മീന്‍കറി കൂട്ടി ഊണ് കഴിക്കാന്‍ എല്ലാ വാരാന്ത്യത്തിലും ദില്ലിയില്‍ നിന്നും ഗോവയ്ക്ക് പറന്ന പ്രതിരോധമന്ത്രി!
ക്യാന്‍സറിന്റെ കൊടും വേദനയിലും എരിവുള്ള മീന്‍ കറി കൂട്ടി ഉണ്ടിട്ടാവും പരീക്കര്‍ ''ഹൗ ഈസ് ദ ജോഷ് '' എന്ന് പറഞ്ഞിട്ടുണ്ടാവുക.
2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഭിമുഖത്തിനായി മനോഹര്‍ പരീക്കറെ തേടിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്റെ അനുഭവങ്ങള്‍. നൗഫല്‍ ബിന്‍ യൂസഫ് എഴുതുന്നു.
''Please Sir, Mr God Of Death
Don't make it my turn today
Not today Sir,
There is fish curry for dinner.''
Bakibab Borker, Goan Poet (1910 - 84)
മനോഹര്‍ പരീക്കറെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഈ കവിത മനസ്സില്‍ വരും. മീന്‍ കൊതിയരായ ഗോവക്കാര്‍ക്ക് പറ്റിയ വരികള്‍. ക്യാന്‍സറിന്റെ കൊടും വേദനയിലും എരിവുള്ള മീന്‍ കറി കൂട്ടി ഉണ്ടിട്ടാവും പരീക്കര്‍ ''ഹൗ ഈസ് ദ ജോഷ് '' എന്ന് പറഞ്ഞിട്ടുണ്ടാവുക. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയാകുമോയെന്ന് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പരീക്കര്‍ പറഞ്ഞു. ''മുഝേ ഗോവ കാ ഖാന അച്ഛാ ലഗ്താ ഹെ! (ഉത്തരേന്ത്യയിലെ റൊട്ടിയേക്കാള്‍ എനിക്കിഷ്ടം ഗോവയിലെ മീന്‍കറിയും ചോറുമാണ്). പ്രതിരോധമന്ത്രിയായിരിക്കെ എല്ലാ വാരാന്ത്യത്തിലും ദില്ലിയില്‍ നിന്നും ഗോവയിലെത്തും പരീക്കര്‍. മീന്‍കറി കൂട്ടി ഊണ് കഴിക്കാനായിരുന്നു ഈ വരവ്.
ഉത്തരേന്ത്യയിലെ ബിജെപിയെപ്പോലെയേ അല്ല ഗോവയിലെ ബിജെപി. 25 ശതമാനത്തിലേറെ വരുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ പിന്തുണ പരീക്കര്‍ മുഖ്യമന്ത്രി ആയ കാലത്ത് ബിജെപിക്കായിരുന്നു. ബീച്ചും പബ്ബുകളും ചൂതാട്ടകേന്ദ്രവും ഒക്കെയായി പുലരുവോളം ആഘോഷിക്കുന്ന ഗോവക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ അത്ര താല്‍പര്യമൊന്നുമില്ല. തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ ചുവരെഴുത്തുകളോ നേതാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളോ പ്രകടനങ്ങളോ ഒന്നും നിങ്ങള്‍ക്ക് ഇവിടെ കാണാനാകില്ല.
2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. നമ്മുടെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ അത്രപോലും വോട്ടര്‍മാരില്ല ഗോവയൊട്ടാകെ! അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറായിരുന്നു ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍. ബിജെപി ജയിച്ചാല്‍ പരീക്കര്‍ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞായിരുന്നു ഓരോ സ്ഥാനാര്‍ത്ഥികളും വോട്ട് പിടിച്ചത്.
പരീക്കറോട് ഗോവക്കാര്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ബഹുമാനമായിരുന്നു. ബിജെപിയുടെ രാഷ്ട്രീയം വെറുക്കുന്നവരും പരീക്കറെ സ്‌നേഹിച്ചു. നേരത്തേ അവര്‍ പരിചയിച്ച ഇത്തിള്‍ കണ്ണി രാഷ്ട്രീയക്കാരെപ്പോലൊന്നും ആയിരുന്നില്ല പരീക്കര്‍. ഐഐടിയില്‍ പഠിച്ചിറങ്ങിയ, അഴിമതിയില്ലാത്ത നല്ല രാഷ്ട്രീയക്കാരന്‍. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടും അഹങ്കാരമില്ലാത്ത, എന്നാല്‍ ശാഠ്യങ്ങള്‍ ഒത്തിരിയുള്ള നാട്ടിന്‍ പുറത്തുകാരന്‍. റോഡുപണിയൊക്കെ നടക്കുമ്പോള്‍ മൂക്കിന്റെ തുമ്പത്ത് കണ്ണടയും വെച്ച് മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് പരീക്കര്‍ അവിടെ വന്ന് പണിക്കാര്‍ക്ക് നിര്‍ദ്ദേശമൊക്കെ കൊടുത്തുകളയും!
അങ്ങനെ ഗോവന്‍ രാഷ്ട്രീയം പരീക്കറിന് ചുറ്റും ഭ്രമണം ചെയ്യുന്ന സമയം. പരീക്കറിന്റെ അഭിമുഖം എടുക്കുക എന്നതായിരുന്നു ഗോവയിലെ എന്റെ ഏറ്റവും പ്രധാന ജോലിയും ലക്ഷ്യവും. പരീക്കറിന്റെ സെക്രട്ടറിയെ കണ്ട് പറഞ്ഞപ്പോള്‍ നടക്കില്ലെന്ന് മറുപടി കിട്ടി. പല ചാനലുകാരും വന്നു പറഞ്ഞിട്ടും പുള്ളി സമ്മതിച്ചിട്ടില്ല എന്ന് അയാള്‍ ഒഴിഞ്ഞു. പിറ്റേന്ന് ബിജെപി ഓഫീസിലേക്ക് പരീക്കര്‍ വരുന്ന സമയത്ത് എത്തി. അടുത്ത് ചെന്നപ്പോള്‍ പറഞ്ഞു, ''ഞാന്‍ ഇപ്പോള്‍ നിങ്ങളോട് ഒന്നും പറയില്ല, വോട്ടെടുപ്പ് കഴിഞ്ഞാല്‍ അഭിമുഖം തരാം''.
'വോട്ടെടുപ്പ് കഴിഞ്ഞിട്ട് പിന്നെ എന്തിനാ ഊവേ അഭിമുഖം' എന്ന് മനസില്‍ പിറുപിറുത്ത് ഞാന്‍ അവിടെനിന്നും പോന്നു. പിറ്റേന്ന് അതിരാവിലെ പരീക്കറിന്റെ വീട്ടില്‍ പോയി. 'അഭിമുഖം തരില്ലായെന്ന് പറഞ്ഞിരുന്നതല്ലേ' എന്നും പറഞ്ഞ് പുള്ളി വണ്ടിയില്‍ കയറി സ്ഥലം വിട്ടു. പക്ഷേ, ഞാന്‍ പിറ്റേന്നും ചെന്നു. ''ആഹാ.. ഇന്നും വന്നിട്ടുണ്ടല്ലോ' എന്ന് ചിരിച്ച് പരീക്കര്‍ കാറില്‍ കയറി.
ഇങ്ങനെ തെരഞ്ഞെടുപ്പ് യോഗത്തിനിടയിലും പാര്‍ട്ടി പരിപാടിക്കിടയിലും പല തവണ കണ്ടെങ്കിലും 'ക-മാ' എന്ന് പരീക്കര്‍ജി മൊഴിഞ്ഞില്ല. വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പ് രണ്ടും കല്‍പിച്ച് പരീക്കറെ കാണാന്‍ പിന്നെയും ചെന്നു. പുള്ളി നടക്കില്ലെന്ന് പറയുന്നതിന് മുമ്പേ ഞാന്‍ കയറിച്ചോദിച്ചു. ''ഒറ്റക്കാര്യത്തിന് ഉത്തരം പറഞ്ഞാല്‍ മതി, ബിജെപി ഇത്തവണ ഗോവയില്‍ എത്രസീറ്റ് നേടും?'', ഞാന്‍ മൈക്ക് നീട്ടി.
പരീക്കര്‍ ചെറുതായി ഒന്നു ചിരിച്ചു. കീശയില്‍ നിന്നും പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് നോക്കിയ ഫോണ്‍ എടുത്തു. അതില്‍ എന്തോ അക്കങ്ങള്‍ അമര്‍ത്തിയിട്ട് എന്റെ മുഖത്തിന് നേരെ പിടിച്ചു. ഫോണില്‍ '23' എന്നായിരുന്നു എഴുതിയത്!
പരീക്കര്‍ വണ്ടിയില്‍ കയറുമ്പോള്‍ സെക്രട്ടറി എന്റെ അടുത്ത് വന്ന് പതിയെ പറഞ്ഞ, 'സാബ് ഒരു വാക്ക് മിണ്ടില്ലെന്നു പറഞ്ഞാല്‍ മിണ്ടില്ല'. പറഞ്ഞാല്‍ പറഞ്ഞത് തന്നെ! അത്രയ്ക്ക് ശാഠ്യക്കാരനായിരുന്നു പരീക്കറെന്ന ഭരണാധികാരി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പരീക്കര്‍ വാക്ക് പാലിച്ചു. വിശദമായി തന്നെ ഇന്റര്‍വ്യൂ തന്നു. പരീക്കര്‍ പ്രതീക്ഷിച്ച 23 സീറ്റൊന്നും കിട്ടിയില്ല. നാല്‍പത് അംഗ ഗോവ നിയമസഭയില്‍ 13 സീറ്റില്‍ ബിജെപി ചുരുങ്ങി. കോണ്‍ഗ്രസ് 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി. എങ്കിലും പലരെയും ചാക്കിട്ടു പിടിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കി. പരീക്കര്‍ മുഖ്യമന്ത്രിയായി.
അവസാനകാലത്ത് ക്യാന്‍സര്‍ വന്ന് തീരെ വയ്യാതിരുന്നപ്പോഴും മൂക്കില്‍ കുഴലുമിട്ട് പരീക്കര്‍ നിയമസഭയിലെത്തിയത് ആശ്ചര്യത്തോടെയാണ് കണ്ടത്. ഇന്ന് ഗോവയില്‍ ബിജെപി ഭരണം തുലാസിലാണ്. ഇനി പരീക്കറില്ല എന്നതാണ് കടമ്പ.