അമ്മയും മുത്തശ്ശിയും ലൈംഗികത്തൊഴിലാളികള്‍, ദാരിദ്ര്യം കാരണം സഹോദരനെ വിവാഹം കഴിപ്പിച്ചത് അഞ്ചാമത്തെ വയസ്സില്‍; ബിനോദിനി ദാസിയുടെ ജീവിതം

നാടകത്തിനോടുള്ള അർപ്പണബോധം അവരെ സ്വന്തം ജീവിതം പോലും അതിനായി പണയപ്പെടുത്താൻ നിർബന്ധിതയാക്കി. 

Binodini Dasi, a 19th century theatre artist

കൊൽക്കത്തയിലെ ബിദാൻ സരനി എന്ന തെരുവിൽ സ്ഥതിചെയ്യുന്ന സ്റ്റാർ തിയേറ്റർ ബംഗാളിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ അഭിമാനമാണ്. കൊളോണിയൽ കാലം തുടങ്ങി അത് ബംഗാളിലെ  നാടക പാരമ്പര്യത്തിൻ്റെ അവിഭാജ്യ ഘടകമായി പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് നാടകങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കാൻ രൂപം നൽകിയതാണ് അത്. പ്രമുഖ നാടകവേദി ഉരുക്കിയെടുത്ത പ്രതിഭാശാലികളുടെ ഇതിഹാസത്തിൽ, അഭിനയത്തിനോടുള്ള പ്രണയത്തിനായി ശരീരംപോലും നല്‍കേണ്ടിവന്ന ബിനോദിനി ദാസിയുടെ ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. അതാണിത്...

നാടകരംഗത്തെ ആദ്യത്തെ വനിതാ അഭിനേതാക്കളിൽ ഒരാളായിരുന്ന ബിനോദിനി ദാസി. 12 വയസ്സുള്ളപ്പോൾ അഭിനയിക്കാൻ തുടങ്ങിയ അവർക്ക് വെറും 23 വയസ്സുള്ളപ്പോൾ അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. ലൈംഗികത്തൊഴിലാളികളുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത് എന്ന കാരണം കൊണ്ടുതന്നെ ചരിത്രത്തിൽ അവർ അവഗണിക്കപ്പെട്ടു. ഒരു നടി എന്ന നിലയിൽ ഒരുപാട് അപമാനവും, അവഗണയും അനുഭവിക്കേണ്ടിവന്നു. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ ജനിച്ചുവെങ്കിലും, ജീവിതത്തിൽ ഒരുപാട് അപമാനം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും, അവർ അഭിനയിച്ച വേഷങ്ങൾ എല്ലാം അവിസ്മരണീയമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും നാടകലോകത്ത് അവർ നൽകിയ സംഭാവനകൾ വളരെ വലുതാണ്. 

1862 -ലാണ് ബിനോദിനി ജനിച്ചത്. അമ്മയും മുത്തശ്ശിയും ലൈംഗിക തൊഴിലാളികളായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞ ആ കുടുംബത്തെ കരകയറ്റാൻ ബിനോദിനിയുടെ സഹോദരന് അഞ്ച് വയസ്സുള്ളപ്പോൾ വിവാഹിതനാകേണ്ടി വന്നു. അദ്ദേഹത്തിന് ലഭിച്ച സ്ത്രീധനം കൊണ്ട് കുടുംബത്തെ പോറ്റി. എന്നിരുന്നാലും അതൊരു താൽകാലിക ആശ്വാസം മാത്രമായിരുന്നു. പിന്നെയും കഷ്ടപ്പാടുകൾ മാത്രം ബാക്കിയായി. അങ്ങനെ ചെലവുകൾ നടത്താനായി അവർ താമസിച്ചിരുന്ന വീട്ടിലെ മുറികൾ വാടകയ്‌ക്ക്  നൽകാൻ തുടങ്ങി. പ്രശസ്ത ഗായകനായ ഗംഗാ ബൈജി അവരുടെ വാടകക്കാരിൽ ഒരാളായിരുന്നു. അദ്ദേഹമാണ് ബിനോദിനിയെ നാടകലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. ബിനോദിനി, ഗംഗാ ബൈജിയുടെ അടുത്തുനിന്ന് സംഗീതം പഠിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സംഗീത പരിപാടികളിൽ അദ്ദേഹത്തോടൊപ്പം പോവുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവർ ആകസ്മികമായി നാടകം കാണാൻ ഇടയായി. അന്നവർക്ക് വെറും ഒമ്പത് വയസ്സായിരുന്നു. വേദിയിലെ അഭിനയം കണ്ട് വിസ്മയിച്ചുപോയ ആ പെൺകുട്ടി അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ 12 -ാമത്തെ വയസ്സിൽ നാടകരംഗത്തേക്ക് വന്നു. നാടകങ്ങളിലൂടെ അവർ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ തുടങ്ങി. 

അവരുടെ ആദ്യത്തെ ശ്രദ്ധേയമായ വേഷം ഹരാലാൽ റേയുടെ നാടകത്തിലെ ഹേമലതയായിരുന്നു. സീത, ദ്രൗപതി തുടങ്ങിയ പുരാണ വേഷങ്ങളെയും അവർ അനശ്വരമാക്കി. ഔദ്യോഗിക ജീവിതത്തിൽ, അവർ വളരെ വലിയ ഒരു വിജയമായിരുന്നു. അവരുടെ പ്രശസ്തി 1941 -ൽ മരിക്കുന്ന കാലം വരെ നീണ്ടുനിന്നു. പക്ഷേ, അവരുടെ സ്വകാര്യ ജീവിതം ഒരുപാട് ദുഃഖങ്ങളും, വഞ്ചനയും നിറഞ്ഞതായിരുന്നു. ഒരിക്കൽ തിയേറ്റർ നിർമ്മാണത്തിന് ധനസഹായം തേടി അവർ ഗുർമുഖ് റേ എന്ന ബിസിനസുകാനെ സമീപിച്ചു. അയാൾ ധനസഹായം നൽകാമെന്ന് അവൾക്ക് വാക്ക് കൊടുത്തു. പക്ഷേ, പകരമായി അയാൾ ചോദിച്ചത് അവരെ തന്നെയായിരുന്നു. നാടകത്തിനോടുള്ള അർപ്പണബോധം അവരെ സ്വന്തം ജീവിതം പോലും അതിനായി പണയപ്പെടുത്താൻ നിർബന്ധിതയാക്കി. അങ്ങനെ ബിനോദിനി റേയ്‌ക്കൊപ്പം താമസമാരംഭിച്ചു. താമസിയാതെ അവൾ ഒരു മകളെ പ്രസവിച്ചു. പക്ഷേ, മകളെ താലോലിക്കാനുള്ള ഭാഗ്യം ബിനോദിനിയ്ക്കുണ്ടായില്ല. ആ മകള്‍ പന്ത്രണ്ടാം വയസ്സിൽ മരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം അവര്‍ ഒരു പെൺകുട്ടിയെ ദത്തെടുത്തു. 

അഭിനയത്തിന് പുറമെ ഒരു എഴുത്തുകാരി കൂടിയായിരുന്നു അവർ. ആത്മകഥകൾ എഴുതിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ നടിമാരിൽ ഒരാളായിരുന്നു ബിനോദിനി. അമർ കഥ (എൻ്റെ കഥ, 1912), അമർ അഭിനേത്രി ജിബോൺ (ഒരു അഭിനേത്രിയായി എൻ്റെ ജീവിതം, 1924 -25) എന്നിവ അവരുടെ കൃതികളാണ്. 

പുരുഷ മേധാവിത്വമുള്ള തൊഴിലിൽ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലിൻ്റെയും, ചതിയുടെയും, അപമാനത്തിൻ്റെയും കഥകൾ അവർ എഴുതി. ഒപ്പം വേതന അസമത്വം, പ്രേക്ഷകരുടെയും സഹനടന്മാരുടെയും അസഹിഷ്ണുത, മോശം തൊഴിൽ സാഹചര്യങ്ങൾ, ജാതി വിവേചനം എന്നിങ്ങനെ ഒന്നിലധികം പ്രശ്നങ്ങൾ അവരുടെ ആത്മകഥയിൽ അവർ ഉയർത്തിക്കാട്ടി. വളരെ കുറച്ചു കാലമേ അഭിനയിക്കാൻ സാധിച്ചുള്ളൂ എന്നിരുന്നാലും അഭിനയത്തിൽ അവർ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു. അവരുടെ പന്ത്രണ്ട് വർഷ അഭിനയ ജീവിതത്തിൽ ഏകദേശം എൺപതോളം വേഷങ്ങൾ അവർ ചെയ്തു. അഭിനയ  രംഗത്ത്, മറ്റ് സ്ത്രീകൾക്ക് ഒരു വഴികാട്ടിയും, പ്രോത്സാഹനവുമായി തീർന്നു ബിനോദിനിയും, അവരുടെ ജീവിതവും. പുരുഷാധിപത്യം നിറഞ്ഞുനിന്ന നാടകരംഗത്ത്, അവർ നടത്തിയ പോരാട്ടങ്ങൾ തീർത്തും പ്രശംസനീയമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios