മക്രോണുമായി സൗഹൃദം പക്ഷേ, രഹസ്യങ്ങള്‍ ഒളിപ്പിച്ച് ടെലഗ്രാം, ഒടുവില്‍ പാവേൽ ദുറോവ് അറസ്റ്റിൽ

എല്ലാവരുടെയും സ്വകാര്യതയെ മാനിക്കുന്നു എന്നാതാണ് ടെലഗ്രാം മുന്ന് വച്ച ആശയം. ഒരിക്കലും ഭരണകൂടങ്ങളുടെ ചോദ്യം ചെയ്യലിന് മുമ്പിൽ വ്യക്തികളുടെ സ്വകാര്യത പണയം വയ്ക്കില്ല. ടെലഗ്രാമിന്‍റെ ഈ നയം പക്ഷേ, ഭീകരവാദികളും പോണ്‍വ്യവസായവും മുതലെടുത്തു. ഇത് ഒടുവില്‍ ടെലഗ്രാം സിഇഒയുടെ അറസ്റ്റിലേക്ക് നയിച്ചു. വായിക്കാം ലോകജാലകം

Concerns raised by the arrest of Pavel Durov


പാവേൽ ദുറോവ്, ടെലഗ്രാം ആപ്പിന്‍റെ സ്ഥാപകൻ. 'ഇലുസീവ് ഫൌണ്ടർ' (Elusive founder) എന്നാണ് വിശേഷണം. ശതകോടീശ്വരനാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താവ്. ആദ്യം ഫ്രാൻസിൽ തടവിലായി. പിന്നീട് ജാമ്യം കിട്ടിയെങ്കിലും ഇപ്പോഴും നിരീക്ഷണത്തിലാണ്. രാജ്യം വിട്ടുപോകാൻ പാടില്ല. റഷ്യയിൽ ഇപ്പോഴും തടസമില്ലാതെ പ്രവർത്തിക്കുന്ന ഒരേയൊരു ആപ്പാണ് ടെലഗ്രാം. സംശയങ്ങളുടെ അടിസ്ഥാനവും അതാവണം. ദുറോവിന്‍റെ കഥ എവിടെ തുടങ്ങണം എന്നാണ് സംശയം. അത്രത്തോളമാണ് ആഴവും പരപ്പും.

അതിർത്തികളില്ലാതെ ജീവിച്ച മനുഷ്യൻ എന്നാണ്, ദുറോവിന്‍റെ പല വിശേഷണങ്ങളിൽ ഒന്ന്. ജനിച്ചത് റഷ്യയിൽ. ഇപ്പോൾ പല രാജ്യങ്ങളുടെ പൌരത്വം. ഫ്രഞ്ച്, യുഎഇ, സെന്‍റ്. കിറ്റ്‌സ് ആന്‍റ് നെവിസ്... ഒപ്പം റഷ്യൻ പൌരത്വം ഇപ്പോഴുമുണ്ടെന്ന് ക്രെംലിനും. ഫ്രഞ്ച് പൌരത്വം കിട്ടിയത് രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ വിദേശ പൌരനെന്ന നിലയിൽ. ആദ്യമത് നിഷേധിച്ച പ്രസിഡൻസി പിന്നെ അംഗീകരിച്ചു. പക്ഷേ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി ദുറോവിന് പ്രത്യേക സൌഹൃദമുണ്ടായിരുന്നു. ടെലഗ്രാമിന്‍റെ ആസ്ഥാനം പാരിസിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തിരുന്ന മക്രോൺ, അങ്ങനെയെങ്കിൽ പൌരത്വം തരാമമെന്നൊരു വ്യവസ്ഥയും മുന്നോട്ടുവച്ചു. ഇന്ന് ദുറോവിന് ഫ്രഞ്ച് പൌരത്വമുണ്ട്. പക്ഷേ, ടെലഗ്രാം ആസ്ഥാനം ദുബായിയാണെന്ന് മാത്രം. 

രാജ്യം ടെക് കമ്പനികളുടെ ആസ്ഥാനമാവണം എന്നത് മക്രോണിന്‍റെ സ്വപ്നമായിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനവും. എന്തായാലും മക്രോണും ദുറോവും സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇത്തവണ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് ദുറോവ് പറഞ്ഞത്, താൻ മക്രോണുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയതാണ് എന്നാണ്. പ്രസിഡന്‍റ് അവധിക്കാലം ചെലവഴിക്കാൻ പോയിരിക്കുന്നു എന്നായിരുന്നു ഓഫീസ് അറിയിച്ചത്. ടെലഗ്രാം ഉപയോഗിക്കരുതെന്ന് കാബിനറ്റ് അംഗങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നെങ്കിലും, ഒരുപക്ഷേ, ഫ്രാൻസിലെ ഏറ്റവും വലിയ ടെലഗ്രാം യൂസർ മക്രോൺ തന്നെയായിരിക്കും. പ്രചാരണ കാലത്ത് തന്നെ തുടങ്ങിയതാണിത്.

Concerns raised by the arrest of Pavel Durov

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കരുതലോടെ മുന്നേറി കമല, സ്ഥിരം പഴിപറച്ചിലുമായി പിന്നോട്ടടിച്ച് ട്രംപ്

അപൂര്‍വ്വ സഹോദരങ്ങള്‍

1984 -ൽ സോവിയറ്റ് യൂണിയനിൽ ജനനം. 4 വയസായപ്പോൾ ഇറ്റലിയിലേക്ക് കുടിയേറി. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ തിരികെ റഷ്യയിലേക്ക്. മൂത്ത സഹോദരൻ നിക്കോളായ്‍യും ദുറോവും അപൂർവ സഹോദരങ്ങളായിരുന്നു. കണക്കിൽ അസാധാരണ കഴിവ്. മാത് ഒളിമ്പ്യാഡിൽ നിക്കോളായ് തുടർച്ചയായി സ്വർണ മെഡലുകൾ നേടിയിട്ടുണ്ടെന്നാണ് ദുറോവ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലത്ത് കോഡിംഗായിരുന്നു ഇഷ്ട വിഷയം. കുടുംബം റഷ്യയിലേക്ക് തിരിച്ചുവന്നത് കമ്പ്യൂട്ടറുമായാണ്. 

21 വയസുള്ളപ്പോൾ, 2006 -ൽ സ്വന്തം സോഷ്യൽ മീഡിയ സൈറ്റായി. അതായിരുന്നു വികോന്‍റേറ്റ് (VK - Vkontate). റഷ്യയിലെ ഫേസ്ബുക്കായി അറിയപ്പെട്ടു അത്. ദുറോവ് റഷ്യൻ മാർക് സുകർബർഗായും. പക്ഷേ, സർക്കാരുമായി അധികം താമസിയാതെ  ദുറോവ് തെറ്റി. യുക്രൈയ്നായിരുന്നു കാരണം. യുക്രൈയിനിലെ അന്നത്തെ റഷ്യൻ അനുകൂല പ്രസിഡന്‍റ് വികടോർ യാനുകോവിച്ച് (Viktor Yanukovich) -നെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ദുറോവിന്‍റെ വികെയെ യാനുക്കോവിച്ചിന്‍റെ എതിരാളികൾ ഉപയോഗിച്ചു.  ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറണമെന്നായി റഷ്യ. ദുറോവ് വിസമ്മതിച്ചു. അങ്ങനെ വികെയുടെ സിഇഒ സ്ഥാനം ദുറോവ് രാജിവച്ചു. പുടിൻ അനുകൂലികൾ അതേറ്റെടുത്തു. പിന്നാലെ ഓഹരികളെല്ലാം വിറ്റ് ദുറോവ് രാജ്യം വിട്ടു. ഇന്നും വികെയുണ്ട്. പക്ഷേ, റഷ്യൻ സർക്കാരിന്‍റെ നിയന്ത്രണത്തിലാണ്.

ടെലിഗ്രാമിന്‍റെ വരവ്

2013 ലാണ് പാവേൽ ദുറോവ്, ടെലിഗ്രാം എന്ന ക്ലൗഡ് ബേസ്ഡ് മെസേജിംഗ് ആപ് സ്ഥാപിച്ചത്. മറ്റുള്ള ആപ്പുകളൊന്നും കൊള്ളില്ലെന്ന് പറഞ്ഞാണ് ദുറോവ് സ്വന്തം ആപ്പ് സ്ഥാപിച്ചത്. ആസ്ഥാനം ദുബായ്. എന്‍റ് ടു എന്‍റ് ഇന്‍ക്രിപ്ഷന്‍ (End to end encryption) എന്നാൽ പൂർണ സ്വകാര്യതയാണ് ടെലിഗ്രാമിനെ സംബന്ധിച്ച്. വോയിസ് കോളുകൾ, ഫയൽ ഷേയറിംഗ്, ബ്രോഡ്കാസ്റ്റ് ചാനൽ അങ്ങനെ പലതാണ് ഉപയോഗങ്ങൾ മാത്രമല്ല. 2 ലക്ഷം പേരെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പുകളും സാധ്യം. പക്ഷേ, അങ്ങേയറ്റത്തെ സ്വകാര്യത ഉറപ്പുവരുത്തുന്ന ടെലിഗ്രാം ഫീച്ചർ ദുരുപയോഗങ്ങൾക്കും വഴിവച്ചു. ചെറുതല്ല, ഭീകരവാദം മുതൽ പോർണോഗ്രഫി വരെ അത് നീണ്ടുപോയി.

സ്വകാര്യതയും ഭീകരവാദവും

ലോക വ്യാപകമായി ടെലിഗ്രാമിന്‍റെ ഉപയോക്താക്കൾ  90 കോടിയാണിന്ന്. അതിൽ റഷ്യയും യുക്രൈയ്‍നുമുണ്ട്. വാട്സാപ്പിൽ ഗ്രൂപ്പംഗങ്ങളുടെ എണ്ണം 1,000 ആണ്, ടെലിഗ്രാമിൽ ഇത് രണ്ട് ലക്ഷവും. അതാണ് ഏറ്റവും വലിയ വ്യത്യാസം. ടെലിഗ്രാമിൽ സീക്രട്ട് എന്ന് മാർക്ക് ചെയ്ത സന്ദേശങ്ങൾ അത് അയക്കുന്നയാളിനും ആ‌ർക്കാണോ അയച്ചത് അയാൾക്കും മാത്രമേ കാണാൻ കഴിയൂ. കമ്പനി ഉടമകൾക്ക് പോലും അത് കാണാൻ കഴിയില്ല. അത് ടെലിഗ്രാമിന്‍റെ മറ്റൊരു വ്യത്യസ്തത. വീഡിയോ സന്ദേശങ്ങളും അങ്ങനെ തന്നെ. സെർവറുകളിൽ പോലും കിട്ടില്ല. ഭീകരവാദികൾക്കും നവനാസികൾക്കും മയക്കുമരുന്ന് വിൽപനക്കാർക്കും ടെലിഗ്രാം ഇഷ്ടമാകാനുള്ള കാരണവും മറ്റൊന്നല്ല.

പിന്നെ കുട്ടികളുടെ പോർണോഗ്രഫി. കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതെല്ലാം നീക്കം ചെയ്യണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെട്ടെന്ന് അമേരിക്കൻ, യുകെ ആസ്ഥാനമായ സംഘടനകളും ആരോപിച്ചിരുന്നു. ആരുടേയും സ്വകാര്യത ലംഘിക്കില്ല എന്നാണ് ടെലിഗ്രാമിന്‍റെ വെബ്സൈറ്റ് തന്നെ പറയുന്നത്. സർക്കാരുകളുടെ ആവശ്യം നിരാകരിക്കുമെന്നും.

Concerns raised by the arrest of Pavel Durov

(പവേൽ ദുറോവ്)

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്

പരാതികളും അന്വേഷണവും

ആന്‍റി ഡിഫമേഷന്‍ ലീഗ് (Anti defamation league) എന്ന സംഘടന 2015 -ൽ ടെലിഗ്രാം ചാനലുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെയടക്കം. 2015 -ലെ പാരിസ് ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്തത് ടെലിംഗ്രാം വഴിയാണെന്ന് വ്യക്തമായതോടെ ഇത്തരം പബ്ലിക് ചാനലുകൾ ബ്ലോക് ചെയ്യുമെന്ന് ദുറോവ് അറിയിച്ചു. അന്ന് ഒരുപിടി അഭിമുഖങ്ങൾ നൽകി ദുറോവ്. പക്ഷേ, അപ്പോഴും സ്വകാര്യ ചാറ്റുകൾ സാധ്യമായിരുന്നു. 2020 -ൽ വെളുത്ത വംശീയവാദികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു ടെലിഗ്രാം എന്നാരോപണം ഉയർന്നു. ബ്ലാക് ലിവ്സ് മാറ്റർ (Black lives Matter) പ്രക്ഷോഭകാരികളെ ആക്രമിച്ച ദൃശ്യങ്ങൾ തീവ്രപക്ഷക്കാർ ടെലിഗ്രാമിൽ അപ്ലോഡ് ചെയ്തു. 

2023 -ൽ റഷ്യയിലെ വാഗ്നർ സംഘം നേതാവ് പ്രിഗോഷിന്‍റെ സായുധ കലാപത്തിലും ടെലിഗ്രാമിന് ഒരു പങ്കുണ്ടായിരുന്നു എന്നാണ് ദി അറ്റ്ലാന്‍റിക് റിപ്പോർട്ട് ചെയ്തത്. പ്രിഗോഷിന്‍റെ ടെലിഗ്രാം ഫോളോവേഴ്സ്  13 ലക്ഷമായിരുന്നു. എന്തായാലും റഷ്യയിലും യുക്രൈയ്നിലും ഇപ്പോഴും ടെലിഗ്രാം തന്നെയാണ് ജനപ്രിയം. പൊതുജനം മാത്രമല്ല, നയതന്ത്ര, സാങ്കേതിക, ശാസ്ത്ര വിദഗ്ധർ എല്ലാം ഉപയോഗിക്കുന്നത് ടെലിഗ്രാമാണ്. പക്ഷേ, അതേസമയം വലിയ സംഘങ്ങൾ വഴി തെറ്റായ വാർത്തകളും നാടെങ്ങും പരക്കുന്നു, തീവ്രപക്ഷ, നിയമവിരുദ്ധ വാർത്തകൾ അടക്കം. അത് തടയാനുള്ള സംവിധാനങ്ങളില്ല ടെലിഗ്രാമിന്. ഏറ്റവും വലിയ ആരോപണം അതാണ്. സുരക്ഷിതം (Secure) എന്നാൽ എല്ലാവർക്കും സുരക്ഷിതം. ചിലർക്ക് മാത്രമായി അത് പരിമിതപ്പെടുത്താൻ കഴിയില്ലെന്നാണ് ദുറോവിന്‍റെ വിശദീകരണം.

ഫ്രാന്‍സിലെ കുറ്റങ്ങള്‍

ഇപ്പോൾ ദുറോവിനെ ഫ്രാൻസ് അറസ്റ്റ് ചെയ്തത് ആറോളം കുറ്റങ്ങളുടെ പേരിലാണ്. നിയമപാലകരുമായി സഹകരിക്കാൻ വിസ്സമ്മതിച്ചു, നിയമവിരുദ്ധ കൈമാറ്റങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കാൻ ഇടവരുത്തി എന്നതടക്കം. കുട്ടികളെ പീഡിപ്പിച്ച കേസിലെ നിസഹകരണമാണ് അന്വേഷണത്തിന് കാരണമായതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. അങ്ങനെയാണ് നിക്കോളായ്, പാവൽ എന്നിവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ കാരണമായത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പറയുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. പക്ഷേ, സാധ്യത തള്ളുന്നില്ല നിരീക്ഷകർ. 

റഷ്യന്‍ അവിശുദ്ധ ബന്ധം

ദുറോവ്  ക്രെംലിൻ വിരുദ്ധനെന്നാണ് സ്വയം പറയുന്നത്. പക്ഷേ, റഷ്യൻ പൗരത്വം ഉണ്ടെന്ന് ക്രെംലിനും. 2018 -ൽ ടെലിഗ്രാം നിരോധിച്ച റഷ്യ,  2020 -ൽ നിരോധനം പിൻവലിച്ചു. ഓഗസ്റ്റിൽ ദുറോവും പുടിനുമായി ഒരു കൂടിക്കാഴ്ച നടന്നു എന്നൊരു സ്ഥീരികരിക്കാത്ത റിപ്പോർട്ടുമുണ്ട്. അസർബൈജാനിൽ ഒരേസമയം രണ്ടുപേരുമുണ്ടായിരുന്നു. ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വികെ കൈവശപ്പെടുത്തി ദുറോവ് സഹോദരൻമാരെ പുറത്താക്കിയ റഷ്യ പിന്നെയെങ്ങനെ ടെലിഗ്രാമിന് അനുവാദം നൽകി എന്നത് ദുരൂഹമാണ്. ഇന്ന് റഷ്യൻ സർക്കാരിലെ പ്രമുഖരും സൈന്യവും ഉപയോഗിക്കുന്നത് ടെലിഗ്രാമാണ്. പുടിനുമായി ബന്ധമുള്ള ഒരു ശതകോടീശ്വരനാണ് ടെലഗ്രാം തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയത് എന്നും റിപ്പോർട്ടുണ്ട്. 

VK -യുടെ ഓഫീസിൽ നിന്നുതന്നെയാണ് ആദ്യം ടെലിഗ്രാമും പ്രവർത്തിച്ചതും. പാവെലിന്‍റെ സഹോദരൻ നിക്കോളായ് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർഗിലാണ് താമസമെന്ന് ക്രെംലിൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട്. മാത്രമല്ല, അദ്ദേഹം ജോലി ചെയ്യുന്നത് റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ സ്റ്റെക്ലോവ് മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും. അതിന്‍റെ വെബ്സൈറ്റിൽ നിക്കോളായ് ദുറോവിനെ വിശേഷിപ്പിക്കുന്നത് സ്റ്റാഫ് മെമ്പറായാണ്. ടെലിഗ്രാം ആപ്പിന് പിന്നിൽ നിക്കോളായുമുണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ, നിക്കോളായ് ക്യാമറകൾക്ക് മുന്നിൽ വരാറില്ല. വിജയം പങ്കിടാൻ ഒരിടത്തും എത്തിയിട്ടില്ല. ഇനിയുമുണ്ട്. ദുറോവ് 2015 -നും 2020 -നും ഇടയിൽ 50 -ലേറെ തവണ റഷ്യ സന്ദർശിച്ചിട്ടുണ്ടെന്നാണ് ചോർന്നുവന്ന റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ട്. 

സ്വകാര്യതയുടെ പേരിൽ റഷ്യൻ പ്രതിപക്ഷവും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ക്രെംലിൻ വിരുദ്ധത പങ്കുവച്ച ചില ടെലഗ്രാം ചാനലുകൾ നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ദുറോവ് അറസ്റ്റിലായതോടെ റഷ്യ ഇടപെട്ടതും ഇതിനോട് ചേർത്ത് വായിക്കണം. വിദേശകാര്യ വക്താവ് തന്നെ അത് സ്ഥിരീകരിച്ചു. എല്ലാ സഹായവും വാഗ്ദാനവും ചെയ്തു ദുറോവിന്. വാർത്താവിനിമയം തടസപ്പെടുത്താനുള്ള നടപടി എന്ന് ഫ്രാൻസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. അബുദാബിയും ദുറോവിനെ ബന്ധപ്പെടാൻ വഴിതേടിയിരുന്നു. പക്ഷേ, സഹായം വേണ്ടെന്ന് പറഞ്ഞതും ദുറോവ്.

Concerns raised by the arrest of Pavel Durov

(ഇമ്മാനുവൽ മാക്രോൺ)

തായ്‍ലന്‍ഡ് ഇനി 'ഡാഡീസ് ഗേൾ' നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?

അറസ്റ്റിലേക്കുള്ള വഴി

'റഷ്യയുടെ സക്കർബർഗ് അറസ്റ്റിൽ' എന്നാണ് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടെലഗ്രാമിന് കിട്ടിയ തിരിച്ചടി റഷ്യയുടെ തിരിച്ചടി എന്നും. ഫ്രാൻസിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ടെലിഗ്രാം നെയ്‌റ്റോയുടെ (NATO) ഉപകരണമാകുമോ എന്ന ആശങ്കയും. ഇതൊക്കെയാണ് അറസ്റ്റിന്‍റെ രാഷ്ട്രീയവശം. രാഷ്ട്രീയമില്ലെന്ന് മക്രോൺ പറയുന്നെങ്കിലും. ഫ്രാൻസിൽ 'അന്വേഷണം എന്നാൽ' കുറ്റം തെളിഞ്ഞെന്ന് അർത്ഥമില്ല. പക്ഷേ, അന്വേഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉണ്ടെന്ന് അർത്ഥം. 

39 കാരനായ ദുറോവിന്‍റെ അറസ്റ്റിന് വഴിതെളിച്ചത് 38 കാരിയായ യൊഹാൻ ബ്രൂസിന്‍റെ (Johanne Brousse) നേതൃത്വത്തിലെ J3 എന്ന അഞ്ചംഗ സംഘത്തിന്‍റെ അന്വേഷണമാണ്. എണ്ണമറ്റ കുറ്റകൃത്യങ്ങൾക്ക് ടെലിഗ്രാം ആപ് ഉപയോഗിക്കപ്പെടുന്നു എന്നുകണ്ടാണ് അന്വേഷണം തുടങ്ങിയത്. അതുമാത്രമല്ല, ഇത് നിയന്ത്രിക്കണമെന്ന ജൂഡീഷ്യൽ അഭ്യർത്ഥനയോട് പോലും പ്രതികരിക്കാത്ത ആപ്പിന്‍റെ നിലപാടിലുള്ള അരിശവും. പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ സൈബർക്രൈം യൂണിറ്റിന്‍റെ മേധാവിയാണ് യൊഹാൻ ബ്രൂസ്. സംഘടിത കുറ്റകൃത്യമാണ് അന്വേഷണ വിഷയം. ടെലിഗ്രാമിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ എളുപ്പമാകില്ല കാര്യങ്ങള്‍. പക്ഷേ, അന്വേഷണത്തിന് തന്നെ വർഷങ്ങളെടുത്തേക്കും. ഡിസ്കോഡിന് (Discord) എതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഡിസ്കോഡ് പക്ഷേ, ഇതവരെ പ്രതികരിച്ചിട്ടില്ലെന്ന് മാത്രം.

ഭയന്ന് പോയ ആഗോള വമ്പൻമാർ

പ്രതികരണങ്ങൾ പലതരത്തിലാണ്. എലൺ മസ്ക് ദിവസവും 'X' ൽ എതിർപ്പറിയിക്കുന്നുണ്ട്. വിചിത്രമെന്ന് തോന്നാമെങ്കിലും ഇപ്പോൾ റഷ്യയിലുള്ള എഡ്വേഡ് സ്നോഡനും മനുഷ്യാവകാശ ലംഘനമാരോപിച്ചു. . അമേരിക്കയാണ് പിന്നിലെന്ന് ഒരു റഷ്യൻ രാഷ്ട്രീയ നേതാവ് ആരോപിച്ചു. റമ്പിള്‍ (Rumble) എന്ന വീഡിയോ ഷെയറിങ് ആപ്പിന്‍റെ സ്ഥാപകൻ ക്രിസ് പാവ്ലോവ്സ്കി (Chirs Pavlovski) യൂറോപ്പ് വിട്ട് പലായനം ചെയ്തു. ഒരു കാര്യവുമില്ലെന്നാണ് ഫ്രാൻസിന്‍റെ പ്രതികരണം. ദുറോവിനുമേൽ പിടിവീണത് ഒരുപാട് ആഗോള വമ്പൻമാരെ പേടിപ്പിച്ചു എന്നാണ് വാർത്ത.
 

Latest Videos
Follow Us:
Download App:
  • android
  • ios