ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കല്‍പ്പറ്റ എസ്ബിഐയിൽ സൂക്ഷിക്കും
ഓണം ബമ്പറടിച്ച കര്‍ണാടക സ്വദേശി അല്‍ത്താഫ് കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലെത്തി. സമ്മാനര്‍ഹമായ ടിക്കറ്റ് കൈമാറി.
കല്‍പ്പറ്റ: 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ബന്ധുക്കള്‍ക്കൊപ്പം കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലാണ് അല്‍ത്താഫ് എത്തിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറുന്നതിനായാണ് അല്‍ത്താഫ് എത്തിയത്. കല്‍പ്പറ്റ എസ്ബിഐയിലെത്തിയ അല്‍ത്താഫിനെ ബാങ്ക് മാനേജര്‍ സ്വീകരിച്ചു.
എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നിൽ വെച്ച് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അല്‍ത്താഫ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ബാക്ക് അക്കൗണ്ട് പാസ് ബുക്ക് മാനേജര്‍ അല്‍ത്താഫിന് കൈമാറി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമായിരിക്കും അല്‍ത്താഫിനെ ഇന്ന് വിടുകയെന്നും തിങ്കളാഴ്ച വരെ ബാങ്ക് ലോക്കറിൽ ലോട്ടറി സൂക്ഷിക്കുമെന്നും തുടര്‍ന്ന് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.
തുടര്‍ന്ന് ലോട്ടറി ടിക്കറ്റ് ഉള്‍പ്പെടെ കൈമാറി. കേരളത്തെ വിശ്വാസമാണെന്നും ലഭിക്കുന്ന തുക കല്‍പ്പറ്റയിലെ ബാങ്കിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അല്‍ത്താഫിന്‍റെ സഹോദരൻ പറഞ്ഞു. അല്‍ത്താഫിന്‍റെ സഹോദരൻ മീനങ്ങാടിയിലാണ് താമസം. വല്ലാത്ത ടെന്‍ഷനുണ്ടെന്നും കിട്ടുന്ന തുക ഇവിടെ തന്നെ സൂക്ഷിക്കുന്നതാണ് എത്തിയതെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു.അല്‍ത്താഫും കുടുംബവും ലോട്ടറി കൈമാറാൻ താല്‍പര്യം അറിയിച്ച് ഇങ്ങോട്ടേക്ക് വിളിക്കുകയായിരുന്നുവെന്നും ആവശ്യമായ എല്ലാ നടപടികളും വേഗത്തിൽ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
കാത്തിരിപ്പുകൾക്ക് ഒടുവിലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പില്‍ 25 കോടി രൂപ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. ഏഷ്യാനെറ്റ് ന്യൂസാണ് അല്‍ത്താഫിനാണ് ലോട്ടറിയടിച്ചതെന്ന വിവരം പുറത്തുവിടുന്നത്. 15 കൊല്ലമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വാടക വീട്ടില്‍ നിന്ന് മാറി പുതിയ വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക്), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്കിത് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പത് പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക.