സ്റ്റാലിന്റെ അതീവരഹസ്യ ഭൂഗര്‍ഭ അറയില്‍ ഒരു മലയാളി!
ശീതയുദ്ധ കാലത്തെ അണ്വായുധ ഭീഷണി നേരിടാന്‍ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം പണി കഴിക്കപ്പെട്ടതാണ് ബങ്കര്‍ 42 എന്നറിയപ്പെടുന്ന ഈ അണ്വായുധ പ്രതിരോധ ഭൂഗര്‍ഭ കേന്ദ്രം. അമേരിക്കയുമായി അണുബോംബ് യുദ്ധത്തിന്റെ വക്കത്തെത്തിയപ്പോഴെല്ലാം സോവിയറ്റ് യൂണിയന്‍ പ്രതിരോധവും പ്രത്യാക്രമണവും ആസൂത്രണം ചെയ്തത് ഇവിടെയായിരുന്നു.
ശീതയുദ്ധ കാലത്തെ അണ്വായുധ ഭീഷണി നേരിടാന്‍ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം പണി കഴിക്കപ്പെട്ടതാണ് ബങ്കര്‍ 42 എന്നറിയപ്പെടുന്ന ഈ അണ്വായുധ പ്രതിരോധ ഭൂഗര്‍ഭ കേന്ദ്രം. അമേരിക്കയുമായി അണുബോംബ് യുദ്ധത്തിന്റെ വക്കത്തെത്തിയപ്പോഴെല്ലാം സോവിയറ്റ് യൂണിയന്‍ പ്രതിരോധവും പ്രത്യാക്രമണവും ആസൂത്രണം ചെയ്തത് ഇവിടെയായിരുന്നു.
'ത്രീ, ടു, വണ്‍'
അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിനെ ലക്ഷ്യം വെച്ച് അണുബോംബ് തൊടുത്തു കഴിഞ്ഞു. അതിവേഗം പായുന്ന മിസൈല്‍ ആര്‍ട്ടിക് സമുദ്രം മുറിച്ച് കടന്ന് 30 മിനിട്ടിനകം യു.എസ്. നഗരത്തില്‍ ബോംബിടും. അപായ സൂചന കിട്ടിയ നഗരവാസികള്‍ പരിഭ്രാന്ത്രരായി എങ്ങോട്ടെന്നില്ലാതെ ഓടുന്നു. നിരത്തുകളിലേക്കിറങ്ങിയ മനുഷ്യര്‍ മിസൈല്‍ അടുത്തു വരുന്നത് കാണും മുമ്പെ ഉഗ്രസ്ഫോടനത്തോടെ അതില്‍ നിന്ന് ബോംബ് വര്‍ഷിക്കപ്പെടുന്നു. സ്ഫോടനാഘാതത്തില്‍ കരയും കടലും ഒന്നായി. കെട്ടിടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ നിലം പൊത്തി. ഉഗ്ര താപത്താല്‍ മനുഷ്യരുള്‍പ്പെടെയുളള ജീവജാലങ്ങള്‍ കരിഞ്ഞു വീഴുന്നു.
മോസ്‌കോയിലെ 213 അടി താഴ്ചയുളള ഭൂഗര്‍ഭ അറയിലെ കണ്‍ട്രോള്‍ റൂമില്‍ അണുബോംബ് വിക്ഷേപണത്തിന്റെ രീതിയും ആഘാതവും വിവരിക്കാന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വീഡിയോ ആണിത്. അവിടുത്തെ ജീവനക്കാരന്‍ സന്ദര്‍ശകരുടെ കൂട്ടത്തില്‍ നിന്ന് രണ്ട് പേരെ കണ്‍ട്രോള്‍ സിസ്റ്റത്തിന് മുന്നിലേക്ക് വിളിച്ചിരുത്തി അവരോടാണ് 'അണുബോംബ്' തൊടുത്തു വിടാന്‍ നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശമനുസരിച്ചു രണ്ട് പേര്‍ ഒരേ സമയം ചില താക്കോലുകള്‍ തിരിച്ചും കോഡ് നമ്പറുകള്‍ ടൈപ്പ് ചെയ്തും ബട്ടണുകള്‍ അമര്‍ത്തിയും അണുബോംബ് വിക്ഷേപിച്ചു. അതോടെ സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യത്തിന്റെ ചുരുക്കമാണ് മുകളില്‍ വിവരിച്ചത്. അണ്വായുധങ്ങള്‍ മാനവരാശിക്കാകമാനം അപകടമാണെന്ന് ബോധ്യപ്പെടുത്തിയാണ് ആ വിവരണം അവസാനിക്കുന്നത്.
ശീതയുദ്ധ കാലത്തെ അണ്വായുധ ഭീഷണി നേരിടാന്‍ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം പണി കഴിക്കപ്പെട്ടതാണ് ബങ്കര്‍ 42 എന്നറിയപ്പെടുന്ന ഈ അണ്വായുധ പ്രതിരോധ ഭൂഗര്‍ഭ കേന്ദ്രം. അമേരിക്കയുമായി അണുബോംബ് യുദ്ധത്തിന്റെ വക്കത്തെത്തിയപ്പോഴെല്ലാം സോവിയറ്റ് യൂണിയന്‍ പ്രതിരോധവും പ്രത്യാക്രമണവും ആസൂത്രണം ചെയ്തത് ഇവിടെയായിരുന്നു.
മോസ്‌കോയിലെ താമസസ്ഥലത്ത് നിന്ന് അഞ്ച് കി.മീറ്റര്‍ മാത്രം അകലെയാണ് ബങ്കര്‍ 42 കേന്ദ്രമെങ്കിലും ചോദിച്ചവര്‍ക്കൊന്നും ഇതിനെക്കുറിച്ച് ഒരു പിടിയുമില്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വിലാസം ഉപയോഗിച്ച് ഊബര്‍ ടാക്സി വിളിച്ചാണ് സ്ഥലത്തെത്തിയത്. അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത ഇരുനില കെട്ടിടത്തിന്റെ ഒരു വശത്ത് എഴുതിയ ബോര്‍ഡ് കണ്ട് അങ്ങോട്ട് ചെന്നു. അടച്ചിട്ട കവാടത്തിന് പുറത്ത് കാത്ത് നില്‍ക്കുന്ന രണ്ട് പേരോട് സംസാരിച്ചു. സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നാണവര്‍. ബങ്കര്‍ കാണാന്‍ വന്നതാണ്. ഗേറ്റ് തുറന്ന് ഉളളിലേക്ക് പ്രവേശിച്ച് വരാന്തയിലൂടെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നപ്പോഴും സാധാരണ കെട്ടിടമെന്നതിനപ്പുറം മറ്റൊന്നും തോന്നിയില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ റഷ്യന്‍ അനുഭവത്തിന് വിപരീതമായ ടിക്കറ്റ് നിരക്ക് കേട്ടപ്പോള്‍ ചെറുതായൊന്ന് ഞെട്ടി. മുതിര്‍ന്നവര്‍ക്ക് 2200 റൂബിളും കുട്ടികള്‍ക്ക് 1300 ഉം (ഇന്ത്യന്‍ രൂപക്ക് തുല്യമാണ് വിനിമയ നിരക്ക്). യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് മറ്റു റഷ്യന്‍ മ്യൂസിയങ്ങളിലേത്. റഷ്യയിലെ ലോകപ്രശസ്തമായ ഹേര്‍മിറ്റേജ് മ്യൂസിയത്തിലെ പ്രവേശനത്തിന് പോലും 700 റൂബിള്‍ മതി!
ടിക്കറ്റെടുത്തപ്പോഴേക്കും ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുളള നാലഞ്ച് പേര്‍ കൂടി വന്നു. 12 പേരുളള ഒരു ഗ്രൂപ്പായി ഞങ്ങള്‍ മാറി. ഗൈഡായി നിയോഗിക്കപ്പെട്ട ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ഒരു വാതിലിന് അടുത്തേക്ക് ചെന്നു. രണ്ടായിരം കിലോ ഭാരമുളള ആ വാതില്‍ അണുബോംബ് സ്ഫോടനത്തെയും വികിരണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുളളതാണ്. അത് തുറക്കുന്നത് താഴോട്ട് പോകുന്ന പടികളിലേക്കാണ്. പതിനെട്ട് നിലയുളള കെട്ടിടത്തിലേക്ക് കയറുന്നതിന് സമാനമായി 310 പടികള്‍ ഇറങ്ങിയാലേ ഭൂഗര്‍ഭ കേന്ദ്രത്തിലെത്തൂ എന്ന് ജീവനക്കാരന്‍ വിശദീകരിച്ചു. ഓരോ നില പിന്നിടുമ്പോഴും ശേഷിക്കുന്ന നിലകള്‍ എത്രയെന്ന് എഴുതിവെച്ചത് വായിച്ച് കുട്ടികളുമായി താഴോട്ടു പതുക്കെയിറങ്ങി. താഴെ ചെന്നെത്തിയത് മോസ്‌കോയിലെ ഭുഗര്‍ഭ റെയില്‍വെ പാതക്ക് സമാനമായ തുരങ്കത്തിലേക്കാണ്. ഇരുമ്പ് കൊണ്ട് ആവരണം ചെയ്ത തുരങ്കത്തില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടിയെന്നവണ്ണം ചുവപ്പ് പരവതാനി വിരിച്ചിട്ടുണ്ട്.
.............................................................................................................................................................
രണ്ടായിരം കിലോ ഭാരമുളള ആ വാതില്‍ അണുബോംബ് സ്ഫോടനത്തെയും വികിരണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുളളതാണ്.
മൊത്തം നാല് അറകളായി 75,000 ച.അടി വിസ്തീര്‍ണമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിനുളളത്. ഇതില്‍ നാലാം അറയിലേക്ക് മാത്രമെ സന്ദര്‍ശകര്‍ക്ക് നിലവില്‍ പ്രവേശനമുളളൂ. ഒന്ന്, രണ്ട് അറകള്‍ വാര്‍ത്താ വിനിമയത്തിനും മൂന്നാമത്തേത് ജീവരക്ഷാ സംവിധാനത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നാം അറയില്‍ മൂന്ന് വന്‍ശേഷിയുളള ഡീസല്‍ ജനറേറ്റുകളും 100 ടണ്‍ ഡീസല്‍ ശേഖരവും ഉണ്ടായിരുന്നു. ആയിരം കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ രണ്ട് ജനറേറ്ററുകള്‍ ഉപയോഗിക്കുകയും മറ്റൊന്ന് റിസര്‍വായി കരുതുകയും ചെയ്തു. കുടിവെളളത്തിനായി മൂന്ന് കിണറുകള്‍ക്കു പുറമെ അടിയന്തിര ഘട്ടങ്ങളില്‍ പുറത്ത് നിന്ന് വായു എടുക്കാതെ ഓക്സിജന്‍ ഉറപ്പാക്കുന്നതിനുളള സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു. മുവായിരം പേര്‍ക്ക് പുറത്തു നിന്നുളള സഹായമില്ലാതെ 90 ദിവസം ജീവിക്കാന്‍ കഴിയുന്ന വിധമാണ് ഭക്ഷണവും മരുന്നുമെല്ലാം ശേഖരിച്ചുവെച്ചിരുന്നത്.
ഇരുണ്ട തവിട്ടു നിറത്തിലുളള പെയിന്റടിച്ച ഇരുമ്പാവരണത്തിന് താഴെ നടന്ന് ഒരു ചെക്ക് പോയിന്റിലെത്തി. തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മാത്രമെ ഈ വാതില്‍ വഴി ജീവനക്കാര്‍ക്ക് അകത്തേക്ക് പ്രവേശനം നല്‍കിയിരുന്നുളളൂ എന്ന് ഗൈഡ് വിശദീകരിച്ചു. അവരവര്‍ ജോലി ചെയ്യുന്ന ഇടമല്ലാതെ ബങ്കറിലെ മറ്റിടങ്ങളെക്കുറിച്ച് ആര്‍ക്കുമറിയില്ലായിരുന്നു, പ്രവേശനവുമില്ലായിരുന്നു.
.............................................................................................................................................................
സ്റ്റാലിന്റെ രഹസ്യ നിലവറയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
.............................................................................................................................................................
സംസാരത്തിനിടെ മുന്നോട്ട് നടന്ന് ഭാരമുളള വാതില്‍ തുറന്ന് മറ്റൊരു ചെക്ക് പോയിന്റിലെത്തി. ബ്ലോക്ക് 4 എന്ന പേരിലുളള ഈ ഹാളിന്റെ ഒരു ഭാഗത്ത് ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്യുന്ന സെക്രട്ടറിയുടെയും കാവല്‍ക്കാരന്റെയും ഡെമ്മി കാണാം. ഭാരമേറിയ ഇരുമ്പ് വളയങ്ങള്‍ ആവരണം ചെയ്യുന്ന ഉയര്‍ന്നതും വിശാലവുമായ ഈ ഹാളിന്റെ മറ്റേ വശത്തുളള പടികള്‍ കയറിയപ്പോള്‍ മുകളിലെ നിലയിലെത്തി. അവിടെ കുറച്ച് ഉയരത്തിലായി പണിത തുറന്ന ഓഫീസില്‍ 'സ്റ്റാലിന്‍' ഇരിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പിലെ മേശപ്പുറത്ത് ലെനിന്റെ പ്രതിമയും പുറകിലെ ചുമരില്‍ ലെനിന്റെ ചിത്രവും!
1950-ല്‍ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിന്റെ പണി തുടങ്ങിയതെങ്കിലും 1956-ല്‍ നിര്‍മ്മാണം തീരുന്നതിന് മൂന്ന് കൊല്ലം മുമ്പെ സ്റ്റാലിന്‍ മരിച്ചു. എന്നിട്ടും സ്റ്റാലിനാണ് ഇവിടുത്തെ താരം!
1949-ല്‍ ഇതുപോലൊരു ഭുഗര്‍ഭ അറയിലാണ് സോവിയറ്റ് യൂണിയന്‍ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്. അതില്‍ നിന്ന് മനസ്സിലാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഒരു വര്‍ഷത്തിന് ശേഷം അണു ബോംബാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന ഈ ഭൂഗര്‍ഭ കേന്ദ്രം ഡിസൈന്‍ ചെയ്തത്. ഭരണസിരാകേന്ദ്രമായ ക്രെംലിന് അടുത്താണ് എന്നതിന് പുറമെ ധാരാളം കെട്ടിടങ്ങളുളള സ്ഥലമാണെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ടാകന്‍സ്‌കയ കുന്നിന്‍ പ്രദേശം ഇതിന്റെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്.
.............................................................................................................................................................
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഡികമ്മീഷന്‍ ചെയ്ത ഈ ബങ്കര്‍ പിന്നീട് ലേലത്തില്‍ വില്‍ക്കുകയായിരുന്നു
ഭൂഗര്‍ഭ റെയില്‍വെ പാതയുടെ പണിയെന്ന നിലയിലാണ് മോസ്‌കോയുടെ ഹൃദയഭാഗത്ത് ആരുമറിയാതെ ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. തൊട്ടടുത്ത ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനിലേക്ക് തുറക്കുന്ന രണ്ട് വഴികള്‍ ഈ കേന്ദ്രത്തിനുണ്ട്. അത് വഴിയാണ് ഇതിലേക്കുളള സാമഗ്രികള്‍ കൊണ്ടു വന്നിരുന്നത്. പിന്നീട് ജീവനക്കാര്‍ രഹസ്യമായി ജോലിക്കായി വന്നിരുന്നതും ഈ വഴിയാണ്. പുറമെ സാധാരണ ഇരുനില കെട്ടിടത്തെ പോലെ തോന്നിക്കുന്നതിനാല്‍ ഇവിടെ ഇങ്ങനെയൊരു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് സമീപവാസികള്‍ പോലും അറിഞ്ഞിരുന്നില്ല ! അണ്വായുധ ആക്രമണത്തിന്റെ ആഘാതം, താപം, വികിരണം എന്നിവ പ്രതിരോധിക്കാനായി ഒമ്പത് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഭുഗര്‍ഭ കേന്ദ്രത്തിന്റെ മേല്‍ക്കൂര പണിതിരിക്കുന്നത്. ഈ കോണ്‍ക്രീറ്റ് ആവരണം മറക്കാനും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനുമാണ് അതിനു മുകളില്‍ ഇരു നില കെട്ടിടം ഉയര്‍ത്തിയത്. സ്ഫോടനത്തെ അതിജീവിക്കാനും ഗാമാ വികരണത്തെ തടയാനുമായി ആറ് മീറ്റര്‍ വണ്ണത്തിലാണ് ചുമര്‍ കെട്ടിയിട്ടുളളത്.
സ്റ്റാലിനിരിക്കുന്ന മുറിക്കപ്പുറത്ത് വിശാലമായ സമ്മേളന മുറിയാണ്. നീണ്ട മേശക്കിരുവശത്തും രണ്ട് ഡസനോളം കസേരകള്‍ നിരത്തിയിട്ട ഈ മുറി അടുത്തിടെ സൗന്ദര്യവത്കരിച്ചതു പോലെ തോന്നി. ലോകത്തെ അണുബോംബ് യുദ്ധത്തിന്റെ വക്കിലെത്തിച്ച ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമയത്ത് സോവിയറ്റ് അധികാരികള്‍ സമ്മേളിച്ചിരുന്നത് ഈ മുറിയിലാണത്രെ! ഈ ഭൂഗര്‍ഭ അറ ഏറ്റവും സജീവമായി പ്രവര്‍ത്തിച്ചതും ഈ സമയത്തായിരുന്നു. അഞ്ച് ഷിഫ്റ്റുകളിലായി ഓഫീസര്‍മാര്‍, പട്ടാളക്കാര്‍, വായുസേനക്കാര്‍, വാര്‍ത്താവിനിമയ വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട രണ്ടായിരം പേര്‍ ഇവിടെ ജോലിയിലേര്‍പ്പെട്ടിരുന്നു. സമ്മേളന മുറിയില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നത് വിവിധ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ഹാളിലേക്കാണ്.
1949-ല്‍ സോവിയറ്റ് യൂണിയന്‍ പരീക്ഷിച്ച അണുബോംബിന്റെ മാതൃകയാണ് അതില്‍ പ്രധാനം. ഭൂഖണ്ഡാന്തര മിസൈലുകള്‍ വികസിപ്പിക്കും മുമ്പ് ഉപയോഗിച്ചിരുന്ന ബോംബര്‍ വിമാനങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടവയിലുണ്ട്. മുകളില്‍ സൂചിപ്പിച്ച അണുബോംബ് തൊടുത്തുവിടുന്ന പ്രകടനത്തിനായി സന്ദര്‍ശകരില്‍ രണ്ട് പേരോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെട്ടത് ഈ ഹാളില്‍ വെച്ചാണ്.
പിന്നീട് തിരിച്ച് നടക്കുമ്പോള്‍ ബങ്ക് ബെഡ് നിരത്തിയ വിശ്രമ മുറിയും നീണ്ടു കിടക്കുന്ന തുരങ്കത്തിന്റെ അറ്റത്തായി ഇത് പണിത തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പ്രതിമയും കണ്ടു. ഈ അറയുടെ മറ്റൊരു അറ്റത്തുളള റെസ്റ്റോറന്റില്‍ പോകേണ്ടവര്‍ക്ക് അവിടെ പോയി ഭക്ഷണവും കഴിച്ച് ലിഫ്റ്റിലും അല്ലാത്തവര്‍ക്ക് നേരെ മുകളിലേക്കും തിരിച്ച് പോകാമെന്ന് ഗൈഡ് അറിയിച്ചു. 2006-ല്‍ ഈ ബങ്കര്‍ ലേലത്തില്‍ പിടിച്ച സ്വകാര്യ കമ്പനിയാണ് ഭക്ഷണശാലയുള്‍പ്പെടെയുളളവ ഒരുക്കി ഇതിനെ മ്യൂസിയമാക്കി മാറ്റിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഡികമ്മീഷന്‍ ചെയ്ത ഈ ബങ്കര്‍ പിന്നീട് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. ശീതയുദ്ധം അവസാനിച്ചുവെന്നതു കൊണ്ട് മാത്രമാണോ അതോ ഇതിനേക്കാള്‍ മികച്ച ബങ്കറുകള്‍ വേറെയുളളതു കൊണ്ടാണോ ഇത് വേണ്ടെന്ന് വെച്ചതെന്ന് അറിയില്ല. എന്തായാലും 65 ദശലക്ഷം റൂബിളിന് ലേലത്തില്‍ വാങ്ങിയ നോവിക് സര്‍വീസ് എന്ന കമ്പനിയാണ് ഇതിന്റെ മേല്‍നോട്ടക്കാര്‍. റഷ്യയിലെ മറ്റ് മ്യൂസിയങ്ങളെ അപേക്ഷിച്ച് ഇവിടെ മാത്രം ടിക്കറ്റ് നിരക്ക് എന്തു കൊണ്ട് കൂടി എന്നതിന്റെ ഉത്തരം കൂടിയാണത്.
അവസാനം പിരിയുന്നതിന് മുമ്പ ഒരു പ്രധാന കാര്യം കൂടിയുണ്ടെന്ന് ഗൈഡ് പറഞ്ഞു. അടിയന്തിര ഘട്ടത്തില്‍ ബങ്കറിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് എങ്ങനെയാണെന്ന് കാണിക്കാന്‍ പോകുകയാണ്. തുരങ്കത്തിലെ എല്ലാ ലൈറ്റുകളും പെട്ടെന്നണഞ്ഞു. ഇരുട്ടിലിപ്പോള്‍ മിന്നുന്ന ചുവപ്പ് വെളിച്ചവും ഉറക്കെ മുഴുങ്ങുന്ന സൈറണും മാത്രം! ഇത്തരം ഭൂഗര്‍ഭ അറകളില്‍ എത്ര സംവിധാനങ്ങളൊരുക്കിയാലും യുദ്ധത്തിനും അണുബോംബിനുമൊക്കെ പകരാനുളളത് ഭീതി മാത്രമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ചുവപ്പ് സൈറണ്‍!
.............................................................................................................................................................
സ്റ്റാലിന്റെ രഹസ്യ നിലവറയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
.............................................................................................................................................................