ഫോണെടുത്തിട്ട് 'ഡാ ആകെ കുടുക്കിലാണെടാ!' എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അത്ര സങ്കടമുണ്ടാവില്ല.. അവനെ ചങ്ക് പൊട്ടി പ്രാകിയിട്ടുണ്ട്. പറ്റിച്ചതിന്.

പക്ഷെ പടച്ചോന്റെ മുന്നിലേക്ക് റൗഫിന്റെ കണക്ക് മാറ്റി വെച്ചിട്ടില്ല..  അത് തീര്‍ന്നു. നമ്മ സ്വയം പറഞ്ഞു തീര്‍ത്തു. റൗഫിനോട് സ്‌നേഹമില്ലയെന്നേയുള്ളൂ...

അറബിയുടേത് ചെറിയ കണക്കല്ല. അത് വലിയയാള് തന്നെ തീര്‍ക്കട്ടെ എന്നാലും കള്ളനെ നമ്മള് ചീത്ത വിളിച്ചതല്ലാതെ പ്രാകിയിട്ടില്ല.

ആരോ പറഞ്ഞ പോലെ, വഞ്ചനയില്‍ ഏറ്റവും വലിയ വിഷമം അത് മിത്രങ്ങളില്‍നിന്നുണ്ടാവുമ്പോഴാണ്.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios