അനുരാധയ്ക്കും എനിക്കുമിടയില്‍ മരണത്തിന്റെ ഒരു ഒരു വാതിലുണ്ട്!
ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു, ശരിക്കും, അനുരാധയെ എനിക്കറിയാമായിരുന്നോ? സംശയമാണ്. ഞാന്‍ അറിയുന്നത് മാത്രമായിരുന്നില്ലവള്‍. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരായുസ്സിന്റെ അകലമാണോ ഉള്ളത്? സ്വതസിദ്ധമായ പുഞ്ചിരിയോടെ അവളിപ്പോഴും ചിന്തകളുടെ ലോകത്തായിരിക്കുമോ? ഇല്ല...എനിക്കൊന്നുമറിയില്ല. ഞാനിപ്പോഴും അതേ വിഡ്ഢിക്കുട്ടിയാണ്.
'എന്റെ ഐഡിയല്‍ മരണം എങ്ങനെയാണെന്നറിയാമോ?'
'നാല്‍പ്പത്തിനാല് ഹെയര്‍പിന്‍ ബെന്‍ഡുകളുള്ള ഹൈറേഞ്ച് റോഡിലൂടെ ബൈക്കില്‍ ഒഴുകിയിറങ്ങുമ്പോള്‍ പതിനേഴാമത്തെ വളവില്‍ പതിനാറ് ചക്രമുള്ള ലോറിയുമായി കൂട്ടിയിടിച്ച്...' ആമീ.., നിന്റെ ഐഡിയല്‍ ഡത്ത് എങ്ങനെയാകും? വെര്‍ജിനിയ വുള്‍ഫിനെ പോലെ ശരീരത്തില്‍ കല്ല് കെട്ടിവെച്ചു കടലിലേക്കൊന്നു ചാടി നോക്കുന്നോ?'
അനുരാധ...അവളെ എനിക്കറിയാം.
എന്റ സമപ്രായക്കാരിയാണ്, സുഹൃത്താണ്, സഹപാഠിയാണ്.
എന്നിട്ടും എനിക്കും അവള്‍ക്കും രാവും പകലും പോലുള്ള വ്യത്യാസങ്ങളുണ്ട്.
അതില്‍ ആദ്യത്തേത് സദാപുഞ്ചിരി പൊഴിക്കുന്ന അവളുടെ മുഖമാണ്. പിണങ്ങാന്‍ ഒട്ടും ശീലിച്ചിട്ടില്ലാത്ത കുട്ടി. അവളുത്സാഹിയാണ്, സ്വപ്നങ്ങളെ താലോലിക്കുന്നവളാണ്, വായനാശീലം ഉള്ളവളാണ്, കവിത എഴുതുന്നവളാണ്, സാംസ്‌കാരമുള്ളവളാണ്, ഉന്നതകുലജാതയാണ്, കടുംചായപോലെ എന്റെ ചിന്തകളെ ചൂട് പിടിപ്പിച്ചിരുന്നവളാണ്. അതിലുപരി അതിപ്രശസ്തരായ മാതാപിതാക്കളുടെ ഒരേയൊരു മകളാണ്.
ഇതൊന്നുമല്ലാതെ, ഞങ്ങള്‍ക്കിടയില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. അവളിന്നു ജീവിച്ചിരിപ്പില്ലാത്തവള്‍. ഞാനവളെ ഓര്‍ത്തു നീറികൊണ്ട് ജീവിക്കുന്നവള്‍.
സത്യത്തില്‍, അനുരാധയെക്കുറിച്ച് എനിക്കറിയാമായിരുന്നോ?
അനുരാധ എന്നോട് പലതും പറഞ്ഞിരുന്നു, ജനിച്ചു വളര്‍ന്ന തറവാടിനെ കുറിച്ച്, നീന്തല്‍ പഠിച്ച വറ്റാത്ത കുളത്തെ കുറിച്ച്, നഷ്ടമായ മഴക്കാലത്തെ കുറിച്ച്, ആഭ്യന്തര കലഹങ്ങളെ കുറിച്ച്, സിറിയയിലെ ജനങ്ങളെ കുറിച്ച്, വിദ്യാഭ്യാസം നഷ്ടമാകുന്ന കുഞ്ഞുങ്ങളെകുറിച്ച്, മത തീവ്രവാദത്തെക്കുറിച്ച്...
അങ്ങിനെ അങ്ങിനെ എനിക്കറിയാത്ത ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍.
പലതരം വിഷയങ്ങളിലുള്ള എത്രയോ പുസ്തകങ്ങള്‍ അവള്‍ വായിച്ചിരിക്കുന്നു. എന്നിട്ടും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ഉഴറുമ്പോള്‍ രാത്രികളില്‍ ആകാശം നോക്കിക്കിടക്കെ അവള്‍ നഖം കടിക്കും. മുടിച്ചുരുളുകള്‍ വിരലുകളില്‍ ചുരുട്ടിപ്പൊട്ടിച്ചു കാറ്റില്‍ പറത്തും. ഉറക്കമില്ലാതെ ചാരുകസേരയില്‍ കിടന്നുകൊണ്ട് ഗസലുകള്‍ കേള്‍ക്കും.
'നിനക്കറിയാമോ എനിക്ക് ആത്മഹത്യയാണ് യോജിക്കുക. ഒരു ക്വിക്ക് സൈലന്റ് എക്‌സിറ്റ്'- കോളേജിലെ നീണ്ട ഇടനാഴിയില്‍ വെച്ച് ചിരിച്ചു കൊണ്ടാണ് ഒരിക്കല്‍ അവളത് പറഞ്ഞത്.
'നിനക്ക് വട്ടാണ്. ഈ കവിതയുടേം എഴുത്തിന്റെം ബാധ ഉള്ളവര്‍ക്ക് ഇതല്ല ഇതിലപ്പുറവും തോന്നും'.
അവളുടെ വാക്കുകളെ പുച്ഛത്തോടെ ദൂരെ എറിയുമ്പോള്‍ ഞാനുമന്ന് ഉറക്കെ ചിരിച്ചിരുന്നു .
പിന്നീടൊരിക്കല്‍ ഞങ്ങള്‍ എന്റെ നാട്ടിലെ കടല്‍തീരത്തായിരുന്നു.
പൂഴിയില്‍ ശംഖും ചിപ്പിയും എല്ലാം ചേര്‍ത്തു ഞാന്‍ വീടുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. അന്നേരമാണവള്‍ പറഞ്ഞു തുടങ്ങിയത്.
'ആമീ, ഓരോ മനുഷ്യരുടെ ജീവിതത്തിലും ഒരു കൂട്ടം ഐഡിയല്‍ സിറ്റുവേഷനുകളുണ്ടാകും. മരണം ഉദാഹരണമായെടുക്കുക. പത്രസമ്മേളനം നടത്തുമ്പോള്‍ ബര്‍ണാഡ് ഷായെ ഉദ്ധരിച്ചാണ് എം എന്‍ വിജയന്‍ മാഷ് മരിച്ചത്. സര്‍വ്വകലാശാലയിലെ കുട്ടികളോട് സംവദിക്കുന്നതിനിടയിലാണ് എ പി ജെ അബ്ദുല്‍ കലാം തളര്‍ന്ന് വീണൊടുങ്ങിയത്. അതവരുടെ ഐഡിയല്‍ ഡത്ത് ആയിരുന്നിരിക്കണം'.
'എന്റെ ഐഡിയല്‍ മരണം എങ്ങനെയാണെന്നറിയാമോ?'
'നാല്‍പ്പത്തിനാല് ഹെയര്‍പിന്‍ ബെന്‍ഡുകളുള്ള ഹൈറേഞ്ച് റോഡിലൂടെ ബൈക്കില്‍ ഒഴുകിയിറങ്ങുമ്പോള്‍ പതിനേഴാമത്തെ വളവില്‍ പതിനാറ് ചക്രമുള്ള ലോറിയുമായി കൂട്ടിയിടിച്ച്...'
ആമീ.., നിന്റെ ഐഡിയല്‍ ഡത്ത് എങ്ങനെയാകും? വെര്‍ജിനിയ വുള്‍ഫിനെ പോലെ ശരീരത്തില്‍ കല്ല് കെട്ടിവെച്ചു കടലിലേക്കൊന്നു ചാടി നോക്കുന്നോ?'
ഞാന്‍ അന്ധാളിച്ചു പോയി. അപ്രതീക്ഷിതമായാണ് സംഭാഷണം ആത്മഹത്യയിലേക്കു തിരിഞ്ഞത്.
'എനിക്ക് മരിക്കാന്‍ ഇഷ്ടമല്ല'- ഞാന്‍ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.
'എന്റെ മണ്ടൂസേ, മരിക്കുക എന്നതൊരു കലയാണെന്ന് സില്‍വിയ പ്ലാത്ത് പറഞ്ഞിട്ടുണ്ട്'
'മുങ്ങി മരണത്തിന്റെ ശ്വാസം മുട്ടലോര്‍ത്തിട്ടു എനിക്ക് പേടിയാകുന്നു'.
'ഹഹഹ.. എങ്കില്‍ വാന്‍ഗോഗിനെ പോലെ ഒരു വെടിയുണ്ട ചിലവാക്കിക്കോളൂ'- അവളുറക്കെ ചിരിച്ചു.
'ഠേ!... ഒറ്റപ്പൊട്ടല്‍... തലച്ചോറ് തകരുന്നു'- അവള്‍ വിടാനുള്ള ഭാവമില്ല.
പെട്ടെന്ന് എനിക്ക് ചര്‍ദ്ദിക്കാന്‍ തോന്നി.
'നിനക്കിതൊന്നു നിര്‍ത്താമോ? ജീവിതത്തെ കുറിച്ച് ഒന്നും പറയാനില്ലേ?'- ഞാനവളോട് പരിഭവിച്ചു.
'പറയാമല്ലോ. ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ വായിക്കുന്നതിനിടയില്‍ ഒരിക്കല്‍ ഞാനാ നോവലിലെ തോണിക്കാരനായി ൂപം മാറുന്നൊരു ഘട്ടമുണ്ട്. അതാണെന്റെ ഐഡിയല്‍ റീഡിങ്ങ്. ഓര്‍ത്തു നോക്കിക്കേ ! നിനക്കും കാണും അങ്ങനെയൊന്ന്. ആമീ... അതെന്തൊക്കെയായാലും എന്റെ ഐഡിയല്‍ ഫ്രണ്ട് നീയാണ്, ഇപ്പോള്‍ ഈ പാതിരാത്രിയില്‍ എന്നെ ജീവിപ്പിക്കുന്ന പ്രകാശത്തിന് നിന്റെ തെളിച്ചമാണ്'.
അന്നേരം എന്റെ കണ്ണ് നിറഞ്ഞു. കടല്‍ത്തിരകളിലേക്കു മിഴിനട്ടു ഞങ്ങള്‍ ചേര്‍ന്നിരുന്നു.
പിന്നീടൊരുനാള്‍ എന്റെ വിവാഹക്ഷണക്കത്ത് കൊടുക്കുമ്പോള്‍ അവളുടെ മുഖം വാടിയതോര്‍ക്കുന്നു. കുറച്ചു നേരം അതില്‍ തന്നെ തുറിച്ചു നോക്കിയിട്ട് അവള്‍ തുടര്‍ന്നു, 'നീയെന്തിനാണ് വിവാഹം കഴിക്കുന്നത് ...'?
ആ ചോദ്യത്തിന് മുന്നില്‍ ആദ്യം ഞാനൊന്നു പകച്ചു . എന്തെന്നാല്‍ അതുവരെയും അതെന്തിനെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു.
'എല്ലാവരും വിവാഹം കഴിക്കുന്നതെന്തിന്, അതിന് തന്നെ'.
'ഹോ ... എന്റെ വിഡ്ഢിക്കുട്ടീ, നിനക്കെങ്ങിനെ ഇങ്ങനെ മുഖമൂടി അണിയുവാന്‍ കഴിയുന്നു? അല്ലെങ്കില്‍ തന്നെ നിനക്കെന്തറിയാം? ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിവാഹമാണോ...? അതിലും അപ്പുറത്തുള്ള ജീവിതത്തെക്കുറിച്ച് നീ ചിന്തിക്കാത്തതെന്ത്? പൂര്‍ത്തിയാവാത്ത നിന്റെ വിദ്യാഭ്യാസം, പക്വതയെത്താത്ത നിന്റെ പ്രായം, ഇതിലൊന്നും നിന്റെ രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലേ? അല്ലെങ്കിലും ഈ പെണ്‍കുട്ടികള്‍ക്ക് വിവാഹമെന്നാല്‍ കുറെ ആഭരണങ്ങളും പട്ടുസാരിയുമൊക്കെയാണ്. ബോധമില്ലാത്ത വക'-അവള്‍ തിളച്ചുയരുകയായിരുന്നു.
ശരം കണക്കേ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ കുഴങ്ങി. കരച്ചിലിന്റെ വക്കത്തെത്തി .
'ഇത്തരം സാമൂഹിക വ്യവസ്ഥകളോടാണ് എനിക്കെതിര്‍പ്പ്. അവ പൊളിച്ചു മാറ്റാന്‍ ഞാന്‍ ശ്രമിക്കും'.
അവളുടെ വാക്കുകളില്‍ വികാരം പുരണ്ടിരുന്നു. എന്റെ വിവാഹത്തിന് വരാനോ ആശംസകള്‍ സമ്മാനിക്കാനോ അവള്‍ മിനക്കെട്ടില്ല.
അല്ലെങ്കിലും അവള്‍ അങ്ങിനെയായിരുന്നു. പൊള്ളയായ ബന്ധങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. അതിനാല്‍ തന്നെ എന്നെ തിരക്കുകയോ എന്റെ കാര്യങ്ങളില്‍ ആകുലപ്പെടുകയോ ഉണ്ടായില്ല.
പിന്നെയും കുറെ കഴിഞ്ഞാണ് അവളുടെ കത്തുകള്‍ വരാന്‍ തുടങ്ങിയത്. വിദ്വേഷമോ പരിഭവമോ ഒന്നും പ്രകടിപ്പിക്കാത്ത എഴുത്ത്. എത്ര കാലം കഴിഞ്ഞാലും നിര്‍ത്തിയിടത്തു നിന്ന് അതേ തീവ്രതയില്‍ പറഞ്ഞു തുടങ്ങാനുള്ള അവളുടെ കഴിവ് എന്നെയെന്നും അത്ഭുതപ്പെടുത്തിയിരുന്നു.
ഇന്റര്‍നെറ്റും മൊബൈലും അരങ്ങു വാഴുന്ന ഈ ലോകത്ത് കത്തുകളെയാണവള്‍ കൂടെ കൂട്ടിയത്.
കത്തിലൂടെ പറയുന്ന വാക്കുകള്‍ക്ക്, അത് പറഞ്ഞു വെക്കുന്ന ആശയങ്ങള്‍ക്ക് വിചിത്രമായ ചില അനുഭൂതികള്‍ പകരാന്‍ കഴിയുമെന്ന് അവളെന്നെ വിശ്വസിപ്പിച്ചു.
നീണ്ട യാത്രകളെക്കുറിച്ചും, കാണുന്ന മനുഷ്യരെ കുറിച്ചും, ആധുനികതയുടെ ദൈവങ്ങളെക്കുറിച്ചും അവളെനിക്കെഴുതി. ചായങ്ങള്‍ ദീര്‍ഘിപ്പിക്കുന്ന രാത്രികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അബ്‌സ്ട്രാക്റ്റ് പെയിന്റിംഗ് ചെയ്യാന്‍ തുടങ്ങിയതെന്നറിഞ്ഞത്. ചിത്രകലയെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ഞാന്‍ 'അസംബന്ധം' എന്ന ലേബലിട്ട് അവയില്‍ ചിലതിനെ വിമര്‍ശിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ റൂമിയുടെയോ കാഫ്കയുടെയോ രചനകളെ അവളെനിക്ക് പരിചയപ്പെടുത്തി. ശാസ്ത്രീയമായ വിഡ്ഢിത്തമാണ് വിവാഹമെന്ന് എന്നോട് തര്‍ക്കിച്ചു. സന്യാസത്തോട് അടുക്കുന്നുവെന്നും ഭഗവത്ഗീത പാരായണം ചെയ്യലാണ് ഇപ്പോള്‍ കമ്പമെന്നും അവളെഴുതി.
വായനയ്‌ക്കൊടുവില്‍ നെടുവീര്‍പ്പായിരുന്നു പലപ്പോഴും എന്റെ മനസ്സില്‍. കൂടെ ആ മനസ്സോളം എനിക്കുയരാനാവുമോ എന്ന അപകര്‍ഷതാ ബോധവും.
അവസാന കത്തില്‍ വലിയൊരു മാറ്റം അവള്‍ സൂചിപ്പിച്ചിരുന്നു. ഫിലോസഫിയെ കുറിച്ച് നീണ്ട പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നു എന്നും ഫ്രോയിഡിന്റെ തിയറികളോട് വിയോജിപ്പുകള്‍ ഉണ്ടെന്നും പറഞ്ഞു. ഒടുവില്‍ എന്തുകൊണ്ടോ അവളേറെ ഇഷ്ടപ്പെട്ടിരുന്ന പത്മരാജന്റെ ലോലയിലെ വരികള്‍ കോട്ട് ചെയ്തിരുന്നു .
'വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക'.
'മരണ സര്‍ട്ടിഫിക്കറ്റ്' എന്ന ആനന്ദിന്റെ പുസ്തകം കൂടെ അയച്ചു തന്നിരുന്നു.
ആ കത്തിന്റെ മറുപടി ഞാന്‍ എഴുതുമ്പോഴേക്കും അകലെയേതോ നഗരത്തിലെ ഫ്‌ളാറ്റില്‍ മരുന്നുകളുടെ സഹായത്തോടെ നീണ്ട ഉറക്കത്തെ പുല്‍കിയിരുന്നു, അവള്‍. പതിവുപോലെ ആരോടും യാത്ര പറയാന്‍ മിനക്കെട്ടില്ല . ഒരു തുണ്ട് കടലാസില്‍ മരണമൊഴി എഴുതി വെച്ചില്ല. മറന്നതാവാന്‍ വഴിയില്ല. വേണ്ടെന്ന് വെച്ചതാവാനേ ഇടയുള്ളൂ. കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും ആര്‍ക്കും കണ്ടുപിടിക്കാനുമായില്ല.
ഒട്ടും സന്ദേഹമില്ലാത്ത ഒരു കടംകഥപോലെ അവളങ്ങനെ തീര്‍ന്നു.
'ആളൊഴിഞ്ഞുപോയാരവമൊടുങ്ങവേ
നീയുമീ ഞാനും മാത്രം.
നീയെനിക്കാരാണാവോ!
മൃദുവായ് വെയ്ക്കുന്നു ഞാന്‍
വിടരാന്‍ വിറപൂണ്ട
വിജനസ്വപ്നത്തിന്റെ രണ്ടുമൂന്നിതള്‍ മാത്രം...
ഈവിധം ഇതേവിധം...
ഞാനതു ചോദിപ്പീല,
വേദനയറിയാതെ നിത്യമായുറങ്ങു നീ!'
ജി. കുമാരപിള്ളയുടെ 'ആത്മഗതം' എന്ന കവിതയിലെ ഈ വരികളാണ് അവളെ ഓര്‍ക്കുന്ന ഈ നിമിഷം ഉള്ളില്‍ നിറയുന്നത്.
ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു, ശരിക്കും, അനുരാധയെ എനിക്കറിയാമായിരുന്നോ ...?
സംശയമാണ്. ഞാന്‍ അറിയുന്നത് മാത്രമായിരുന്നില്ലവള്‍.
ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരായുസ്സിന്റെ അകലമാണോ ഉള്ളത്?
സ്വതസിദ്ധമായ പുഞ്ചിരിയോടെ അവളിപ്പോഴും ചിന്തകളുടെ ലോകത്തായിരിക്കുമോ?
ഇല്ല...എനിക്കൊന്നുമറിയില്ല.
ഞാനിപ്പോഴും അതേ വിഡ്ഢിക്കുട്ടിയാണ്.
അതുകൊണ്ടാണ്, അവളെ എനിക്ക് മനസ്സില്‍ നിന്നും പടിയിറക്കാന്‍ കഴിയാത്തത്.
കര്‍ക്കടകമഴ പെയ്തു തിമിര്‍ക്കുന്ന ഈ വീട്ടില്‍, പകലുകളില്‍ എന്റെ ഏകാന്തതയോട് മല്ലിട്ട്, രാത്രികളില്‍ നക്ഷത്രങ്ങളെ നോക്കി കണ്ണ് നിറച്ചു, ഉറക്കം വരാത്ത മിഴികളുമായി പുലരിയേം കാത്ത് ഇന്നും ഞാന്‍ ജീവിച്ചിരിക്കുന്നത്.