ഇനി കാത്തിരിപ്പിന്റെ നാളുകൾ; 25 കോടിയുടെ ടിക്കറ്റ് കൈമാറി അനൂപ്
കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്.
തിരുവനന്തപുരം : ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ അനൂപ് ഭാഗ്യക്കുറി വകുപ്പിൽ ടിക്കറ്റ് കൈമാറി. ബന്ധുക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ലോട്ടറി ഡയറക്ടർ എബ്രഹാം റെന്നിനാണ് ടിക്കറ്റ് കൈമാറിയത്. നടപടി ക്രമങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കിയ ശേഷം അനവൂപിന്റെ അക്കൗണ്ടിലേക്ക് തുക എത്തും.
കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനൂപിന് ഭാഗ്യം ലഭിച്ചത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് ഓട്ടോ ഡ്രൈവറാണ്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. മലേഷ്യയിലേക്ക് പോകാനിരിക്കെ എത്തിയ ഭാഗ്യത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അനൂപ് ഇപ്പോൾ.
'ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം, സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് പറച്ചില് വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്, ഇനിയത് മാറും', എന്നാണ് സമ്മാനം ലഭിച്ചതിന് പിന്നാലെ അനൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് അനൂപിന്‍റെ ഇപ്പോഴത്തെ പദ്ധതി.
25 കോടിയിൽ കയ്യിൽ കിട്ടുക 15.75 കോടി അല്ല, അതിലും കുറവ്; കണക്ക് പറഞ്ഞ് കുറിപ്പ്, വൈറൽ
5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. കോട്ടയം പാലായിലാണ് ഈ ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.