നഷ്ടപ്പെട്ട കാമുകന്‍ തൊട്ടടുത്ത്, കളഞ്ഞ ജീവിതം കണ്‍മുന്നില്‍, എന്നിട്ടും എത്രയോ അകലെ പ്രണയം!
''എന്റെ പ്രണയം എന്നും അയാളോടു മാത്രമായിരുന്നു. പെണ്ണിനും ആണിനും ആദ്യ പ്രണയം മറക്കാനാവാത്തത് തന്നെയാണ്. ഒരിക്കല്‍ പോലും എനിക്ക് അയാളോട് കാമം തോന്നിയിട്ടില്ലാട്ടോ...'
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!
പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍
....................
കൂര്‍ഗില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടയില്‍, മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെത്തിയതായിരുന്നു ഞങ്ങള്‍, പഴയ നിയമപഠന സഹപാഠികള്‍.
പ്രദക്ഷണ വഴിയില്‍ വച്ചാണ് ഞാനവളെ കാണുന്നത്. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒറ്റനോട്ടത്തില്‍ എനിയ്ക്ക് അവളെ തിരിച്ചറിയാനായി. അവള്‍ക്ക് വലിയ മാറ്റമൊന്നും വരുത്താന്‍ കാലത്തിനായിട്ടില്ല. പട്ടുപാവാടയില്‍ നിന്നും സാരിയിലേക്ക് ഒരു മാറ്റം. അത്രമാത്രം. വര്‍ഷങ്ങള്‍ എന്നില്‍ അധിക മാറ്റം വരുത്തിയിട്ടില്ലായെന്ന എന്റെ അഹങ്കാരം ഒരു നിമിഷം കൊണ്ട് മഞ്ഞുപോലുരുകുന്നത് ഞാനറിഞ്ഞു.
അവളിപ്പോള്‍ കണ്ണൂരില്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ്. പ്ലസ് ടൂ ലുക്കുള്ള പ്ലസ് ടു അധ്യാപിക! ഉള്ളിലെ പെണ്ണസൂയ പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്കായില്ല.
''ശ്ശോ! ഇത്തിരി ക്ഷീണിച്ചു പോയെങ്കിലും നിനക്കു വല്യ മാറ്റമില്ലാട്ടോ. അമ്പലം ചുറ്റലും മാറിയിട്ടില്ല,ല്ലേ?''
ഒരു നിമിഷം, അവളുടെ കണ്ണുകളില്‍ ഭൂതകാലത്തിന്റെ മിന്നലാട്ടം.
...................
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
...................
''നീ അക്കഥ മറന്നിട്ടില്ല, അല്ലേ? നമുക്കാ മരത്തണലിലിരുന്നാലോ'' എന്ന് ചോദിച്ചവള്‍ മരച്ചുവട്ടിലേയ്ക്ക് നടന്നു. ഒപ്പമുണ്ടായിരുന്നവരോട് അല്പസമയം ചോദിച്ച് ഞാനും.
രാധിക, എന്റെ പ്രീഡിഗ്രി സഹപാഠി. സഹപാഠി എന്നതിനപ്പുറം അക്കാലത്തെ ഏറ്റവും അടുത്ത സുഹൃത്ത്. സുന്ദരി ആയിരുന്നതിനാല്‍ അവള്‍ക്ക് ചുറ്റും ആരാധകരുടെ ഒരു പട തന്നെയുണ്ടായിരുന്നു. എങ്കിലും അതിലൊരാള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുമുണ്ട്. ഞാനയാളുടെ പേരോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവളുടെ അടുത്ത ചോദ്യം.
''നീ ആ പാട്ടോര്‍ക്കുന്നുണ്ടോ? പ്രീഡിഗ്രിക്കാലത്ത് എന്നെയും സുനി ചേട്ടനേയും കളിയാക്കി നീ പാടാറുണ്ടായിരുന്ന ജാനകിയമ്മയുടെ പാട്ട്..''
വിത്തുകള്‍ എന്ന സിനിമയ്ക്കായി ജാനകിയമ്മ പാടി അനശ്വരമാക്കിയ ആ ഗാനരംഗം ഓര്‍മ്മയില്‍ തെളിയുന്നു. മധുവും ഷീലയുമാണ് രംഗത്ത്. ഷീല പാടി നടക്കുകയാണ്.
.......................
Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...
Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...
...........................
''ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചൂ - സഖീ
ഗോരോചനക്കുറി വരച്ചൂ
അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
അന്തിനിലാവില്‍ കുളിച്ചൂ '
ഭാസ്‌ക്കരന്‍ മാഷിന്റെ ഭാവനാ സുന്ദരമായ വരികള്‍. വരികളുടെ ഭാവം ഉള്‍ക്കൊണ്ട പുകഴേന്തിയുടെ രാഗാര്‍ച്ചന. ജാനകിയമ്മയുടെ മാസ്മരിക ശബ്ദം.
അവള്‍ക്കായി ഞാന്‍ സ്‌പോട്ടിഫൈയില്‍ ആ ഗാനം പ്ലേ ചെയ്തു. അവളുടെ മനസ് കാലങ്ങള്‍ക്കും അപ്പുറത്തായിരുന്നു. ഞാനും ആ പഴയ പ്രീഡിഗ്രിക്കാരിയായി. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടമായ പഴയ പ്രീഡിഗ്രിക്കാലം. വിദ്യാഭ്യാസകാലത്തെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന കാലമേതെന്ന് ചോദിച്ചാല്‍ ഇന്നും ഒരുത്തരമേയുള്ളൂ. വിമന്‍സ് കോളേജിലെ പഴയ പ്രീഡിഗ്രിക്കാലം. ഇടയ്‌ക്കൊക്കെ അവളും സുനിച്ചേട്ടനും എന്റെ ഓര്‍മ്മയില്‍ മിന്നി മറയാറുണ്ട്. അവള്‍ മറ്റാരെയോ വിവാഹം ചെയ്തതായി എപ്പോഴോ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞിരുന്നു.
..................................
കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!
തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
..................................
''നിന്റെ വിശേഷങ്ങള്‍ പറയൂ. നിന്റെ സുനിച്ചേട്ടന് എന്താ പറ്റിയത്?'' എന്റെ ചോദ്യം കേള്‍ക്കാന്‍ കൊതിച്ചതുപോലെ അവള്‍ പറഞ്ഞു തുടങ്ങി. പശ്ചാത്തലത്തില്‍ ജാനകിയമ്മ പാടുന്നു. വല്ലാത്ത ഗൃഹാതുരത്വം!
''വൈകുന്നേരം ഞാന്‍ കോളേജ് കഴിഞ്ഞെത്തുമ്പോള്‍ സുനി ചേട്ടന്‍ എന്റെ വീടിനു മുന്നിലൂടെ സ്‌കൂട്ടറില്‍ പോവുക പതിവായിരുന്നു. നിനക്കത് ഓര്‍മ്മയുണ്ടാവുമല്ലോ. വീടിനടുത്തുള്ള അമ്പലത്തിലേക്കാണാ യാത്രയെന്ന് എനിക്കറിയാം. അമ്മയുടെ അനുവാദം വാങ്ങി ഞാനുമിറങ്ങും. അയല്‍പക്കത്തെ കൂട്ടുകാരികളുമുണ്ടാവും. അവരുടെ കളിയാക്കല്‍ ഇപ്പോഴും ചെവിയ്ക്കലുണ്ട്.
...........................
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!
''കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം''
അവളതു പറയുമ്പോള്‍ എന്റെ മനസില്‍ മറ്റൊരു ചിത്രം തെളിഞ്ഞു. അച്ഛനും, അനിയനും, അമ്മയ്ക്കും ഒപ്പം നാട്ടിലെ സൂര്യ തീയേറ്ററില്‍ 'അങ്ങാടി ' എന്ന ജയന്‍ ചിത്രം കാണാന്‍ പോയ ഒരു കുട്ടി ഫ്രോക്കുകാരി. സിനിമ കഴിഞ്ഞ് അടുത്തുള്ള സ്റ്റുഡിയോയില്‍ കയറി ഒരു കുടുംബ ഫോട്ടോയും എടുത്തിരുന്നു. ഫോട്ടോ നഷ്ടമായെങ്കിലും ആ ചിത്രം ഇപ്പോഴും മനസിലുണ്ട്. പിന്നീടൊരിയ്ക്കലും ഒരു കുടുംബ ചിത്രം എടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലാവണം.
അങ്ങാടി എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി, ശ്യാം സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഗാനം. ജയനും സീമയുമാണ് രംഗത്ത്. ഒരിയ്ക്കല്‍ അവളത് പറഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിന് ഈ പാട്ടല്ല ചേരുന്നതെന്ന് എനിയ്ക്ക് തോന്നി. പെട്ടെന്ന് ഭാസ്‌ക്കരന്‍ മാഷിന്റെ വരികള്‍ ഓര്‍മ്മയില്‍ തെളിയുകയായിരുന്നു. കുട്ടിക്കാലത്ത് അപ്പച്ചി മൂളിക്കേട്ട വരികള്‍. ഞാന്‍ ഓര്‍മ്മകളില്‍ മുങ്ങിത്താഴുമ്പോഴും അവള്‍ കഥ തുടരുകയായിരുന്നു.
''പ്രദക്ഷിണം വയ്ക്കുന്നതിനിടയില്‍ പല പ്രാവശ്യം പരസ്പരം കണ്ടുമുട്ടും. പക്ഷേ, ഒരിയ്ക്കലും ഒന്നും പറഞ്ഞിട്ടില്ല. ചിരിയ്ക്കും. പിന്നെ കണ്ണുകള്‍, പറയാതെ എന്തൊക്കെയോ പറയും. ഒന്നും സംസാരിച്ചില്ലെങ്കിലും ആ കൂടിക്കാഴ്ച വല്ലാത്തൊരു രസമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്കൊന്നും അത് മനസ്സിലാവില്ല''- അവള്‍ സംസാരം നിര്‍ത്തി ചരണത്തിലെ വരികള്‍ക്ക് ചെവിയോര്‍ത്തു.
....................
പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
ഒട്ടും മനസ്സിലാവാത്ത രണ്ടുപേര്‍, ജീവിതം മുഴുവന്‍ ഒപ്പംനടന്ന്, ഒരുമിച്ചെഴുതുന്ന ആത്മകഥ; ദാമ്പത്യം!
....................
''പ്രദക്ഷിണ വഴിയില്‍ വെച്ചെന്റെ ദേവന്‍
പ്രത്യക്ഷനായി സഖീ - അവന്‍
പ്രത്യക്ഷനായി സഖീ
വരമൊന്നും തന്നില്ല ഉരിയാടാന്‍ വന്നില്ല
പറയാതെയെന്തോ പറഞ്ഞൂ
പറയാതെ എന്തോ പറഞ്ഞു.''
''എന്നെ കാണാന്‍ വേണ്ടി മാത്രമായിരുന്നു അയാള്‍ ദിവസവും അമ്പലത്തില്‍ മൂന്ന് പ്രാവശ്യം വലം വച്ചിരുന്നത്. പക്ഷേ എന്തുകൊണ്ടാണ് അയാള്‍ ഒരിയ്ക്കലും ഒന്നും പറയാതിരുന്നതെന്ന് ഇന്നും എനിക്കറിയില്ല.''
ഞാന്‍ അമ്പരപ്പോടെ കേട്ടിരിക്കുന്നതിനിടയില്‍ അവള്‍ തുടര്‍ന്നു.
''ഇനിയാണ് നിനക്കറിയാത്ത ട്വിസ്റ്റ്. ഞാന്‍ ഡിഗ്രി കഴിഞ്ഞ സമയം. തന്റെ മോന് എന്നോടുള്ള താല്‍പര്യം മനസിലാക്കിയ സുനിച്ചേട്ടന്റെ അച്ഛന്‍ എനിയ്ക്ക് മറ്റൊരു കല്യാണാലോചനയുമായെത്തി. സുമുഖന്‍, നല്ല ജോലി, സാമ്പത്തികഭദ്രതയുള്ള കുടുംബം. അച്ഛനും അമ്മയും മറ്റൊന്നും നോക്കിയില്ല. വളരെ പെട്ടെന്ന് കല്യാണം ഉറപ്പിച്ചു. സുനിച്ചേട്ടന് എന്നോട് തോന്നിയത് വെറുമൊരു ഇന്‍ഫാച്വേഷനായിരിക്കുമെന്ന് ഞാനും കരുതി. ''
കഥയിലെ അപ്രതീക്ഷിത വളവുതിരിവുകള്‍. അവളുടെ ശബ്ദം ഇടറിയില്ല.
''എന്റെ വിവാഹം ഉറപ്പിച്ച ശേഷം അപൂര്‍വ്വമായേ സുനിച്ചേട്ടനെ കണ്ടിട്ടുള്ളൂ. അവസാനമായി കണ്ടത് എന്റെ നിശ്ചയത്തിന്റെ തലേന്നായിരുന്നു. ഞാന്‍ തൊഴുതിറങ്ങുമ്പോള്‍ പുള്ളി എന്റെ എതിരേ വരികയായിരുന്നു. സങ്കടമാണോ സന്തോഷമാണോ തോന്നിയതെന്നറിയില്ല. എങ്കിലും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാളുടെ ചുണ്ടിലൊരു ചിരിയും. ഒരു നിറകണ്‍ചിരി! ഭാസ്‌കരന്‍ മാഷ് സത്യത്തില്‍, ആ രംഗം തന്നെയല്ലേ ആ പാട്ടില്‍ എഴുതിയത്?'
എന്നിട്ടവള്‍ ആ വരികള്‍ മൂളി.
''പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നല്‍കിയില്ലാ
പ്രേമനൈവേദ്യം നല്‍കിയില്ലാ
നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
നിറമാല മാത്രം ചാര്‍ത്തി
''നോട്ടം കൊണ്ടും സാമീപ്യം കൊണ്ടും നിന്നില്‍ പ്രണയ മോഹമുണര്‍ത്തിയ നായകന്‍ ഒരിയ്ക്കല്‍ വീണ്ടും പ്രത്യക്ഷനായാല്‍?''-എന്ന് ചോദിക്കാതിരിക്കാനായില്ല എനിയ്ക്ക്. അവള്‍ ഉറക്കെ ചിരിച്ചു. പിന്നെ തുടര്‍ന്നു.
''എന്റെ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവാണയാള്‍. അതുകൊണ്ടുതന്നെ പലപ്പോഴും കാണേണ്ടിയും സംസാരിക്കേണ്ടിയും വരാറുണ്ട്. എങ്കിലും എന്റെ മനസ് പതറിയിട്ടില്ല. അയാള്‍ക്ക് നട്ടെല്ലുണ്ടായിരുന്നേല്‍ അയാളുടെ അച്ഛനോട് എന്നെ ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം കാണിക്കുമായിരുന്നു. അതുണ്ടായില്ലല്ലോ. എന്റെ ജീവിതം ആദ്യകാലങ്ങളിലൊക്കെ നിറപ്പകിട്ടാര്‍ന്നതായിരുന്നു. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഭേദപ്പെട്ട ജോലി. മിടുക്കരായ രണ്ട് കുട്ടികള്‍. പക്ഷേ, ഭര്‍ത്താവിന്റെ മദ്യപാനം എന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചു. ഇപ്പോള്‍ പരസഹായമില്ലാതെ എണീറ്റ് നടക്കാന്‍ കൂടി കഴിയില്ല എന്റെ ഭര്‍ത്താവിന്. മിക്കവാറും ആശുപത്രിവാസം. സ്‌കൂളും ആശുപത്രിയുമായി ഒറ്റയ്ക്ക് ഓടിയോടി മതിയായി.''
സ്വാഭാവികമായും ഞാനന്നേരം സുനിച്ചേട്ടനെ ഓര്‍ത്തു. ഉള്ളിലെ ചോദ്യങ്ങള്‍ ഞാനവള്‍ക്കു മുന്നില്‍ ഉതിര്‍ത്തിട്ടു. നിത്യജീവിതത്തില്‍ അയാളെ അവള്‍ ഇടയ്ക്കിടെ കാണുന്നുണ്ടാവില്ലേ. ആ സ്‌നേഹം അവളില്‍ ഇപ്പോഴുമുണ്ടാവുമോ? അയാളിലും ഉണ്ടാവുമോ പഴയ ഇഷ്ടം? ഞാനിക്കാര്യം ചോദിച്ചപ്പോള്‍ അവള്‍ വിഷാദം ഒളിച്ച ചെറുചിരിയോടെ മറുപടി പറഞ്ഞു.
''എന്റെ പ്രണയം എന്നും അയാളോടു മാത്രമായിരുന്നു. ഒരുപാട് മുഖങ്ങള്‍ കണ്ടെങ്കിലും മറ്റാരോടും ഇങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല. 17-ാം വയസ്സില്‍ തോന്നിയതാണത്. പെണ്ണിനും ആണിനും ആദ്യ പ്രണയം മറക്കാനാവാത്തത് തന്നെയാണ്. ഒരിക്കല്‍ പോലും എനിക്ക് അയാളോട് കാമം തോന്നിയിട്ടില്ലാട്ടോ. തുറന്നു പറഞ്ഞിട്ടില്ലാത്തൊരിഷ്ടം. അതവിടെ കിടക്കട്ടെ. അയാള്‍ അയാളുടെ ജീവിതം ജീവിച്ചു തീര്‍ക്കട്ടെ. ഞാന്‍ എന്റെയും.''
ചിരിച്ചു കൊണ്ടായിരുന്നു അവള്‍ പറഞ്ഞവസാനിപ്പിച്ചത്. ദു:ഖം മറയ്ക്കുന്ന നിറചിരി. മഴ പെയ്തുതോര്‍ന്നിട്ടും മരം ചെയ്യും പോലെ, അവള്‍ നടന്നു മറഞ്ഞിട്ടും ആ ചിരി എന്റെ കണ്ണില്‍ മായാതെ നിന്നു.
....................
രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?
അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!
മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?
....................
ജീവിതത്തിന്റെ തിരക്കുകളും ടെന്‍ഷനും മറന്ന് ഉല്ലാസയാത്രയുടെ മൂഡില്‍ ചിരിച്ചുരസിക്കുന്ന കൂട്ടുകാരികള്‍ക്കൊപ്പം ഗസ്റ്റ് ഹൗസിലേക്ക് നടക്കുമ്പോള്‍ ഉള്ളിലിരുന്ന് മാധവിക്കുട്ടിയുടെ ചെറുകഥ 'തരിശുനില'ത്തിലെ നായിക ചോദിക്കുന്നു.
''ചിരി, അവരെ രണ്ടു പേരെയും ഒരു ഗര്‍ഭപാത്രത്തിലെന്നോണം ലോകത്തില്‍ നിന്നെല്ലാം ഒളിപ്പിച്ചു വിശ്രമിപ്പിച്ച ആ സന്ധ്യകള്‍. അവയെല്ലാം മരിച്ചവയാണോ? അയാള്‍ മറ്റൊരാളുടെ ആയിക്കഴിഞ്ഞു. അവള്‍ തന്നത്താന്‍ പറഞ്ഞു നോക്കി. വിശ്വസിക്കാന്‍ പ്രയാസമുണ്ടായിരിക്കും. പക്ഷേ ആ വാസ്തവത്തില്‍ വിശ്വസിക്കാതിരുന്നാല്‍ തനിക്ക് ഇതിലധികം ദുഃഖിക്കേണ്ടിവരും. '